ഹര്‍ഷിന പറയുന്നു... '110 ശതമാനം' ഉറപ്പ്, ആ കത്രിക മെഡിക്കല്‍ കോളേജിലേത് തന്നെ
details
ഹര്‍ഷിന പറയുന്നു... '110 ശതമാനം' ഉറപ്പ്, ആ കത്രിക മെഡിക്കല്‍ കോളേജിലേത് തന്നെ
സഫ്‌വാന്‍ കാളികാവ്
Friday, 3rd March 2023, 5:57 pm

25 മുതല്‍ 30 വയസ് വരെ അഞ്ച് വര്‍ഷം അസുഖം എന്താണെന്ന് പോലും തിരിച്ചറിയാതെയുള്ള ചികിത്സ, രോഗം നിര്‍ണയിക്കാനാകാത്തതിനാല്‍ താന്‍ അനുഭവിക്കുന്ന വേദന മറ്റുള്ളവരോട് ഒന്ന് പ്രകടിപ്പിക്കാന്‍ പോലും കഴിയാത്ത നിസഹായവസ്ഥ. അങ്ങനെ, നീണ്ട കാലത്തെ ചികിത്സക്ക് ശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതാണ് തന്റെ അസ്വസ്ഥതക്ക് കാരണമെന്ന് കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയും മുപ്പതുകാരിയുമായ ഹര്‍ഷിന മനസിലാക്കുന്നത്.

എന്നാല്‍ ഹര്‍ഷിനയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതല്ലെന്നാണ് സര്‍ക്കാരിന്റെ വിദഗ്ധ സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്.

വിഷയത്തില്‍ നീതി ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ ഹര്‍ഷിന നടത്തുന്ന സമരം അഞ്ചാം ദിവസവും തുടരുകയാണ്. മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞതല്ലാതെ വിദഗ്ധ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെക്കുറിച്ച് തനിക്ക് കൂടുതല്‍ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഹര്‍ഷിന ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഹര്‍ഷിനയും ഭര്‍ത്താവ് അഷ്‌റഫും സമരപ്പന്തലില്‍

ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവിടണം

ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് ഹര്‍ഷിനയുടെ ആവശ്യം. അങ്ങനെയാണെങ്കിലേ കാലപ്പഴക്കം നിര്‍ണയിച്ച് കത്രിക എന്നാണ് വയറ്റില്‍ കടുങ്ങിയതെന്ന് കണ്ടെത്താന്‍ സാധിക്കുകയുള്ളുവെന്നും ഹര്‍ഷിന പറയുന്നു.

തന്റെ മൂന്നാമത്തെ പ്രസവവുമായി ബന്ധപ്പെട്ട് 2017ലാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സിസേറിയന് വിധേയയായത്. ഇതിന് മുമ്പ് നടന്ന രണ്ട് പ്രസവവും സിസേറിയനായിരുന്നു. 2012 നവംബറിലും 2016 മാര്‍ച്ചിലും നടത്തിയ ആദ്യ രണ്ട് സിസേറിയനുകള്‍ താമരശേരിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് നടന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇന്‍സ്ട്രുമെന്റല്‍ രജിസ്റ്റര്‍ പരിശോധിച്ച് കത്രിക നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയതായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെയും തൃശൂര്‍ ജില്ലാ ആശുപത്രിയിലെയും സര്‍ജറി, ഗൈനക്കോളജി ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ 2012 – 2016 കാലത്തി താമരശേരി ആശുപത്രിയില്‍ ഇന്‍സ്ട്രുമെന്റ് രജിസ്റ്റര്‍ ഇല്ലാത്തതിനാല്‍ അന്വേഷണം ആ വഴിക്ക് നടത്താനാകാത്ത സ്ഥിതിയാണ്. അതുകൊണ്ട് തന്നെ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവിട്ട് കത്രികയുടെ കാലപ്പഴക്കം നിര്‍ണയിക്കണമെന്നാണ് ഹര്‍ഷിനയുടെ അവശ്യം.

