താമസിക്കാന്‍ തുടങ്ങി ഇത്രയും വര്‍ഷങ്ങളായിട്ടും പൊലീസില്‍ നിന്നോ മറ്റാരെങ്കില്‍ നിന്നോ ഇത്തരമൊരു സമീപനം ഉണ്ടായിരുന്നില്ല. പക്ഷെ അന്നത്തെ പൊലീസിന്റെ സമീപനം ക്രൈസ്തവര്‍ക്കെതിരായി തോന്നി. വൈദികരെ ആക്രമിച്ചതാണ് ഒരു കാരണം. അല്ലാതെ, ചില വീടുകളില്‍ കയറി രൂപക്കൂടുകളും മാതാവിന്റെയും മറ്റും ഫോട്ടോകളും നശിപ്പിക്കുകയും ചെയ്തിരുന്നു. മറ്റ് വിഷയങ്ങളില്‍ റെയ്ഡിന് വന്ന പൊലീസ് ഇത്തരത്തിലൊരു സമീപനം സ്വീകരിക്കേണ്ട കാര്യമില്ലായിരുന്നല്ലോ.
മാര്‍ച്ച് 22ാം തീയതി ഒഡീഷയിലെ ബെര്‍ഹാംപൂരില്‍ ജൂബ ഗ്രാമത്തില്‍ പൊലീസ് സംഘം ഇടവക വികാരിയും സഹവികാരിയുമടക്കമുള്ളവരെ അകാരണമായി ആക്രമിച്ചിരുന്നു. ഒഡീഷ ആക്രമണത്തില്‍ പരിക്കേറ്റ ഇടവക വികാരി ഫാദര്‍ ജോഷി ജോര്‍ജ് ഡൂള്‍ന്യൂസുമായി സംസാരിക്കുന്നു.
ഫാ.ജോഷി ജോര്‍ജ്
ശ്രീലക്ഷ്മി.എസ്: എത്രകാലമായി താങ്കള്‍ ഒഡീഷയില്‍ വൈദികനായി എത്തിയിട്ട്? എങ്ങനെയാണ് ഈ പദവിയിലെത്തുന്നത്
ഫാ.ജോഷി ജോര്‍ജ്: ഞാന്‍ ഇവിടെ വൈദികനായിട്ട് ഏതാണ്ട് 27 വര്‍ഷത്തോളമായി. 1996ലാണ് വൈദിക പഠനത്തിലേക്ക് എത്തുന്നത്. കേരളത്തില്‍ വെച്ചായിരുന്നു വൈദികനായി നിയമിതനായതെങ്കിലും വൈദികനായുള്ള പഠനങ്ങളൊക്കെ നടന്നത് ഒഡീഷയില്‍ വെച്ചാണ്. ദൈവവിളിയായിട്ടാണ് പദവിയിലെത്തുന്നത്. ഗജപതി ജില്ലയിലെ മോഹന ബ്ലോക്കിലെ പഞ്ചായത്ത് പ്രദേശത്താണ് ഇടവകയും പാരിഷും സ്ഥിതി ചെയ്യുന്നത്.
ഒറീസയില്‍ നിന്നെത്തിയ അച്ഛനാണ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ വരാമെന്ന് അറിയിച്ചത്. പിന്നാലെയാണ് ഈ പദവിയിലെത്തുന്നത്. ആദിവാസികളും പട്ടികജാതിക്കാരും പാവപ്പെട്ടവരും അടങ്ങുന്ന ആളുകള്‍ക്കിടയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇഷ്ടമാണെങ്കില്‍ വരാമെന്ന് അച്ഛന്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു ഒറീസയിലേക്കെത്തിയത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ചെറുപ്പം മുതലേ താത്പര്യമുള്ള വ്യക്തിയാണ്.
ശ്രീലക്ഷ്മി.എസ്: എന്തൊക്കെയാണ് ഒഡീഷയിലെ സഭയുടെ പ്രവര്‍ത്തനങ്ങള്‍?
