അരിയില്‍ ഷുക്കൂര്‍ ആത്മഹത്യ ചെയ്തതല്ല. പകല്‍വെളിച്ചത്തില്‍ ജനങ്ങളെ സാക്ഷി നിര്‍ത്തി വയലില്‍ അരിഞ്ഞു വീഴ്ത്തപ്പെടുകയായിരുന്നു എന്നാണ് കേട്ടത്. പഴയ മൃഗയാ വിനോദങ്ങളുടെ നാട്ടുരാജ്യ തുടര്‍ച്ചകള്‍ കേമംതന്നെ! കൈയടിച്ചു കാണുമോ ആള്‍ക്കൂട്ടം? ഒച്ചയിട്ടോടിച്ചിരിക്കുമോ, വട്ടം ചുറ്റിച്ചിരിക്കുമോ ഇരയെ? വേട്ടനായ്ക്കള്‍ ആര്‍ത്താര്‍ത്ത് അട്ടഹസിച്ചിരിക്കുമോ?
നെഞ്ചുപൊട്ടി ഒരാളും നേരുചൊല്ലുന്നില്ല. ചോര ചീറ്റിയത് കണ്‍മുന്നിലാവണം. അവസാനത്തെ നിലവിളി ഉമ്മേ എന്നു പിടച്ചത് സകലരും കണ്ടു കാണണം. കുനിഞ്ഞിരിക്കണം ശിരസ്സുകള്‍. തൊട്ടു മുമ്പും പിമ്പുമുള്ള എപ്പിസോഡുകളില്‍ കൊലയാളികള്‍ക്കൊപ്പം തീന്‍ മേശയില്‍ ആരൊക്കെയാവും ഇരുന്നിട്ടുണ്ടാവുക? അവരെയറിയാത്തവര്‍ കാണുമോ? ആ ഗ്രാമം ഒന്നു പൊട്ടിത്തെറിക്കുമോ? ഇനിയെന്നെങ്കിലും ഒന്നു നെഞ്ചത്തടിച്ചു കരയുമോ?
ആരാണ് അരിയില്‍ ഷുക്കൂറിനെ കൊന്നത്? നിരപരാധിയുടെ രക്തത്തില്‍ ഏതിരിപ്പിടമാണ് കുത്തിനിര്‍ത്തപ്പെട്ടത്? പാര്‍ട്ടിക്കണ്ണുകള്‍ മാത്രം തുറന്നുവെച്ച പകല്‍വയലില്‍ ആരാണതു ചെയ്തത്? അതു പറയാനുള്ള ആര്‍ജ്ജവംകൂടി കാണിക്കണം. വീരകൃത്യങ്ങളുടെ നേതാക്കളേ, പറയൂ, നിങ്ങള്‍കൊയ്ത വിളകള്‍ നിങ്ങള്‍ക്ക് അന്നമായോ? വയലുകള്‍ നിങ്ങളോടു നിലവിളിച്ചത് നിങ്ങള്‍ കേട്ടുവോ?
ആരും ആരെയും കൊല്ലാതിരിക്കണേ എന്നു വിതുമ്പുന്നവര്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട്. എല്ലാ ദേശങ്ങളിലുമുണ്ട്. “ഞങ്ങളാക്രമിക്കപ്പെടുമ്പോഴും അരുംകൊല ചെയ്യപ്പെടുമ്പോഴും നിങ്ങള്‍ മൗനമായിരുന്നല്ലോ, അതിനാല്‍ ഞങ്ങളുമത് ചെയ്യും” എന്നേ പകപോക്കികള്‍ കരയൂ. അതു വിലാപവും വിധിയുമാണ്. ഇവിടെ നിയമം കണ്ണുമൂടുന്നല്ലോ എന്നാരും പരിതപിക്കുന്നില്ല. കോടതി സ്വന്തമുണ്ട്. അന്വേഷണ ഏജന്‍സിയും നിയമ സംഹിതയുമുണ്ട്. ശിക്ഷാക്രമവും നടത്തിപ്പുകാരുമുണ്ട്. കൈത്തഴക്കമുള്ള ആരാച്ചാര്‍മാരുമുണ്ട്. ഞങ്ങള്‍തന്നെ റിപ്പബ്ലിക്ക്. ഞങ്ങളുടെ നേതാക്കള്‍ വീരനായകര്‍. നാട്ടുദൈവങ്ങള്‍.