 

കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളേജില്‍ നിന്ന് തന്നെ

2017ലെ മൂന്നാമത്തെ സിസേറിയന് ശേഷമാണ് പരിശോധനക്ക് കാരണമാകും വിധമുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നതെന്നും കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണെന്നത് 100 ശതമാനം ഉറപ്പിച്ച് പറയാനാകുമെന്നും ഹര്‍ഷിന പറയുന്നു.

‘100 അല്ല, 110 ശതമാനം ഉറപ്പിച്ച് എനിക്ക് പറയാനാകും കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് എന്ന്. മൂന്ന് തവണത്തെ സിസേറിയനല്ലാതെ മറ്റൊരു ഓപ്പറേഷനും എനിക്ക് നടന്നിട്ടില്ല. ഇത് മൂന്നും നടന്നത് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നാണ്. അതുകൊണ്ട് എനിക്ക് ആരേയും സംരക്ഷിക്കേണ്ട ആവശ്യമില്ല. മാത്രമല്ല, 2017ലെ സിസേറിയന് ശേഷമാണ് എനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.

ആദ്യത്തെ പ്രസവത്തിന് ശേഷം സിസേറിയന്റേതായ ചില ബുദ്ധിമുട്ടുകള്‍ എനിക്കുണ്ടായത് ഒഴിച്ചാല്‍ വളരെ പെട്ടെന്ന് സുഖപ്പട്ടിരുന്നു. പിന്നീട് മൂന്നര വര്‍ഷത്തിന് ശേഷം നടന്ന രണ്ടാമത്തെ സിസേറിയന് ശേഷം യാതൊരു ബുദ്ധിമുട്ടും എനിക്കുണ്ടായിരുന്നില്ല,’ ഹര്‍ഷിന ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അഞ്ച് വര്‍ഷത്തെ വേദന

അസുഖം എന്താണെന്നറിയാതെയാണ് അഞ്ച് വര്‍ഷം ഹര്‍ഷിന വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തിയത്. ഈ കാലയളവിലുണ്ടായ സാമ്പത്തിക, ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ നീതിതേടിയാണ് സമരമെന്ന് ഹര്‍ഷിന പറഞ്ഞു.

‘വയറിനുള്ളിലുണ്ടായ വേദന മാത്രമല്ല, എന്താണ് അസുഖം എന്ന് അറിയാത്തത് വല്ലാത്ത ഒരു അവസ്ഥയാണ്. ക്യാന്‍സര്‍ ടെസ്റ്റ് മുതല്‍ ഈ കാലയളവില്‍ ഒരുപാട് ചികിത്സ നടത്തി. എന്റെ 25 മുതല്‍ 30 വയസ് വരെയുള്ള കാലയളവിലായിരുന്നു ഇതൊക്കെ ഉണ്ടായത്.

രോഗം എന്താണെന്ന് അറിയാത്തതിനാല്‍ എന്റെ വേദന മറ്റുള്ളവരോട് എക്‌സ്പ്രസ് ചെയ്യാന്‍ പോലും എനിക്ക് കഴിഞ്ഞില്ല. ഈ കാലയളവില്‍ എനിക്കും കുടുംബത്തിനും ഉണ്ടായ സാമ്പത്തിക, ശാരീരിക, മാനസിക ബുദ്ധിമുട്ടുകളില്‍ നീതി തേടിയുള്ള പോരാട്ടം കൂടിയാണ് ഈ സമരം. അതുകൊണ്ട് തന്നെ നീതി ലഭിക്കുന്നത് വരെ ഞാനിത് തുടരും,’ ഹര്‍ഷിന പറഞ്ഞു.

