ഹിന്ദു, ക്രിസ്ത്യന്‍ സ്ത്രീകള്‍ പിന്തുടര്‍ച്ചാവകാശത്തില്‍ തുല്യത നേടി, മുസ്‌ലിം സ്ത്രീകള്‍ക്ക് മാത്രം നീതി വൈകുന്നതെന്ത് ?
Gender Equality
ഹിന്ദു, ക്രിസ്ത്യന്‍ സ്ത്രീകള്‍ പിന്തുടര്‍ച്ചാവകാശത്തില്‍ തുല്യത നേടി, മുസ്‌ലിം സ്ത്രീകള്‍ക്ക് മാത്രം നീതി വൈകുന്നതെന്ത് ?
ഫാറൂഖ്
Sunday, 16th August 2020, 1:55 pm
നന്നായി വായിക്കുകയും എഴുതുകയും ചെയ്യുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ ഒരു പാടുണ്ട്, അവരില്‍ അരുന്ധതി റോയിമാര്‍ ഉണ്ടായേക്കാം. പക്ഷെ മുസ്‌ലിം സ്ത്രീകളില്‍ നിന്ന് ഒരു മേരി റോയ് ഉയര്‍ന്നു വരാന്‍ ഇനിയും എത്ര കൊല്ലം കാത്തിരിക്കണം ?

മലയാള മാധ്യമങ്ങളില്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന ഒരു വിധി ഈയാഴ്ച സുപ്രീം കോടതിയില്‍ നിന്നുണ്ടായി. ഹിന്ദു സ്ത്രീകള്‍ക്ക് അവരുടെ പൂര്‍വികരുടെ സ്വത്തില്‍ പുരുഷന്മാരുടേതിന് തുല്യമായ അവകാശം ഉണ്ടെന്ന 2005 ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിന് മുന്‍കാല പ്രാബല്യം ഉണ്ടെന്നായിരുന്നു വിധിയുടെ കാതല്‍.

കേരളത്തില്‍ ഈ വിധി കാര്യമായ പ്രതികരണങ്ങള്‍ ഉണ്ടാക്കാതിരുന്നതിന് കാരണം പ്രായോഗികമായി ഈ വിധി കേരളമുള്‍പ്പടെ ചില സംസ്ഥാനങ്ങളില്‍ മുമ്പ് തന്നെ നടപ്പാക്കപ്പെട്ടത് കൊണ്ടാണ്.

ഈ വിധിയെ വിശകലനം ചെയ്യാനല്ല ഉദ്ദേശിക്കുന്നത്, അത് നിയമ വിദഗ്ദ്ധര്‍ ചെയ്യട്ടെ. പക്ഷെ ഈ വിധിയെ പറ്റി വായിക്കുമ്പോള്‍ നമ്മള്‍ സാധാരണക്കാരുടെ മനസ്സില്‍ വരുന്ന ഒരു ചോദ്യം ഹിന്ദു സ്ത്രീകള്‍ക്ക് ഇതേ വരെ സമത്വം ഇല്ലായിരുന്നോ എന്നും 2005 ലാണോ ആദ്യമായി തുല്യ സ്വത്തവകാശം നല്‍കിയിട്ടുള്ളൂ എന്നുമാണ്.

ഇതിനെ പറ്റി വായിച്ചു വരുമ്പോളാണ് സമത്വം എന്നത് എത്ര പുതിയ ഒരാശയമാണ് മനുഷ്യനെ സംബന്ധിച്ചിടത്തോളം എന്ന് മനസ്സിലാവുക. ആയിരക്കണക്കിന് അല്ലെങ്കില്‍ ലക്ഷക്കണക്കിന് കൊല്ലങ്ങള്‍ നീണ്ട മനുഷ്യ ജീവിതത്തില്‍ സമത്വം എന്ന സങ്കല്പം വന്നിട്ട് കുറച്ചു വര്‍ഷങ്ങളെ ആയിട്ടുള്ളൂ എന്നത് നമ്മെ അത്ഭുതപ്പെടുത്തും.