ഫാ.ജോഷി ജോര്‍ജ്: ആളുകള്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് സഭ പ്രവര്‍ത്തിച്ച് വരുന്നത്. വൈദികനായി എത്തുന്ന സമയത്ത് സഭയുടെ കീഴിലുള്ള സ്ഥലങ്ങളിലുള്ള വ്യക്തികള്‍ക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല, അതുകൊണ്ട് തന്നെ പ്രാഥമികമായ വിദ്യാഭ്യാസം നല്‍കാന്‍ കൂടുതല്‍ ശ്രമിച്ചിട്ടുണ്ട്. പിന്നാലെയാണ് സ്വന്തമായി ഒപ്പിടാന്‍ പോലുമുള്ള വിദ്യാഭ്യാസത്തിലേക്ക് പ്രദേശവാസികള്‍ എത്തുന്നത്.
കൂടാതെ സ്ഥലത്ത് കൂടുതല്‍ ആളുകളും ആരോഗ്യപരമായി വളരെ ശോചനീയമായ അവസ്ഥയിലുള്ള ഒരു സമയം കൂടിയായിരുന്നു അത്. മലേറിയ പോലുള്ള രോഗങ്ങള്‍ കാരണം ആളുകള്‍ മരണപ്പെട്ടിരുന്നു. പരിചരണ പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങുന്ന സഭയിലെ അച്ഛന്മാര്‍ക്കും മാസത്തില്‍ ഒരു തവണയെങ്കിലും മലേറിയ വരുന്ന അവസ്ഥയായിരുന്നു. ഈ ഒരു അന്തരീക്ഷത്തിലാണ് മിഷന്‍ പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങുന്നത്.
പ്രത്യേകിച്ചും സാക്ഷരത, ആരോഗ്യം, യുവാക്കള്‍ക്കിടയില്‍ പല തരത്തിലുള്ള പരിശീലനങ്ങള്‍, കാര്‍ഷികപരവും സാമ്പത്തികപരവും സാമൂഹികപരവുമായ വികസന പ്രവര്‍ത്തനങ്ങള്‍, അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. കാരണം ട്രൈബല്‍സിന്റെ ഇടയില്‍ വലിയ തോതില്‍ തന്നെ അന്ധവിശ്വാസങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ തന്നെ ഇതില്‍ നിന്നെല്ലാമുള്ള മോചനത്തിനായി സഭ വളരെയധികം പ്രവര്‍ത്തനങ്ങള്‍ ഇവിടെയുള്ള ജനങ്ങള്‍ക്കിടയില്‍ നടത്തിയിട്ടുണ്ട്.
ശ്രീലക്ഷ്മി.എസ്: എന്തൊക്കയാണ് ഒഡീഷയിലെ സാമൂഹിക സാഹചര്യം?
ഫാ.ജോഷി ജോര്‍ജ്: ഒഡീഷയില്‍ പൊതുവായും സഭ പ്രവര്‍ത്തിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം, പാവപ്പെട്ടവരായ പട്ടികജാതി വിഭാഗക്കാരും ആദിവാസി സമൂഹവുമാണ് താമസിച്ചിരുന്നത്. ജോലി ചെയ്ത് ജീവിക്കണമെന്ന് ആഗ്രഹിച്ചാല്‍ പോലും അതിന് കഴിയാത്ത സാമൂഹിക സാഹചര്യമായിരുന്നു ഇവിടെ ആദ്യ കാലങ്ങള്‍ മുതലേ ഉണ്ടായിരുന്നത്. ജോലി കിട്ടാനില്ല, അതാണ് ഒഡീഷയുടെ ദാരുണമായ അവസ്ഥ.