 

 

ഹര്‍ഷിനയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയ കത്രിക

മെഡിക്കല്‍ കോളേജില്‍ സിസേറിയന്‍ നടന്നത് രാത്രി ഒന്നരക്ക്

ആദ്യ രണ്ട് സിസേറിയനും നടന്ന താമരശ്ശേരി ആശുപത്രിയിലാണ് മൂന്നാമത്തെ പ്രസവത്തിനും ഹര്‍ഷിന ചികിത്സ തേടുന്നത്. മൂന്നാമതും സിസേറിയന്‍ വേണ്ടിവരും എന്നത് തിരിച്ചറിഞ്ഞതോടെ, അവിടുത്തെ ഡോക്ടര്‍മാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

‘സിസേറിയന്‍ നടന്ന ദിവസം രാത്രി ആറിനാണ് മെഡിക്കല്‍ കോളേജില്‍ എത്തുന്നത്. എട്ട് മണിക്ക് ലേബര്‍ റൂമില്‍ എന്നെ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അര്‍ധരാത്രി 1.30നാണ് സിസേറിയന്‍ നടത്തിയത്.

സിസേറിയന്‍ കഴിഞ്ഞ് ബോധം വന്ന ശേഷം തന്നെ എനിക്ക് അസഹ്യമായ വേദനയുണ്ടായിരുന്നു. മൂന്നാമത്തെ സിസേറിയന്റെ വേദനയാകും എന്നാണ് അന്ന് പറഞ്ഞത്. ഇതിനിടയില്‍ പ്രസവം നിര്‍ത്തിയിരുന്നു. അതിന്റെ കൂടെ വേദനയുണ്ടാകുമെന്നും ആ സമയത്ത് വിചാരിച്ചിരുന്നു,’ ഹര്‍ഷിന പറഞ്ഞു.

വിവിധ ആശുപത്രികളില്‍ ചികിത്സ

മൂന്നാമത്തെ സിസേറിയന് ശേഷം ഇന്‍ഫെക്ഷനുമായി ബന്ധപ്പെട്ട് വിവിധ ആശുപത്രികളില്‍ ഹര്‍ഷിന ചികിത്സ നടത്തി, ഇത് രണ്ട് വര്‍ഷത്തോളം നീണ്ടു.

അതിന് ശേഷവും വയറുവേദന തുടര്‍ന്നപ്പോള്‍ വിവിധ രോഗ നിര്‍ണയ ടെസ്റ്റുകള്‍ നടത്തി. കൊല്ലത്തെയും കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളിലായിരുന്നു ഈ ചികിത്സകള്‍. തുടര്‍ന്ന് 2022ല്‍ സി.ടി സ്‌കാനിന്റെ സഹായത്തോടെയാണ് വയറ്റില്‍ എന്തോ കുടിങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്.

ഇതിന് പിന്നാലെയാണ് 2022 സെപ്റ്റംബറില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് തന്നെ നടത്തിയ ശസ്ത്രക്രിയ വഴി കത്രിക പുറത്തെടുക്കുന്നത്.

 

അധികൃതര്‍ കത്രിക മറച്ചുവെക്കാന്‍ ശ്രമിച്ചു

2022 സെപ്റ്റംബര്‍ 17നാണ് കത്രിക പുറത്തെടുക്കാനുള്ള ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ആകുന്നത്. 28ന് ഡിസ്ചാര്‍ജ് ആവുകയും ചെയ്തു.
കത്രിക പുറത്തെടുത്തെങ്കിലും അത് കാണിക്കാന്‍ ആദ്യം ആശുപത്രി അധികൃതര്‍ വിമുഖത കാണിച്ചെന്നും പിന്നീട് സമ്മര്‍ദം ചെലുത്തിയപ്പോഴാണ് അതിന്റെ ഫോട്ടോപോലും എടുക്കാന്‍ സമ്മതിച്ചതെന്ന് ഹര്‍ഷിനയുടെ ഭര്‍ത്താവ് അഷ്‌റഫ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ആദ്യം കത്രിക കാണിച്ചുതരാന്‍ അവര്‍ തയ്യാറായില്ല. പിന്നീട് നിരന്തര സമ്മര്‍ദത്തിന്റെ ഫലമായിട്ടാണ് അതിന് മുതിരുന്നത്. ഒരു ഫോട്ടോ പോലും എടുക്കാന്‍ സമ്മതിക്കുന്നത് രണ്ട് മൂന്ന് തവണത്തെ പരിശ്രമത്തിന് ശേഷമാണ്. അതും ബോക്‌സില്‍ സീല്‍ ചെയ്തതിന്റെ ഫോട്ടോയാണ് എടുക്കാന്‍ കഴിഞ്ഞത്,’ അഷ്‌റഫ് പറഞ്ഞു.

