അയ്യപ്പന്‍ ഞങ്ങളെ സ്വന്തം; ശിവന്റെ തുടപിളര്‍ന്ന കഥ അവരുണ്ടാക്കിയത് മലയരന്‍ പറയുന്നു
FB Notification
അയ്യപ്പന്‍ ഞങ്ങളെ സ്വന്തം; ശിവന്റെ തുടപിളര്‍ന്ന കഥ അവരുണ്ടാക്കിയത് മലയരന്‍ പറയുന്നു
മല്ലു പി ശേഖര്‍
Friday, 26th October 2018, 8:55 am

അയ്യന്‍ അയ്യപ്പ സ്വാമിയേയ്…… ഞാന്‍ ജനിച്ചത് ആദിവാസി വിഭാഗമായ മലയരയ ഗോത്രത്തിലാണ് . എരുമേലിയില്‍ നിന്നും ശബരിമലയിലേക്കുള്ള പുരാതനമായ കാനനപാതയില്‍ അയ്യപ്പന്‍ തന്റെ ആയുധം നിലത്ത് ഊന്നി വിശ്രമിച്ച സ്ഥലമാണ് ഇരുമ്പൂന്നിക്കര എന്നാണ് വിശ്വാസം. അവിടെയാണ് എന്റെ അമ്മവീട്. കുട്ടിക്കാലത്ത് അമ്മവീട്ടില്‍ പോയി നില്‍ക്കുവാന്‍ വലിയ ഇഷ്ടമായിരുന്നു. പ്രത്യേകിച്ചും, ആ നാല്‍പത്തിയൊന്ന് ദിവസത്തെ നോമ്പ് നോക്കുന്ന മണ്ഡലകാലത്ത്. നിരവധി അയ്യപ്പഭക്തര്‍ കറുപ്പുമുടുത്ത് ശരണം വിളിച്ച് അയ്യനെക്കാണാന്‍ പോകുന്നത് കണ്ടുനില്‍ക്കാന്‍ നല്ല രസമാണ്.

കൂട്ടത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുമുള്ള പല സംഘo കലാകാരന്‍മാര്‍ നാദസ്വരം വായിച്ചും തകില് കൊട്ടിയും സന്നിധാനം വരെ നടക്കും. ഇത്തരം ഭക്തകലാകാരന്‍മാര്‍ എല്ലാ ദിവസവും ഉണ്ടാകും. അയ്യപ്പവിശ്വാസികളായ എല്ലാവരും കറുപ്പുമുടുത്ത് താടിയും മുടിയും വളര്‍ത്തി മലചവിട്ടും.

കാഴ്ചക്കാരായ കുട്ടികളോടൊപ്പം അവര്‍ പാട്ടുകള്‍ പാടും. ശരണം വിളിച്ച് മലകയറും. ഇടയ്ക്ക് അമ്മാവന്റെ കൂടെ എരുമേലിയില്‍ പോയി പേട്ടതുള്ളല്‍ കാണും. ഇതൊക്കെ തന്നെയാണ് കുട്ടിക്കാലത്ത് ഇരുമ്പൂന്നിക്കരയില്‍ നില്‍ക്കാന്‍ ഇഷ്ടം തോന്നിയത്.

അന്ന് കാരണവന്‍മാര്‍ അയ്യപ്പന്റെ കഥകള്‍ പറഞ്ഞു തന്ന കൂട്ടത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞ ചില കാര്യങ്ങള്‍ ഉണ്ട്. അയ്യപ്പന്‍ നമ്മുടെ സ്വന്തമാണെന്നും, ശിവന്റെ തുട പിളര്‍ന്നല്ല ഉണ്ടായതെന്നും, അത് അവര്‍ ഉണ്ടാക്കിയ കഥയാണെന്നുമെല്ലാം. ശബരിമലയിലെ പതിനെട്ടു പടികളിലൊന്നില്‍ മലയരയന്‍മാരുടെ ക്ഷേത്രമെന്ന് കൊത്തിവച്ചിട്ടുണ്ടന്ന് ആദ്യം പറഞ്ഞ് തന്നത് അമ്മയുടെ അമ്മയാണ്. കൂടാതെ ഓരോ വര്‍ഷവും ശബരിമല സീസണ് മുമ്പായി ഫോറസ്റ്റ്കാര്‍ കാനനപാത വെട്ടിത്തെളിപ്പിച്ചിരുന്നത് അവിടുത്തെ ആദിവാസി വിഭാഗങ്ങളെക്കൊണ്ടായിരുന്നത്രെ.

