ചാണകം- വിശുദ്ധമോ, അശുദ്ധമോ, എന്താണ് ചാണകത്തിന്റെ പ്രശ്നം ?
FB Notification
ചാണകം- വിശുദ്ധമോ, അശുദ്ധമോ, എന്താണ് ചാണകത്തിന്റെ പ്രശ്നം ?
സുരേഷ് സി പിള്ള
Saturday, 11th May 2019, 11:37 pm

പലപ്പോളും ചാണകം ഗ്ലൗസ് ഒന്നുമില്ലാതെ കൈ കൊണ്ട് വാരുകയും, കലക്കി തറ ഒക്കെ കൈ കൊണ്ട് മെഴുകുവാനും ഒക്കെയായി ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടാവുമല്ലോ? പ്രത്യേകിച്ചും നാട്ടിന്‍ പുറത്തു താമസിക്കുന്നവര്‍. ഇതില്‍ എന്തെങ്കിലും അപകടം ഉണ്ടാവാന്‍ സാദ്ധ്യത ഉണ്ടോ?

എന്താണ് ചാണകം?

പശുവിന്റെ ദഹിക്കാത്തതും, ദഹന പ്രക്രിയയ്ക്ക് ശേഷം ഉള്ളതുമായ വേസ്റ്റ് പ്രോഡക്റ്റ് ആണ് ചാണകം. മറ്റുള്ള ജീവികളുടെ പോലെ, ചാണകവും ഒരു fecal (മാലിന്യം) പ്രോഡക്റ്റ് ആണ്.

ചാണകത്തിന്റെ ഗുണങ്ങള്‍ എന്തൊക്കെ?

ധാരാളം ധാതുക്കള്‍ (nitrogen, phosphorus, potassium, magnesium) ഉള്ള ചാണകം നല്ല ഒരു ജൈവ വളം ആണ്. കൂടാതെ ഉണങ്ങിയ ചാണകം ഇന്ധനമായും ഉപയോഗിക്കാറുണ്ട്. ചാണകം മീഥേന്‍ കൊണ്ട് സമൃദ്ധമായതിനാല്‍ ബയോ ഗ്യാസ് ആയും വ്യാപകമായി ഉപയോഗിക്കാറുണ്ട്.

അപ്പോള്‍ ചാണകത്തിന്റെ പ്രശ്നം എന്താണ്?

മറ്റുള്ള ജീവികളുടെ മലത്തില്‍ ഉള്ളപോലെ ചാണകത്തിലും ധാരാളം ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. പൊതുജന ആരോഗ്യാര്‍ത്ഥം ഈ ബാക്റ്റീരിയകളെ ക്കുറിച്ചു സാധാരണ ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. പാരിസ്ഥിതിക, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ ഇരിക്കുവാനും, അവ വേണ്ട രീതിയില്‍ വിദഗ്ദ്ധമായി കൈകാര്യം ചെയ്യുവാനും ഇതേക്കുറിച്ചു ബോധവാന്മാര്‍ ആയിരിക്കേണ്ടതും അത്യാവശ്യമാണ്.

എന്തൊക്കെ ബാക്ടീരിയ ആണ് ചാണകത്തില്‍ പൊതുവായി കാണുന്നത്?

പകര്‍ച്ചരോഗാണുക്കള്‍ ഉള്‍പ്പെടെ പല ബാക്റ്റീരിയകളും വൈറസുകളും ചാണകത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇ. കോളി (Escherichia coli), Enterococcus, Salmonella, Bacillus spp., Corynebacterium spp. Lactobacillus spp.തുടങ്ങിയ ബാക്റ്റീരിയകള്‍ ചാണകത്തില്‍ ഉണ്ട്.

ഇ. കോളി, സാല്‍മൊണേല്ല തുടങ്ങിയ മൈക്രോബുകള്‍ ആണ് ചാണകത്തില്‍ നിന്നും മനുഷ്യനിലേക്ക് നേരിട്ട് സാധാരണ പടരുന്നത് (Sahoo, Krushna Chandra, et al. ‘Geographical variation in antibiotic-resistant Escherichia coli isolates from stool, cow-dung and drinking water.’ International journal of environmental research and public health 9.3 (2012): 746-759.).

കൂടാതെ വയറിന് അസുഖം ഉണ്ടാക്കുന്ന Campylobacter എന്ന ബാക്റ്റീരിയയും ചാണകത്തില്‍ നിന്നും പകരുന്നതായി കണ്ടിട്ടുണ്ട് (Gilpin, B. J., et al. ‘The transmission of thermotolerant Campylobacter spp. to people living or working on dairy farms in New Zealand.’ Zoonoses and public health 55.7 (2008): 352-360.).

ചുരുക്കിപ്പറഞ്ഞാല്‍ ചാണകം ധാരാളം ബാക്റ്റീരിയകള്‍ അടങ്ങിയ ഒരു വിസര്‍ജ്യ വസ്തുവാണ്.

ശാസ്ത്രീ യമായി യാതൊരു വിശുദ്ധിയും ചാണകത്തിനില്ല.

അതായത് മനുഷ്യന്റെയും, പട്ടിയുടെയും, കുതിരയുടെയും, ആനയുടെയും ഒക്കെ വിസര്‍ജ്ജ്യം പോലെയുള്ള വിസര്‍ജ്ജ്യമാണ് ചാണകവും.

ചാണകം കൈകാര്യം ചെയ്യമ്പോള്‍ ഒരു തരത്തിലും കൈകളിലോ, ശരീരത്തിലോ പറ്റാതെ നോക്കുക. ഒരിക്കലും മുന്‍കരുതലുകള്‍ ഇല്ലാതെ വെറും കൈ കൊണ്ട് (ഗ്ലൗസ് ധരിക്കാതെ) ചാണകം വാരാതെ ശ്രദ്ധിക്കണം.

കൂടുതല്‍ വായനയ്ക്ക്

An overview of the control of bacterial pathogens in cattle manure. Manyi-Loh, C., Mamphweli, S., Meyer, E., Makaka, G., Simon, M., & Okoh, A. (2016). International journal of environmental research and public health, 13(9), 843.

‘Analyses of livestock production, waste storage, and pathogen levels and prevalences in farm manures.’ Hutchison, M. L., et al. Appl. Environ. Microbiol. 71.3 (2005): 1231-1236.

‘Current status of cow dung as a bioresource for sustainable development.’ Gupta, Kartikey Kumar, Kamal Rai Aneja, and Deepanshu Rana. Bioresources and Bioprocessing 3.1 (2016): 28.

Microbial safety control of compost material with cow dung by heat treatment. Journal of Environmental Sciences, 19(8), (2007).
1014-1019.

Geographical variation in antibiotic-resistant Escherichia coli isolates from stool, cow-dung and drinking water.’ International journal of environmental research and public health 9.3 (2012): 746-759

The analysis of real microbiological risks for dissociated slurry. Agric. Trop. Subtrop, ഇempírková, R., & Šoch, M. (2007). 40, 164-171.

‘The transmission of thermotolerant Campylobacter spp. to people living or working on dairy farms in New Zealand.’ Zoonoses and public health 55.7 (2008): 352-360.