വിമണ്‍ കളക്ടീവ് എന്തിനായിരുന്നു മമ്മൂട്ടിയെ തെറി വിളിച്ചുകൊണ്ടുള്ള ആര്‍ട്ടിക്കിള്‍ ഷെയര്‍ ചെയ്തത് ?
FB Notification
വിമണ്‍ കളക്ടീവ് എന്തിനായിരുന്നു മമ്മൂട്ടിയെ തെറി വിളിച്ചുകൊണ്ടുള്ള ആര്‍ട്ടിക്കിള്‍ ഷെയര്‍ ചെയ്തത് ?
ആര്‍ജെ സലിം
Thursday, 4th January 2018, 10:01 am

ഒന്നാമത്തെ കാര്യം അതില്‍ മമ്മൂട്ടിയെ ആരും തെറി പറഞ്ഞിട്ടില്ല. മമ്മൂട്ടിക്ക് യൗവ്വനത്തിനോടുള്ള അമിത ആവേശം മൂത്തു സിനിമകളുടെ നിലവാരം കോമ്പ്രമൈസ് ചെയ്യുന്നു എന്നാണ് ആര്‍ട്ടിക്കിള്‍ പറയുന്നത്. അത് സിനിമയുമായി ബന്ധപ്പെടുത്തി പറഞ്ഞതാണ്. പുള്ളിക്കാരന്‍ സ്റ്റാറാ, തോപ്പില്‍ ജോപ്പന്‍ എന്നീ സിനിമകളെങ്കിലും കണ്ടവര്‍ക്കു ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടാവും എന്ന് തോന്നുന്നില്ല. മാത്രമല്ല മോഹന്‍ലാലിനെയും ദിലീപിനെയും അതില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ഡെയിലി ഓ ഇന്ത്യ ടുഡേയുടെ ഓണ്‍ലൈന്‍ മാധ്യമമാണ്. ഇത് ഷെയര്‍ ചെയ്യുന്നത് വഴി, കേരളത്തിന് പുറത്തുള്ള നാഷണല്‍ മീഡിയകളില്‍ വരെ സജീവമായ ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ നടക്കുന്നുണ്ട് എന്ന് കാണിക്കുകയും ചെയ്യാം.

വ്യക്തി അധിക്ഷേപമില്ലെങ്കില്‍ പിന്നെന്തിനു റിമൂവ് ചെയ്തു ?

അത്തരമൊരു ആര്‍ട്ടിക്കിളിനെതിരെ ആദ്യമായി പരസ്യമായി രംഗത്തു വരുന്നത് സുനിത ദേവദാസാണ്. ഇംഗ്ലീഷിലുള്ള ആര്‍ട്ടിക്കിളിന്റെ വളച്ചൊടിച്ചുള്ള തര്‍ജ്ജമയാണ് സുനിത തന്റെ പോസ്റ്റില്‍ ചേര്‍ത്ത്. അവിടം മുതല്‍ WCC ക്കു നേരെയുള്ള ഓണ്‍ലൈന്‍ അറ്റാക് പലമടങ്ങായി വര്‍ധിച്ചു. വളഞ്ഞിട്ടുള്ള ആക്രമണങ്ങളില്‍പ്പെട്ടു പെട്ടെന്ന് പ്രതികരിച്ചതാവണം.

പാര്‍വതി മമ്മൂട്ടിയെ മോശമായി വിമര്‍ശിച്ചതുകൊണ്ടല്ലേ ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായതു ? ഒരു ക്ഷമ ചോദിച്ചു കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കിക്കൂടെ ?

” നിര്‍ഭാഗ്യകരമായി കണ്ടുപോയൊരു സിനിമയായിരുന്നു കസബ. അതില്‍ പ്രവര്‍ത്തിച്ച എല്ലാ ടെക്നീഷ്യന്മാരോടുമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ, വളരെ പ്രഗത്ഭനായ ഒരു നടന്‍ സന്ദര്‍ഭവശാല്‍ പറഞ്ഞു പോയ ചില മോശം ഡയലോഗുകള്‍ എന്നെ തികച്ചും നിരാശപ്പെടുത്തി. ” എന്നാണ് പാര്‍വതി അന്ന് പറഞ്ഞത്.

ഇതിലെവിടെയാണ് മമ്മൂട്ടിയെ കഠിനമായി വിമര്‍ശിച്ചത് ? ഓണ്‍ലൈന്‍ മഞ്ഞകളുടെ നുണ പ്രചരണം മാത്രമായിരുന്നു അത്.

