ഇന്ത്യയിലെ ഇടതു പക്ഷത്തിന്റെ തോല്‍വിക്ക് കാരണം ഇതായിരുന്നോ ?
FB Notification
ഇന്ത്യയിലെ ഇടതു പക്ഷത്തിന്റെ തോല്‍വിക്ക് കാരണം ഇതായിരുന്നോ ?
മിനേഷ്
Thursday, 13th June 2019, 6:56 pm

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രകടനത്തെ ദേശീയ തലത്തില്‍ സി.പി.ഐ.എം എങ്ങനെ വിലയിരുത്തുന്നു എന്നറിയാന്‍ ആകാംഷയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ രണ്ടു മൂന്നു ദിവസം മുന്‍പു സഖാവ് സീതാറാം യെച്ചൂരി നടത്തിയ പത്ര സമ്മേളനം ആകാംക്ഷയോടെയാണ് കണ്ടത്. അതീവ ദുര്‍ബലമായ വാദങ്ങളാണ് യെച്ചൂരി പത്ര സമ്മേളനത്തില്‍ മുന്നോട്ടു വെച്ചത്

വലതു പക്ഷം ശക്തമാവുന്ന ഈ കാലത്ത് ഇടതു പക്ഷം ശക്തമാവണമെന്നും അതിനായി പ്രവര്‍ത്തിക്കും എന്നൊക്കെയായിരുന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറഞ്ഞത്. 2015 ലെ പ്ലീനം മുന്നോട്ടു വെച്ച തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച സംഭവിച്ചോ എന്ന് വരും മാസങ്ങളില്‍ പരിശോധിക്കുമെന്നൊക്കെയായിരുന്നു യെച്ചൂരി പറഞ്ഞത് . ഇത്രയും കാലം പല വിധ തിരക്കുകളില്‍ ആയിരുന്നത്രേ, അതുകൊണ്ടു പ്ലീനം നിര്‍ദേശം നടപ്പിലാക്കിയോ എന്ന് ശ്രദ്ധിക്കാന്‍ സമയം കിട്ടിയില്ലത്രേ എന്നൊക്കെയാണ് സെക്രട്ടറി പറയുന്നത്.

സി.പി.ഐ.എമ്മിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ നാല് വര്‍ഷം എന്ത് തിരക്കുകള്‍ ആയിരുന്നു ഉണ്ടായിരുന്നത് എന്ന് ആലോചിച്ചു നോക്കിയാല്‍ 2016 ല്‍ കേരളം, ബംഗാള്‍ നിയമ സഭ തിരഞ്ഞെടുപ്പുകള്‍. 2018 ല്‍ ത്രിപുര, രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് 2019 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്നിവയൊക്കെയാണ് പേരിനെങ്കിലും എടുത്ത് കാണിക്കാവുന്നതു.

ഇതല്ലാതെ ഇടതുപക്ഷത്തെ മുഴുവന്‍ സമയം തിരക്കിലാക്കുന്ന കാര്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതില്‍ തന്നെ 2016 ല്‍ ബംഗാളില്‍ വൃത്തിയായി തോറ്റു. (പ്ലീനം നടപ്പിലാക്കിയോ എന്ന് നോക്കാന്‍ അവസരം ഉണ്ടായിരുന്നു) ഒരു വര്‍ഷം മുന്‍പ് ത്രിപുരയിലും അധികാരം നഷ്ടമായി. (അപ്പോഴും ഈ പ്ലീനം തീരുമാനങ്ങള്‍ അവിടെ തന്നെ ഉണ്ടായിരുന്നു ) ഇന്നിപ്പോള്‍ ലോക്‌സഭാ തിരഞ്ഞേടുപ്പിന്‍ വന്‍ തിരിച്ചടി ഏറ്റു വാങ്ങേണ്ടി വന്നിരിക്കുന്നു.

തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിച്ച് ബൂത്ത് തലത്തിലേക്ക് പോകുന്നതിനു മുന്‍പ് സഖാവ് യെച്ചൂരി പോളിറ്റ് ബ്യുറോയിലേക്കു ഒന്ന് നോക്കണം. അടുത്ത വര്‍ഷത്തോടെ ഇന്ത്യയുടെ ജനസംഖ്യയുടെ ആവറേജ് പ്രായം ഇരുപത്തിയൊമ്പത് ആവും. സി.പി.ഐ.എം പി.ബിയുടെ ആവറേജ് പ്രായമാവട്ടെ അപ്പോഴേക്കും എഴുപതില്‍ എത്തും. 1992 ല്‍ സഖാവ് സീതാറാം യെച്ചൂരിയും സഖാവ് പ്രകാശ് കാരാട്ടും പി.ബി യില്‍ എത്തുമ്പോള്‍ അവരുടെ പ്രായം യഥാക്രമം നാല്‍പതും നാല്‍പത്തതിനാലും ആയിരുന്നു.