എബ്രഹാം ലിങ്കണ്‍ അടിമത്തം നിരോധിക്കുന്നത് വരെ ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ അടിമയാക്കി വെക്കുന്നതില്‍ യാതൊരു അസ്വാഭാവികതയും മനുഷ്യര്‍ക്ക് തോന്നിയിട്ടില്ല, അക്കൂട്ടത്തില്‍ ആ കാലഘട്ടങ്ങളില്‍ ജീവിച്ച മഹാന്മാരും പെടും. അതിനു ശേഷവും പല രാജ്യങ്ങളിലും അടിമത്തം നിയമവിധേയമായിരുന്നു. 1962 വരെ അടിമത്തം നിയമ വിധേയമായ രാജ്യങ്ങളുണ്ടായിരുന്നു.

അടിമത്തം മാത്രമല്ല മനുഷ്യര്‍ക്കിടയില്‍ നിലനിന്ന അസമത്വങ്ങള്‍, തൊട്ടു കൂടായ്മ, ജാതി സമ്പ്രദായം, രോഗികളോടുള്ള വിവേചനം, വര്‍ണ വിവേചനം, ആന്റി സെമിറ്റിസം, റേസിസം തുടങ്ങി നിരവധിയുണ്ട്. അതിലേറ്റവും പ്രബലവും സര്‍വവ്യാപിയുമായതുമാണ് സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനം.

1718 ലാണ് അമേരിക്കയിലെ ഏതെങ്കിലും ഒരു സ്റ്റേറ്റില്‍, പെന്‍സില്‍വാനിയ, സ്ത്രീകള്‍ക്ക് സ്വന്തമായി സ്വത്ത് കൈവശം വക്കാമെന്ന നിയമം വരുന്നത്, അതും കല്യാണം കഴിഞ്ഞവര്‍ക്ക് മാത്രം. 1850 ല്‍ ഒറിഗോണ്‍ സ്റ്റേറ്റിലാണ് കല്യാണം കഴിക്കാത്ത സ്ത്രീക്കും സ്വന്തമായി സ്വത്ത് കൈവശം വക്കാം എന്ന നിയമം വരുന്നത്. 1920ല്‍ മാത്രമാണ് അമേരിക്കയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കുന്നത്.

അമേരിക്കയുടെ മാത്രം സ്ഥിതിയല്ല ഇത്, എഴുതപ്പെട്ട കൃത്യമായ ചരിത്രം ഉള്ളത് കൊണ്ട് ഉദാഹരണമായി പറഞ്ഞു എന്നേയുള്ളൂ. സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനത്തിന്റെ കാര്യത്തില്‍ എല്ലാ രാജ്യങ്ങളും മത്സരിക്കുകയായിരുന്നു. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍, മതങ്ങള്‍ക്കനുസരിച്ചു സിവില്‍ നിയമങ്ങളുള്ള ഇന്ത്യയില്‍ പ്രധാന മതങ്ങളിലൊന്നും സ്ത്രീകള്‍ക്ക് തുല്യ പിന്തുടര്‍ച്ചാവകാശം ഉണ്ടായിരുന്നില്ല. പിന്നീട് വന്ന വിവിധ ബില്ലുകളിലൂടെയും വിധികളിലൂടെയുമാണ് ക്രമേണ ഈ അവകാശങ്ങള്‍ വരുന്നത്.

1950 ല്‍ അംബേദ്കറിന്റെയും നെഹ്റുവിന്റെയും ശ്രമഫലമായി വന്ന ഹിന്ദു കോഡ് ആദ്യമായി ഹിന്ദു സ്ത്രീകള്‍ക്ക് സ്വത്തവകാശം നല്‍കുന്നത്, കേരളത്തില്‍ മരുമക്കത്തായം നിലനിന്നത് ഒഴിച്ച് നിര്‍ത്തിയാല്‍. വിവാഹമോചനത്തിനുള്ള അവകാശം, വിധവകള്‍ക്കുള്ള സ്വത്തവകാശം തുടങ്ങിയവയും ഹിന്ദു കോഡിന്റെ ഭാഗമായി വന്നു.

