11 വര്‍ഷത്തിനുശേഷം ഒരു പകരംവീട്ടല്‍; വിംബിള്‍ഡണില്‍ ചരിത്രം കുറിച്ച് ഫെഡറര്‍; നദാല്‍ വീണു, ഇനി മുന്നില്‍ ദ്യോക്കോവിച്ച്
Wimbledon
11 വര്‍ഷത്തിനുശേഷം ഒരു പകരംവീട്ടല്‍; വിംബിള്‍ഡണില്‍ ചരിത്രം കുറിച്ച് ഫെഡറര്‍; നദാല്‍ വീണു, ഇനി മുന്നില്‍ ദ്യോക്കോവിച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 13th July 2019, 12:26 am

ലണ്ടന്‍: ഭയപ്പെട്ടതു സംഭവിച്ചില്ല. ഒരിക്കല്‍ക്കൂടി റാഫേല്‍ നദാലിനു മുന്‍പില്‍ അടിയറവ് പറയേണ്ടി വന്നിരുന്നെങ്കില്‍ ടെന്നീസ് കോര്‍ട്ടിലേക്ക് ഇനിയുണ്ടാവില്ലെന്ന് റോജര്‍ ഫെഡറര്‍ പ്രഖ്യാപിക്കുമോ എന്ന ഭയത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ നദാലിനെ പരാജയപ്പെടുത്തി വിംബിള്‍ഡണ്‍ ഫൈനലില്‍ ആ 37-കാരന്‍ പ്രവേശിച്ചു.

സ്‌കോര്‍: 7-6, 1-6, 6-3, 6-4. നാല് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സെമിയില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കു വിജയിച്ച് ഫെഡററിന്റെ ഫൈനല്‍ പ്രവേശം. ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ നൊവാക് ദ്യോക്കോവിച്ചാണ് രണ്ടാം സീഡായ ഫെഡററുടെ എതിരാളി.

എട്ടുതവണ വിംബിള്‍ഡണ്‍ കിരീടം നേടിയ ഫെഡറര്‍, രണ്ടുതവണ നദാലുമായി ഏറ്റുമുട്ടിയപ്പോള്‍ 2008-ലെ വിംബിള്‍ഡണ്‍ ഫൈനലിന്റെ ഓര്‍മയായിരുന്നു ടെന്നീസ് പ്രേമികള്‍ക്ക്. ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരമെന്നു വിശേഷിപ്പിക്കപ്പെട്ട ആ മത്സരത്തില്‍ നദാലിനായിരുന്നു വിജയം.

11 വര്‍ഷത്തിനുശേഷമാണ് ഇരുവരും വിംബിള്‍ഡണില്‍ ഏറ്റുമുട്ടുന്നത് എന്നതും പ്രത്യേകതയാണ്. അന്ന് 22-കാരനായ നദാല്‍ 26-കാരനായ ഫെഡററെ വീഴ്ത്തിയത് തന്റെ കരിയറിലെ ഏറ്റവും മികച്ച ഗെയിം കളിച്ചാണ്.

എന്നാല്‍ ഇന്ന് ഫെഡറര്‍ പകരംവീട്ടി. രണ്ടാംസെറ്റൊഴികെ കാര്യമായ പിഴവുകളൊന്നുമില്ലാതെയായിരുന്നു ഫെഡററുടെ വിജയം.

നേരത്തേ നടന്ന സെമിയില്‍ ദ്യോക്കോവിച്ച് സ്പാനിഷ് താരം റോബര്‍ട്ടോ ബാറ്റിസ്റ്റ അഗട്ടിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

സ്‌കോര്‍: 6-2, 4-6, 6-3, 6-2. ആറാംതവണയാണ് ദ്യോക്കോവിച്ച് വിംബിള്‍ഡണ്‍ ഫൈനലില്‍ പ്രവേശിക്കുന്നത്.

നാലുതവണ വിംബിള്‍ഡണ്‍ കിരീടം അണിഞ്ഞ ദ്യോക്കോവിച്ചിനെതിരെ 23-ാം സീഡായ അഗട്ടിന് ഒരു സെറ്റ് നേടാന്‍ കഴിഞ്ഞെങ്കിലും ബാക്കി മൂന്ന് സെറ്റുകളില്‍ ദ്യോക്കോവിച്ചിന് വെല്ലുവിളി ഉയര്‍ത്താന്‍ പോലും അദ്ദേഹത്തിനായില്ല.

തന്റെ 25-ാം ഗ്രാന്‍ഡ് സ്ലാം ഫൈനലിനാണ് ദ്യോക്കോവിച്ച് യോഗ്യത നേടിയത്. മുന്‍പ് കളിച്ച 24 ഫൈനലുകളില്‍ 15 എണ്ണത്തിലും വിജയിക്കാന്‍ താരത്തിനായിരുന്നു. വിബിംള്‍ഡണ്‍ ഫൈനലുകളിലാവട്ടെ നാലുതവണ ജയിച്ച അദ്ദേഹം, ഒരുതവണ മാത്രമാണ് പരാജയപ്പെട്ടത്. 2013-ല്‍ ആന്‍ഡി മുറെയോടു മാത്രമാണു തോറ്റത്.

തനിക്കിതൊരു സ്വപ്ന ടൂര്‍ണമെന്റാണെന്നും വിംബിള്‍ഡണ്‍ ഫൈനല്‍ എന്നതു മറ്റെന്തിനേക്കാളും വ്യത്യസ്തമാണെന്നും മത്സരശേഷം ദ്യോക്കോവിച്ച് പറഞ്ഞു. ഫെഡറര്‍-നദാല്‍ മത്സരത്തിന്റെ ഫാന്‍ ആണു താനെന്നും എല്ലാക്കാലത്തെയും ഏറ്റവും ഇതിഹാസതുല്യമായ പോരാട്ടമാണ് അതെന്നും അദ്ദേഹം പറഞ്ഞു.