Read Also : പരോളില്‍ ഇറങ്ങി ക്വട്ടേഷന്‍; ടി.പി കേസ് പ്രതി കൊടിസുനി അറസ്റ്റില്‍
എല്ലാ കേസുകളിലും നിരപരാധികള്‍ വിട്ടയക്കപ്പെടണം. ചില കേസുകളില്‍ അപരാധികളും വിട്ടയക്കപ്പെടണമെന്ന് കുഞ്ഞനന്തന്മാരുടെ പാര്‍ട്ടിയും സര്‍ക്കാറും പറയുന്നു. ആരപരാധി ആര്‍ നിരപരാധിയെന്ന് പാര്‍ട്ടിയാണു നിശ്ചയിക്കുക. അതിനുമേലുണ്ടോ നിയമം? നാട്ടു വഴക്കം? ജയരാജനും രാജേഷും നിരപരാധികളായിരിക്കട്ടെ. അതു സിബിഐ തെളിവു നല്‍കുംവരെ അഥവാ നല്‍കാതിരിക്കും വരെ മാത്രം നിലനില്‍ക്കുന്ന സന്ദേഹം. പക്ഷെ, ഷുക്കൂര്‍ വധിക്കപ്പെട്ടതാണല്ലോ! കണ്ടുനിന്ന പാര്‍ട്ടികളുണ്ടല്ലോ. ധാര്‍മ്മികത അല്‍പ്പമെങ്കിലും അലട്ടുന്നുവെങ്കില്‍ പറയണം ആരാണ് കൊന്നത്?
ആര്‍ക്കും ആരെയും കൊല്ലാനാവില്ല. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആരെയും കൊല്ലാം. എതിരാളിയിങ്ങോട്ടു ചെയ്തതിന്റെ കഥകള്‍മതി പ്രതിക്രിയകളുടെ സാധൂകരണത്തിന്. കൊലപാതകത്തെ നിയമംകൊണ്ടു നേരിടാനാവുമെന്ന് വിശ്വസിക്കാത്തവരാണ് നമ്മുടെ “മഹാന്മാരായ ജനാധിപത്യ വിശ്വാസികള്‍”. അവര്‍ നിയമത്തെയും ഭരണഘടനയെയും പറ്റി സംസാരിക്കും. ഭരണഘടന നെഞ്ചിലൊട്ടിച്ചു വെയ്ക്കും. ഓര്‍ക്കാപ്പുറത്ത് ഒരൊറ്റ വെട്ടില്‍ അതിന്റെ കഥകഴിക്കും.
ആയുധത്തിന്റെയും അസഹിഷ്ണുതയുടെയും ഭാഷയാണ് നമുക്കിന്ന് അധികാരഭാഷ. അതുതന്നെ മാതൃഭാഷ. വാക്കിന്റെയും രൂപകത്തിന്റെയും ഉലകളില്‍ തീ പാറുന്നുണ്ട്. അര്‍ത്ഥം വിളക്കിച്ചേര്‍ത്തു വാക്കു നീട്ടുന്ന ഫാക്ടറികളുമായി ഫേസ്ബുക് തെരുവില്‍ സമ്മതി രൂപീകരണ സംരംഭകര്‍ ഇരിപ്പുണ്ട്. അവരുടെ പെടാപാടിനു സ്തുതി! “ഞങ്ങള്‍മാത്ര ലോകത്തിന്റെ പ്രവാചക കീടങ്ങള്‍” നമ്മെ വലയം ചെയ്യുകയാണ്. സത്യമുരുവിടുന്ന നിവര്‍ന്ന ശിരസ്സുകള്‍ നോക്കെത്തും ദൂരത്തൊന്നും കാണുന്നില്ല. മാര്‍ക്‌സിനുംഗാന്ധിയ്ക്കുമൊന്നും തലയെടുപ്പുള്ള ശിഷ്യരില്ലാത്ത കാലം വന്നല്ലോ. മനുഷ്യരുടെയും പ്രകൃതിയുടെയും വാസ്തവത്തെ വേദനയോടെ പിന്‍പറ്റാനിനിയാര്?

