യൂണിഫോമും അച്ചടക്കവും സ്‌കൂളുകളില്‍ നിന്ന് എടുത്തു കളയുകയും നിരന്തരം ചോദ്യങ്ങള്‍ ചോദിക്കാനും പുതിയ കാര്യങ്ങള്‍ കണ്ടെത്താനും, എല്ലാറ്റിനുപരി പഴയ തലമുറയില്‍ പെട്ട ടീച്ചര്‍മാരെയും രക്ഷിതാക്കളെയും തിരുത്തുവാനുള്ള പ്രോത്സാഹനവും ധൈര്യവും അവരിലുണ്ടാക്കാനും കഴിഞ്ഞില്ലെങ്കില്‍ നമ്മുടെ വിദ്യാലയങ്ങള്‍ പുതിയ കാലത്തേക്ക് മനുഷ്യരെ തയ്യാറാക്കുന്ന സ്ഥാപനങ്ങളാണെന്ന് പറയാന്‍ കഴിയില്ല, പഴയ കാലം ഇനി തിരിച്ചു വരാനും പോകുന്നില്ല. | ഫാറൂഖ് ഡൂള്‍ന്യൂസില്‍ എഴുതുന്നു
‘വെറും പുച്ഛമായിരുന്നല്ലേ’ ഇന്റര്‍വ്യൂ ചെയ്യുന്ന അഞ്ജന സുകുമാരന്‍ ചോദിച്ചു. ‘(അതെ) വെറും പുച്ഛമായിരുന്നു’ പതിമൂന്നുകാരനായ ഹെബല്‍ അന്‍വര്‍ മറുപടി പറഞ്ഞു.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച വൈറലായ മൂന്നു വീഡിയോകളില്‍ ഒന്നിലെ മുതിര്‍ന്നവരുടെ പ്രോത്സാഹനം സംബന്ധിച്ച ഒരു ചോദ്യവും അതിനുള്ള മറുപടിയുമാണത്.
പതിമൂന്നു വയസ്സുള്ള ഹെബെല്‍ അന്‍വര്‍, ജോര്‍ജ് മേസണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് 10 ലക്ഷം രൂപയുടെ ഗ്രാന്‍ഡ് നേടിയെത്തിയതിനെ തുടര്‍ന്ന് മാതൃഭൂമി നടത്തിയ ഇന്റര്‍വ്യൂ ആയിരുന്നു ആ വീഡിയോ.
രണ്ടാമത്തെ വീഡിയോ അര്‍ജുന്‍ എന്ന പതിനാലുകാരന്റെ ആത്മഹത്യയെ തുടര്‍ന്ന് ആ സ്‌കൂളിലെ കുട്ടികള്‍ നടത്തുന്ന സമരവും അതിലവര്‍ പറയുന്ന കാര്യങ്ങളുമാണ്.
മൂന്നാമത്തേത് , പള്ളുരുത്തി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹെലേന ആല്‍ബി നടത്തിയ കൊച്ചുകുട്ടികളെ പോലും നാണിപ്പിക്കുന്ന ഇംഗ്ലീഷ് ഭാഷാനുകരണവും.
ഈ മൂന്നു വീഡിയോകളും തെളിയിക്കുന്ന ഒരു കാര്യമേയുള്ളൂ, മുതിര്‍ന്നവരെ പഠിപ്പിക്കുന്നതില്‍ നമ്മുടെ കുട്ടികള്‍ ദയനീയമായി പരാജയപ്പെടുന്നു.
ഹെബെല്‍ അന്‍വര്‍ തന്റെ പഠനമുറിയിലിരുന്ന് നാല് പ്രബന്ധങ്ങള്‍ രചിച്ചു വിവിധ യൂണിവേഴ്‌സിറ്റികള്‍ക്ക് അയച്ചു കൊടുക്കുന്നു, ക്വാണ്ടം റിലേറ്റിവിറ്റി, ആബേലിയന്‍ ബൗണ്ടറി, സൂപ്പര്‍ സ്ട്രിങ് തിയറി, മാറ്റര്‍ തിയറി എന്നിവയിലാണ് പ്രബന്ധങ്ങള്‍. മാറ്റര്‍ തിയറിയില്‍ അവതരിപ്പിച്ച പ്രബന്ധമാണ് ഗ്രാന്റിന് അര്‍ഹമായത്.