എന്നാല്‍ സമീപകാലത്ത് ഇക്കാര്യത്തില്‍ ചെറിയ തോതില്‍ മാറ്റങ്ങളുണ്ട്. കേരളം, ഗോവ, തമിഴ്നാട്, ബെംഗളൂരു തുടങ്ങിയ സ്ഥലത്ത് ജോലിക്ക് പോവാന്‍ തുടങ്ങിയിട്ടുണ്ട്. സഭ പ്രവര്‍ത്തനം ആരംഭിച്ച സമയത്തൊന്നും ആളുകള്‍ക്ക് പുറത്തുള്ള ജോലികളെ കുറിച്ചൊന്നും ധാരണയുണ്ടായിരുന്നില്ല. എന്നാല്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ ഇടയില്‍ കുടുംബം സംരക്ഷിക്കാനായി പലരും പുറത്തേക്ക് ജോലിക്ക് പോവുന്നുണ്ട്.
തൊഴില്‍ സാഹചര്യങ്ങളും അതിനനുസരിച്ചാണ്. മഴയെ ആശ്രയിച്ചുൂള്ള ജോലികളാണ് കൂടുതലായും ചെയ്യുന്നത്. മഴയില്ലെങ്കില്‍ കുടിക്കാന്‍ വെള്ളം പോലും കിട്ടാത്ത അവസ്ഥയാണ്.
ശ്രീലക്ഷ്മി.എസ്: സഭയുടെ കീഴില്‍ സ്‌കൂളുകളും കോളേജുകളും പ്രവര്‍ത്തിക്കുന്നുണ്ടോ?
ഫാ.ജോഷി ജോര്‍ജ്: സഭയുടെ കീഴില്‍ കോളേജുകളേക്കാള്‍ കൂടുതല്‍ സ്‌കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കും, പട്ടികജാതിക്കാര്‍ക്കും വേണ്ടി ഹോസ്റ്റലുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അധികം വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ ഗ്രാമത്തില്‍ തന്നെ പഠിക്കാനുള്ള സ്‌കൂളുകള്‍ ഇല്ലായിരുന്നു. സ്‌കൂളുകള്‍ ഉണ്ടെങ്കില്‍ കൂടിയും അധ്യാപകര്‍ അങ്ങോട്ടേക്ക് പോവാത്ത അവസ്ഥയും നിലനിന്നിരുന്നുവെങ്കിലും അത്തരം അവസ്ഥകളിലൊക്കെയും പുരോഗതിയുണ്ടായിട്ടുണ്ട്.
ചര്‍ച്ച് മുന്‍കയ്യെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും പിന്നാലെ അധ്യാപകര്‍ സ്‌കൂളിലേക്ക് നിര്‍ബന്ധമായും പോവേണ്ട സാഹചര്യം ഉണ്ടാവുകയുമായിരുന്നു. പിന്നാലെ ട്യൂഷന്‍, അംഗനവാടി, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് അബാലവൃദ്ധം ജനങ്ങള്‍ വരെ എഴുതാനും വായിക്കാനും പഠിക്കാനുമുള്ള തലത്തിലേക്ക് എത്തുകയായിരുന്നു. കുറഞ്ഞപക്ഷം ഒപ്പിടാനെങ്കിലും പേരെഴുതാനും പഠിപ്പിക്കാനുള്ള പരിശീലനങ്ങളും നടന്നിരുന്നു. കോളേജുകളിലേക്ക് എത്തുമ്പോള്‍ കേരളവുമായി സാമ്യപ്പെടുത്തിയാല്‍ 20 കിലോമീറ്റര്‍ അപ്പുറത്താണ് ഇവിടെ ഒരു കോളേജുള്ളത്. എന്നാല്‍ സ്‌കൂളുകള്‍ എല്ലാ പഞ്ചായത്തിലുമുണ്ട്. പ്രൈമറി, ലോവര്‍പ്രൈമറി എന്ന നിലയിലേക്കുണ്ട്.