യാഥാസ്ഥിതികരുടെ ഇടയില്‍ നിന്നുള്ള വലിയ പ്രതിഷേധത്തെ അതിജീവിച്ചാണ് ഹിന്ദു കോഡ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. ഹിന്ദു സമൂഹത്തിന്റെ മേല്‍ വന്നു പതിച്ച ആറ്റം ബോംബാണ് ഹിന്ദു കോഡ് എന്നാണ് ആര്‍.എസ്.എസ് അന്ന് ഹിന്ദുകോഡിനെ വിശേഷിപ്പിച്ചത്.

ക്രിസ്ത്യന്‍ സ്ത്രീകളുടെ ചരിത്രവും വ്യത്യസ്തമായിരുന്നില്ല, കേരളത്തിലെ സിറിയന്‍ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് തുല്യ സ്വത്തവകാശം ലഭിക്കാന്‍ വേണ്ടി അരുന്ധതി റോയിയുടെ ‘അമ്മ മേരി റോയ് നടത്തിയ പോരാട്ടം സമീപകാല ചരിത്രത്തിന്റെ ഭാഗമാണ്. ( അരുന്ധതി റോയിയുടെ പ്രശസ്തമായ അമ്മു എന്ന കഥാപാത്രം മേരി റോയിയുടെ ജീവിതത്തിന്റെ ആവിഷ്‌കാരമാണെന്ന് അരുന്ധതി റോയ് ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട് ).

വ്യവസ്ഥാപിത സഭകളുടെ എതിര്‍പ്പുകള്‍ നേരിട്ട് സ്വന്തം സഹോദരനു തുല്യമായ സ്വത്തിന് തനിക്കും അവകാശമുണ്ടെന്ന് സ്ഥാപിക്കാന്‍ മേരി റോയ് പതിറ്റാണ്ടുകളോളം കോടതികളില്‍ പോരാടി. സ്വത്തിനു വേണ്ടിയല്ല, സ്ത്രീ സമത്വത്തിനു വേണ്ടിയാണ് താന്‍ പോരാടിയതെന്നു തെളിയിക്കാന്‍ മേരി റോയ് കോടതി വിധിയിലൂടെ തനിക്ക് ലഭിച്ച സ്വത്തുക്കള്‍ സഹോദരന് തിരിച്ചുകൊടുക്കുകയും ചെയ്തു.

‘ഞാന്‍ സഹോദരനെതിരേയല്ല, നീതി തേടിയാണ് കോടതിയില്‍ പോയത്. അന്നത്തെ നിയമവാഴ്ചയ്‌ക്കെതിരേയുള്ള പോരാട്ടം. സ്വത്തിനുവേണ്ടിയുള്ള വാശിയല്ലായിരുന്നു. നമ്മളാരും ഇവിടെനിന്നും ഒന്നും കൊണ്ടുപോകുന്നില്ല. ഒരു കുടുംബത്തില്‍ ഒരേ അപ്പനും അമ്മയ്ക്കും ജനിച്ച മക്കള്‍. ആണും പെണ്ണുമായിപ്പോയെന്ന ഒറ്റ കാരണത്താല്‍ രണ്ടു തട്ടിലാവുന്നു. എന്തൊരു അനീതി. അതിനെയാണ് ഞാന്‍ ചോദ്യംചെയ്തത്.’ മേരി റോയ് മാതൃഭൂമിക്ക് കൊടുത്ത ഒരു അഭിമുഖത്തില്‍ പറഞ്ഞതാണിത്.