ദിവസങ്ങളോ ഒരു പക്ഷെ മാസങ്ങളോ എടുത്ത് കഠിനമായി ചെയ്ത ഈ പ്രയത്നത്തിനിടക്ക് തന്റെ രക്ഷിതാക്കളോ ടീച്ചര്‍മാരോടോ പിന്തുണയോ അഭിപ്രായമോ ചോദിക്കാനുള്ള ധൈര്യം ആ കുട്ടിക്കുണ്ടായില്ല, പുച്ഛമായിരിക്കും തിരിച്ചു കിട്ടുക എന്നു ന്യായമായും ആ കുട്ടി സംശയിച്ചു.
പറഞ്ഞിരുന്നെങ്കില്‍, പഠിക്കാതെ സമയം പാഴാക്കുന്നതിന്റെ പേരില്‍ ഈ കുട്ടിയെ ടീച്ചര്‍മാര്‍ ശിക്ഷിച്ചേനെ. സിലബസ്സിന് പുറത്തുള്ള പുസ്തകങ്ങള്‍ വായിച്ചു താങ്കളുടെ കുട്ടി പഠനസമയം പാഴാക്കുന്നു എന്ന് സ്‌കൂള്‍ ഡയറിയില്‍ എഴുതി രക്ഷിതാക്കള്‍ക്ക് കൊടുത്തയച്ച ടീച്ചറെ എനിക്ക് വ്യക്തിപരായി അറിയാം.
മിക്ക കുട്ടികളെയും പോലെ ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്ന കുട്ടിയായിരുന്നു അര്‍ജുന്‍. സഹപാഠികളായ കുട്ടികള്‍ പറയുന്നതനുസരിച്ചു, ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നത് വലിയൊരു കുറ്റമായി കണ്ടയാളായിരുന്നു ടീച്ചര്‍.
അര്‍ജുന്‍
കുട്ടികള്‍ തമ്മില്‍ ഇന്‍സ്റ്റാഗ്രാമില്‍ സംസാരിക്കുന്നത് എന്താണെന്ന് ചോദിക്കുക, അതിനനുസരിച്ചു കുട്ടികളെ ചീത്ത പറയുക എന്നതൊക്കെയായിരുന്നു ആ സ്‌കൂളിലെ ടീച്ചര്‍മാരുടെ പരിപാടി.
ഇന്‍സ്റ്റഗ്രാമോ മറ്റ് സോഷ്യല്‍ മീഡിയയോ ഉപയോഗിക്കുന്നത് പഠന സമയം പാഴാക്കലാണെന്നോ വലിയൊരു കുറ്റകൃത്യമാണെന്നോ വിശ്വസിക്കുന്ന വലിയൊരു വിഭാഗം ടീച്ചര്‍മാരുണ്ട്.
ഹെലേന ആല്‍ബി എന്ന പ്രിന്‍സിപ്പള്‍ പത്രക്കാരോട് സംസാരിക്കുന്ന വീഡിയോ കണ്ട് മാനം പോകാത്ത ഒരു വിദ്യാര്‍ത്ഥിയും ആ സ്‌കൂളിലുണ്ടാകാന്‍ വഴിയില്ല.
കൃത്രിമവും അരോചകവുമായ ആക്സെന്റ്, പഴഞ്ചന്‍ വാചക ഘടന, സാഹചര്യത്തിന് യോജിക്കാത്ത വാക്കുകള്‍, അരോചകമായ മാനറിസങ്ങള്‍, സര്‍വോപരി വ്യാകരണം പഠിപ്പിക്കുന്ന ടീച്ചര്‍ ഒരിക്കലും വരുത്താന്‍ പാടില്ലാത്ത വ്യാകരണ തെറ്റുകള്‍, ഇതൊക്കെ തിരുത്താന്‍ പറ്റിയവരായിരിക്കും ജനിച്ച അന്ന് മുതല്‍ കാര്‍ട്ടൂണിലും മൊബൈലിലും ഇംഗ്ലീഷ് കേള്‍ക്കുന്ന കുട്ടികള്‍.
