അദാനി - സീസണ്‍ 2
DISCOURSE
അദാനി - സീസണ്‍ 2
ഫാറൂഖ്
Monday, 25th November 2024, 10:08 am
സാഗര്‍ അദാനിയുടെ മുറി പരിശോധിച്ച എഫ്.ബി.ഐക്കാര്‍ മുഴുവന്‍ ഡാറ്റയും അടങ്ങിയ കമ്പ്യൂട്ടറും ഫോണും എടുത്തുകൊണ്ട് പോയി. സാഗര്‍ ഒന്നും ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നില്ല, മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രിമാരെയും പോക്കറ്റില്‍ വെച്ച് നടക്കുന്ന കുടുംബത്തില്‍ വളര്‍ന്നത് കൊണ്ടാവും അതിന്റെ ആവശ്യമില്ലെന്ന് സാഗറിന് തോന്നിയത്. ഇ-മെയില്‍, എക്സല്‍ ഷീറ്റുകള്‍, പവര്‍പോയിന്റ് പ്രസന്റേഷന്‍ തുടങ്ങി ഗൗതം അദാനി സാഗറിനെ ഏല്‍പ്പിച്ച പണിയുടെ മുഴുവന്‍ ഫയലുകളും അവര്‍ക്ക് കിട്ടി. അതില്‍ ഗൗതവും സാഗറുമായുമുള്ള വാട്സാപ്പ് മെസേജുകളും ഉള്‍പ്പെടും. അത് മുഴുവന്‍ കോടതികളിലെത്തിയിട്ടുണ്ട്. ബിസിനസുകാര്‍ പോട്ടെ, ഇക്കാലത്തു കുട്ടികള്‍ വരെ വാട്സ്ആപ്പില്‍ രഹസ്യം പറയില്ല.

വാസുവേട്ടന്റെയും ഷാജിയുടെയും കഥ പറയാണീ എഴുത്ത്, പക്ഷെ സാഗറിന്റെ കഥ പറയാതെ അത് പറയാന്‍ കഴിയില്ല. സാഗര്‍ അദാനിയുടെ കഥ

2023 മാര്‍ച്ച് 17ന് അമേരിക്കയില്‍ സാഗര്‍ അദാനി താമസിക്കുന്ന ഹോട്ടലിന്റെ വാതിലില്‍ എഫ്.ബി.ഐ ഓഫീസര്‍മാര്‍ മുട്ടി. വാതില്‍ തുറന്ന സാഗറിന് അവര്‍ ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോര്‍ട്ട് പുറപ്പെടുവിച്ച സുപ്പീന കാണിച്ചു കൊടുത്തു. അമേരിക്കന്‍ ക്രൈം ത്രില്ലര്‍ കാണുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് അറിയാമായിരിക്കും. സുപ്പീന എന്നാല്‍ സെര്‍ച്ച് വാറന്റിന്റെയും അറസ്റ്റ് വാറന്റിന്റെയും നടുവിലുള്ള ഒരു സാധനമാണെന്ന്.

അമേരിക്കന്‍ ഇന്‍വെസ്റ്റേഴ്‌സിനെ പറ്റിച്ചതാണ് കേസ്. ഗൗതം അദാനിയുടെ സഹോദരന്‍ രാജേഷ് അദാനിയുടെ മകനാണ് സാഗര്‍. മറ്റൊരു സഹോദരനായ വിനോദ് അദാനിയുടെ കഥ കഴിഞ്ഞ പ്രാവശ്യം പറഞ്ഞിട്ടുണ്ട്.

മുപ്പത് വയസ്സേയുള്ളൂ സാഗറിന്. മറ്റെല്ലാ ഇന്ത്യന്‍ പണക്കാരുടെയും മക്കളെപ്പോലെ സാഗറും അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലാണ് പഠിച്ചത്, മിക്കവാറും അവിടെത്തന്നെയാണ് താമസവും. പഠനം കഴിഞ്ഞ ഉടനെ അദാനി ഗ്രീന്‍ എനര്‍ജി എന്ന കമ്പനിയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ആയി. ശരിക്കുള്ള നെപ്പോ കിഡ്.

