ഹൈ വോൾട്ടേജ് റാപ്പ് ഗാനങ്ങളിലൂടെ മലയാളി ആസ്വാദകരെ ആവേശം കൊള്ളിക്കുന്ന പ്രമുഖ മല്ലു റാപ്പറാണ് ഫെജോ (ഫെബിൻ ജോസഫ്). തന്റേതായ വരികളിലൂടെ മലയാളം റാപ്പ് സംഗീത മേഖലയിൽ സ്വന്തം സാമ്രാജ്യം തീർത്ത ഫെജോ, ഇന്ന് ഇൻഡസ്ട്രിയിലെ മുൻനിര റാപ്പർമാരിൽ ഒരാളാണ്.
സിനിമകളായിലൂടെയും സോഷ്യൽ മീഡിയയിലൂടെയും റാപ് ഗാനങ്ങളുടെ സ്വീകാര്യതയിൽ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. എന്ത് ആഘോഷമാണെകിലും പണ്ട് ഗാനമേളക്ക് ആളുകളെ കൊണ്ടുവരുന്നത് പോലെ ആണ് ഇന്ന് എല്ലാ ആഘോഷവേളകളിലും റാപ്പർമാരെ കൊണ്ടുവരുന്നത്. അമ്പലങ്ങളിലും പള്ളികളിലും എല്ലാ ആരാധനാലയങ്ങളിലും ഇപ്പോൾ റാപാർമാരെ കൊണ്ടുവരാറുണ്ട്.
അമ്പലങ്ങളിൽ ഷോ ചെയ്യാൻ പോകുന്നതിന്റെ അനുഭവം പങ്കുവെക്കുകയാണ് ഫെജോ. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഫെജോ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
‘ഇപ്പോൾ എല്ലാ പ്രായത്തിലുള്ളവരും റാപ്പ് കേൾക്കാൻ തുടങ്ങിയിട്ടുണ്ട്. ചെറിയ കുട്ടികൾ മാത്രമല്ല, മുതിർന്നവരും ഇതിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്. എന്റെ ഓഡിയൻസ് ലിസ്റ്റ് പരിശോധിച്ചാൽ 60 വയസിന് മുകളിൽ പ്രായമുള്ളവരും റാപ്പ് കേൾക്കുന്നുണ്ടെന്ന്
മനസിലാക്കാം. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഇപ്പോൾ അമ്പലങ്ങളിലെ ഉത്സവങ്ങൾക്കും ഷോ ചെയ്യാൻ എന്നെ വിളിക്കാറുണ്ട് എന്നതാണ്. കേരളത്തിൽ അമ്പലങ്ങളിൽ ഏറ്റവും കൂടുതൽ ഷോകൾ ചെയ്ത റാപ്പർ ഒരുപക്ഷേ ഞാനായിരിക്കും. ഇതിനോടകം അഞ്ച് അമ്പലങ്ങളിൽ ഞാൻ പ്രോഗ്രാം ചെയ്തു കഴിഞ്ഞു.
അമ്പലങ്ങളിൽ പോകുമ്പോൾ അവിടെ യുവാക്കൾ മാത്രമല്ല, പ്രായമായ അമ്മച്ചിമാരും ഉണ്ടാകും. ഉത്സവമെന്നു പറഞ്ഞാൽ ഒരു നാടിന്റെ തന്നെ ആഘോഷമാണ്. ആ ഒരു വികാരത്തോടെ എത്തുന്നവരെ റാപ്പ് സംഗീതത്തിലൂടെ സന്തോഷിപ്പിച്ചു വിടാൻ എനിക്ക് സാധിക്കുന്നുണ്ട്. കോളേജുകളിൽ ഞാൻ എന്താണോ ചെയ്യുന്നത്, അതുതന്നെയാണ് അമ്പലങ്ങളിലും ചെയ്യുന്നത്. അമ്പലങ്ങളിൽ പോകുമ്പോൾ റാപ്പ് എന്താണെന്ന് അവർക്ക് കൃത്യമായി പറഞ്ഞു മാനസിലാക്കിക്കൊടുക്കും. വാക്കുകൾ കോർത്തിണക്കിയുള്ള ഒരു കലയാണിത്.
റാപ്പർമാരെക്കുറിച്ച് ഒരുപാട് നെഗറ്റീവ് വാർത്തകൾ നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ റാപ്പർമാർ അങ്ങനെയുള്ളവരല്ല. നമ്മുടെ സംസ്‌കാരവുമായി അത്രമേൽ ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നതാണ് ഈ സംഗീതം. അതിനുള്ള ഉദാഹരണങ്ങളും വരികളുടെ അർത്ഥവും പറഞ്ഞു കൊടുക്കുമ്പോൾ അവർക്ക് കാര്യം മനസ്സിലാകും. എന്റെ ‘കൂടെ തുള്ള് എന്ന പാട്ടിന്റെയൊക്കെ അർത്ഥം വിശദീകരിക്കുമ്പോൾ അവർക്കത് പെട്ടെന്ന് കണക്റ്റ് ചെയ്യാൻ പറ്റും.
ചിലർ വിചാരിക്കുന്നത് റാപ്പ് ചെയ്യുന്നവർ ലഹരി ഉപയോഗിക്കുന്നവരോ പ്രശ്നക്കാരോ ആണെന്നാണ്. അമ്പലം പോലെയുള്ള ഒരു ഭക്തിസാന്ദ്രമായ അന്തരീക്ഷം നശിപ്പിക്കാൻ വരുന്നവരാണ് ഞങ്ങൾ എന്ന് കരുതുന്നവരുമുണ്ട്. എന്നാൽ, ‘ഞങ്ങൾ അങ്ങനെയുള്ളവരല്ല’ എന്ന് നേരിട്ട് പറഞ്ഞു മാനസിലാക്കുമ്പോൾ അവരുടെ ചിന്താഗതി മാറും. അങ്ങനെ അവർ കാര്യങ്ങൾ തിരിച്ചറിയുകയും പാട്ടുകൾ കേട്ട് സന്തോഷത്തോടെ മടങ്ങുകയും ചെയ്യും,’ ഫെജോ പറഞ്ഞു.
Content Highlight:Fejo talks about doing stage shows in temple