കേരളത്തിനോട് സാമ്യമായ വികസനമൊന്നും ഒഡീഷയിലെ വിദ്യാഭ്യാസ സാഹചര്യങ്ങള്‍ക്കില്ല. മെട്രിക് പാസായ നിരവധി പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇടവകയില്‍ തന്നെ ഉണ്ടെങ്കിലും ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഒരു സാഹചര്യം ഇവിടെയില്ല. അത്തരത്തിലൊരു പരിതാപകരമായ സാമൂഹികാവസ്ഥ ഇവിടെയുണ്ട്.
ഫാ.ജോഷി ജോര്‍ജ്: ആദിവാസികള്‍, പട്ടികജാതിക്കാര്‍, ദളിത് (ക്രിസ്ത്യന്‍സ്) അവര്‍ക്കൊന്നും വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ടുതന്നെ സമൂഹത്തില്‍ വലിയ സ്ഥാനമൊന്നും ലഭിച്ചിരുന്നില്ല. പട്ടികജാതിക്കാര്‍ക്കൊന്നും കോളേജുകളിലൊന്നും സീറ്റുകള്‍ പോലും ലഭിച്ചിരുന്നില്ല. ക്രിസ്ത്യന്‍സിന് പ്രത്യേകിച്ചും. എന്നാല്‍ ട്രൈബല്‍സിനായിരുന്നു ഗവണ്‍മെന്റ് സ്‌കൂളുകളിലും ആശ്രമങ്ങളിലും അവസരം ലഭിച്ചിരുന്നത്. ജനറല്‍ ആയ ദളിത് വിഭാഗത്തിന് അവസരങ്ങളില്ലായിരുന്നു.
അതുകൊണ്ടുതന്നെ ക്രിസ്ത്യന്‍ ദളിത് വിഭാഗം വളരെയധികം വിവേചനങ്ങള്‍ നേരിട്ടിരുന്നു. തൊട്ടുകൂടായ്മ പോലുള്ള പല സാഹചര്യങ്ങളും ദളിത് വിഭാഗത്തില്‍പെട്ടവര്‍ അനുഭവിക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ പോലും അത് നടക്കുന്നുണ്ട്.
തന്റെ ഇടവകയില്‍ ദളിത് വിഭാഗത്തില്‍പെട്ടവരും ആദിവാസികളും ഉണ്ടെങ്കില്‍ കൂടിയും അവരുടെ ഇടയില്‍ പ്രശ്നങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ചില വില്ലേജുകളില്‍ ഒരുമിച്ച് താമസിക്കുന്നവരും ചിലയിടത്തല്ലാതെയും താമസിക്കുന്നവരുമുണ്ട്.
ശ്രീലക്ഷ്മി.എസ്: ജബല്‍പൂരിന് പിന്നാലെ ഒഡീഷയിലും കൈസ്തവര്‍ ആക്രമിക്കപ്പെട്ടു, എന്തായിരുന്നു ഒഡീഷയില്‍ അന്ന് സംഭവിച്ചത്?
ഫാ.ജോഷി ജോര്‍ജ്: ഇതിന് മുമ്പൊന്നും ഇത്തരത്തിലൊരു സാഹചര്യം നേരിടേണ്ടി വന്നിട്ടില്ല. അടുത്തുള്ളൊരു വില്ലേജില്‍ സംഭവം നടക്കുന്നതിന് തലേദിവസം റെയ്ഡുണ്ടായിരുന്നു. അന്ന് വില്ലേജില്‍ വഴക്കുണ്ടാവുകയും ഞങ്ങളുടെ വില്ലേജിലെ ആരോ വഴി തടയുകയോ മറ്റോ ചെയ്തിരുന്നതായും പിന്നാലെ പൊലീസുകാരുമായി വഴിക്കുണ്ടായിരുന്നുവെന്നുമാണ് പറയപ്പെടുന്നത്. പിന്നാലെയാണ് പൊലീസുകാര്‍ ഈ വില്ലേജിലെത്തിയതെന്നാണ് പറയുന്നത്. ഇക്കാര്യങ്ങളുമായൊന്നും തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലായിരുന്നു. വളരെ അപ്രതീക്ഷിതമായ ആക്രമണമായിരുന്നു.