സാഗറിന്റെ മുറി പരിശോധിച്ച എഫ്.ബി.ഐക്കാര്‍ മുഴുവന്‍ ഡാറ്റയും അടങ്ങിയ കമ്പ്യൂട്ടറും ഫോണും എടുത്തുകൊണ്ട് പോയി. സാഗര്‍ ഒന്നും ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നില്ല, മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രിമാരെയും പോക്കറ്റില്‍ വെച്ച് നടക്കുന്ന കുടുംബത്തില്‍ വളര്‍ന്നത് കൊണ്ടാവും അതിന്റെ ആവശ്യമില്ലെന്ന് സാഗറിന് തോന്നിയത്.

ഇ-മെയില്‍, എക്‌സല്‍ ഷീറ്റുകള്‍, പവര്‍പോയിന്റ് പ്രസന്റേഷന്‍ തുടങ്ങി ഗൗതം അദാനി സാഗറിനെ ഏല്‍പ്പിച്ച പണിയുടെ മുഴുവന്‍ ഫയലുകളും അവര്‍ക്ക് കിട്ടി. അതില്‍ ഗൗതവും സാഗറുമായുമുള്ള വാട്‌സാപ്പ് മെസേജുകളും ഉള്‍പ്പെടും. അത് മുഴുവന്‍ കോടതികളിലെത്തിയിട്ടുണ്ട്. ബിസിനസുകാര്‍ പോട്ടെ, ഇക്കാലത്തു കുട്ടികള്‍ വരെ വാട്‌സ്ആപ്പില്‍ രഹസ്യം പറയില്ല.

അതൊക്കെ എഫ്.ബി.ഐക്കാര്‍ കൊണ്ട് പോയാല്‍ എന്താണ് എന്നല്ലേ? അത് മനസിലാകണമെങ്കില്‍ ഗൗതം അദാനി എന്ന ബോസ് സാഗര്‍ എന്ന നെപ്പോ കിഡിനെ ഏല്‍പ്പിച്ച പണി എന്താണെന്നറിയണം. മനസിലാക്കാന്‍ എളുപ്പമല്ല, പരമാവധി ലളിതമാക്കാന്‍ ശ്രമിക്കാം.

മുഴുവന്‍ കഥ അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റും  സ്റ്റോക്ക് റെഗുലേറ്ററി എസ്.ഇ.സിയും സമര്‍പ്പിച്ച കുറ്റപത്രങ്ങളിലുണ്ട്.

സെക്കി (SECI) എന്നൊരു അര്‍ധ സര്‍ക്കാര്‍ സ്ഥാപനമുണ്ട് ഇന്ത്യയില്‍, ഇന്ത്യയിലെ മുഴുവന്‍ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ക്കും സോളാര്‍ എനര്‍ജി കൊടുക്കാന്‍ വേണ്ടി ഒരു രാജ്യം-ഒരു അഴിമതി എന്ന പദ്ധതിയില്‍ തുടങ്ങിയതാണ്.

സ്വകാര്യ ഉത്പാദകരെ നേരിട്ട് ഇലക്ടിസിറ്റി ബോര്‍ഡുകള്‍ സമീപിക്കാന്‍ പാടില്ല, അവര്‍ സെക്കിയെ സമീപിക്കണം, അവരാണ് വൈദ്യുതി കൊടുക്കേണ്ടത്. ഉദാഹരണത്തിന് നമ്മുടെ കെ.എസ്.ഇ.ബിക്ക് കുറച്ചു സോളാര്‍ കറണ്ട് വേണമെങ്കില്‍ അവര്‍ സെക്കിയില്‍ പോണം.

സെക്കി കറണ്ടുണ്ടാക്കുന്നുണ്ടോ? ഇല്ല. പക്ഷെ സെക്കി സ്വകാര്യ ഉത്പാദകരുടെ അടുത്ത് നിന്ന് കറണ്ട് വാങ്ങി കെ.എസ്.ഇ.ബിക്ക് കൊടുക്കും. ആരാണ് സ്വകാര്യ ഉത്പാദകര്‍? നിങ്ങള്‍ ഊഹിച്ചത് വളരെ കറക്ട് ആണ്, അദാനി. അദാനി മാത്രമാണോ? അല്ല, പേരിനൊരാള്‍ കൂടിയുണ്ട് – അസൂര്‍ എന്ന മൗറീഷ്യസ് കമ്പനി.

മൗറീഷ്യസിലെ കമ്പനികളെപ്പറ്റി കഴിഞ്ഞ പ്രാവശ്യം എഴുതിയിട്ടുണ്ട്, മുഴുവന്‍ ആവര്‍ത്തിക്കുന്നില്ല, എങ്കിലും അജിത് ഡോവല്‍ മുമ്പ് പറഞ്ഞത് മാത്രം ആവര്‍ത്തിക്കാം – ഇന്ത്യയിലെ കള്ളപ്പണക്കാരുടെ പണം അങ്ങോട്ട് കടത്തി വിദേശ നിക്ഷേപം എന്ന പേരില്‍ ഇങ്ങോട്ട് കടത്തുന്നതാണ് മൗറീഷ്യസ് കമ്പനികളുടെ പണി.