ഇങ്ങനെ മിക്ക സമുദായങ്ങളിലെയും സ്ത്രീകള്‍ നിയമ നിര്‍മാണങ്ങളിലൂടെയും കോടതി വിധികളിലൂടെയും പിന്തുടര്‍ച്ചാവകാശത്തില്‍ തുല്യത നേടിയെടുത്തെങ്കിലും ഇതുവരെ അത് നേടാന്‍ കഴിയാത്ത 10 കോടിയോളം മനുഷ്യരുണ്ട് ഇന്ത്യയില്‍ – മുസ്‌ലിം സ്ത്രീകള്‍. സിവില്‍ കോഡുകളെ പറ്റിയും മതേതരത്വത്തെ പറ്റിയും നടക്കുന്ന കൂലംകഷമായ ചര്‍ച്ചകളില്‍ ഒരിക്കലും പരാമര്‍ശിക്കപ്പെടാത്ത മനുഷ്യരാണിവര്‍.

സ്വാതന്ത്രത്തിനു ശേഷം ഒരു പാട് കൊല്ലം കോണ്‍ഗ്രസ് ഭരിച്ചുവെങ്കിലും ജനസംഖ്യയില്‍ ഏകദേശം പത്തു ശതമാനത്തിനടുത്ത് വരുന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് തുല്യത നല്‍കണമെന്ന് അവര്‍ക്ക് തോന്നിയില്ല, നെഹ്‌റുവും അംബേദ്കറും പോലും മുസ്‌ലിം സ്ത്രീകളെ അവഗണിച്ചു. 1985 ലാണ് ആദ്യമായി മുസ്‌ലിം സ്ത്രീകളെ പറ്റി ഇന്ത്യയില്‍ ഒരു ചര്‍ച്ച വരുന്നത് തന്നെ.

ഷാ ബാനു കേസിനോട് അനുബന്ധിച്ചു വിവാഹത്തെയും വിവാഹ മോചനത്തെയും കുറിച്ച് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും പിന്തുടര്‍ച്ചാവകാശം അന്നും ചര്‍ച്ചയായില്ല. ഇ.എം.എസ് അക്കാലത്തു ഈ പ്രശ്‌നവും പൊതു ശ്രദ്ധയിലേക്ക് കൊണ്ട് വരാന്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടി പിന്നീട് അതില്‍ നിന്ന് പിന്‍വലിഞ്ഞു. മുസ്‌ലിങ്ങളുടെ കാര്യം അവര്‍ തന്നെ നോക്കട്ടെ എന്നായിരുന്നു പിന്നീട് പാര്‍ട്ടിയുടെ ലൈന്‍.

പാര്‍ട്ടികളും സര്‍ക്കാരുകളും കോടതികളും മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്‍ എല്ലായ്‌പ്പോഴും അഭിപ്രായം തേടുന്നത് മുസ്‌ലിം പുരുഷന്മാരുടെ സംഘടനകളില്‍ നിന്നായിരിക്കും, പ്രധാനമായും മുസ്‌ലിം പേര്‍സണല്‍ ലോ ബോര്‍ഡില്‍ നിന്ന്. എഴുപത് കഴിഞ്ഞ പുരുഷന്മാര്‍ നിയന്ത്രിക്കുന്ന ഈ സംഘടനയിലേക്ക് എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നറിയുന്ന മുസ്‌ലിങ്ങള്‍ അധികമില്ല, എന്തധികാരത്തിലാണ് മുസ്‌ലിങ്ങളെ ഇവര്‍ പ്രതിനിധീകരിക്കുന്നതെന്നും അറിയില്ല.

ഏതായാലും മുസ്‌ലിം സ്ത്രീകളുടെ അവകാശത്തിനു വേണ്ടി എന്തെങ്കിലും ഒരു പ്രസ്താവന ഇവരുടെ ഭാഗത്തു നിന്ന് ഇന്നുവരെ ഉണ്ടായതായി അറിയില്ല.