ആ സ്‌കൂളിലെ ഏതെങ്കിലും ഒരു കുട്ടി എന്നെങ്കിലും ക്ലാസ്സില്‍ എഴുന്നേറ്റ് നിന്ന് ആ ടീച്ചറെ തിരുത്താന്‍ തയ്യാറായിരുന്നെങ്കില്‍ ഇന്ന് ആ സ്‌കൂളും അതിലെ കുട്ടികളും ലോകത്തിന്റെ മുമ്പില്‍ ഇങ്ങനെ അപഹാസ്യമാകുമായിരുന്നില്ല.
ഈയൊരു സ്‌കൂളില്‍ മാത്രമല്ല, കേരളത്തിലെ മിക്ക പ്രൈവറ്റ് സ്‌കൂളുകളിലും കുട്ടികളെ നിര്‍ബന്ധിച്ച് സൈലന്റ് മോഡില്‍ ഇട്ടിരിക്കുകയാണ്.
മിക്ക പ്രൈവറ്റ് സ്‌കൂളുകളുടെയും നിയമാവലി വായിച്ചാല്‍ തല കറങ്ങി പോകും. യൂണിഫോം പോട്ടെ, മുടിയുടെ നീളം, മുടി കെട്ടുന്ന രീതി, മുടിയില്‍ കുത്തുന്ന പിന്നിന്റെ ഷേപ്പും കളറും, ഷൂ ബ്രാന്റും കളര്‍ കോഡും, സോക്സിന്റെ നീളം, സ്‌കൂള്‍ ബാഗിന്റെ കളര്‍, നഖത്തിന്റെ നീളം, തുടങ്ങി, ക്ലാസ്സില്‍ എങ്ങനെ പെരുമാറണം, വരാന്തയില്‍ എങ്ങനെ നടക്കണം, സ്‌കൂള്‍ ബസ്സില്‍ എങ്ങനെ പെരുമാറണം, ഏതു ഭക്ഷണം കൊണ്ടുവരാം, വാട്ടര്‍ ബോട്ടിലിന്റെ കളര്‍ എന്നിങ്ങനെ പേജ് കണക്കിന് എഴുതി വച്ച് അതില്‍ രക്ഷിതാക്കളെ കൊണ്ട് ഒപ്പിടീച്ചതിന് ശേഷമാണ് അഡ്മിഷന്‍.
ഉത്സവത്തിന് കൊണ്ട് പോകുന്ന ആനക്ക് ഇതിലും സ്വാതന്ത്ര്യം ഉണ്ടാകും, ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞാല്‍ പിന്നെ ശിക്ഷയായി, പിഴയായി, സ്റ്റാഫ് റൂമിലേക്ക് വിളിപ്പിക്കലായി, രക്ഷിതാക്കളെ വിളിച്ചു ഉപദേശിക്കലായി.
വ്യാവസായിക വിപ്ലവമാണ് അച്ചടക്കവും യൂണിഫോമും വ്യാപകമാകുന്നത്. ഫാക്ടറികളില്‍ അത്യാവശ്യം വേണ്ടതാണ് അച്ചടക്കം. ചാര്‍ളി ചാപ്ലിന്റെ മോഡേണ്‍ ടൈംസ് എന്ന സിനിമ കണ്ടിട്ടില്ലേ, അതിലെ നായകന്റെ ജീവിതമായിരുന്നു വ്യാവസായിക വിപ്ലവത്തിന് തൊട്ടടുത്ത കാലത്തേ മിഡില്‍ ക്ലാസ് സ്വപ്‌നം.
മോഡേണ്‍ ടൈംസ്
രാവിലെ യൂണിഫോം ഇട്ട് ഫാക്ടറിയില്‍ പോകുന്നു, വലിയൊരു കണ്‍വെയര്‍ ബെല്‍റ്റിന്റെ എന്തെങ്കിലും ഒരു പൊസിഷനില്‍ ഒരേ സ്‌ക്രൂ വൈകുന്നേരം വരെ മുറുക്കി കൊണ്ടിരിക്കുന്നു. വൈകുന്നേരം ഫാക്ടറി ബെല്ലടിക്കുമ്പോള്‍ തിരിച്ചു വീട്ടിലേക്ക് പോകുന്നു. ഇതില്‍ ഏറ്റവും പ്രധാനമായ രണ്ടു ഘടകങ്ങളാണ് യൂണിഫോമും അച്ചടക്കവും.