നമ്മള്‍ എവിടെയെത്തി. സെക്കി. സെക്കി അദാനിക്ക് 10 ഗിഗാ വാട്ട് കറണ്ട് ഉണ്ടാക്കാനുള്ള കോണ്‍ട്രാക്ട് കൊടുത്തു. അസൂറിന് 2 ഗിഗാ വാട്ടും. ടോട്ടല്‍ 12. ഇത് എട്ടും നാലും ആണോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. അത് പോട്ടെ. കോണ്‍ട്രാക്ട് കിട്ടിയ ഉടനെ ഇപ്പറഞ്ഞ കറണ്ടുണ്ടാക്കാനുള്ള പണപ്പിറിവ് അദാനിയും അസൂറും തുടങ്ങി.

അദാനി-ഗ്രീന്‍ എന്ന പേരില്‍ ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഷെയര്‍ വഴിയും അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും ഗള്‍ഫില്‍ നിന്നുമൊക്കെ ബോണ്ട് വഴിയും അദാനി പണം പിരിച്ചു. കാലക്കേടിന് അസൂര്‍ ഷെയര്‍ ഇറക്കിയത് അമേരിക്കയിലെ സ്റ്റോക്ക് എക്‌സ്ചേഞ്ചിലാണ്, അതോടെ മൊത്തം പണി പാളി.

കാലക്കേടിന് എന്ന് പറഞ്ഞത് വെറുതെയല്ല, അമേരിക്ക ഒരു ക്യാപിറ്റലിസ്റ്റ് രാജ്യമാണ്. ഇന്ത്യ ക്രോണി-കാപിറ്റലിസ്‌റ് രാജ്യവും. ക്യാപിറ്റലിസ്റ്റ് രാജ്യത്ത് ഓരോ നിക്ഷേപകനും അയാള്‍ നിക്ഷേപിച്ച ഓരോ രൂപക്കും കണക്ക് വേണം. അതെന്തിന് വാങ്ങി? എങ്ങനെ ചെലവാക്കി? എത്ര ലാഭം? എത്ര നഷ്ട്ടം? ആരാണ് കൈകാര്യം ചെയ്യുന്നത്? കൈക്കൂലി കൊടുക്കുന്നുണ്ടോ? തുടങ്ങി എല്ലാമെല്ലാം.

ആ സുതാര്യത ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാണ്. ക്രോണി കാപ്പിറ്റലിസം അങ്ങനെയല്ല, മുതലാളി പറയും, സര്‍ക്കാര്‍ അനുസരിക്കും, നിക്ഷേപകര്‍ക്ക് കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി.

അങ്ങനെ അദാനിയും അസൂറും കറണ്ടുത്പാദനം തുടങ്ങി. പക്ഷെ സെക്കി കറണ്ട് വാങ്ങുന്നില്ല. കാരണം, ഒടുക്കത്തെ വിലയായത് കൊണ്ട് ഇലക്ടിസിറ്റി ബോര്‍ഡുകള്‍ സെക്കിയില്‍ നിന്ന് കറണ്ട് വാങ്ങുന്നില്ല. സ്റ്റേറ്റ് ബോര്‍ഡുകള്‍ വാങ്ങിയാലല്ലേ സെക്കി വാങ്ങൂ.

കേരളത്തിലുള്ളവര്‍ക്ക് മനസ്സിലാവില്ല, മറ്റു സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തന്നെ കറണ്ടിന് ഷോക്കടിപ്പിക്കുന്ന ബില്ലാണ്. അതിന്റെ കൂടെ അദാനിയുടെ ഇരട്ടി വിലയുള്ള കറണ്ട് കൂടി വന്നാല്‍ ആളുകള്‍ ഇലക്ട്രിസിറ്റി ഓഫീസിന് തീയിടും.

