കേരളത്തിലെ ആദ്യത്തെ വനിതാ കഥകളി സംഘത്തിന് 44 വയസ്; കേരള കലാമണ്ഡലത്തില്‍ കഥകളിയിലിന്നും സ്ത്രീകള്‍ക്ക് അയിത്തം
Gender Discrimination
കേരളത്തിലെ ആദ്യത്തെ വനിതാ കഥകളി സംഘത്തിന് 44 വയസ്; കേരള കലാമണ്ഡലത്തില്‍ കഥകളിയിലിന്നും സ്ത്രീകള്‍ക്ക് അയിത്തം
സൗമ്യ ആര്‍. കൃഷ്ണ
Tuesday, 5th March 2019, 2:23 pm

കഥകളിയില്‍ സ്ത്രീവേഷവും, പുരുഷവേഷവും വേദിയില്‍ അവതരിപ്പിക്കുന്നതു മുതല്‍, ചുട്ടികുത്തുന്നതും സംഗീതവും വരെ എല്ലാം പുരുഷന്മാര്‍ മാത്രമായിരുന്നു ചെയ്തിരുന്നത്. 1975ല്‍ തൃപ്പൂണിത്തുറ വനിതാ കഥകളി സംഘം രൂപീകരിക്കുന്നത് വരെ അത് തുടര്‍ന്നു. അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി വുമണ്‍സ് ഇന്ത്യന്‍ അസോസിയേഷനും തോടയും കഥകളിയോഗവും ചേര്‍ന്ന് മാര്‍ച്ച് മൂന്നാം തിയ്യതി കേരളത്തിലെ ആദ്യത്തെ വനിതാ കഥകളി സംഘമായ തൃപ്പൂണിത്തുറ കഥകളി സംഘത്തെ കോഴിക്കോട് എത്തിച്ചിരുന്നു. കോഴിക്കോട്ടെ കഥകളി ആസ്വാദകര്‍ ഇരു കൈയ്യും നീട്ടി അവരെ സ്വീകരിച്ചു.

ദുര്യോധനന്‍, ദുശ്ശാസനന്‍, തുടങ്ങി ദുര്യോധന വധത്തിലെ പ്രധാന പുരുഷവേഷങ്ങളുള്‍പ്പടെ എല്ലാം സ്ത്രീകള്‍ തന്നെ അരങ്ങിലെത്തിച്ചു. കഥയിലെ ഒന്നോ രണ്ടോ വേഷങ്ങള്‍ മാത്രം വനിതകള്‍ ചെയ്യുന്നിടത്തു നിന്നും കത്തി, താടി, പച്ച, മിനുക്ക്, സ്ത്രീ തുടങ്ങി കഥയിലെ എല്ലാ വേഷങ്ങളും വനിതകള്‍ കൈകാര്യം ചെയ്യുന്നയിടം വരെയുള്ള വിജയയാത്രയാണ് തൃപ്പൂണിത്തുറ വനിതാ സംഘത്തിന്റേത്.

 

സ്ത്രീകളുടെ കഥകളിക്ക് കുറവുകളൊന്നുമില്ലെന്ന് കോഴിക്കോട്ടെ കാണികള്‍ സാക്ഷ്യപ്പെടുത്തി. ആകെ 60 ഓളം അംഗങ്ങളുള്ള വലിയ കഥകളി സംഘമാണ് തൃപ്പൂണിത്തുറ വനിതാ സംഘം. ഇതില്‍ മുഴുവന്‍ സമയം കഥകളിക്കായി മാറ്റി വച്ച 20ഓളം പേരാണ് ഇവരെ നയിക്കുന്നത്. രാധികാ വര്‍മ, പാര്‍വതി മേനോന്‍, പ്രമീള വിജയന്‍, രാധികാ അജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒട്ടേറെ വേദികളിലാണ് കഥകളി അവതരിപ്പിച്ചത്. 2016-ല്‍ ഇവര്‍ക്ക് പ്രസിഡന്റില്‍ നിന്ന് നാരി ശക്തി പുരസ്‌കാരം ലഭിക്കുകയുമുണ്ടായി.

Also Read: ശ്രീമതിയും രാജേഷും സമ്പത്തും ബിജുവും വീണ്ടും; സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളില്‍ ധാരണ

“അടിമുടി പുരുഷാധിപത്യപരമായ കലാരൂപമാണ് കഥകളി. അങ്ങനെയുള്ള കാലത്താണ് ഞങ്ങളുടെ കഥകളി സംഘം രൂപീകരിക്കുന്നത്. അന്ന് ഞങ്ങള്‍ മാത്രമാണ് വനിതകളായി ഉണ്ടായിരുന്നത്. ഞങ്ങളുടെ ഇടയിലെ ഏറ്റവും മുതിര്‍ന്ന കലാകാരികളാണ് രാധിക വര്‍മ്മ, ഷൈലജ വര്‍മ്മ തുടങ്ങിയവരൊക്കെ. രാധിക ചേച്ചി സ്‌കൂളില്‍ കലോത്സവത്തിന് പങ്കടുക്കുന്നത് കണ്ട് അവരുടെ അച്ഛന്‍ കെ.ടി രാമവര്‍മ്മയാണ് ഇത് പോലൊരു കലാസംഘം രൂപീകരിക്കുന്നതിനെ കുറിച്ച് തീരുമാനിക്കുന്നത്. ആദ്യം ചെറിയ കഥകളാണ് എടുത്തിരുന്നത്. പിന്നീട് രാത്രി മുഴുവന്‍ നീളുന്ന കഥകള്‍ ഏറ്റെടുത്തു തുടങ്ങി.