എന്നാല്‍ റെയ്ഡാണെന്ന് പറഞ്ഞുകൊണ്ടാണ് പള്ളിയിലേക്ക് അന്ന് പൊലീസ് കയറി വന്നത്. 300 ഓളം ബറ്റാലിയന്‍ പൊലീസുകാരായിരുന്നു ഉണ്ടായിരുന്നത്. പിന്നാലെ പള്ളി വൃത്തിയാക്കിക്കൊണ്ടിരുന്ന സ്ത്രീകളെ മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ആ മര്‍ദനമേറ്റവരില്‍ ചിലര്‍ വിശ്രമിക്കുകയായിരുന്ന തങ്ങളുടെ അടുത്തേക്ക് ഓടി വന്നത്. പേടിച്ചോടി അച്ഛന്മാര്‍ താമസിക്കുന്ന സ്ഥലത്തേക്ക് വന്ന് തങ്ങളെ വിളിക്കുകയാണെന് ഉണ്ടായത്.
പിന്നാലെ വിളികേട്ട് ഇറങ്ങി വരുമ്പോഴേക്കും പൊലീസുകാരും അവിടെ എത്തിയിരുന്നു. നിങ്ങളാരാണെന്നാണ് പൊലീസുകാര്‍ ചോദിച്ചത്. പള്ളി വികാരിയാണ്, മറ്റേയാള്‍ സഹവികാരിയാണെന്ന് പരിചയപ്പെടുത്തിയതിന് പിന്നാലെ പൊലീസുകാര്‍ ആക്രമിക്കാന്‍ തുടങ്ങി. ലാത്തിവെച്ചായിരുന്നു ആദ്യം ഉപദ്രവിച്ചത്. പിന്നീട് ഉപദ്രവിച്ചുകൊണ്ട് വില്ലേജിലേക്ക് കൊണ്ടുപോയി ഒരു ഭാഗത്ത് എന്നെ കൊണ്ടുപോയി നിര്‍ത്തുകയായിരുന്നു.
കൂടെയുള്ള സഹവികാരിയെയും സഹായത്തിനെത്തുന്ന സ്ത്രീയെയും പൊലീസ് വണ്ടിയില്‍ ഇരുത്തുകയും ചെയ്തു. അച്ഛന്മാരെ ഉപദ്രവിക്കുന്നതെന്തിനാണെന്നും പള്ളിയല്ലെ എന്നും പൊലീസുകാരോട് ചോദിച്ചതിനാണ് ആ സ്ത്രീയെ അവര്‍ ഉപദ്രവിച്ചത്. എന്നേക്കാള്‍ കൂടുതല്‍ ഉപദ്രവിച്ചത് സഹവൈദികനെയാണ്. ഭയങ്കരമായ ഉപദ്രവമാണ് അദ്ദേഹം നേരിട്ടത്.
സ്ത്രീകളായിരുന്നു വില്ലേജില്‍ അന്ന് കൂടുതലും ഉണ്ടായിരുന്നത്. ബാക്കി ഉള്ളവരെല്ലാം പൊലീസ് വരുന്നതറിഞ്ഞ് ഓടി രക്ഷപ്പെട്ടിരുന്നു. ഉറങ്ങി കിടന്ന ഒരാളും മാനസികമായി വെല്ലവിളി നേരിടുന്ന ഒരാളും മാത്രമേ പുരുഷന്മാരായിട്ട് ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ഉപദ്രവിക്കുന്നത് തടയാനോ രക്ഷിക്കാനോ ചോദ്യം ചെയ്യാനോ ആരും തന്നെ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്ന സ്ത്രീകളെല്ലാം അവരുടെ വീടുകളിലുമായിരുന്നു.