മാത്രമല്ല, ഇവര്‍ മുസ്‌ലിം സ്ത്രീകള്‍ക്കെതിരായി ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുമുണ്ട്, ഉദാഹരണത്തിന് വിവാഹമോചിതരായവര്‍ക്ക് ജീവനാംശം കൊടുക്കണമെന്ന വിധിക്കെതിരെ, മുതാലാഖ് നിരോധിക്കുന്ന വിധിക്കെതിരെയൊക്കെ. 1985 ല്‍ നിലനിന്ന സാമൂഹ്യ സാഹചര്യങ്ങളില്‍ നിന്ന് മുസ്‌ലിം സ്ത്രീകള്‍ ഒരു പാട് മുന്നോട്ട് പോയി എന്ന് മനസ്സിലാക്കാന്‍ കഴിയുന്നവരും ഇവര്‍ക്കിടയിലില്ല.

ഇരുപത്തഞ്ചോ മുപ്പതോ കൊല്ലങ്ങള്‍ക്ക് മുമ്പ് മുസ്‌ലിം ഭവനങ്ങളില്‍ വിദ്യാഭ്യാസമുള്ള സ്ത്രീകളെ കാണുക വിരളമായിരുന്നു. ജോലിയുള്ളവരോ വരുമാനമുള്ളവരോ അതിലും കുറവായിരുന്നു. മുസ്‌ലിം പെണ്‍കുട്ടികള്‍ ജനിക്കുന്നു, കുറെ സ്ത്രീധനം കൊടുത്തു കല്യാണം കഴിപ്പിക്കപ്പെടുന്നു, കുട്ടികളെ പ്രസവിക്കുന്നു, വീട്ടിന്റെ അടുക്കളയില്‍ ജീവിച്ചു മരിക്കുന്നു, ഇതായിരുന്നു മഹാ ഭൂരിപക്ഷം മുസ്‌ലിം വീടുകളിലെയും അവസ്ഥ. ആ കാലം കഴിഞ്ഞു. ഇന്ന് മിക്ക വീടുകളിലും ആണുങ്ങളെക്കാളും വിദ്യാഭ്യാസമുള്ളത് പെണ്ണുങ്ങള്‍ക്കാണ്.

വിദ്യാഭ്യാസം കൂടുതലുള്ള പെണ്‍കുട്ടിയെ കല്യാണം കഴിക്കുന്നത് കുറച്ചിലായി കണ്ടിരുന്ന കാലം പോയി. ഇന്ന് മിക്കവാറും ദമ്പതികളുടെ കൂട്ടത്തില്‍ ഭാര്യക്കാണ് വിദ്യാഭ്യാസം കൂടുതല്‍. ജോലിക്ക് പോകുന്ന, മത്സര പരീക്ഷകളില്‍ ഉന്നത റാങ്കുകള്‍ നേടുന്ന കൂട്ടത്തിലും സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ്.

പല കുടുംബങ്ങളിലും കൂടുതല്‍ വരുമാനമുള്ളവരും സ്ത്രീകളാണ്. സ്ത്രീധന സമ്പ്രദായം ഏതാണ്ടവസാനത്തോടടുത്തു, പ്രണയ വിവാഹങ്ങള്‍ വ്യാപകമായി. സ്ത്രീകള്‍ക്ക് സ്വത്തവകാശം നിഷേധിക്കാന്‍ പണ്ട് പാരമ്പര്യവാദികള്‍ ഉന്നയിച്ചു കൊണ്ടിരുന്ന വാദങ്ങള്‍ ഇപ്പോഴത്തെ സമൂഹത്തില്‍ നിലനില്‍ക്കുന്നതല്ല.

മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നം വരുമ്പോള്‍ മാത്രം എല്ലാവരും തുല്യതയും സ്ത്രീ സമത്വവും മറക്കും. നമ്മുടെ ഭരണഘടന വ്യക്തിയുടെ അന്തസ്സ്, തുല്യത, അഭിമാനം എന്നതൊക്കെയാണ് രാഷ്ട്രത്തിന്റെ ഐക്യത്തേക്കാളും മുകളില്‍ കാണുന്നത്, കാരണം വ്യക്തികള്‍ക്ക് തുല്യതയും അന്തസ്സും അനുഭവപ്പെടുമ്പോള്‍ രാജ്യം പുരോഗമിക്കും.

