മത്സരത്തിന് മുമ്പ് പെനാല്‍ട്ടി ഷൂട്ട്ഔട്ട്; അടിമുടി മാറ്റങ്ങളുമായി 2026 ഫിഫ ലോകകപ്പ്; റിപ്പോര്‍ട്ട്
Football
മത്സരത്തിന് മുമ്പ് പെനാല്‍ട്ടി ഷൂട്ട്ഔട്ട്; അടിമുടി മാറ്റങ്ങളുമായി 2026 ഫിഫ ലോകകപ്പ്; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 1st December 2022, 10:37 am

അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്ന് വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലായാണ് 2026 ഫിഫ ലോകകപ്പ് നടക്കുന്നത്. അടിമുടി മാറ്റങ്ങളോടെയായിരിക്കും ടൂര്‍ണമെന്റ് നടക്കുക എന്നാണ് ഫിഫ വ്യക്തമാക്കിയിരിക്കുന്നത്.

ഫുട്‌ബോള്‍ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ ഗ്രൂപ്പ് സ്റ്റേജില്‍ മത്സരിക്കുന്ന ആദ്യ ലോകകപ്പാകും 2026ലേത്. യോഗ്യത നേടുന്ന 48 ടീമുകളെ പതിനാറ് ഗ്രൂപ്പുകളിലായാണ് ഉള്‍പ്പെടുത്തുക. ഓരോ ഗ്രൂപ്പിലും മൂന്ന് ടീമുകള്‍ വീതം ഉണ്ടാകും. ഗ്രൂപ്പ് മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യത്തെ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകളാകും പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കുക.

മത്സരം സമനിലയില്‍ ആയാല്‍ പെനാല്‍ട്ടി ഷൂട്ട് ഔട്ട് ഉണ്ടാകും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഷൂട്ട് ഔട്ട് വവിജയിക്കുന്ന ടീമിന് ബോണസ് പോയിന്റ് ലഭിക്കും. ഗ്രൂപ്പിലെ ടീമുകള്‍ക്കെല്ലാം ഒരേ പോയിന്റ് നില വന്നാല്‍ ബോണസ് പോയിന്റായിരിക്കും ടീമുകളെ ഗ്രൂപ്പ് സ്റ്റേജിനപ്പുറം കടത്തുക.

മത്സരങ്ങള്‍ക്ക് മുമ്പായും ഈ ഷൂട്ട് ഔട്ട് നടത്തപ്പെടാന്‍ സാധ്യതയുണ്ട് എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. മത്സര ശേഷം പെനാല്‍ട്ടി അനുവദിക്കുമ്പോള്‍ ഏതെങ്കിലും ടീമിന് മുന്‍തൂക്കം ലഭിക്കാതിരിക്കുന്നതിനാണിത്. മൊത്തം 80 മത്സരങ്ങളായിരിക്കും 2026ലെ ഫിഫ ലോകകപ്പില്‍ ഉണ്ടാകുക.

അതേസമയം, 2022 ഖത്തര്‍ ലോകകപ്പില്‍ മത്സരങ്ങള്‍ പുരോഗമിക്കുകയാണ് ഡിസംബര്‍ മൂന്നോടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കാനിരിക്കെ ഇതുവരെ എട്ട് ടീമുകളുടെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളാണ് തീരുമാനിക്കപ്പെട്ടത്.

പ്രീ ക്വാര്‍ട്ടര്‍ റൗണ്ടില്‍ നെതര്‍ലന്‍ഡ്‌സ് യു.എസ്.എയേയും അര്‍ജന്റീന ഓസ്‌ട്രേലിയയേയും ഫ്രാന്‍സ് പോളണ്ടിനെയും ഇംഗ്ലണ്ട് സെനഗലിനെയും നേരിടും. ബ്രസീലും പോര്‍ച്ചുഗലുമാണ് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച മറ്റു ടീമുകള്‍. ഗ്രൂപ്പ് ജിയില്‍ നിന്നും ബ്രസീലിനൊപ്പം ഒരു ടീമും ഗ്രൂപ്പ് എച്ചില്‍ നിന്നും പോര്‍ച്ചുഗലിനൊപ്പം ഒരു ടീമും കൂടിയാണ് ഇനി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കേണ്ടത്.

ഗ്രൂപ്പ് ഇ ഗ്രൂപ്പ് എഫ് എന്നീ ഗ്രൂപ്പുകളില്‍ നിന്നും ഇതുവരെ ഒരു ടീമും ഗ്രൂപ്പ് ഘട്ടം കടന്നിട്ടില്ല. ഗ്രൂപ്പ് ഇയില്‍ സ്‌പെയിന്‍, ജപ്പാന്‍, കോസ്റ്ററിക്ക, ജര്‍മനി എന്നീ നാല് ടീമുകള്‍ക്കും പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ഉണ്ട്.

ഗ്രൂപ്പ് എഫില്‍ കാനഡ മാത്രമാണ് ഇതുവരെ പോയിന്റ് ഒന്നും നേടാന്‍ സാധിക്കാതെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായത്. മറ്റു ടീമുകളായ ക്രൊയേഷ്യ, മൊറോക്കോ, ബെല്‍ജിയം എന്നീ ടീമുകള്‍ക്ക് ഇനിയും പ്രീ ക്വാര്‍ട്ടര്‍ സാധ്യതയുണ്ട്.

Content Highlight: FIFA considering option for pre-match penalty shootout at 2026 World Cup – reports