പക്ഷെ അന്നത്തെ പൊലീസിന്റെ സമീപനം ക്രൈസ്തവര്‍ക്കെതിരായി തോന്നി. വൈദികരെ ആക്രമിച്ചതാണ് ഒരു കാരണം
ശ്രീലക്ഷ്മി.എസ്: പൊലീസിന്റെ ആക്രമണത്തില്‍ അധികൃതരോട് പരാതി പെട്ടിരുന്നില്ലേ?
ഫാ.ജോഷി ജോര്‍ജ്: രൂപത അധ്യക്ഷനോടാണ് ആദ്യം വിളിച്ചുപറഞ്ഞത്. ആക്രമണത്തില്‍ സഹവൈദികന്‍ വല്ലാതെ തളര്‍ന്നുപോയിരുന്നു. ആശുപത്രിയില്‍ പോലും കൊണ്ടുപോവാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. പൊലീസിനെ പേടിച്ചാണ് അന്ന് കഴിഞ്ഞത്. പിന്നാലെയാണ് ബെര്‍ഹാംപൂരിലുള്ള ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിച്ചത്. തോളെല്ലിനടക്കം ഫ്രാക്ചര്‍ ഉണ്ടായിരുന്നു.
ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസില്‍ പരാതിപ്പെടാന്‍ പോയത്. ഞങ്ങളെ ആക്രമിച്ചത് പൊലീസ് ആയതിനാല്‍ വേഗം ചെന്ന് അവരോട് തന്നെ പരാതിപ്പെടാന്‍ കഴിയില്ലല്ലോ. ഭയമുണ്ടായിരുന്നു. കൊച്ചച്ചനടക്കം ട്രോമയിലായതിനാലാണ് പരാതിപ്പെടാന്‍ സമയമെടുത്തത്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസം മുമ്പാണ് പരാതി കൊടുത്തത്. പരാതി രജിസ്റ്റര്‍ ചെയ്തോയെന്ന് അറിയില്ല. എസ്.പി അടക്കമുള്ളവര്‍ക്ക് കംപ്ലയിനിന്റെ കോപ്പി അയക്കുകയും ചെയ്തിരുന്നു. അന്ന് മര്യാതയോടെ തന്നെയാണ് അവര്‍ തങ്ങളെ സമീപിച്ചത്.
ശ്രീലക്ഷ്മി.എസ്: ഇതിന് മുമ്പ് പൊലീസില്‍ നിന്ന് ഇത്തരം അനുഭവമുണ്ടായിട്ടുണ്ടോ, പൊതുവായി പൊലീസിന് ക്രൈസ്തവര്‍ക്കെതിരായ സമീപനം ഉള്ളത് പോലെ തോന്നിയിരുന്നോ?
ഫാ.ജോഷി ജോര്‍ജ്: താമസിക്കാന്‍ തുടങ്ങി ഇത്രയും വര്‍ഷങ്ങളായിട്ടും പൊലീസില്‍ നിന്നോ മറ്റാരെങ്കില്‍ നിന്നോ ഇത്തരമൊരു സമീപനം ഉണ്ടായിരുന്നില്ല. പക്ഷെ അന്നത്തെ പൊലീസിന്റെ സമീപനം ക്രൈസ്തവര്‍ക്കെതിരായി തോന്നി. വൈദികരെ ആക്രമിച്ചതാണ് ഒരു കാരണം. അല്ലാതെ, ചില വീടുകളില്‍ കയറി രൂപക്കൂടുകളും മാതാവിന്റെയും മറ്റും ഫോട്ടോകളും നശിപ്പിക്കുകയും ചെയ്തിരുന്നു. മറ്റ് വിഷയങ്ങളില്‍ റെയ്ഡിന് വന്ന പൊലീസ് ഇത്തരത്തിലൊരു സമീപനം സ്വീകരിക്കേണ്ട കാര്യമില്ലായിരുന്നല്ലോ.