ആശുപത്രിയല്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് ഹര്‍ഷിനയും കുടുംബവും ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജിനെ വിഷയം ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ മന്ത്രിയെ നേരിട്ട് ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വിഷയം വാര്‍ത്തയായതോടെയാണ് ഇപ്പോള്‍ പുറത്തുവന്ന വിദഗ്ധ കമ്മിറ്റിയെ ചുമതലപ്പെടുത്തിയുള്ള അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിടുന്നത്.

‘ആരോഗ്യമന്ത്രി ഫോറന്‍സിക് റിപ്പോര്‍ട്ടിന് ഉത്തരവിട്ടിട്ട് മൂന്ന് മാസമായി. ഇതുവരെയും ഞങ്ങള്‍ക്ക് അതിനെക്കുറിച്ച് വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പുറത്തുവന്ന വിദഗ്ധ സമിതിയുടെ കണ്ടെത്ത ഫോറന്‍സിക് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണോ എന്നത് ഞങ്ങള്‍ക്ക് അറിയണം. ഇത് തീര്‍ച്ചയായും ഒരു തട്ടിക്കൂട്ട് പരിപാടിയാണ്.

ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിഷയത്തില്‍ മൗനം വെടിയണം. നീതി ലഭിക്കുന്നത് വരെ സമരം തുടരാന്‍ തന്നെയാണ് തീരുമാനം. വിഷയത്തില്‍ കുറ്റക്കാരെ കണ്ടെത്തി അവര്‍ക്കെതിരെ നടപടി സ്വീകരിക്കണം,’ അഷ്‌റഫ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അഞ്ചും ഏഴും പത്തും വയസുള്ള മൂന്ന് മക്കളാണ് ഹര്‍ഷിന- അഷ്‌റഫ് ദമ്പതികള്‍ക്കുള്ളത്. ഈ അഞ്ച് വര്‍ഷം സമാനതകളില്ലാത്ത ബുദ്ധിമുട്ടുകളാണ് ഈ കുടുംബം അനുഭവിച്ചത്. അതുകൊണ്ട് തന്നെ പഴുതടച്ച അന്വേഷണം നടത്തി വിഷയത്തിലെ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് നീതി ഉറപ്പാക്കണമെന്നാണ് ഹര്‍ഷിനയുടെ ആവശ്യം.

‘ഇവര്‍ വിചാരിച്ചിരുന്നത് ഞാന്‍ മിണ്ടാതിരിക്കും എന്നാണ്, ഞാനങ്ങനെ ചെയ്യില്ല, കാരണം ഞാന്‍ അനുഭവിച്ച വേദന എന്താണെന്ന് എനിക്ക് മാത്രമേ അറിയൂ. എനിക്ക് നീതി വേണം, അതിന് ഏതറ്റം വരെയും ഞാന്‍ പോകും,’ ഹര്‍ഷിന പറഞ്ഞു.

Content Highlight: Field Report about Kozhikode native Harshina’s protest  demanding on justice in the case of scissors stuck in her stomach during delivery surgery

സഫ്‌വാന്‍ കാളികാവ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.