| Wednesday, 2nd July 2025, 12:29 pm

പ്രിയദര്‍ശന്റെയും സത്യന്‍ അന്തിക്കാടിന്റെയും സിനിമകള്‍ എന്നെ അസൂയപ്പെടുത്തി; പക്ഷേ ആ സംവിധായകന്റെ സിനിമകള്‍ എന്നെ വിസ്മയിപ്പിച്ചു: ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ നാല്‍പ്പതിന്റെ നിറവില്‍ എത്തിനില്‍ക്കുകയാണ് സിബി മലയില്‍. അദ്ദേഹത്തെകുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ഫാസില്‍.

മഞ്ഞില്‍വിരിഞ്ഞ പൂക്കളില്‍ സിബി മലയിലിന്റെ പേര് അസിസ്റ്റന്റായി കൊടുത്തിട്ടുണ്ടെങ്കിലും താന്‍ അദ്ദേഹത്തിന്റെ ഗുരുവല്ലെന്ന് ഫാസിന്‍ പറയുന്നു. അദ്ദേഹം തന്റെ ശിഷ്യനുമല്ലെന്നും തങ്ങള്‍ ഒരുപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിബി മലയിലിന്റെ ചേക്കേറാന്‍ ചില്ലയെന്ന സിനിമയുടെ പ്രിവ്യൂവിന് തന്നെ വിളിച്ചിരുന്നെന്നും ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ച് സിബി മലയിലിനോട് അദ്ദേഹം ഒരു നല്ല സംവിധായകനാണ്, സംവിധാനത്തില്‍ തന്നെ ഉറച്ച് നില്‍ക്കണമെന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്നും ഫാസില്‍ പറഞ്ഞു.

താന്‍ എടുത്തതിലും നല്ല സിനിമകള്‍ ചെയ്തയാളാണ് സിബി മലയിലെന്നും തന്നെക്കാള്‍ മികച്ച സംവിധായകനാണ് സിബി മലയിലെന്നും അദ്ദേഹം പറഞ്ഞു. സത്യന്‍ അന്തിക്കാടിന്റെയും പ്രിയദര്‍ശന്റെയും പല സിനിമകള്‍ തന്നെ അസൂയപ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ സിബി മലയിലിന്റെ സിനിമകളും തന്നെ വിസ്മയിപ്പിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും ഫാസില്‍ കൂട്ടിച്ചേര്‍ത്തു. തനിയാവര്‍ത്തവം,കിരീടം, ദശരഥം മുതലായ സിനിമകള്‍ തന്നെ വിസ്മയിപ്പിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘സിബി മലയില്‍ സിനിമയില്‍ വന്നിട്ട് നാല്‍പ്പതാം വര്‍ഷം ആഘോഷിക്കുമ്പോള്‍ സിബി മലയിലിന്റെ ശിഷ്യന്മാരൊക്കെ ആകെ ഒരു ത്രില്ലിലാണ്. വല്ലാത്ത ഒരു അനുഭൂതിയിലാണ്. തച്ചോളി അമ്പുവിന്റെ ഡിസക്കഷനിലും അതുപോലെ തീകനലിലൊക്കെ ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തതാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളും ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തതാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സിബി മലയില്‍ എന്ന് കൊടുത്തിട്ടുണ്ടെങ്കിലും ഒരിക്കലും ഞാന്‍ സിബിയുടെ ഗുരുവല്ല. അദ്ദേഹം എന്റെ ശിഷ്യനുമല്ല.

സിബിയുടെ രണ്ടാമത്തെ സിനിമ ചേക്കേറാന്‍ ഒരു ചില്ല ആണെന്ന് തോന്നുന്നു. അതിന്റെ ഒരു പ്രിവ്യൂ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ചപ്പോള്‍ എന്നെ ക്ഷണിച്ചു. ഞാന്‍ പടം കാണാന്‍വേണ്ടി പോയി. ഫുള്‍ പടം കണ്ട് ഇറങ്ങി വന്ന് സിബിയുടെ അടുത്ത് തോളത്ത് കയ്യിട്ട് ഞാന്‍ പറഞ്ഞു. സിബി ഒരു നല്ല സംവിധായകനാണ്. സംവിധാനത്തില്‍ ഉറച്ചുതന്നെ നില്‍ക്കണം. മലയാളത്തിന് ഒരു വലിയ സംവിധായകനാണ് നിങ്ങള്‍ എന്ന്. ഇത് അദ്ദേഹം ഓര്‍ക്കുന്നുണ്ടോ എന്ന് അറിയില്ല.

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സിനിമയുടെ ഓപ്പണിങ് സര്‍മണിക്ക് എന്നെ വിളിച്ചു. ഓഡിറ്റോറിയം നിറച്ചും ആളായിരുന്നു. അന്ന് ഞാന്‍ പറഞ്ഞിരുന്നു. ഞാന്‍ എടുത്ത സിനിമകളേക്കാളും നല്ല സിനിമകള്‍ എടുത്തിട്ടുള്ള ആളാണ് സിബി മലയില്‍. എന്നെക്കാളും നല്ലൊരു സംവിധായകനാണ് സിബി മലയില്‍. അത് ഞാന്‍ ഇപ്പോഴും പറയും. ഞങ്ങളുടെ കാലഘട്ടത്തില്‍ ഒരുപാട് സംവിധായകരുണ്ടായിട്ടുണ്ട്. ജോഷി ആണെങ്കിലും ഐ.വി.ശശി, ഷാജി കൈലാസ്, കെ. മധു, കമല്‍ ഇവരോടും ഇവരുടെ സൃഷ്ട്ടികളുടെ ബഹുമാനം വെച്ച് തന്നെ ഞാന്‍ പറയുകയാണ്.

സത്യന്‍ അന്തിക്കാടിന്റെ നാടോടിക്കാറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം തുടങ്ങിയ സിനിമകള്‍ എന്നെ അസൂയപ്പെടുത്തിയിട്ടുണ്ട്. പ്രിയദര്‍ശന്റെ പൂച്ചക്കൊരു മൂക്കുത്തി, കിലുക്കം തുടങ്ങിയ ചിത്രങ്ങളും എന്നെ അസൂയപ്പെടുത്തി. പക്ഷേ സിബി മലയിലിന്റെ ചില സിനിമകള്‍ എന്നെ വിസ്മയിപ്പിച്ചു. തനിയാവര്‍ത്തനം, കിരീടം, ദശരഥം എന്നീ സിനിമകള്‍ കണ്ട് ഞാന്‍ വല്ലാണ്ട് ആയിപോയിട്ടുണ്ട്. റിയലസ്റ്റിക് സിനിമകളുടെയും എന്റര്‍ടെയ്ന്‍മെന്റ് സിനിമകളുടെയും ഇടയില്‍ കിടന്ന് വീര്‍പ്പുമുട്ടിയ ഒരു സംവിധായകനേ മലയാളത്തില്‍ ഉള്ളു അത് സിബി മലയിലാണ്,’ ഫാസില്‍ പറയുന്നു.

Content Highlight: Fazil talks  about sibi malayil

We use cookies to give you the best possible experience. Learn more