തങ്ങളുടെ അമ്പതുകളില്‍ ആണ് സഖാക്കളായ പിണറായി വിജയനും മണിക് സര്‍ക്കാരും കോടിയേരി ബാലകൃഷ്ണനുമൊക്കെ പി ബിയില്‍ എത്തുന്നത്. നിലവിലെ പി.ബിയില്‍ ഏറ്റവും ചെറുപ്പം എന്ന് പറയാവുന്ന സഖാവ് മുഹമ്മദ് സലീമിന് വരെ അറുപത്തിരണ്ടു വയസ്സാണ് ഉള്ളത് എന്നോര്‍ക്കണം .

‘രാഷ്ട്രീയത്തില്‍ പ്രായം ഒരു പ്രശ്‌നമാണ്, അതുകൊണ്ടു റിട്ടയര്‍മെന്റ് വേണം’ എന്ന മിഡില്‍ക്ലാസിന്റെ പൊതു അഭിപ്രായമൊന്നും എനിക്കില്ല . എന്നാല്‍ ഇന്ത്യയുടെ പകുതിയിലധികം വരുന്ന ജനസംഖ്യ യുവാക്കള്‍ ആയ അവസ്ഥയില്‍ അവര്‍ക്കു ഒട്ടും പ്രതിനിധ്യമില്ലാതാവുന്ന സംഘടനാ സംവിധാനം നല്‍കുന്ന സമൂഹത്തിനു സന്ദേശം എന്താണ് എന്ന് ആലോചിക്കേണ്ടതാണ്. കഴിഞ്ഞ പ്ലീനത്തില്‍ ചര്‍ച്ച ചെയത ഒരു പ്രധാന കാര്യം തന്നെ പാര്‍ട്ടിയിലെ യുവ അംഗങ്ങളുടെ പ്രാതിനിധ്യം കുറയുന്നു എന്നതായിരുന്നു. യുവതയുടെ ശബ്ദമാവാന്‍ പി.ബിയില്‍ ഒരാള്‍ പോലുമില്ല എന്ന യാഥാര്‍ഥ്യം അംഗീകരിച്ചേ പറ്റൂ.

