കേരള അതിര്‍ത്തിയില്‍ കണികാ പരീക്ഷണം വീണ്ടും വരുമ്പോള്‍; കേന്ദ്രാനുമതിക്ക് പിന്നിലെ കളികള്‍, താല്പര്യങ്ങളും
F.B Notification
കേരള അതിര്‍ത്തിയില്‍ കണികാ പരീക്ഷണം വീണ്ടും വരുമ്പോള്‍; കേന്ദ്രാനുമതിക്ക് പിന്നിലെ കളികള്‍, താല്പര്യങ്ങളും
എം ഉണ്ണികൃഷ്ണന്‍
Wednesday, 14th March 2018, 5:46 pm

കേരള അതിര്‍ത്തിയിലെ തേനി കണികാ പരീക്ഷണ പദ്ധതിക്ക് വീണ്ടും പരിസ്ഥിതി അനുമതി നല്‍കാനാണ് പരിസ്ഥിതി മന്ത്രാലയ സമിതി ശുപാര്‍ശ. സ്വാഭാവികമായും ഇത് മന്ത്രാലയം ഇതംഗീകരിക്കും. പദ്ധതി നടത്തിപ്പുകാര്‍ക്ക് അനുമതി കത്ത് ഉടന്‍ കൈമാറും. സര്‍ക്കാരിന് താല്പര്യമുള്ള പദ്ധതികള്‍ക്ക് ആശങ്കകളെല്ലാം അവഗണിച്ച് ദേശീയ താല്‍പ്പര്യം എന്ന പേരില്‍ എങ്ങനെ യുദ്ധകാലാടിസ്ഥാനത്തില്‍ അനുമതി നല്കാമെന്നതിന്റെ ക്ലാസിക്കല്‍ ഉദാഹരമാണ് ഈ പദ്ധതിയുടേതെന്നു ന്യൂസ് 18ന്‍ കേരള പുറത്തുവിട്ട രേഖകള്‍ തെളിയിക്കും.

പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലയില്‍ തേനിയിലെ പൊട്ടിപ്പുറത്ത് വനമേഖലയിലാണ് പദ്ധതി പ്രദേശം. പദ്ധതിക്കായി ഭൂഗര്‍ഭ ലബോറട്ടറി സ്ഥാപിക്കണം, ടണല്‍ വേണം. ഉഗ്ര സ്‌ഫോടനം നടത്തി പാറ പൊട്ടിക്കണം. ഇത് സമീപ പ്രദേശങ്ങളില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും അണക്കെട്ടുകളിലടക്കം ഉണ്ടാക്കുന്ന പ്രത്യാഘാതം സംബന്ധിച്ചായിരുന്നു പ്രധാന ആശങ്ക. പശ്ചിമ ഘട്ടം പോലെ അതീവ പ്രാധാന്യമുള്ള പ്രദേശത്തെ ജൈവ വ്യവസ്ഥയ്ക്ക് അതിലൂടെ ഉണ്ടാക്കാന്‍ പോകുന്ന ദോഷങ്ങള്‍. കണികാ പരീക്ഷണം ആണവ വികിരണത്തിന് കാരണമാകുമോയെന്ന ആശങ്കകള്‍ കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഉയര്‍ന്നു. പരിസ്ഥിതി ലോല മേഖലയായ കേരളത്തിലെ മതികെട്ടാന്‍ ചോലയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ പരിധിയിലാണ് പദ്ധതി പ്രദേശം.