ഇങ്ങനെ ആരും കറണ്ട് വാങ്ങാതെ അദാനിയും അസൂറും കച്ചവടം പൂട്ടിപ്പോകുമെന്ന സ്ഥിതി വന്നപ്പോള്‍ ഗൗതം അദാനി പണി തുടങ്ങി. ഓരോ സംസ്ഥാനത്തും കറങ്ങി നടന്നു മുഖ്യമന്ത്രിമാര്‍, പാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് കൈക്കൂലി കൊടുത്ത് അവരെ കൊണ്ട് സെക്കിയില്‍ നിന്ന് കറണ്ട് വാങ്ങിപ്പിച്ചു.

ഇങ്ങനെ കൊടുത്ത കൈക്കൂലി 2,250 കോടി വരുമെന്നാണ് അമേരിക്കന്‍ കുറ്റപത്രത്തിലുള്ളത്. പല സംസ്ഥാനങ്ങളുടെയും പേര് അതില്‍ പറയുന്നുണ്ട്, ആന്ധ്രാപ്രദേശ്, ഒഡീഷ, കശ്മീര്‍, ഛത്തീസ്ഗഡ് തുടങ്ങിയവ.

ഭാഗ്യത്തിന് കേരളം ആ ലിസ്റ്റിലില്ല, പക്ഷെ ആ കാലഘട്ടത്തില്‍ അദാനി തിരുവന്തപുരത്ത് കറങ്ങി നടക്കുന്നുണ്ടായിരുന്നു. എന്തിനായിരുന്നു എന്ന് ഭാവിയില്‍ ഏതെങ്കിലും ഒരു റിപ്പോര്‍ട്ടില്‍ വരുമായിരിക്കും.

അങ്ങനെ സംസ്ഥനങ്ങളില്‍ കറങ്ങി നടന്ന് അദാനി കാശ് വീശിയപ്പോള്‍ സെക്കിക്ക് ഇഷ്ടംപോലെ ഓര്‍ഡര്‍ കിട്ടി. കുറ്റപത്രപ്രകാരം ഒരു മെഗാവാട്ടിന് 25 ലക്ഷം എന്ന കണക്കിലാണ് വീശിയത്. അപ്പോള്‍ മറ്റൊരു പ്രശ്‌നം, സെക്കിയുടെ കരാര്‍ പ്രകാരം അദാനിക്ക് മാത്രമല്ല ഓര്‍ഡര്‍ പോകുക, അസൂറിനും പോകും. വാഴ നനയുമ്പോള്‍ ചീരയും നനയും. അസൂര്‍ ആണെങ്കില്‍ അഞ്ചു പൈസ കൈക്കൂലിയിനത്തില്‍ ചിലവാക്കിയിട്ടില്ല. അത് മുതലാളിക്ക് ഇഷ്ടപ്പെട്ടില്ല.

അദാനി അസൂര്‍ ഡയറക്ടര്‍മാരെ അഹമ്മദാബാദിലേക്ക് വിളിപ്പിച്ചു. നിങ്ങള്‍ ഇപ്പോള്‍ ചീര നനയ്ക്കുന്നത് എന്റെ ചെലവിലാണെന്നും അത് നടക്കില്ലെന്നും കൈക്കൂലിയില്‍ നിങ്ങളുടെ ഷെയര്‍ ഇപ്പൊ കിട്ടണമെന്നും ഇല്ലെങ്കില്‍ നിങ്ങളുടെ കച്ചവടം ഇവിടെ പൂട്ടിക്കുമെന്നും തീര്‍ത്തു പറഞ്ഞു.

ഒരു മെഗാവാട്ടിന് 25 ലക്ഷമാണ് ഞാന്‍ കൈക്കൂലി കൊടുത്തത്. ആ ഒരൊറ്റ കാരണം കൊണ്ട് നിങ്ങളിപ്പോള്‍ 2 ഗിഗാ വാട്ട് വില്‍ക്കുന്നുണ്ട്, എന്റെ കാശിന് ഒരു വിലയുമില്ലേ എന്ന് അദാനി. ഒരു ഗിഗാവാട്ട് എന്നാല്‍ 1000 മെഗാ വാട്ട്. കണക്ക് നിങ്ങള്‍ കൂട്ടിയാല്‍ മതി.

സിറില്‍ കബാനാസ് എന്ന കാനഡക്കാരനയിരുന്നു അസൂറിനെ പ്രതിനിധീകരിച്ച് ഈ മീറ്റിങ്ങില്‍ വന്നത്. ഈ മൊത്തം കഥയില്‍ ഇന്ത്യക്കാരനോ ഇന്ത്യന്‍ വംശജനോ അല്ലാതെ ഒരാളെ ഉള്ളൂ, സിറില്‍ കബാനാസ്. മുതലാളി പറയുന്ന പോലെ ചെയ്യാമെന്ന് പാവം കബാനാസ് സമ്മതിച്ചു. പക്ഷെ ഇത്രയും വലിയ ഒരു തുക അസൂര്‍ എങ്ങനെ അദാനിക്ക് കൊടുക്കും, പാവത്തിന് സംശയമായി.