 

ഇപ്പോള്‍ കൂടുതല്‍ സ്ത്രീകള്‍ കടന്നു വരുന്നുണ്ട്. പാലക്കാട്, കള്ളികുളങ്ങര തുടങ്ങിയ സ്ഥലങ്ങളിലൊക്കെ വനിതാ സംഘങ്ങള്‍ ഉണ്ട്. പണ്ട് പുരുഷന്മാര്‍ തന്നെയായിരുന്നല്ലോ സ്ത്രീ വേഷവും ചെയ്യുന്നത്. ഇന്ന് രണ്ട് കൂട്ടരും രണ്ടും ചെയ്യുന്ന സ്ഥിതി വന്നു. അതില്‍ അധികമാര്‍ക്കും പരാതിയുമില്ല. ഞാന്‍ ഇന്ന് വരെ ഒരു സ്ത്രീ കഥാപാത്രമേ ചെയ്തിട്ടുള്ളു. ബാക്കിയെല്ലാം പുരുഷ വേഷങ്ങളാണ്.

 

എന്നാല്‍ നാരദന്‍, പരശുരാമന്‍ പോലുള്ള മുനിമാരുടെ ഒക്കെ വേഷം ചെയ്യാന്‍ ചില പരിമിതകളുണ്ട്. കാരണം ആ വേഷങ്ങളില്‍ അരക്ക് മേലെ വസ്ത്രമുണ്ടാകില്ല. എന്നിട്ടും ബോംബെയില്‍ വച്ച് പ്രിയ നമ്പൂതിരി എന്നൊരു കുട്ടി അത് ചെയതു. സ്‌കിന്‍ കളര്‍ മേല്‍ വസ്ത്രമിട്ടാണ് ആ കുട്ടി അത് ചെയ്തത്. ഇതല്ലാതെ കഥകളി വേഷങ്ങള്‍ ആര് ചെയ്യുന്നതിലും പ്രശ്‌നമില്ല. അക്കാര്യം പലരും അംഗീകരിക്കാന്‍ തയ്യാറാകില്ലെങ്കില്‍ പോലും. അത് അംഗീകരിക്കാത്തത് കൊണ്ടാണല്ലോ കലാമണ്ഡലത്തില്‍ ഇപ്പോഴും സ്ത്രീകളെ കഥകളി പഠിപ്പിക്കാത്തത്.” പാര്‍വ്വതി മേനോന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സ്ത്രീകള്‍ കഥകളി ചെയ്താല്‍ പുരുഷന്മാര്‍ ചെയ്യുന്നത്ര വിജയിക്കില്ല. അടുത്തിടപഴുകുന്ന ഭാഗങ്ങളില്‍ സ്ത്രീകള്‍ ഉണ്ടായാല്‍ പുരുഷവേഷക്കാര്‍ക്ക് അകന്നു നില്‍ക്കാനെ സാധിക്കുകയുള്ളൂ. പുരുഷന്മാര്‍ ചെയ്യുന്ന അത്ര തന്മയത്വത്തോടെ സ്ത്രീകള്‍ക്ക് വേഷങ്ങള്‍ ചെയ്യാന്‍ സാധിക്കുമോ എന്ന് സംശയമാണ്. മാത്രമല്ല അവരെക്കൊണ്ട് ദീര്‍ഘകാലം ഇത് കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി നേരത്തെ ഇന്ത്യാവീഡിയോ എന്ന യൂട്യൂബ് ചാനലിനും നല്‍കിയ അഭിുഖത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ കഥകളി സ്ത്രീകള്‍ ചെയ്യുമ്പോള്‍ എന്തെങ്കിലും കുറവുകള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ മിക്കപ്പോഴും അത് ആ കലാരൂപത്തിന്റെ ഒരു പരിമിതി കൊണ്ടാണ് എന്ന് കഥകളിയില്‍ സ്ത്രീകള്‍ പുരുഷവേഷവും പുരുഷന്മാര്‍ സ്ത്രീ വേഷവും ചെയ്യുന്നതിനെ കുറിച്ച് “ഇതരം” എന്ന ഡോക്യുമെന്ററി തയ്യാറാക്കിയ ശ്രുതി നമ്പൂതിരി ചൂണ്ടികാണിക്കുന്നു.

കഥകളി ആത്യന്തികമായി പുരുഷന്മാര്‍ക്ക് വേണ്ടി രൂപകല്പന ചെയ്ത കലാരൂപമാണ്. കഥകളി പരിശോധിച്ചാല്‍ മനസ്സിലാകും അതിലെ വേഷങ്ങള്‍ക്ക് അതിശയോക്തി കലര്‍ന്ന പൗരുഷമാണ് നല്‍കിയിരിക്കുന്നത്. സ്ത്രീ കഥാപാത്രങ്ങളില്‍ പോലും പൗരുഷത്തിന്റെ അംശം കാണാം. കലാമണ്ഡല വിഭാഗം ഇത് അംഗീകരിച്ചു തരില്ല. ഇതിനെയൊക്കെ മറികടന്നു കൊണ്ടാണ് തൃപ്പൂണിത്തുറ കലാസമിതി ഇത്രയും കാലം വേദികളില്‍ നിറഞ്ഞാടിയത് എ്ന്നും ശ്രുതി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സൗമ്യ ആര്‍. കൃഷ്ണ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.