പുതിയ കുപ്പിയിലെ പഴയ വീഞ്ഞിന് അനുമതി

2011ലാണ് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ ആദ്യം പരിസ്ഥിതി അനുമതി നല്‍കിയത്. എന്നാല്‍ വനമേഖലയിലെ പദ്ധതിക്ക് അനുമതി ലഭ്യമാക്കിയ നടപടി ക്രമങ്ങളില്‍ പാളിച്ചകള്‍ ഉണ്ടെന്ന് കണ്ടെത്തിയ ദേശീയ ഹരിത ട്രിബ്യുണല്‍ 2017 മാര്‍ച്ചില്‍ അനുമതി മരവിപ്പിച്ചു. ദേശീയ വന്യ ജീവി ബോര്‍ഡിനെ സമീപിച്ച് ആദ്യം വനാനുമതി ലഭ്യമാക്കണം, അതിനു ശേഷം പരിസ്ഥിതി അനുമതിക്ക് പുതുതായി അപേക്ഷ നല്‍കാമെന്നായിരുന്നു ട്രിബ്യുണല്‍ ഉത്തരവ്. മദ്രാസ് ഹൈക്കോടതിയും അനുമതി റദ്ധാക്കി.

 

ആവര്‍ത്തിക്കപ്പെടുന്ന നിയമലംഘനങ്ങള്‍

പുതിയ അപേക്ഷയുമായി വീണ്ടും വന്നു പദ്ധതി നടത്തിപ്പുകാരായ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്. ആദ്യം സമീപിച്ചത് തമിഴ്നാട് സംസ്ഥാന പരിസ്ഥിതി അവലോകന സമിതിയെയാണ്. ഒരു നിസ്സാര കെട്ടിട നിര്‍മ്മാണ പദ്ധതിയെന്ന വ്യാഖ്യാന എളുപ്പത്തില്‍ അനുമതി ലഭ്യമാക്കുകയായിരുന്നു തന്ത്രം. കഴിഞ്ഞ വര്‍ഷം നവംബര്‍ 27ന് സംസ്ഥാന സമിതി ശുപാര്‍ശ പരിഗണിച്ചു. അംഗീകാരം നല്‍കാന്‍ വിസമ്മതിച്ചു. ചട്ടം 8(എ) പ്രകാരമുള്ള കെട്ടിട നിര്‍മാണ പദ്ധതിയായി
ഇത് അംഗീകരിക്കാന്‍ ആകില്ലെന്നതിന് സമിതി മുന്നോട്ട് വച്ച നിലപാടുകള്‍ ഇങ്ങനെ :

• പദ്ധതിക്ക് മലകളുടെ ആഴത്തില്‍ ടണല്‍ നിര്‍മ്മിക്കണം. പാറപൊട്ടിക്കാന്‍ ഉഗ്ര ശക്തിയുള്ള സ്‌ഫോടനം നടത്തണം. ആറു ലക്ഷം ക്യുബിക് മീറ്റര്‍ ആഴത്തില്‍ ഖനനം നടത്തണം. മലമുകളില്‍ നിന്ന് ആയിരം മീറ്റര്‍ ആഴത്തിലാണ് ടണല്‍. മലയിലെ പാറകള്‍ക്ക് ഇത് വലിയ സമ്മര്‍ദ്ധം ചെലുത്തും.

•  ചതുരശ്ര മീറ്ററിന് 270 കിലോഗ്രാം എന്നതായിരിക്കും സമ്മര്‍ദ്ധം. പാറകള്‍ പൊട്ടി ചിതറാനും മലകളുടെ മുകള്‍തട്ട് ഇളകി വീഴാനും സാധ്യത ഉണ്ട്

•  പശ്ചിമ ഘട്ട മലനിരകള്‍ പരിസ്ഥിതി പ്രാധാന്യം കൊണ്ടും ജന്തു ജീവജാല സമ്പത്തുകൊണ്ടും അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

•  വിവിധ നദികളുടെ ജലസമ്പത്ത് കേന്ദ്രീകരിക്കുന്ന പ്രദേശത്താണ് പദ്ധതി. തമിഴ് നാട്ടിലെ അഞ്ചു ജില്ലകള്‍ക്ക് ജലം നല്‍കുന്ന വൈഗ നദിയുടെ വാട്ടര്‍ഷെഡ്.