ഇതിന് കൂലിയായിട്ട് നല്ല തല്ലും കിട്ടുമായിരുന്നെന്ന് അപ്പച്ചി പറഞ്ഞുകേട്ടിട്ടുണ്ട്. കരിമലയിലും പരിസരത്തുമുള്ള മലകളിലാണ് മലയരയന്‍മാര്‍ പണ്ട് വസിച്ചിരുന്നത്. കൃഷിയും നായാട്ടുമായ് അവരവിടെ ജീവിച്ചുപോന്നു. പില്‍ക്കാലത്ത് അവിടെ നിന്നും ആട്ടിയോടിക്കപ്പെട്ടിട്ടുണ്ട്. ചെറുത്തുനിന്നിട്ടുണ്ട്, ഇപ്പോഴും ജീവിക്കുന്നുണ്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ തേക്കിന്‍തോട്ടം നട്ടുപിടിപ്പിക്കാന്‍ ഫോറസ്റ്റ്കാര്‍ അടിമപ്പണി ചെയ്യിച്ചിട്ടുണ്ട്. പീഡനകഥകള്‍ വേറെയുമുണ്ട് ഒരുപാട്.

ശബരിമലയിലേക്കുള്ള കാനനപാതയിലെ മിക്ക ഇടത്താവളങ്ങളും മലയരയരുടെ ആരാധനാലയങ്ങള്‍ ആയിരുന്നു. കാളകെട്ടി, അഴുത ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, തുടങ്ങിയവ. കൂടാതെ കരിമല ക്ഷേത്രവും ശബരിമലയും മലയരന്‍മാരുടേതായിരുന്നു. കാളകെട്ടിക്ക് മുമ്പ് വനത്തിലുള്ള അരിശുമുടി കോട്ട ആദിവാസി ഗോത്രമായ ഉള്ളാടന്‍മാര്‍ ആരാധിച്ച് പോരുന്നു. .മുതിര്‍ന്നപ്പോള്‍ ഞാനും പലതവണ ശബരിമലക്ക് പോയിട്ടുണ്ട്.

പമ്പയില്‍ ഭക്തര്‍ കുളിച്ച് ബലിയിടാറുണ്ടല്ലോ. അത് അവിടെ മുമ്പ് ഉണ്ടായ അധിനിവേശത്തില്‍ ചെറുത്ത് നിന്ന് മരിച്ച് വീണ ആദിവാസികള്‍ക്കായി ഉള്ളതാണന്ന് പഴയകാല പെരിയസാമിമാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ ശബരിമലക്ക് പോകുമ്പോള്‍ തൊണ്ണൂറുകളില്‍ പമ്പയില്‍, STD ബൂത്തിന്റെ വലിപ്പത്തില്‍ പന്തളം രാജകുടുബത്തിന് വേണ്ടി ഒരു പിരിവ് കേന്ദ്രം ഉണ്ടായിരുന്നു. ഇപ്പോള്‍ അത് വലിയ കോണ്‍ക്രീറ്റ് ബില്‍ഡിംഗാക്കിയിട്ടുണ്ട്.

ശബരിമല സീസണില്‍ രാജാവിന്റെ പ്രതിനിധി സീരിയല്‍ വേഷത്തില്‍ അയ്യപ്പന്റെ അപ്പന്‍ ചമഞ്ഞ് ഭക്തരെ പിഴിഞ്ഞ് ആചാരപ്പിരിവ് നടത്തുന്നു. സന്നിധാനത്ത് തന്ത്രിമാരും പരികര്‍മ്മികളും അയ്യപ്പന്റെ ഭക്തരായി വെള്ളമുണ്ടും ഉടുത്ത് ഷേവൊക്കെ ചെയ്ത് ഇപ്പോള്‍ പൂജ ചെയ്യുന്നു. എല്ലാം അയ്യപ്പനിലുള്ള വിശ്വാസമാണത്രേ. ആചാരം സംരക്ഷിക്കുവാനത്രേ. ഒന്നു ചോദിക്കട്ടെ തന്ത്രി പുംഗവന്‍മാരെ.., ഈ അയ്യപ്പന്റെ ഇഷ്ടവസ്ത്രമായ കറുപ്പ് നിങ്ങള്‍ എന്താണ് അണിയാത്തത്.. ?

എത്ര കോടി രൂപയാണ് (കാണിക്കവഞ്ചിയില്‍ വീഴുന്ന പണത്തിന് മാത്രമേ ശബരിമലയില്‍ കണക്കുള്ളു, ശ്രീകോവിലില്‍ ഇടുന്ന പണം മേല്‍ശാന്തിക്കും തന്ത്രിക്കുമാണ് ) സന്നിധാനത്ത് നിന്നും അയ്യപ്പഭക്തന്‍മാരോട് പ്രത്യേക പണപ്പിരിവ് നടത്തി ചാക്കുകളിലാക്കി കഴുതപ്പുറത്ത് പമ്പയില്‍ എത്തിച്ച് പോലീസ് അകമ്പടിയില്‍ നിങ്ങളുടെ മഠങ്ങളിലേക്ക് കൊണ്ടുപോകുന്നത്? ഇതിന് നികുതിയുണ്ടോ? കണക്കുണ്ടോ ? നിങ്ങള്‍ക്ക് എല്ലാ ആചാരവും ലംഘിക്കാം.