അദാനി കബനാസിന് വേണ്ടി ഒരു പവര്‍പോയിന്റ് പ്രസന്റേഷന്‍ നടത്തി കള്ളപ്പണം കൈകാര്യം ചെയ്യാനുള്ള പല പല ട്രിക്കുകള്‍ കാണിച്ചു കൊടുത്തു, ബ്രഹ്‌മാവിനാണോ ആയുസ്സിന് പഞ്ഞം. ഇനി സാഗറുമായി ഡീല്‍ ചെയ്താല്‍ മതി എന്ന് പറഞ്ഞു മീറ്റിങ് അവസാനിപ്പിച്ചു. പവര്‍പോയിന്റ് ഫയല്‍ സാഗറിന് അയച്ചു കൊടുക്കുകയും ചെയ്തു.

ഇവനോട് കാശ് കണക്ക് പറഞ്ഞു വാങ്ങിച്ചോണം എന്ന ഒരു മെസെജും. ഇനി അതാണ് സാഗറിന്റെ പണി. ഈ പവര്‍പോയിന്റ് ഫയലും മെസ്സേജുകളും എഫ്.ബി.ഐ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

അസൂര്‍ ലിസ്റ്റ് ചെയ്തിരുന്നത് ന്യൂയോര്‍ക് സ്റ്റോക്ക് എക്ചേഞ്ചില്‍ ആയിരുന്നെന്ന് നേരത്തെ പറഞ്ഞല്ലോ. അവരുടെ ഡയറക്ടര്‍മാരൊക്കെ അവിടെയുണ്ട്, നമ്മുടെ നെപ്പോ കിഡും അവിടെയാണ്. അവര്‍ തമ്മിലായിക്കോട്ടെ എന്ന് തീരുമാനിച്ചതില്‍ അദാനിയെ കുറ്റം പറയാന്‍ കഴിയില്ല.

അവര്‍ അവിടെ പല മീറ്റിങ്ങുകള്‍ ചേര്‍ന്ന് അദാനിയുടെ പവര്‍പോയിന്റിലെ ബെസ്റ്റ് എന്ന് കരുതാവുന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് നടപ്പാക്കി. കൈക്കൂലിയിലെ തങ്ങളുടെ ഷെയറിന് തത്തുല്യമായ കറണ്ട് അസുര്‍ സെക്കിക്ക് കൊടുക്കും, ആ കറണ്ട് അദാനിയുടെ കണക്കില്‍ വരവ് വെക്കാന്‍ അസൂര്‍ സൈക്കിക്ക് കത്ത് നല്‍കുകയും ചെയ്യും. അങ്ങനെ കണക്ക് സെറ്റില്‍ ആകും. ഇതാണ് നടന്നത്.

ഇതിനിടക്ക് ഒരു ട്വിസ്റ്റ്.

കാനഡയില്‍ ക്യൂബക് എന്നൊരു പ്രവിശ്യയുണ്ട്, ഫ്രഞ്ച് ആണ് അവിടുത്തെ പ്രധാന ഭാഷ. അവിടുത്തെ ആളുകള്‍ക്ക് റിട്ടയര്‍മെന്റിന് ശേഷം കൊടുക്കാനുള്ള പെന്‍ഷന്‍ ഒരു ഫണ്ടിലാണ് നിക്ഷേപിക്കുന്നത്. സി.ഡി.പി.ക്യു (CDPQ) എന്നാണ് ഈ ഫണ്ടിന്റെ പേര്. മറ്റു കമ്പനികളുടെ സ്റ്റോക്കുകളില്‍ പെന്‍ഷന്‍ പണം നിക്ഷേപിച്ചു ലാഭമുണ്ടാക്കുക എന്നതാണ് സി.ഡി.പി.ക്യുവിന്റെ പണി.