ഈ കാരണങ്ങളാല്‍ ചട്ടം 8(എ) പ്രകാരം കെട്ടിട നിര്‍മാണ പദ്ധതിയായി കണികാ പരീക്ഷണം അവലോകനം ചെയ്യാന്‍ കഴിയില്ല. പദ്ധതി ശുപാര്‍ശ പരിഗണിച്ചു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തീരുമാനം എടുക്കണമെന്നായിരുന്നു സംസ്ഥാന അവലോകന സമിതി നിര്‍ദ്ദേശം. അങ്ങനെയാണ് പദ്ധതി നടത്തിപ്പുകാര്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചത്. സര്‍ക്കാരിന്റെ ചുവപ്പ് നാടകളും മെല്ലെപ്പോക്കും കാരണം വലയുന്ന സാധാരണക്കാര്‍ പിന്നീട് ഈ പദ്ധതിക്ക് അനുമതി നല്‍കാന്‍ നടന്ന നീക്കങ്ങള്‍ കണ്ടാല്‍ മൂക്കത്ത് വിരല്‍ വയ്ക്കും.

 

അനുമതി യുദ്ധകാലാടിസ്ഥാനത്തില്‍

പരിസ്ഥിതി അനുമതിക്കായുള്ള അപേക്ഷ കെട്ടിട നിര്‍മാണ പദ്ധതിക്ക് അനുമതി നല്‍കുന്ന സമിതി പരിശോധിക്കുക എന്നതായിരുന്നു പരിസ്ഥിതി മന്ത്രാലയത്തിന്റെ ആദ്യ തീരുമാനം. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ അവലോകനം ചെയ്യുന്ന ഇന്‍ഫ്ര 2 സമിതിക്ക് കീഴില്‍ അങ്ങനെ പദ്ധതിയെത്തി. ആദ്യമേ മന്ത്രാലയം കുറിപ്പടി നല്‍കിയിരുന്നു ഇത് ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണ്. വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കണം എന്ന്. സംസ്ഥാന അതോറിറ്റിയുടെ നിരീക്ഷണങ്ങള്‍ ഉള്ളത് കൊണ്ട് പദ്ധതി എങ്ങനെ ഈ സമിതിക്ക് അവലോകനം ചെയ്യാന്‍ കഴിയുമെന്ന സംശയം സമിതിക്ക് തന്നെയുണ്ടായി. എന്നാല്‍ പ്രത്യേക കേസായി പദ്ധതി ഈ സമിതി തന്നെ പരിഗണിച്ചാല്‍ മതിയെന്ന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം വിദഗ്ധരുടെ ആശയക്കുഴപ്പം അവസാനിപ്പിച്ചു. ജനുവരി 25നാണ് ആദ്യം പദ്ധതി പരിശോധിച്ചത്. തേനിയിലെ ഭൂമിയുടെ ഘടന അടക്കമുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കാനും വിദഗ്ധരുടെ അഭിപ്രായം തേടാനും സമിതി തീരുമാനിച്ചു. ഫെബ്രവരി 20 ന് പദ്ധതി വീണ്ടും പരിഗണയ്ക്ക് എത്തി. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് , ടിആര്‍ ഡി ഓ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ഉള്ളതുകൊണ്ട് നിലവിലെ സമിതിക്ക് തന്നെ പദ്ധതി അവലോകനം ചെയ്യാമെന്ന് പദ്ധതി നടത്തിപ്പുകാര്‍ വാദിച്ചു. 2011 ല്‍ പരിസ്ഥിതി അനുമതി നേടിയതും കെട്ടിട നിര്‍മാണ പദ്ധതി ആയി തന്നെയാണ്. ഹൈക്കോടതി അനുമതി റദ്ധാക്കിയതിനാല്‍ തുടര്‍ പ്രവര്‍ത്തങ്ങള്‍ ഒന്നും നടന്നിട്ടില്ല. അതുകൊണ്ട് പുതിയ കമ്പൈലന്‍സ് സര്‍ട്ടിഫിക്കറ്റ് നല്ലേണ്ടതില്ല.

പദ്ധതിയുടെ ഭാഗമായി ആണവ വികിരണം. ഉണ്ടാകില്ല, ടണല്‍ നിര്‍മ്മാണത്തിന് പാറപൊട്ടിക്കുന്നത് പ്രദേശ വാസികള്‍ ബാധിക്കില്ല എന്നും ഇവര്‍ അവകാശപ്പെട്ടു.

