ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ 2021ല്‍ പുറത്തിറങ്ങിയ ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയിലൂടെ അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് ഫെമിന ജോര്‍ജ്. ചിത്രത്തിലെ ബ്രൂസ് ലി ബിജി എന്ന കഥാപാത്രത്തിലൂടെ താരം വലിയ പ്രേക്ഷകശ്രദ്ധ നേടുകയായിരുന്നു. പിന്നാലെ തീപ്പൊരി ബെന്നി, ശേഷം മൈക്കില്‍ ഫാത്തിമ എന്നീ ചിത്രങ്ങളിലൂടെയും താരം മലയാളത്തില്‍ സജീവമാകുകയായിരുന്നു.

ഈ വര്‍ഷം പുറത്തിറങ്ങിയ ശ്രീനാഥ് ഭാസി ചിത്രം കറക്കത്തിലും ഫെമിന പ്രധാനവേഷത്തിലെത്തിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളിലായി മൂന്ന് റിലീസുകളാണ് താരത്തിന്റായി മലയാളത്തിലുള്ളത്. ശ്രീനാഥ് ഭാസ് നായകനാകുന്ന ഒറിജിനല്‍, യുവരാജ് ചിന്നസ്വാമി സംവിധാനം ചെയ്യുന്ന മള്‍ട്ടിലിംഗ്വല്‍ ചിത്രം ഹൈക്കു, ഉല്ലാസ് ചെമ്പന്റെ ഡിസ്‌കോ തുടങ്ങിയവയാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

ഫെമിന ജോര്‍ജ്. Photo: X.com

നാളെ പുറത്തിറങ്ങാനിരിക്കുന്ന ഹൈക്കു എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് സംസാരിക്കവെ അല്ലു അര്‍ജുന്‍-അറ്റ്‌ലീ ചിത്രം റാക്കയെ കുറിച്ച് ഫെമിന ജോര്‍ജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ താന്‍ ഭാഗമാണെന്നും എന്നാല്‍ എല്ലാവരും വിചാരിക്കുന്ന പോലെ വലിയ വേഷമല്ല അതെന്നും താരം പറഞ്ഞു.

‘വളരെ ചെറിയ ഒരു പരിപാടിയാണ് ഞാനതില്‍ ചെയ്തിരിക്കുന്നത്. ഷൂട്ട് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഞാനെന്തോ വലിയ ഗംഭീര സംഭവമാണതില്‍ ചെയ്തിരിക്കുന്നതെന്ന് നിങ്ങളാരും വിചാരിക്കരുത്. അങ്ങനെയല്ല, വളരെ ചെറിയ പരിപാടിയാണ്. പക്ഷേ അങ്ങനെയൊരു ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം. എന്നെ സംബന്ധിച്ചിടത്തോളം അത് ഭയങ്കര വലിയ ടീമാണ്. ഒരു ലേണിങ് എക്‌സ്പീരിയന്‍സാണ്. നിങ്ങളെല്ലാവരെയും പോലെ ഞാനും ചിത്രത്തിനായി കാത്തിരിക്കുകയാണ്,’ ഫെമിന പറഞ്ഞു.

റാക്ക. Photo: X.com

പുഷ്പയുടെ വലിയ വിജയത്തിന് ശേഷം അല്ലുവിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന വമ്പന്‍ ചിത്രമാണ് റാക്ക. 2024ല്‍ ഷൂട്ട് ആരംഭിച്ച റാക്ക ഇതുവരെ പൂര്‍ത്തിയാട്ടില്ല. അല്ലു അര്‍ജുന്‍ നാല് വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം മോഷന്‍ ക്യാപ്ചര്‍ ടെക്‌നോളജി ഉപയോഗിച്ചാണ് ചിത്രീകരിക്കുന്നത്. 2027ലാകും ചിത്രം പൂര്‍ത്തിയാവുകയെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Content Highlight: Femina George talks about her role in Allu Arjun movie Raaka