മോട്ടോര്‍ സൈക്കിലും വീടുകളിലെ സാധനങ്ങള്‍, പണം, സ്വര്‍ണം എന്നിവയെല്ലാ എടുത്ത കൊണ്ടുപോവുകയും ചെയ്തു. താമസസ്ഥലത്തെ 40000 രൂപയും എടുത്തിരുന്നു. ഇത്തരത്തില്‍ നിരവധി നഷ്ടങ്ങളാണ് അന്നുണ്ടായത്. വീടുകള്‍ക്കടക്കം കേടുപാടുകളും ഉണ്ടാക്കിയിട്ടുണ്ട്. പൊലീസുകാര്‍ ഇങ്ങനെയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. മരണവീട്ടില്‍ പോലും മാന്യതയില്ലാത്ത സമീപനമായിരുന്നു അവരുടേത്. മനുഷ്യത്ത രഹിതമായ പ്രവര്‍ത്തനങ്ങളായിരുന്നു.
ശ്രീലക്ഷ്മി.എസ്: ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും ആക്രമണത്തിന് പിന്നാലെ എന്തെങ്കിലും പ്രതികരണമുണ്ടായിരുന്നോ?
ഫാ.ജോഷി ജോര്‍ജ്: കോണ്‍ഗ്രസിന്റെ എം.എല്‍.എയാണ് ഈ മണ്ഡലത്തില്‍. അദ്ദേഹം രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വരികയും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അല്ലാതെ മറ്റാരും വരികയോ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയോ കാര്യങ്ങള്‍ അന്വേഷിക്കുകയോ ചെയ്തിട്ടില്ല.
ശ്രീലക്ഷ്മി.എസ്: ജബല്‍പൂര്‍ വിഷയത്തെ ഫാദര്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്.
ഫാ.ജോഷി ജോര്‍ജ്: ജബല്‍പൂരിലെ വിഷയം അറിഞ്ഞു. വൈദികര്‍ക്കെതിരായ അജണ്ട പോലെ തോന്നി. അതിനെ കുറിച്ച് വലുതായി കാര്യങ്ങള്‍ സംസാരിക്കാന്‍ താന്‍ ആരുമല്ല. ആ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല.
അച്ഛന്‍മാരെയും വൈദികരെയും സിസ്റ്റര്‍മാരെയും പള്ളികളെയുമൊന്നും ഇത്തരത്തില്‍ ആക്രമിക്കരുതെന്നാണ് പറയാനുള്ളത്. ആവശ്യമില്ലാതെ പീഡിപ്പിക്കുകയൊന്നും ചെയ്യരുത്. മതപരിവര്‍ത്തനമോ സംഘര്‍ഷങ്ങളോ ഒന്നും തങ്ങള്‍ താത്പര്യപ്പെടുന്നില്ല. അതാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.
ഫാ.ജോഷി ജോര്‍ജ്: കേരളത്തില്‍ സംഘപരിവാര്‍ ക്രിസ്ത്യന്‍സിനെതിരായി എന്തെങ്കിലും ചെയ്യുന്നതായി അറിയില്ല. കേരളത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് കമന്റുകളൊന്നും പറയാന്‍ ഞാന്‍ ആരുമല്ല. കേരളത്തില്‍ ആരോടെങ്കിലും ചോദിക്കുന്നതാവും നല്ലത്.
ശ്രീലക്ഷ്മി.എസ്: നിലവില്‍ വഖഫ് ബില്ല് പാസ്സായി. ഇനി ക്രൈസ്തവരാണ് സംഘപരിവാറിന്റെ ലക്ഷ്യം എന്ന് ആര്‍.എസ്.എസ് മാസിക ഓര്‍ഗനൈസറില്‍ വന്നിരുന്നു. ഈ വാര്‍ത്തകളെ എങ്ങനെ നോക്കി കാണുന്നു??
ഫാ.ജോഷി ജോര്‍ജ്: അതും കേട്ടിരുന്നു. അതിനെ കുറിച്ച് പറയാനും ഞാന്‍ ആരുമല്ല
Content Highlight: Father Joshi George, the parish priest injured in the Odisha attack, speaks to Doolnews.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം