കൂട്ടത്തില്‍ പരിക്ക് പറ്റിയവനെ വഴിയില്‍ ഉപേക്ഷിച്ച് ഓടുന്ന കുറുനരികളുടെ സ്വഭാവമാണ് നല്ലതെന്ന് കരുതുന്നവരാണ് സോഷ്യല്‍ ഡാര്‍വിനിസ്റ്റുകള്‍. അക്രമവും ചൂഷണവും ന്യായീകരിക്കാന്‍ തോന്നും. ധാര്‍മികത എന്നത് ദുര്‍ബലര്‍ക്ക് പറയാനുള്ള ഒഴിവുകഴിവാകും. പട്ടിണിക്കാരെ ഭിക്ഷാടന മാഫിയ എന്നു വിളിക്കും, നിത്യ രോഗികളോട് വേഗം മരിച്ചൂടെ എന്ന് ചോദിക്കും | ഫാറൂഖ് എഴുതുന്നു
‘ഡൂള്‍ന്യൂസില്‍ എഴുതുന്ന നിരീക്ഷകനല്ലേ ?’ നിരീക്ഷകനെന്ന വിളി ഇഷ്ടപ്പെട്ടില്ല, എന്നാലും മറുപടി കൊടുക്കാമെന്ന് തീരുമാനിച്ചു, എന്തൊക്കെയായാലും ഞാന്‍ എഴുതുന്നത് വായിക്കാന്‍ സമയം കണ്ടെത്തിയ ഒരാളായിരിക്കുമല്ലോ. ‘എഴുതാറുണ്ട്, നിരീക്ഷകനല്ല’ ഞാന്‍ പറഞ്ഞു.
മുന്‍പൊക്കെ എഴുതുന്നവരെ മുഴുവന്‍ സാംസ്‌കാരിക നായകര്‍ എന്നായിരുന്നു വിളിച്ചു കൊണ്ടിരുന്നത്. എം.എന്‍ വിജയനാണെന്നു തോന്നുന്നു ഒരിക്കല്‍ ആ വാക്കിനെ പരിഹസിച്ചു കൊണ്ട് സാംസ്‌കാരിക നായന്മാര്‍ എന്ന് വിളിച്ചത്. അതോടെ ആ വാക്കിന്റെ ഉപയോഗം കുറഞ്ഞു.
പിന്നീട് വൈകിട്ടത്തെ ടെലിവിഷന്‍ ഡിബേറ്റില്‍ വരുന്നവരെ പൊതുവായി ഒന്നും വിളിക്കാന്‍ ഇല്ലാത്തത് കൊണ്ടായിരിക്കും നിരീക്ഷകര്‍ എന്ന് വിളിക്കാന്‍ തുടങ്ങിയത്. നിരീക്ഷകര്‍, അവരുടെ നിരീക്ഷണങ്ങള്‍ കൊണ്ട് തന്നെ അപഹാസ്യരായി തുടങ്ങിയതോടെ നിരീക്ഷകര്‍ എന്ന വിളിയും അപഹാസ്യമായി.
‘ഒ കെ, ഫലസ്തീന്‍ വിഷയത്തില്‍ താങ്കള്‍ സ്ഥിരമായി എഴുതുന്നത് ഞാന്‍ വായിക്കാറുണ്ട്’
‘താങ്ക്‌സ്, സ്ഥിരമായി ആ വിഷയം എഴുതാറില്ല, രണ്ടു മൂന്നു പ്രാവശ്യം എഴുതിയിട്ടുണ്ട്, അതും വര്ഷങ്ങളുടെ ഇടവേളയില്‍’ ഞാന്‍ പറഞ്ഞു. പിന്നെ വന്നത് ഒരു വെല്ലുവിളിയാണ്. ‘ശരി, ഫലസ്തീന്‍ വിഷയത്തില്‍ ഞാനുമായി ഒരു ഓണ്‍ലൈന്‍ ഡിബേറ്റിന് തയ്യാറുണ്ടോ’ , ആദ്യമായാണ് വാട്‌സാപ്പിലൂടെ ഒരാള്‍ വെല്ലുവിളിക്കുന്നത്.
സംവാദം, അഥവാ ഡിബേറ്റ്, ഒരു സ്‌പോര്‍ട്‌സ് എന്ന നിലയില്‍ കുറെ കാലം ഞാന്‍ ആസ്വദിച്ചിരുന്നു. ആദ്യമൊക്കെ സംവാദങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കാനൊക്കെ നല്ലതാണ് എന്ന് കരുതിയിരുന്നു , പോകെ പോകെ അത് വാക്കുകള്‍ കൊണ്ടുള്ള ബോക്‌സിങ് ആണെന്നും നന്നായി പ്രാക്റ്റീസ് ചെയ്യുന്നവര്‍ക്ക് ജയിക്കാനുള്ളതെയുള്ളൂ എന്നും മനസ്സിലായി.
ഒരിക്കല്‍ ഒരു കൂട്ടുകാരന്‍ സാക്കിര്‍ നായിക്ക് മുംബയില്‍ നടത്തുന്ന ഒരു ഡിബേറ്റ് പരിശീലന കളരിയിലേക്ക് നിര്‍ബന്ധിച്ചു കൊണ്ട് പോയ കഥ മുമ്പ് ഇവിടെ പറഞ്ഞിട്ടുണ്ട്. മനസ്സ് എത്തുന്നിടത്ത് നാക്കെത്തണം, നാക്കെത്തുന്നിടത്ത് മനസ്സെത്തണം, പന്തി പഴുത് കണ്ടാല്‍ പരിച്ചക്ക് വെട്ടിയൊഴിഞ്ഞതാണെന്ന് മനസ്സിലാക്കാനുള്ള പഠിപ്പെങ്കിലും തികയണം, പരിശീലനമാണ് മുഖ്യം. ഇത്രയും കഷ്ടപ്പെട്ട് ഡിബേറ്റ് പരിശീലനം നേടിയ ഒരാളാണ് രാവിലെ അങ്കത്തിന് വിളിക്കുന്നത്, എന്തിനാവും?
ഞാനാണെങ്കിലോ, ജീവിതത്തില്‍ ഒരു ഡിബേറ്റും നടത്തിയിട്ടില്ല, ഒരു തര്‍ക്കത്തിലും ജയിച്ചിട്ടുമില്ല, എന്റെ ജോലിക്ക് ആ സ്‌കില്‍ ഒരിക്കലും ആവശ്യം വരില്ല എന്ന് തോന്നിയത് കൊണ്ടാവും, ഒരിക്കലും പരിശീലിച്ചിട്ടുമില്ല. സുഹൃത്തുക്കളുമായി തര്‍ക്കിക്കാന്‍ പോകാറില്ല, ഭാര്യയുമായി ചിലപ്പോഴൊക്കെ തര്‍ക്കമുണ്ടാകും, അതില്‍ എന്നും ദയനീയമായി തോറ്റിട്ടേ ഉള്ളൂ.
സാക്കിര്‍ നായിക്ക്
‘സാക്കിര്‍ നായിക്ക് ഫോര്മാറ്റിലുള്ള ഡിബേറ്റ് ആണോ’ ഞാന്‍ ചോദിച്ചു. സാധാരണ മനുഷ്യര്‍ തര്‍ക്കിക്കുന്ന പോലെയല്ല സാക്കിര്‍ നായിക് ഫോര്‍മാറ്റ്. അതില്‍ ആദ്യം ഇരുപത് മിനുട്ട് ഒരാള്‍ സംസാരിക്കും, അടുത്തയാള്‍ ഇരുപത് മിനിറ്റ്, പിന്നെ ആദ്യത്തെയാള്‍ പത്തു മിനിറ്റ്, പിന്നെ രണ്ടാമത്തെയാള്‍ പത്തു മിനിറ്റ്. പൊതു ചോദ്യങ്ങള്‍ക്ക് ഒരു പത്ത് മിനിറ്റ്. അതാണ് സാക്കിര്‍ നായിക്ക് ഫോര്‍മാറ്റ്.
സാക്കിര്‍ നായിക്കാണു ഈ ഫോര്‍മാറ്റ് കണ്ടു പിടിച്ചത്. ഡിബേറ്റ് കഴിഞ്ഞാല്‍ രണ്ടു ടീമിന്റെയും ആരാധകര്‍ തങ്ങളുടെ ടീം ജയിച്ചേ എന്ന് പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടും. രണ്ടു കൂട്ടരും അവരവരുടെ യൂട്യൂബ് ചാനലില്‍ വീഡിയോ അപ്ലോഡ് ചെയ്യും.
മനുഷ്യര്‍ പലവിധമാണ്, അത് പോലെ അവരുടെ ചിന്തകളും നിലപാടുകളും.
യൂട്യൂബുകാര്‍ അത്യാവശ്യം തരക്കേടില്ലാത്ത ഒരു തുക രണ്ടു കൂട്ടര്‍ക്കും കൊടുക്കുമായിരുന്നു മുമ്പ്. പുതിയ അല്‍ഗോരിതം വന്നതോടെ യൂട്യൂബുകാര്‍ ഇപ്പോള്‍ നക്കാപ്പിച്ചയാണ് കൊടുക്കുന്നത് എന്നാണ് ഈ രംഗത്ത് പരിചയമുള്ളവര്‍ പറയുന്നത്. ഒരു ജോലിയും കൂലിയും ഇല്ലാത്തവന്മാരാണ് ഇത്തരം ചാനലുകള്‍ കാണുന്നതെന്നും അവര്‍ക്ക് പരസ്യം കാണിച്ചിട്ട് കാര്യമില്ല എന്നുമാണ് യൂട്യൂബിന്റെ ന്യായം. ഏതായാലും തൊഴിലുറപ്പിനു പോകുന്നതിനേക്കാള്‍ സാമ്പത്തികയായി മെച്ചമാണ് യൂട്യൂബ് ഡിബേറ്റ്.
‘അതെ’, അയാള്‍ പറഞ്ഞു. ‘ഏതു യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്യും’ ഞാന്‍ ചോദിച്ചു. സ്വന്തമായി ചാനലുണ്ട്, അതില്‍ പോസ്റ്റ് ചെയ്യാം എന്ന് അയാള്‍ പറഞ്ഞു. സ്വതന്ത്ര ചിന്തകര്‍ക്ക് പൊതുവായുള്ള പല ചാനലുകളില്‍ ഒന്നിലും പോസ്റ്റ് ചെയ്യാം, ‘താങ്കള്‍ക്ക് വേണമെങ്കില്‍ സ്വന്തം ചാനലിലും പോസ്റ്റ് ചെയ്യാം’, അയാള്‍ ഒരു വാഗ്ദാനം മുന്നോട്ട് വച്ചു. ‘എനിക്ക് ചാനലില്ല’ ‘എങ്കില്‍ ഫേസ്ബുക് വീഡിയോ ആയി പോസ്റ്റ് ചെയ്‌തോളൂ’ അയാള്‍ നിര്‍ദേശിച്ചു. ‘എനിക്ക് ഫേസ്ബുക് അക്കൗണ്ടില്ല’ ‘എങ്കില്‍ ഞങ്ങളുടെ ചാനലില്‍ ആ വീഡിയോ വഴി കിട്ടുന്ന വരുമാനം ഷെയര്‍ ചെയ്യാം ‘, അയാള്‍ തുറന്നു പറഞ്ഞു.
‘നിങ്ങള്‍ക്ക് ഈ രംഗത്ത് പരിചയമുള്ള ആരെയെങ്കിലും വിളിച്ചൂടെ’, അവസാനം ഞാന്‍ കാര്യം പറഞ്ഞു.
അയാള്‍ കുറെ കൂടി നിര്‍ബന്ധിച്ചു, ഫലസ്തീന്‍ വിഷയത്തിന് നല്ല മാര്‍ക്കറ്റ് ആണ്, ഒരു പാട് വ്യൂവേഴ്‌സ് ഉണ്ട് എന്നൊക്കെ പറഞ്ഞു. എനിക്കതറിയാം. പിയേഴ്‌സ് മോര്‍ഗന്‍ , മെഹ്ദി ഹസ്സന്‍, ബെന്‍ ഷാപിറോ, ഡേവ് സ്മിത്ത് തുടങ്ങിയവര്‍ കോടികളുണ്ടാക്കുന്നത് പലസ്തീന്‍ വിറ്റിട്ടാണ്. കേരളത്തിലും കുറെ പേര്‍ അങ്ങനെ ജീവിക്കുന്നുണ്ട്. അതൊക്കെ അവരുടെ കാര്യം. ആളുകള്‍ എന്തൊക്കെ ജോലി ചെയ്യുന്നു, അതൊലൊക്കെ നമുക്കെന്ത് കാര്യം.
‘ഒരു കാര്യം ചോദിക്കട്ടെ, തുറന്നു ചോദിക്കുന്നത് കൊണ്ട് വേറൊന്നും കരുതരുത്. യൂട്യൂബ് വരുമാനം മാത്രമാണോ താങ്കളുടെ ലക്ഷ്യം, അതോ മറ്റെന്തെങ്കിലും’ . ഞാന്‍ ചോദിച്ചു.
അങ്ങനെ ചോദിയ്ക്കാന്‍ കാരണമുണ്ട്. ഡിബേറ്റ് ചെയ്യുന്നത് എളുപ്പമല്ല. .വേറെ ജോലിയോ കുടുംബമോ ഉള്ളവര്‍ക്ക് നടക്കില്ല. ദിവസവും ഈ വിഷയത്തില്‍ വരുന്ന വാര്‍ത്തകളും വിശകലനങ്ങളും മുഴുവന്‍ വായിക്കണം, അതിന് തന്നെ ദിവസം ഒന്ന് രണ്ടു മണിക്കൂര്‍ വേണം. മറ്റുള്ള ഡിബേറ്റുകള്‍ കാണണം, പോയിന്റുകള്‍ നോട്ട് ചെയ്യണം. എതിരാളികള്‍ പറയാന്‍ സാധ്യതയുള്ള പോയിന്റുകളും അതിന്റെ മറുപടികളും പ്രാക്റ്റീസ് ചെയ്യണം, മറുപടി പറയാന്‍ കഴിയാത്തതെന്ന് ഉറപ്പുള്ള ചോദ്യങ്ങള്‍ക്ക് ഒഴിവു കഴിവുകളും വാട്ട്അബൗറ്ററികളും പഠിച്ചു വക്കണം. ഇതിനൊക്കെ മാത്രമുള്ള പണം യൂട്യൂബില്‍ നിന്ന് കിട്ടുമോ.
‘ഇല്ല’ അയാള്‍ പറഞ്ഞു. ഇത് എന്റെ നിലപാടാണ്. ഇസ്രഈലിന് ഐക്യദാര്‍ഢ്യം കൊടുക്കേണ്ടത് നമ്മുടെ കടമയാണ്, അതിന് വേണ്ടിയാണ് ഈ ഡിബേറ്റ്.
‘നിലപാട് ഓക്കേ, പക്ഷെ ഐക്യ ദാര്‍ഢ്യം എന്തിനാണ്’ എതിര്‍ നിലപാടുകാരെ ക്യാന്‍സല്‍ ചെയ്യുന്ന ക്യാന്‍സല്‍ കള്‍ച്ചറുകാരില്‍ ഞാന്‍ പെടില്ല. പല പല നിലപാടുകളുള്ള ആള്‍ക്കാരുണ്ട്, ഒരാള്‍ തന്നെ ജീവിതം മുഴവന്‍ ഒരേ നിലപാടോടെ ജീവിക്കണമെന്നുമില്ല.
ബ്രിട്ടീഷുകാര്‍ ഭരിക്കുന്നതാണ് ഇന്ത്യക്ക് നല്ലത് എന്ന് കരുതിയിരുന്ന ഒട്ടേറെ പേര്‍ സ്വാതന്ത്ര്യ സമരകാലണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കേരളത്തില്‍ പോലും ലോയല്‍റ്റി മാര്‍ച്ചുകള്‍ നടന്നിട്ടുണ്ട്.
ഇന്ത്യ തലച്ചോറില്ലാത്തവരുടെ രാജ്യമാണ്, അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കിയാല്‍ രാജ്യം തെമ്മാടികളുടെയും കള്ളന്മാരുടെയും യാചകരുടെയും കയ്യില്‍ കിടന്ന് നശിച്ചു പോകുമെന്ന് ചര്‍ച്ചില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പറഞ്ഞപ്പോള്‍ അതിനെ അനുകൂലിച്ചവര്‍ ലോകം മുഴുവന്‍ ഉണ്ടായിരുന്നു.
ദക്ഷിണാഫ്രിക്കയിലെ വര്‍ണ വിവേചനം നിലനിര്‍ത്താന്‍ യൂറോപ്പിലെയും അമേരിക്കയിലെയും പത്രങ്ങള്‍ അവസാന നിമിഷം വരെ എഡിറ്റോറിയലുകളും ലേഖനങ്ങളും എഴുതിക്കൊണ്ടേയിരുന്നു. ജര്മന്കാര് ദശലക്ഷക്കണക്കിന് ജൂതരെ ഗ്യാസടിച്ചു കൊന്നുകൊണ്ടിരുന്നപ്പോള്‍ ഇന്ത്യയില്‍ നിന്ന് ബര്‍ലിന്‍ വരെ പോയി ഹിറ്റ്‌ലറോടുള്ള ആരാധനാ നേരിട്ട് അറിയിച്ച മാന്യന്മാര്‍ അന്ന് ഇന്ത്യയിലുണ്ടായിരുന്നു.
മുസ്സോളനിയുടെ ടീമിന്റെ യൂണിഫോം കോപ്പിയടിച്ചാണ് നമ്മുടെ ഒരു പ്രമുഖ സംഘടനാ യൂണിഫോം ഉണ്ടാക്കിയത്. യൂറോപ്യന്മാര്‍ ലോകം മുഴുവന്‍ നടന്നു കോളനികളുണ്ടായിക്കൊണ്ടിരുന്ന കാലം ആരും അവരെ പിന്തുണാനില്ലായിരുന്നു എന്ന് കരുതരുത്. മനുഷ്യര്‍ പലവിധമാണ്, അത് പോലെ അവരുടെ ചിന്തകളും നിലപാടുകളും.
പക്ഷെ ഐക്യദാര്‍ഢ്യം അങ്ങനെയല്ല, ആ വാക്ക് തന്നെ ദുര്‍ബലരോട് ഐക്യപ്പെടുന്നതിനാണ്. ശക്തരുടെയും പണക്കാരുടെയും കൂടെ നടക്കുന്നതിന് നാട്ടില്‍ വേറെ വാക്കുണ്ട് , അതിവിടെ പറയുന്നില്ല. ചെയ്യുന്നത് ശരിയാണെങ്കിലും തെറ്റാണെങ്കിലും ഇസ്രഈല്‍ ദുര്‍ബലരല്ല.
അമേരിക്കയും യൂറോപ്പും അവരുടെ കൂടെയുണ്ട്, പണമുണ്ട്, ആയുധങ്ങളുണ്ട്, ടെക്‌നോളോജിയുണ്ട്, ലോകത്ത് എവിടെയും പോയി ആരെയും കൊല്ലാന്‍ പരിശീലനം സിദ്ദിച്ച നൂറു കണക്കിന് പ്രൊഫഷണല്‍ കില്ലര്‍മാരുള്ള മൊസാദ് ഉണ്ട്, അറപ്പില്ലാതെ കൊല്ലാന്‍ കഴിവും മനസ്സുമുള്ള സെറ്റ്ലര്‍മാരും ഐ.ഡി.എഫുകാരുമുണ്ട്. അവര്‍ക്കെന്തിനാണ് പാവപ്പെട്ട, യൂട്യൂബ് വരുമാനം കൊണ്ട് ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു പാവം മലയാളിയുടെ ഐക്യദാര്‍ഢ്യം.
‘അഞ്ചാറു ചോദ്യങ്ങള്‍ ചോദിച്ചോട്ടെ’ ഞാന്‍ അയാളോട് ചോദിച്ചു. ‘നോ പ്രോബ്ലം’ അയാള്‍ പറഞ്ഞു.
‘കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിധരുടേതെന്ന് പറഞ്ഞു പ്രചരിക്കുന്ന ഫോട്ടോകള്‍ മറ്റസുഖങ്ങള്‍ വന്ന കുട്ടികളുടെതാണ്, എന്‍ഡോസള്‍ഫാന്‍ ബാധിതരുടെയല്ല എന്ന അഭിപ്രായമുണ്ടോ’ ഞാന്‍ ചോദിച്ചു.’തീര്‍ച്ചയായും. അതൊക്കെ സര്‍ക്കാരിനെ പറ്റിച്ചു സഹായം തട്ടാനുള്ള ഒരു മാഫിയാ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് എന്ന് ആര്‍ക്കാണറിയാത്തത്’ ‘ അയാള്‍ പെട്ടെന്ന് മറുപടി പറഞ്ഞു.
‘പിന്നോക്കക്കാര്‍ക്കുള്ള റിസര്‍വേഷന്‍ നിര്‍ത്തണമെന്ന് അഭിപ്രായമുണ്ടോ’ . ഞാന്‍ അടുത്ത ചോദ്യം ചോദിച്ചു. ‘തീര്‍ച്ചയായും, അവര്‍ക്ക് കഴിവുണ്ടെങ്കില്‍ അവര്‍ മെറിറ്റിലൂടെ ഉയര്‍ന്നു വരട്ടെ, അതല്ലേ ശരി’ അടുത്തത് , ‘മിനിമം വേജ് വേണ്ട എന്ന അഭിപ്രായമുണ്ടോ’ ‘എന്താ സംശയം, കൊടുക്കുന്ന കൂലി പോരെങ്കില്‍ തൊഴിലാളിക്ക് നല്ല കൂലി കിട്ടുന്ന വേറെ സ്ഥലം നോക്കി പോകാമല്ലോ’
‘ഗാന്ധിയെ കൊല്ലാന്‍ ഗോഡ്‌സെക്ക് ഒരു പാട് നല്ല ന്യായങ്ങള്‍ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നുണ്ടോ.’ ‘ഉണ്ട്, തീര്‍ച്ചയായും നമ്മള്‍ അത് മനസ്സിലാക്കിയിരിക്കേണ്ടതാണ്’ ‘പുസ്തകം വായിക്കുന്നത് സമയം പാഴാക്കലാണെന്നും, പകരം ഗൂഗിള്‍ നോക്കി വസ്തുതകള്‍ മനസ്സിലാക്കുന്നതാണ് നല്ലത് എന്നും അഭിപ്രായമുണ്ടോ’ ‘ഉണ്ട്, ഞങ്ങളൊക്കെ അതാണ് ചെയ്യുന്നത്’
‘മുണ്ടക്കൈ ദുരന്തത്തിന്റെ ഇരകള്‍ മലഞ്ചെരുവില്‍ താമസിച്ചത് കൊണ്ടാണ് ദുരന്തമുണ്ടായത് എന്നും അത് കൊണ്ട് സഹായധനം കൊടുക്കേണ്ട ആവശ്യമില്ല എന്നും അഭിപ്രായമുണ്ടോ’ ‘അതങ്ങനെ ഒറ്റവാക്കില്‍ ഉത്തരം പറയാന്‍ കഴിയുന്ന ചോദ്യമല്ല’ ‘രവിചന്ദ്രന്റെ ശിഷ്യനാണോ’ ‘അതെ’, അയാള്‍ പറഞ്ഞു.
സംഭാഷണം അവസാനിക്കാക്കുന്നതിന് മുമ്പ് ഞാന്‍ അയാളോട് ചോദിച്ചു,’സോഷ്യല്‍ ഡാര്‍വിനിസം എന്താണെന്ന് അറിയാമോ’ ‘ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം അറിയാം, ഇത് ഓര്‍മയില്ല’
‘ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിലെ സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ് എന്ന തിയറിയുടെ വക്രീകരിച്ച രൂപമാണ് സോഷ്യല്‍ ഡാര്‍വിനിനിസം.
സമൂഹത്തില്‍ ശക്തിയുള്ളവര്‍ക്കേ നില നില്ക്കാന്‍ അവകാശമുള്ളൂ എന്നും ദുര്ബലര്‍, അത് വ്യക്തിയായാലും സമൂഹമായാലും നശിച്ചു പോകട്ടെ എന്നുമുള്ള ദുര്‍വിചാരമാണ് സോഷ്യല്‍ ഡാര്‍വിനിസം. മനുഷ്യര്‍ സഹസ്രാബ്ദങ്ങള്‍ കൊണ്ട് ആര്‍ജിച്ച ദയ, കരുണ തുടങ്ങിയ വികാരങ്ങള്‍ അത് തള്ളിക്കളയുന്നു’ ഞാന്‍ ഏറ്റവും ചുരുങ്ങിയ രീതിയില്‍ വിശദീകരിച്ചു.
സോഷ്യല്‍ ഡാര്‍വിനിസം മനുഷ്യനിലെ എമ്പതി ഇല്ലാതാക്കും. ദാരിദ്ര്യവും രോഗങ്ങളും ബലഹീനതയുമൊക്കെ നശിപ്പിക്കടേണ്ടവര്‍ക്ക് പ്രകൃതി നല്‍കിയ ദുര്ബലതയുടെ ലക്ഷണങ്ങളാണെന്നും അവരോട് പ്രത്യേകിച്ച് കരുണ തോന്നേണ്ട ആവശ്യമില്ലെന്നും തോന്നും.
കൂട്ടത്തില്‍ പരിക്ക് പറ്റിയവനെ വഴിയില്‍ ഉപേക്ഷിച്ചു ഓടുന്ന കുറുനരികളുടെ സ്വഭാവമാണ് നല്ലതെന്ന് കരുതുന്നവരാണ് സോഷ്യല്‍ ഡാര്‍വിസിന്റുകള്‍. അക്രമവും ചൂഷണവും ന്യായീകരിക്കാന്‍ തോന്നും. ധാര്‍മികത എന്നത് ദുര്‍ബലര്‍ക്ക് പറയാനുള്ള ഒഴിവുകഴിവാകും. പട്ടിണിക്കാരെ ഭിക്ഷാടന മാഫിയ എന്നു വിളിക്കും, നിത്യ രോഗികളോട് വേഗം മരിച്ചൂടെ എന്ന് ചോദിക്കും.
‘ഞാന്‍ അങ്ങനെയാണെന്നാണോ പറഞ്ഞു വരുന്നത്’ , അയാള്‍ ചോദിച്ചു. ‘അതിനു പല ഘട്ടങ്ങള്‍ ഉണ്ട്. താങ്കള്‍ക്ക് തുടക്കമാണെന്ന് തോന്നുന്നു. ഇത് കൂടുന്നതോടെ സമൂഹത്തില്‍ ദുര്‍ബലര്‍, വയോധികര്‍, കിടപ്പ് രോഗികള്‍, വൈകല്യമുള്ളവര്‍ തുടങ്ങിയവരെയൊക്കെ എന്തിനാണ് ജീവിക്കാന്‍ വിടുന്നത് എന്ന് തോന്നി തുടങ്ങും. മൂര്‍ഛിക്കുമ്പോള്‍ അക്രമവാസന കൂടും, തങ്ങളുടെ കുടുംബത്തിലും ഇത്തരം ദുര്ബലര്‍ ഉണ്ടാകുമല്ലോ.
”താങ്കള്‍ ഇംഗ്ലീഷ് സിനിമ കാണാറുണ്ടോ’ പെട്ടെന്ന് വിഷയം മാറ്റാന്‍ ഞാന്‍ അയാളോട് ചോദിച്ചു. ‘ചിലപ്പോഴൊക്കെ’ അയാള്‍ പറഞ്ഞു. ‘പറ്റുമെങ്കില്‍ അമേരിക്കന്‍ ഹിസ്റ്ററി എക്‌സ്’ ( 1998 ) ,’ദി ബിലിവര്‍ (2001 )’ എന്നീ സിനിമകള്‍ കാണാന്‍ ശ്രമിക്കണം. ഏതായാലും ഞാന്‍ ഡിബേറ്റിന് ഇല്ല, ക്ഷണിച്ചതിന് നന്ദി. ‘ ഞാന്‍അവസാനിപ്പിച്ചു .
പിന്നീട് ദി-ബിലിവറില്‍ സോഷ്യല്‍ ഡാര്‍വിനിസ്റ്റായ പ്രോട്ടോഗാനിസ്റ്റ് പറയുന്ന ഒരു വാചകം ഞാന്‍ അയാള്‍ക്ക് അയച്ചു കൊടുത്തു. ‘ദൗര്‍ബല്യം കുറ്റമാണ്, ശക്തിയാണ് നന്മ. നിങ്ങള്‍ ശക്തരല്ലെങ്കില്‍ നശിപ്പിക്കപ്പെടാന്‍ യോഗ്യരാണ്’