നിങ്ങളുടെ മാത്രം ആവശ്യത്തിന് മാത്രം. അയ്യപ്പന്റെ അവകാശം താഴമണ്ണുകാര്‍ പിടിച്ചടക്കിയിട്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. ഇനി നിങ്ങള്‍ കേരളത്തിലെ മൊത്തം തന്ത്രിമാരുടെ തന്ത്രി മഹാസമ്മേളനം വിളിച്ച് കൂട്ടി ശബരിമലയില്‍ ഉണ്ടായ ദോഷത്തിന് പരിഹാര പൂജ നടത്തണ്ട.

അവിടെ ഉണ്ടായ പ്രധാന ദോഷം നിങ്ങള്‍ അതിക്രമിച്ച് കടന്ന് ശബരിമല കൈക്കലാക്കി എന്നതുമാത്രമാണ്. പരിഹാരം- നിങ്ങള്‍ നടപൂട്ടി താക്കോല്‍ മലയരയര്‍ക്ക് നല്‍കി തെറ്റുപറ്റിയെന്നു പറഞ്ഞ് ഇറങ്ങിപോവുകയും. രാജഭരണം മാറി ജനാധിപത്യഭരണത്തിലും മലയരന്‍മാരെയോ, മറ്റ് ആദിവാസി വിഭാഗങ്ങളേയോ ഒരു ദേവസ്വം ബോര്‍ഡിലും ഇതുവരെ ബോര്‍ഡ് അംഗം പോലുമാക്കിയിട്ടില്ല.

ഒരു ദേവസ്വം ബോര്‍ഡ് അമ്പലത്തിലും കേവലമൊരു പ്യൂണ്‍ പോസ്റ്റില് പോലും നിയമിച്ചിട്ടില്ലായെന്നത് ഇതൊക്കെ നിയന്ത്രിക്കുന്ന സവര്‍ണ്ണഭക്തന്‍മാര്‍ക്ക് നന്നായറിയാം. എങ്കിലും അവര്‍ അടുപ്പിക്കില്ല. എന്തുകൊണ്ട്.?

കറുപ്പ് ഉടുത്ത് വ്രതമെടുക്കേണ്ട സ്ഥലത്ത് കാവിയും തെറിപ്പാട്ടുമായി വരുന്നവരെ നിങ്ങള്‍ ഭക്തരായി സംരക്ഷിക്കുന്നു. രാജ- തന്ത്രി കുടുംബക്കാരെ ഒന്ന് കരുതിക്കോളൂ.. ആദിവാസികള്‍ അയ്യപ്പനെ മാത്രമല്ല ഭരണഘടനയെയും വിശ്വസിക്കുന്നവരാണ്. നിങ്ങള്‍ മാറി തരേണ്ടി വരും. മാറുമ്പോള്‍ സന്നിധാനത്ത് താന്ത്രിക ആചാരപ്രകാരം വിജയ് മല്യ പതിനെട്ടാം പടിയിലും അമ്പലത്തിലും പതിച്ചിട്ടുള്ള സ്വര്‍ണ്ണപ്പാളികളും കൂടി കൊണ്ടുപൊയ്‌ക്കൊള്ളണം.

ഞങ്ങടെ പൂജ വേറയാണ്. തേനഭിഷേകം, ഉണക്കലരി, നാടന്‍ വാറ്റ് ചാരായം അങ്ങനെ നിങ്ങള്‍ക്ക് ശീലമില്ലാത്ത പലതും… നിങ്ങള്‍ അവിടുന്ന് ഇറങ്ങിയിട്ട് വേണം അയ്യനെ കാണാന്‍ കറുപ്പുടുത്ത് താടീം മുടിയും വളര്‍ത്തി എരുമേലി പേട്ടതുള്ളി ഇരുമ്പൂന്നിക്കര വഴി ഉടുമ്പാറ വില്ലനെ കണ്ട് കരിമലയില്‍ പൂര്‍വികരെ നമിച്ച് മലദൈവങ്ങളോട് ഉറക്കെ സംസാരിച്ച് പമ്പയില്‍ ബലിയിട്ട് ഇനിയൊന്ന് മല ചവിട്ടാന്‍. ഭാര്യക്കും സഹോദരിമാര്‍ക്കും മല ചവിട്ടിവരാന്‍ ഇഷ്ടമുണ്ടെങ്കില്‍ അവരുമുണ്ടാകും.

കൈമുറിച്ച് രക്തം വരുത്തിയും മൂത്രമൊഴിച്ചും അശുദ്ധമാക്കണ്ട. അല്ലാതെ തന്നെ നിങ്ങള്‍ അവിടം മലിനമാക്കിയിരിക്കുന്നു. മലയരയര്‍ മാത്രമല്ല, മലമ്പണ്ടാരം, ഊരാളി, ഉള്ളാടര്‍ തുടങ്ങിയ പല ആദിവാസി ഗോത്രവിഭാഗങ്ങളും അയ്യപ്പനെ ആരാധിച്ചു പോരുന്നു. അയ്യപ്പന്‍ മാത്രമല്ല മലകളും ഞങ്ങളുടെ ദൈവമാണ്. കാടും മലയും പുഴയും പുലിയുമെല്ലാം ഞങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ്… ശരണമയ്യപ്പ …. ശരണമയ്യപ്പ …!