ക്രിക്കറ്റില്‍ 99 ശതമാനം ബാറ്റര്‍മാര്‍ക്കും നേരിടാന്‍ ബുദ്ധിമുട്ടുള്ള താരമാണ് ജസ്പ്രീത് ബുംറയെന്ന് മുന്‍ ശ്രീലങ്കന്‍ താരം ഫര്‍വീസ് മഹറൂഫ്. താരത്തെ പോലെ ഒരാള്‍ ക്രിക്കറ്റില്‍ എപ്പോഴും ഉണ്ടാവാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയില്‍ സംസാരിക്കുകയായിരുന്നു മഹറൂഫ്.
‘ആക്ഷനാണ് ബുംറയെ കൂടുതല്‍ ഫലപ്രദമാക്കുന്നത്. 2013 -14 കാലത്ത് ഞാന്‍ അവനെതിരെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിച്ചിട്ടുണ്ട്. അതിന് ശേഷം അവന്റെ ബൗളിങ്ങില്‍ വലിയ മാറ്റം വന്നിട്ടുണ്ട്.
വലം കൈയ്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ അവന്‍ ഇന്‍സ്വിങ് മാത്രമല്ല, ഔട്ട്‌സ്വിങ്ങും ഉപയോഗിക്കുന്നു. ലോകത്തെവിടെയുമുള്ള ബാറ്റര്‍മാരോടും നേരിടാന്‍ ബുദ്ധിമുട്ടുള്ള താരം ആരെന്ന് ചോദിച്ചാല്‍ 99 ശതമാനം ആളുകളുടെയും ഉത്തരം ബുംറ എന്നായിരിക്കും,’ മഹറൂഫ് പറഞ്ഞു.
കൂടാതെ, ബുംറയ്ക്ക് എന്തുകൊണ്ടാണ് ഇടയ്ക്കിടെ പരിക്കുകള്‍ പറ്റുന്നത് എന്നതിനെ കുറിച്ചും മുന്‍ ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ സംസാരിച്ചു. പുറം വേദനയാണ് അവന് നിരന്തരം പരിക്കേല്‍ക്കാന്‍ കാരണം. ബി.സി.സി.ഐ അവന്റെ ജോലിഭാരം ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യണം.
ബുംറയുടെ അന്താരാഷ്ട്ര കരിയര്‍ നീട്ടികൊണ്ട് പോവേണ്ടത് പ്രധാനമാണ്. ഒരു ഫാസ്റ്റ് ബൗളര്‍ പന്തെറിയുമ്പോള്‍ പരിക്ക് പറ്റാന്‍ സാധ്യത കൂടുതലാണ്. ബുംറയെ പോലെയുള്ള കളിക്കാര്‍ എപ്പോഴും ക്രിക്കറ്റില്‍ ഉണ്ടാവാറില്ലെന്നും മഹറൂഫ് കൂട്ടിച്ചേര്‍ത്തു.
‘പരിക്ക് പറ്റുന്നത് സര്‍വസാധാരണമാണ്. ഫാസ്റ്റ് ബൗളിങ് എളുപ്പമുള്ള കാര്യമല്ല. എത്ര ട്രെയിന്‍ ചെയ്താലും പരിക്കിനെ നമ്മുക്ക് ഒഴിവാക്കാനാവില്ല. ബുംറ തുടര്‍ന്നും ഇന്ത്യയ്ക്കായി കളിക്കുമെന്നും വിക്കറ്റുകള്‍ വീഴ്ത്തുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. അവനെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുമെന്നും ഞാന്‍ കരുതുന്നു,’ മഹറൂഫ് പറഞ്ഞു.
അടുത്തിടെ സമാപിച്ച ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയില്‍ ബുംറ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചിരുന്നത്. വര്‍ക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായിരുന്നു ഇത്. താരം കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നില്ല. ഇതിന് പിന്നാലെ ബുംറയ്ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ശ്രീലങ്കന്‍ താരത്തിന്റെ പ്രസ്താവന.