സെന്‍ട്രല്‍ കമ്മറ്റിയുടെ കാര്യവും ഏകദേശം ഇത് തന്നെയാണ്. പുതിയ പ്രചാരണ ആയുധങ്ങളെക്കുറിച്ചു നിലവിലെ പിബിയില്‍ ഉള്ളവര്‍ക്ക് എത്ര ധാരണയുണ്ട് എന്ന് അവരുടെ സോഷ്യല്‍ മീഡിയ പേജുകള്‍ നോക്കിയാല്‍ മതി. (കേരളം ഒഴിച്ചാല്‍ എല്ലായിടത്തും പരിതാപകരമാണ് സോഷ്യല്‍ മീഡിയയിലെ അവസ്ഥ ) കേന്ദ്ര നേതൃത്വത്തില്‍ സ്ത്രീകളുടെ പ്രാതിനിധ്യവും ഏതാണ്ട് ഇതുപോലെയാണ്. എഴുപതുകള്‍ പിന്നിട്ട ബ്രിന്ദ കാരാട്ടും സുഭാഷിണി അലിയുമാണ് പി.ബി യിലെ സ്ത്രീ സാന്നിധ്യം. ഭരണഘടനാ സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഉയര്‍ത്തണം എന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടിയാണ് എന്നോര്‍ക്കണം.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ കഴിവ് തെളിയിച്ച പ്രായമേതാണ്ട് നാല്‍പതുകള്‍ കഴിഞ്ഞ പി.രാജീവും എം.ബി രാജേഷും പി.കെ ബിജുവുമൊക്കെ പി ബി യില്‍ എത്തണമെങ്കില്‍ ഇനി എത്ര വര്‍ഷം കാത്തിരിക്കണം ? യുവാക്കള്‍ക്ക് കമ്യൂണിസ്‌റ് പാര്‍ട്ടിയുടെ നയ രൂപീകരണത്തില്‍ പ്രാതിനിധ്യം വേണ്ടേ ? വനിതകള്‍ക്ക് വേണ്ടേ ? മുപ്പതു വയസ്സൊക്കെയുള്ളവര്‍ക്ക് പോഷക സംഘടനകളില്‍ മാത്രം സ്ഥാനം മതിയോ ? ഹിന്ദി ഹൃദയ ഭൂമിയില്‍ നിന്ന് എന്തുകൊണ്ട് യുവ നേതാക്കള്‍ ഉയര്‍ന്നു വരുന്നില്ല? ബംഗാളില്‍ നിന്ന് പോലും അങ്ങനെ സംഭവിക്കാത്തത് എന്ത് കൊണ്ട് ? കഴിഞ്ഞ പത്ത് വര്ഷം കൊണ്ട് വന്‍ പരാജയം എന്ന് തെളിഞ്ഞ ബംഗാള്‍ നേതൃത്വത്തെ ഇനിയും നില നിര്‍ത്തുന്നത് എന്തുകൊണ്ട് ? വനിതകള്‍ അടക്കമുള്ളവരെ നേതൃനിരയില്‍ എത്തിക്കാന്‍ എന്ത് പദ്ധതിയാണ് പാര്‍ട്ടിക്ക് മുന്നില്‍ എന്നൊക്കെയാണ് പരിശോധിക്കേണ്ടത്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന് വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതിനുമുമ്പുള്ള അറുപതു വര്‍ഷത്തെ രാഷ്ട്രീയ ഗതിവിഗതികള്‍ക്കു നേരെ എതിര്‍ ദിശയിലാണു ഇന്ത്യന്‍ രാഷ്ട്രീയം ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒഴുകുന്നത്. മനുഷ്യനും റിയല്‍ എന്നും വിര്‍ച്വല്‍ എന്നുമുള്ള വ്യക്തിത്വങ്ങളായി മാറിയ കാലമാണ് . പ്രചാരണായുധങ്ങള്‍ ഏതാണ്ട് മുഴുവനായി ഡിജിറ്റല്‍ ആവുന്നു. പ്രചാരണ ഇടങ്ങള്‍ തെരുവുകള്‍ എന്നത് മാറി വാര്‍ റൂമുകളിലേക്ക് മാറ്റപ്പെടുന്നു. പ്രചണ്ഡമായ പ്രചാരണങ്ങള്‍ കൊണ്ട് പെരും നുണകള്‍ സത്യമാക്കാന്‍ വലതു പക്ഷത്തിനു കഴിയുന്നു. തീവ്ര ദേശീയതയും വര്‍ഗീയതയും പ്രധാന മന്ത്രിയടക്കമുള്ളവര്‍ ആയുധമാക്കുമ്പോള്‍ ബദല്‍ ഉണ്ടാക്കാന്‍ ഇടതു പക്ഷത്തിനു കഴിയുന്നില്ല. മത നിരപേക്ഷ പ്രത്യയ ശാസ്ത്രത്തിന്റെ പിന്‍ബലം ഉണ്ടായിട്ടും കേരളം ഒഴികെയുള്ള ഇടങ്ങളില്‍ സംഘപരിവാറിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഇപ്പോഴുള്ള നേതൃത്വത്ത്തിനു കഴിയുന്നില്ല.

ഡിജിറ്റല്‍ ലോകത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി യുവ തലമുറയുടെ പിന്തുണ നേടി രണ്ടായിരത്തിപന്ത്രണ്ടില്‍ ഒരു പാര്‍ട്ടി (AAP ) രൂപം കൊണ്ട് രണ്ടായിരത്തിപതിനാലില്‍ അത് ഒരു സംസ്ഥാനം ഭരിക്കുന്ന അവസ്ഥയില്‍ എത്തുന്നു. അതേ സാധ്യതകള്‍ ഉപയോഗിച്ച് ബി.ജെ പിയാകട്ടെ, ഏതാണ്ട് ഇന്ത്യയൊട്ടാകെ തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയം എത്തിക്കുന്നു. എന്നാല്‍ ഇടതു പക്ഷമോ ? കേഡര്‍ സംവിധാനവും ബൗദ്ധിക പിന്തുണയും ഉള്ള ഇടതുപക്ഷമോ, നിലവിലുള്ള കോട്ടകള്‍ എല്ലാം കൈവിട്ടു ദുര്‍ബലമായ അവസ്ഥയില്‍ നില്‍ക്കുന്നു. എന്നിട്ടും നേതൃത്വം മനക്കോട്ടകള്‍ കെട്ടുകയാണ് .