പിന്നീട് രണ്ടാം ലോക മഹായുദ്ധക്കാലത് ഫാസിസിസ്‌റ് സഖ്യങ്ങള്‍ യൂണിഫോമും അച്ചടക്കവും ജനകീയമാക്കി, മിക്ക ജോലികളിലേക്കും സ്‌കൂളുകളിലേക്കും യൂണിഫോമും അച്ചടക്കവും കടന്നു വന്നു.
ഒന്നുകില്‍ യുദ്ധ കാലം, അല്ലെങ്കില്‍ യുദ്ധങ്ങള്‍ക്കിടക്കുള്ള കാലം, ഇതായിരുന്നു അന്ന് ലോകത്തിന്റെ സ്ഥായിയായ സ്ഥിതി. സ്‌കൂളുകള്‍ ഈ രണ്ടവസ്ഥകള്‍ക്ക് വേണ്ടിയുള്ള പരിശീലനമാണ്, ഒന്നുകില്‍ സ്‌കൂള്‍ കഴിഞ്ഞയുടനെ യുദ്ധത്തിന് പോകണം, അല്ലെങ്കില്‍ യുദ്ധ സാമഗ്രികളുണ്ടാക്കാനുള്ള ഫാക്ടറികള്‍ പോയി അച്ചടക്കത്തോടെ പണിയെടുക്കണം.
ഫലത്തില്‍ സ്‌കൂളുകള്‍ പട്ടാള പരിശീലന കളരികളായിരുന്ന കാലം. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം കൊണ്ടുവന്നപ്പോള്‍ അതിന്റെ കൂടെ ഇപ്പറഞ്ഞ അച്ചടക്കവും യൂണിഫോമും കൊണ്ടുവന്നു.
യൂണിഫോമിന് നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്ന അക്കാലത്തെ ന്യായീകരണമായിരുന്നു പാവപ്പെട്ടവനും പണക്കാരനും തമ്മില്‍ സ്‌കൂളില്‍ വ്യത്യാസം ഉണ്ടാകരുത് എന്നത്. അക്കാലത്ത് അതില്‍ ശരിയുമുണ്ടായിരുന്നു, നല്ല വസ്ത്രങ്ങള്‍ പണക്കാര്‍ക്ക് മാത്രം വാങ്ങാന്‍ കഴിയുന്ന സാഹചര്യം അടുത്ത കാലം വരെയുണ്ടായിരുന്നു. ഇതൊന്നും ഇന്ന് പ്രസക്തമല്ല
ഇന്ന് യുദ്ധകാലമോ യുദ്ധത്തിനിടയിലെ ഇടവേളകളോ അല്ല. അഥവാ യുദ്ധം വന്നാല്‍ പോലും അച്ചടക്കത്തോടെ മാര്‍ച്ച് ചെയ്ത് നീങ്ങുന്ന ഭടന്മാരല്ല യുദ്ധം നടത്തുന്നത്, ടെക്‌നോളോജിയാണ് ഡ്രോണുകളും റഡാറുകളും ബോംബറുമൊക്കെയാണ്.
ഫാക്ടറി ജോലികളില്‍ പഴയതു പോലെ ഒരു കണ്‍വെയര്‍ ബെല്‍റ്റിന്റെ ഒരു മൂലക്ക് സ്‌ക്രൂ തിരിക്കുന്നത് മനുഷ്യരല്ല, റോബോട്ടുകളാണ്. വസ്ത്രങ്ങള്‍ ഇന്ന് പണക്കാര്‍ക്കാര്‍ക്ക് മാത്രം വാങ്ങാന്‍ കഴിയുന്ന ഒരു ഉത്പന്നമല്ല. മാത്രമല്ല, പല സ്‌കൂളുകളിലെയും യൂണിഫോം ഇന്ന് സാധാരണക്കാര്‍ക്ക് ബാധ്യതയാണ്.