ജനസംഖ്യയില്‍ പത്തു ശതമാനത്തിനടുത്ത് വരുന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് തുല്യത നിഷേധിച്ചു കൊണ്ട് എന്ത് സമൂഹമാണ് നമ്മള്‍ കെട്ടിപ്പടുക്കാന്‍ ഉദ്ദേശിക്കുന്നത്?

മുസ്‌ലിം പുരുഷന്മാരോ അവരുടെ സംഘടനകളോ ഇക്കാര്യത്തില്‍ ഇതുവരെ മുന്‍കൈ എടുത്തിട്ടില്ല, ഇനിയും അതുണ്ടാകാനുള്ള ലക്ഷണവും കാണുന്നില്ല. കയ്യിലുള്ള അധികാരം സ്വമേധയാ വിട്ടു കൊടുക്കുന്നത് മനുഷ്യ പ്രകൃതമല്ല. എന്‍.ആര്‍.സി ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ വന്‍ സമരങ്ങള്‍ നയിച്ചവരെയും തെരുവിലിറങ്ങിയവരെയും തങ്ങളുടെ മതത്തില്‍ പകുതി പേര്‍ അനുഭവിക്കുന്ന ഈ നീതി നിഷേധം ഒട്ടും അലോസരപ്പെടുത്തുന്നില്ല. മുതാലാഖ് വിധിക്കെതിരെയുള്ള പ്രതിഷേധാഹ്വാനങ്ങളെ പാടെ അവഗണിച്ച മുസ്‌ലിം ചെറുപ്പക്കാരിലാണ് കുറച്ചെങ്കിലും പ്രതീക്ഷ.

അത്ഭുതപ്പെടുത്തുന്നത് മുസ്‌ലിം സ്ത്രീകളുടെ തന്നെ നിശബ്ദതയാണ്. കുടുംബത്തിനുള്ളില്‍ തുല്യമായ സ്വത്തവകാശത്തിന് വേണ്ടി വാദിക്കുകയും പലപ്പോഴും നേടിയെടുക്കുകയും ചെയ്യുന്നവരാണ് മുസ്‌ലിം സ്ത്രീകള്‍. മരണശേഷം തങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് സ്വത്തുക്കള്‍ ലഭിക്കാന്‍ വേണ്ടി ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവരുടെ പേരില്‍ സ്വത്തുക്കള്‍ എഴുതി വക്കുന്ന മാതാപിതാക്കള്‍ ഒട്ടേറെയുണ്ട്.

യൂട്യൂബില്‍ പാചകം പഠിപ്പിക്കുന്നവരായും, ടിക് ടോക്കില്‍ ഡാന്‍സ് ചെയ്യുന്നവരായും ഒരു പാട് മുസ്‌ലിം സ്ത്രീകളെ കാണാം. എങ്കിലും തങ്ങള്‍ക്ക് തുല്യത വേണം എന്ന് വാദിക്കാന്‍ ആരെയും കാണാനുമില്ല.

നന്നായി വായിക്കുകയും എഴുതുകയും ചെയ്യുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ ഒരു പാടുണ്ട്, അവരില്‍ അരുന്ധതി റോയിമാര്‍ ഉണ്ടായേക്കാം. പക്ഷെ മുസ്‌ലിം സ്ത്രീകളില്‍ നിന്ന് ഒരു മേരി റോയ് ഉയര്‍ന്നു വരാന്‍ ഇനിയും എത്ര കൊല്ലം കാത്തിരിക്കണം ?

ഫാറൂഖിന്റെ മറ്റ് ലേഖനങ്ങള്‍ വായിക്കാം

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Muslim Women Gender Equality

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