ഈ വാദങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിച്ചു മന്ത്രാലയ സമിതി. പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശയും ചെയ്തു. അതായത് 2011ലെ അനുമതി അതേപടി പുനഃസ്ഥാപിക്കപ്പെട്ടു.
വന്യജീവി ബോര്‍ഡിന്റെയും സംസ്ഥാന മലിനീകരണ ബോര്‍ഡിന്റെയും അനുമതി മുറയ്ക്ക് ലഭ്യമാക്കിയാല്‍ മതി. ഒപ്പം മറ്റേത് പദ്ധതിക്കും ഉള്ള ചട്ടപ്രകാരമുള്ള വ്യവസ്ഥകളും. ചുവപ്പ് നാടകളുടെ സര്‍ക്കാര്‍ ലോകത്ത് സര്‍ക്കാരിന് താല്പര്യമുള്ള പദ്ധതി ജനങ്ങളുടെ ആശങ്ക പോലും പരിഹരിക്കാതെ പച്ചക്കൊടി കാണുകയാണ്.
സര്‍ക്കാരിലെ ഉന്നത തലങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം ലഭിച്ച അനുമതി നിയമപരമാണോ എന്ന് താഴെപ്പറയുന്ന ചോദ്യങ്ങള്‍ കണ്ടാല്‍ ആര്‍ക്കും സംശയം തോന്നും

 

അവശേഷിക്കുന്ന ചോദ്യങ്ങള്‍

•  പശ്ചിമ ഘട്ടത്തില്‍ പദ്ധതി പ്രത്യാഘാതം ഉണ്ടാകുമെന്ന സംസ്ഥാന അവലോകന സമിതിയുടെ ആശങ്കകള്‍ തള്ളികളഞ്ഞത് എന്ത് ശാസ്ത്രീയ പിന്‍ബലത്തില്‍? കെട്ടിട നിര്‍മാണ പദ്ധതി ആയി പരിഗണിക്കാന്‍ കഴിയില്ലെന്ന ആഭ്യന്തര വിലയിരുത്തലുകള്‍ മറികടന്ന് അങ്ങനെതന്നെ പദ്ധതിക്ക് അനുമതി നല്‍കുന്നത് നിയമപരമോ?

•  വന്യജീവി ബോര്‍ഡിന്റെ അനുമതി ലഭ്യമാക്കിയ ശേഷം വീണ്ടും പരിസ്ഥിതി അനുമതി തേടണമെന്ന ഹരിത ട്രിബ്യുണല്‍ ഉത്തരവ് അനുമതിക്കായി വളച്ചൊടിച്ചത് ശരിയോ?

•  പുതുതായി പബ്ലിക് ഹിയറിങ്ങും പരിസ്ഥിതി
പ്രത്യാഘാത പഠനവും നടത്താത്തത് എന്തുകൊണ്ട്?

•  തിടുക്കത്തില്‍ നല്‍കിയ ഈ അനുമതി വന്യജീവി ബോര്‍ഡ് നടപടികളെ കൂടി സ്വാധീനിക്കുക എന്ന ഉദ്ദേശത്തോടെയല്ലേ?

• മതികെട്ടാന്‍ ചോലയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ ഉള്ള പദ്ധതിയില്‍ എന്തുകൊണ്ട് കേരളത്തിന്റെ അഭിപ്രായം തേടിയില്ല?

•  ദേശീയ പ്രാധാന്യമുള്ള പദ്ധതി എന്ന ടാഗ് നല്‍കിയാല്‍ പരിസ്ഥിതി വന്യജീവി നിയമങ്ങള്‍ പാലിക്കേണ്ടതില്ലേ? 25 ഗവേഷണ സ്ഥാപനങ്ങളിലെ 100 ഗവേഷകര്‍ക്ക് പ്രധാനപ്പെട്ട പദ്ധതി ആയത് കൊണ്ട് മാത്രം ചട്ടങ്ങളും ആശങ്കകളും അവഗണിക്കാന്‍ ആകുമോ?