വസ്ത്രങ്ങള്‍ നോക്കി പണക്കാരനാണോ പാവപ്പെട്ടവനാണോ എന്ന പറയാന്‍ കഴിയുന്ന സ്ഥിതി ഇന്നില്ല. ലോകത്തിലെ മിക്ക രാജ്യങ്ങളും സ്‌കൂളുകളില്‍ നിന്ന് യൂണിഫോം എടുത്തു മാറ്റി കഴിഞ്ഞു, നൈറ്റ് പാന്റും ഹൂഡിയുമാണ് അവിടെയൊക്കെ പുതിയ തലമുറ സ്വയം തിരഞ്ഞെടുത്ത യൂണിഫോം, പല നിറങ്ങളില്‍, ഷേപ്പുകളില്‍.
സമ്പത്തില്‍ മാത്രമല്ല വൈവിധ്യം എന്ന ബോധ്യവും ആധുനികമാണ്. ചുരുണ്ട മുടി, നീണ്ട മുടി, അഴിച്ചിട്ട മുടി, മുടിയെ ഇല്ലാത്തവര്‍, കറുത്തവര്‍, വെളുത്തവര്‍, പല നിറക്കാര്‍, പല കഴിവുകള്‍ ഉള്ളവര്‍, പല കുറവുകള്‍ ഉള്ളവര്‍, ഇങ്ങനെ എല്ലാവരും ചേര്‍ന്നതാണ് സമൂഹം എന്നതും ഇതൊക്കെ കണ്ടാണ് കുട്ടികള്‍ വളരേണ്ടത് എന്നും അല്ലാതെ എല്ലാം മറച്ചു വച്ച് കൃതൃമായി ഉണ്ടാക്കിയെടുക്കുന്ന ഒരു ഏകത കണ്ടു കൊണ്ടല്ലെന്നുമാണ് ആധുനിക ചിന്ത.
മാത്രമല്ല, കുട്ടികള്‍ അവരുടെ രീതികള്‍ മറച്ചുവച്ചു മറ്റുള്ളവര്‍ പറയുന്നത് പോലെ ജീവിക്കുന്നത് അവരുടെ മാനസിക വളര്‍ച്ച മുരടിപ്പിക്കുമെന്നതും വസ്തുതയാണ്.
കുട്ടികള്‍ പേറുന്ന തെറ്റായ തുല്യത ബോധവും അവര്‍ക്കും സമൂഹത്തിനും നല്ലതല്ല. മാത്രമല്ല, പഠനത്തിനും ചിന്തക്കും മുകളില്‍ കാഴ്ചയെയും, കൗതുകത്തിനു മുകളില്‍ അനുസരണയെയും പ്രതിഷ്ഠിക്കേണ്ട സ്ഥലങ്ങളല്ല സ്‌കൂളുകള്‍.
എഞ്ചിനീയറിങ് കോളേജുകളിലും ബിരുദ ക്ലാസ്സുകളിലും ബിരുദാനന്തര ബിരുദ ക്ലാസ്സുകളിലും യൂണിഫോമും അച്ചടക്കവും അടിച്ചേല്‍പ്പിക്കുന്ന ഒരേയൊരു രാജ്യം ഒരു പക്ഷെ നമ്മുടേതായിരിക്കും. ഇരുപത് വയസ്സ് കഴിഞ്ഞവര്‍ക്കൊക്കെ കൃത്രിമമായ സാമ്പത്തിക സമത്വ ബോധവും ഫാക്ടറി അച്ചടക്കവും ഉണ്ടാക്കണമെന്ന ചിന്തയൊക്കെ എത്ര തലമുറ മുമ്പത്തേതായിരിക്കും.
ചില സ്വാശ്രയ എഞ്ചിനീയറിങ് കോളേജിലൊക്കെ പോയാല്‍ കുട്ടികളുടെ അടിമ ബോധം കണ്ടാല്‍ കരഞ്ഞു പോകും, നഴ്‌സറി കുട്ടികളെ പോലെയാണ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ നടത്തം. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും നടക്കാന്‍ പ്രത്യേകം വരാന്തകളുള്ള സ്വാശ്രയ കോളേജുകളുണ്ട്.
അച്ചടക്കവും ഒരു ബാധ്യതയാവുകയാണ്.