Image result for വിമണ്‍ ഇന്‍ സിനിമ കളക്ടീവ്

വിമണ്‍ ഇന്‍ സിനിമ കളക്ടീവ്

സിനിമയെ സിനിമയായി കണ്ടുകൂടെ ?

വിമര്‍ശിക്കുമ്പോള്‍ മാത്രം ഓര്‍മ്മ വരുന്നൊരു എതിര്‍ വാദമാണ് ഇത്. നടന്മാര്‍ക്ക് അംഗീകാരം കിട്ടുമ്പോള്‍, ഫാന്‍സിന്റെ കൈയ്യടി കിട്ടുമ്പോള്‍, സിനിമ കൊണ്ടുള്ള മറ്റു പ്രയോജനങ്ങള്‍ എല്ലാം ഉപയോഗപ്പെടുത്തുമ്പോഴൊന്നും സിനിമയെ സിനിമയായി കണ്ടൂടെ എന്ന് ഇവരോ നിങ്ങളോടു പറയുന്നില്ലല്ലോ പിന്നെന്തിനാണ് വിമര്‍ശിക്കുമ്പോള്‍ മാത്രം ഒരു പ്രത്യേകത.

സിനിമയില്‍ അപ്പോള്‍ മോശം കാര്യങ്ങള്‍ ഒന്നും വേണ്ട എന്നാണോ ?

ഒരു ഉദാഹരണം പറയാം. നിങ്ങള്‍ മോഹന്‍ലാല്‍ ഫാനാണ് എന്ന് കരുതുക. നിങ്ങള്‍ സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നൊരു ജാതിയില്‍ നിന്നാണ് വരുന്നതെന്നും കരുതുക. ഒരു സിനിമയില്‍ മോഹന്‍ലാല്‍ വളരെ ഹീറോയിക്കായി നിങ്ങളുടെ ജാതിയില്‍പ്പെട്ടൊരു കഥാപാത്രത്തെ അതിന്റെ പേരില്‍ തരംതാഴ്ത്തി കൈയ്യടി നേടുന്നൊരു രംഗമുണ്ട് എന്ന് കരുതുക. ഉയര്‍ന്ന സവര്‍ണ്ണ ജാതികള്‍ക്കു അത് ഹീറോയിസമായിരിക്കും. അവര്‍ ചിരിക്കുകയും കയ്യടിക്കുകയും ചെയ്യുമായിരിക്കും. പക്ഷെ നിങ്ങള്‍ക്ക് അത് കണ്ടു കൈയ്യടിക്കാന്‍ സാധിക്കുമോ ? അത്രയേ പാര്‍വതിയും ചെയ്തിട്ടുള്ളൂ. സ്ത്രീയെന്ന ഓള്‍റെഡി അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗത്തിനെ ഏറ്റവും തരംതാഴ്ത്തി ആഘോഷിക്കുന്നൊരു സിനിമ കണ്ടു നിരാശ തോന്നി എന്നേ അവരും പറഞ്ഞുള്ളൂ. നിങ്ങള്‍ ഒരു അംഗ പരിമിതനാണെങ്കില്‍ നിങ്ങളെപ്പോലെയുള്ളൊരു കഥാപാത്രത്തെ ചീത്ത വിളിച്ചു കൈയ്യടി നെടുന്നൊരു രംഗം കണ്ടു സന്തോഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ ? ഒരു കാര്യം കാണിക്കുന്നതും അത് ആഘോഷിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

 സിനിമയ്ക്ക് അത്രയും സ്വാധീനമൊക്കെയുണ്ടോ നമ്മുടെ സമൂഹത്തില്‍ ?