നമ്മള്‍ നേരത്തെ ഒരു കബനസിന്റെ കാര്യം പറഞ്ഞില്ലേ, അയാള്‍ക്ക് ഇപ്പറഞ്ഞ സി.ഡി.പി.ക്യുവില്‍ ആയിരുന്നു പണി. ഇയാള്‍ സി.ഡി.പി.ക്യുവില്‍ ഇരിക്കുന്ന സമയത്ത് അവരുടെ ഫണ്ടില്‍ നിന്ന് പണമെടുത്ത് മൗറീഷ്യസിലെ അസൂര്‍ കമ്പനിയിയുടെ അമ്പത് ശതമാനം ഷെയര്‍ വാങ്ങി. പിന്നീട് സി.ഡി.പി.ക്യുവിലെ ജോലി ഒഴിവാക്കി അസൂറിന്റെ ഡയറക്ടര്‍ ആയി.

ആ അസൂര്‍ ആണ് പിന്നീട് ന്യൂയോര്‍ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നതും പിന്നീട് ഉഡായിപ്പുകള്‍ പിടിക്കപ്പെടുമ്പോള്‍ ഡീലിസ്റ്റ് ചെയ്യപ്പെടുന്നതും. ചുരുക്കിപ്പഞ്ഞാല്‍ കാനഡയിലെ കുറെ പ്രായമുള്ളവരുടെ പെന്‍ഷന്‍ ആ വഴിയില്‍ പോയിക്കിട്ടി. അതല്ല പക്ഷെ നമ്മുടെ വിഷയം.

കാനഡയിലെ വിസില്‍ ബ്ലോവര്‍ നിയമപ്രകാരം, കമ്പനിയിലെ ജോലിക്കാര്‍ക്ക് തങ്ങളുടെ കമ്പനിയില്‍ എന്തെകിലും തട്ടിപ്പ് നടക്കുന്നത് കണ്ടാല്‍ സ്റ്റോക്ക് മാര്‍ക്കറ്റ് റെഗുലേറ്ററെ അറിയിക്കാം. അസൂര്‍ ഡയറക്ടര്‍മാര്‍ തങ്ങളുടെ കൈക്കൂലി ഷെയര്‍ അദാനിക്ക് കൊടുക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട് എന്ന വിവരം സി.ഡി.പി.ക്യുവിലെ വിസില്‍ ബ്ലോവര്‍മാര്‍ എസ്.ഇ.സിയെ അറിയിച്ചു.

നമ്മുടെ സെബിയെ പോലെ അമേരിക്കയിലെ സ്റ്റോക്ക് റെഗുലേറ്ററാണ് എസ്.ഇ.സി. പക്ഷെ സെബിയെപ്പോലെ ഒന്നും ചെയ്യാത്ത മൊണ്ണന്മാരല്ല. എസ്.ഇ.സി നോക്കുമ്പോള്‍ സി.ഡി.പി.ക്യു നിക്ഷേപമുള്ള അസൂര്‍ മാത്രമല്ല, അദാനിയുടെ പല കമ്പനികളും ന്യൂയോര്‍ക് സ്റ്റോക്ക് എക്ചേഞ്ചില്‍ നിന്ന് പണം പിരിക്കുന്നുണ്ട്. എസ്.ഇ.സി ഉടനെ അമേരിക്കയിലെ സി.ബി.ഐ ആയ എഫ്.ബി.ഐയെ വിവരം അറിയിച്ചു.

അതിനെ തുടര്‍ന്നാണ് എഫ്.ബി.ഐക്കാര്‍ സാഗറിന്റെ വാതിലില്‍ മുട്ടുന്നത്.

(തുടരും)

 

ഗൗതം അദാനിയെ കുറിച്ച് ഫാറൂഖ് ഡൂള്‍ന്യൂസിലെഴുതിയ മറ്റ് ലേഖനങ്ങള്‍

 

➤ പുരയ്ക്ക് മീതെ ചാഞ്ഞ അദാനി: ഒന്നാം ഭാ​ഗം

➤ പുരയ്ക്ക് മീതെ ചാഞ്ഞ അദാനി: രണ്ടാം ഭാ​ഗം

➤ മോദി കാലം കഴിഞ്ഞാല്‍ അദാനി എടുക്കാച്ചരക്കാവും; പുരയ്ക്ക് മീതെ ചാഞ്ഞ അദാനി; മൂന്നാം ഭാഗം

➤ ന്യൂ ജെന്‍ ക്യാപിറ്റലിസ്റ്റുകളോട്; പുരയ്ക്ക് മീതെ ചാഞ്ഞ അദാനി: ഭാഗം നാല്

➤ ഓഹരി വിപണി; കോഴികളും കുറുക്കന്മാരും

Content highlight: Farooq writes about Gautam Adani and SECI

 

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