അച്ചടക്കം ആവശ്യമുള്ള ഫാക്ടറി ജോലികളില്‍ റോബോട്ടുകള്‍ മനുഷ്യരെ പുറത്താക്കി കഴിഞ്ഞു. ഇനിയുള്ളത് അച്ചടക്കം വേണ്ടാത്ത ജോലികളാണ്. അച്ചടക്കം വേണ്ടാത്ത ജോലികളില്‍ അച്ചടക്കം പഠിച്ചവര്‍ ഇടിച്ചു കയറിയതാണ് ഇപ്പോള്‍ ഇന്ത്യക്ക് ബാധ്യതയാകുന്നത്.
ഐ.ടി രംഗത്ത് ലക്ഷക്കണക്കിനാളുകള്‍ പണിയെടുത്തിട്ടും ഇന്ത്യക്ക് ലോകത്തിന്റെ മുമ്പില്‍ എടുത്തു കാണിക്കാനുള്ള ഒരു സോഫ്റ്റ്‌വെയര്‍ പോലും ഇല്ലാതായത് ഇത്തരം സ്‌കൂളില്‍ പഠിച്ചവര്‍ ഐ.ടി രംഗം കീഴടക്കിയത് കൊണ്ടാണ്.
ട്വിറ്ററിന്റെയും വാട്‌സ്ആപ്പിന്റെയും ലോഗോയും കളറും മാറ്റി സ്വന്തം സോഫ്റ്റ്‌വെയര്‍ പോലെ അവതരിച്ചിച്ചു സായൂജ്യം അടയുന്നതാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ഐ.ടി രംഗം. എ.ഐ വന്നതോടെ എന്നും പിരിച്ചു വിടലിന്റെ വിലാപങ്ങളാണ്.
കുട്ടികളോട്, നിങ്ങള്‍ എങ്ങനെ മുടി ചീകണമെന്നും, എന്ത് ധരിക്കണമെന്നും, എങ്ങനെ സംസാരിക്കണമെന്നും എന്ത് വായിക്കണമെന്നും ടീച്ചര്‍മാര്‍ തീരുമാനിക്കുമെന്നും, നിങ്ങള്‍ അതങ്ങ് അനുസരിച്ചാല്‍ മതി എന്നും ഇരുപത്തി രണ്ടു വയസ്സ് വരെ പഠിപ്പിച്ചിട്ട്, അത് കഴിയുമ്പോള്‍ നിങ്ങള്‍ സ്വന്തമായി ഓരോന്ന് കണ്ടു പിടിക്കണമെന്ന് പറഞ്ഞാല്‍ അവരെങ്ങനെ ചെയ്യാന്‍.
യൂണിഫോമും അച്ചടക്കവും സ്‌കൂളുകളില്‍ നിന്ന് എടുത്തു കളയുകയും നിരന്തരം ചോദ്യങ്ങള്‍ ചോദിക്കാനും പുതിയ കാര്യങ്ങള്‍ കണ്ടെത്താനും, എല്ലാറ്റിനുപരി പഴയ തലമുറയില്‍ പെട്ട ടീച്ചര്‍മാരെയും രക്ഷിതാക്കളെയും തിരുത്തുവാനുള്ള പ്രോത്സാഹനവും ധൈര്യവും അവരിലുണ്ടാക്കാനും കഴിഞ്ഞില്ലെങ്കില്‍ നമ്മുടെ വിദ്യാലയങ്ങള്‍ പുതിയ കാലത്തേക്ക് മനുഷ്യരെ തയ്യാറാക്കുന്ന സ്ഥാപനങ്ങളാണെന്ന് പറയാന്‍ കഴിയില്ല, പഴയ കാലം ഇനി തിരിച്ചു വരാനും പോകുന്നില്ല.
ഇത്തരം സ്‌കൂളുകള്‍ പടച്ചു വിടുന്ന ചിന്തിക്കാനും ചോദ്യം ചെയ്യാനും കഴിവില്ലാത്ത കുട്ടികള്‍ അവരവര്‍ക്കും രാജ്യത്തിനും ഒരു പോലെ ബാധ്യത മാത്രമാകും.
അര്‍ജുന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നു. ഹെബെല്‍ അന്‍വര്‍ ഒരു പാട് ഉയരങ്ങള്‍ കീഴടക്കട്ടെ എന്നാശംസിക്കുന്നു, ഹെലേന ടീച്ചര്‍ ഇനിയെങ്കിലും നല്ലൊരു വിദ്യാര്‍ഥിയാകട്ടെ എന്നും.