നമ്മളില്‍ ഒരു കോടതിമുറി ശരിക്കു കണ്ടിട്ടുള്ളവര്‍ എത്രപേരുണ്ട് ? ഒരു ജയില്‍ ? ഒരു ക്രൈം സീന്‍ ? വളരെ ചുരുക്കമാണ്. കോടതി മുറിയെന്നും ജെയിലെന്നും ക്രൈം സീനെന്നും വിചാരിച്ചു നമ്മുടെ മനസ്സിലുള്ളതൊക്കെ സിനിമയിലെ ഇമേജുകളാണ്. ശരിക്കുള്ള വസ്തുതകളല്ല. കോളേജില്‍ പോകാത്തവരുടെ വിചാരം എല്ലാ കോളേജിലും പിള്ളേര്‍ ആടിപ്പാടി നടക്കുന്നു എന്നാണ്. അതുപോലെ പല കാര്യങ്ങളും സിനിമ കാരണം നമ്മളറിയാതെ തന്നെ തെറ്റിദ്ധരിച്ചു വെച്ചിട്ടുണ്ട്. പല തെറ്റായ കാര്യങ്ങളും നോര്‍മലൈസ് ചെയ്യാനും ലളിതവല്‍ക്കരിക്കാനും സിനിമ നമ്മള്‍ പോലും അറിയാതെ നമ്മളെ സഹായിക്കുന്നുണ്ട്. സ്ത്രീകളെ മോശമായി ട്രീറ്റ് ചെയ്യുന്നത് ഓക്കേ ആണെന്നും മറ്റും ഇവര്‍ നിരന്തരം പറഞ്ഞു വെയ്ക്കുന്നുണ്ട്. റേപ് പോലൊരു ക്രൈം പോലും അത് ചെയ്തയാള്‍ ഇരയായവളെ കല്യാണം കഴിക്കുമ്പോള്‍ എല്ലാം ഒക്കെയായി എന്ന് കാണിക്കുന്ന എത്ര സിനിമകളുണ്ട് നമുക്ക് ?

WCC ഇത്രകാലം കൊണ്ട് ഇവിടെ എന്ത് മാറ്റമാണ് കൊണ്ട് വന്നത് ?

എന്റെയോ നിങ്ങളുടെയോ കാശ് മേടിച്ചു നടത്തുന്ന സംഘടനയല്ല അത്. അതുകൊണ്ടു തന്നെ നമുക്ക് സ്റ്റെയ്ക്കില്ലാത്തൊരു സ്ഥാപനത്തില്‍ക്കയറി ഓഡിറ്റ് ചെയ്യാന്‍ നമുക്ക് ഒരവകാശവും ഇല്ല. അവര്‍ വളരെ ഇന്‍ഫന്റ് സ്റ്റെയ്ജില്‍ നില്‍ക്കുന്നൊരു സംഘടനയാണ്. അവര്‍ക്കു മുന്‍ മാതൃകകളില്ല. അതുകൊണ്ടു തന്നെ സ്ത്രീകളുടെ കൂട്ടായ്മക്കെതിരെ പുരുഷാധിപത്യമുള്ളൊരു സമൂഹത്തില്‍ നിന്ന് മുന്‍പ് കണ്ടിട്ടില്ലാത്ത വിധം അറ്റാക്കുകളും തടസ്സങ്ങളും ഉണ്ടാകും. അവരെ ആദ്യം സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. ഫെഫ്കയിലോ അമ്മയിലോ പോയി നിങ്ങള്‍ ചോദിക്കുന്നില്ലല്ലോ, അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാം തരത്തിലായിരുന്നു എന്ന്.
ഇപ്പോള്‍ ഇത് പറയാന്‍ ?

ഫാനരന്മാരായ സെക്‌സിസ്റ്റുകളോടും ഫാനരന്മാര്‍ അല്ലാത്ത സെക്‌സിസ്റ്റുകളോടും ഒന്നും പറയാനില്ല. എന്നെങ്കിലും ഇവോള്‍വ് ചെയ്യട്ടെ എന്നാംശ മാത്രം. പറയാനുള്ളത് ആദ്യം സപ്പോര്‍ട്ട് ചെയ്തിട്ട് ഇപ്പോള്‍ എന്തൊക്കെയോ തെറ്റിദ്ധാരണകള്‍ കാരണം WCC യെ എതിര്‍ക്കുന്നവരോടാണ്. അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിച്ചു കൂടെ നിര്‍ത്താനാണ്.

 പാവാട വിളിയെക്കുറിച്ചു ?

അതൊരു കളിയാക്കലാണ് എന്ന് അത് വിളിക്കുന്നവര്‍ക്കു മാത്രമാണ് തോന്നുന്നത്. അത്രയുമെങ്കിലും വളര്‍ച്ചയുള്ളവര്‍ മാത്രമാണ് WCC യുടെ കൂടെ നില്‍ക്കുന്നത്. സ്ത്രീകളെ ഷര്‍ട്ടെന്ന് വിളിച്ചാല്‍ അത് കളിയാക്കലാവില്ലല്ലോ.