തിരഞ്ഞെടുപ്പ് പ്രക്രിയ പോലും സുതാര്യമല്ല എന്ന ആരോപണം നില നില്‍ക്കുകയാണ്. അതിനെതിരെപ്പോലും ഒരു പ്രതിഷേധം സംഘടിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം തയ്യാറാവുന്നില്ല.

കനയ്യകുമാറിനെയും ജിഗ്‌നേഷ് മേവാനിയെയും പോലുള്ളവര്‍ ഉയര്‍ത്തിവിട്ട സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയ സാധ്യതകള്‍ പോലും ഇലക്ട്രല്‍ പൊളിറ്റിക്‌സിലേക്ക് കണ്‍വര്‍ട് ചെയ്യാന്‍ നിലവിലെ നേതൃത്വത്തിന് കഴിയുന്നില്ല. കിസാന്‍ ലോങ്ങ് മാര്‍ച്ച് പോലുള്ളവ ഉയര്‍ത്തിക്കൊണ്ടു വന്ന സാധ്യതകളെ ശക്തമായി ഉപയോഗിക്കാനോ സംഘപരിവാറിന് ബദലായി ഹിന്ദി ബെല്‍റ്റിലും ത്രിപുരയിലും ബംഗാളിലുമൊക്കെ തങ്ങളുടെ രാഷ്ട്രീയം പറയാനോ ഉള്ള ശ്രമം നടത്താന്‍ നേതൃത്വത്തിന് കഴിയുന്നില്ല. പകരം സഖ്യം എന്നും പറഞ്ഞു കോണ്‍ഗ്രസ്സിന് പിറകെ നടന്നു കര്‍ഷക സമരങ്ങളില്‍ അടക്കം രാഹുല്‍ ഗാന്ധിക്ക് സ്‌പെയ്‌സ് ഉണ്ടാക്കി കൊടുക്കുകയും ഒടുവില്‍ അതേ രാഹുല്‍ ഗാന്ധി കേരളത്തിലെ ഇലക്ട്രല്‍ സാധ്യതകളെ തല്ലി തകര്‍ക്കുന്നത് കണ്ടു നെടുവീര്‍പ്പിടുകയും ചെയ്യേണ്ടി വരുന്ന തരം ദുര്‍ബലാവസ്ഥയിലാണ് സി.പി.ഐ.എമ്മിന്റെ കേന്ദ്ര നേതൃത്വം എന്ന് പറയാതെ വയ്യ.

പാര്‍ട്ടി ഘടനയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്താതെ, ദേശീയ തലത്തില്‍ ഇടതു പക്ഷത്തിന്റെ പതാകാ വാഹകരായി യുവ നേതാക്കളെ കൊണ്ട് വരാതെ, പുതിയ മുദ്രാവാക്യങ്ങള്‍ മുഴക്കാതെ, പ്രചാരണായുധങ്ങള്‍ തേച്ചു മിനുക്കാതെ , നാളെയെക്കുറിച്ചു പ്രതീക്ഷകള്‍ ജനങ്ങള്‍ക്ക് നല്‍കാതെയിരിക്കുന്ന കാലത്തോളം പ്ലീനം തീരുമാനങ്ങള്‍ നടപ്പാക്കിയില്ലെന്നൊരു ന്യായം പറഞ്ഞു ഒളിച്ചോടുന്ന നടപടി ആത്മഹത്യാ പരമാണു എന്ന് നേതൃത്വം ഓര്‍മ്മിക്കേണ്ടതാണ്.

പിന്‍കുറിപ്പ് : 2015 ലെ പ്ലീനത്തിന്റെ ആദ്യ കണ്ടെത്തല്‍ തന്നെ പാര്‍ട്ടി നയങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ പോളിറ് ബ്യുറോയും സെന്‍ട്രല്‍ ലീഡര്‍ഷിപ്പും അതീവ ദുര്‍ബലമാണ് എന്നായിരുന്നു. (Inability of the Polit Bureau and the Central leadership to execute the decisions on organisation properly due to either pre-occupation with day to day political tactics or, due to trends of federalism and liberalism.) അതിനെ മറികടക്കാന്‍ കൂടിയായിരുന്നു അന്ന് പ്ലീനം ചേര്‍ന്നത്. അതാണ് നാല് കൊല്ലങ്ങള്‍ക്കിപ്പുറം മിക്കയിടത്തും പരാജയം ഏറ്റുവാങ്ങിയതിനു ശേഷം പൊടി തട്ടിയെടുക്കുന്നത്!