ഇന്ത്യയോ കേരളമോ ശ്രീലങ്കയാകുമോ?
sri lanka crisis
ഇന്ത്യയോ കേരളമോ ശ്രീലങ്കയാകുമോ?
ഫാറൂഖ്
Tuesday, 5th April 2022, 3:07 pm
ശ്രീലങ്ക തരുന്ന ചില പാഠങ്ങളുണ്ട്. ശക്തമായും സ്വതന്ത്രമായും പ്രവര്‍ത്തിക്കുന്ന റിസര്‍വ് ബാങ്ക് വേണം, പ്ലാനിംഗ് കമ്മിഷന്‍ വേണം. ഭരണാധികാരികള്‍ ദുര്‍ബലരായിരിക്കണം. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് ശബ്ദം വേണം. ജുഡീഷ്യറിയും മാധ്യമങ്ങളും സ്വാതന്ത്രമായിരിക്കണം.

ഇക്കാലത്തെ പ്രധാന ചര്‍ച്ചയാണ് കേരളം ശ്രീലങ്കയാകുമോ അതോ ഇന്ത്യ മൊത്തത്തില്‍ ശ്രീലങ്കയാകുമോ എന്നൊക്കെ. ഇത്തരം ചര്‍ച്ചകളില്‍ പൊതുവെ നമ്മള്‍ അവഗണിക്കുന്ന ചില കാര്യങ്ങളുണ്ട്, ഏറ്റവും അടിസ്ഥാനമായവ. പ്രധാനമായി കണക്കാക്കേണ്ടത് ഇതൊക്കെയാണ്.

കേരളമല്ല കേരള സര്‍ക്കാര്‍. ഇന്ത്യയല്ല ഇന്ത്യന്‍ സര്‍ക്കാര്‍. കേരളം വേറെ കേരള സര്‍ക്കാര്‍ വേറെ, ഇന്ത്യ വേറെ ഇന്ത്യന്‍ സര്‍ക്കാര്‍ വേറെ.

ഇന്ത്യയും ശ്രീലങ്കയും സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കുകളാണ്, കേരളം അല്ല. അതുകൊണ്ട് തന്നെ കേരളവും ശ്രീലങ്കയുമായും താരതമ്യമില്ല, ഇന്ത്യയും ശ്രീലങ്കയുമായും താരതമ്യമാകാം. നിര്‍ബന്ധമാണെങ്കില്‍ കേരളത്തെ ട്രിങ്കോമാലിയുമായി താരതമ്യം ചെയ്യാം.

കേരള സര്‍ക്കാരായാലും കേന്ദ്ര സര്‍ക്കാരായാലും, സര്‍ക്കാരിനെ ഒരു ബിസിനസ്സായി കണക്കാക്കിയാല്‍, അതിന് ചിലവുകളുണ്ട്. ചിലവാക്കാന്‍ വരവ് വേണം. ടാക്‌സ് പിരിവാണ് പ്രധാന വരുമാനം. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കുക, ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയവയാണ് പ്രധാന ചിലവുകള്‍. ചിലവിനേക്കാള്‍ കുറവാണ് വരുമാനമെങ്കില്‍ ധനകമ്മി എന്ന് പറയും. ധനക്കമ്മി വന്നാല്‍ കടമെടുക്കേണ്ടി വരും. കടത്തിന് പലിശ വരും. സ്വഭാവമാകമായും അടുത്ത കൊല്ലം വീണ്ടും ചിലവ് കൂടും.

രാജ്യം, നമ്മുടെ കാര്യത്തില്‍ ഇന്ത്യ, ഒരു സര്‍ക്കാറിനേക്കാള്‍ എത്രയോ വലുതാണ്. രാജ്യത്തിന്റെ സമ്പത്ത് എന്നാല്‍ നമ്മളുടെ ഓരോരുത്തരുടെയും കയ്യിലുള്ള പൊന്നും പണവും മുതല്‍ റോഡും തോടുമൊക്കെ പെടും. ഇതില്‍ കുറെ സാധനങ്ങള്‍ നമ്മള്‍ പുറത്തേക്ക് കയറ്റുമതി ചെയ്യും, കുറെ ഇറക്കുമതി ചെയ്യും. കയറ്റുമതി ചെയ്യുമ്പോള്‍ ഡോളര്‍ കിട്ടും, ഇറക്കുമതി ചെയ്യാന്‍ ഡോളര്‍ കൊടുക്കണം.

ഇന്ത്യ പ്രധാനമായും കാര്‍ഷികോല്‍പന്നങ്ങള്‍, ടെക്സ്റ്റൈല്‍സ്, മരുന്നുകള്‍, സോഫ്റ്റ്വെയര്‍ ഒക്കെയാണ് കയറ്റുമതി ചെയ്യുന്നത്. പെട്രോള്‍, ഹാര്‍ഡ്‌വെയര്‍, മൊബൈല്‍ മുതല്‍ കളിപ്പാട്ടങ്ങള്‍ വരെ ഇറക്കുമതി ചെയ്യും. കയറ്റുമതി ഇറക്കുമതിയെക്കാള്‍ കൂടുതലാണെങ്കില്‍ ഡോളര്‍ മിച്ചം വരും.

അത് നമ്മള്‍ റിസര്‍വ് ബാങ്കില്‍ കരുതല്‍ ധനമായി സൂക്ഷിച്ചുവെക്കും. പ്രത്യേകം ഓര്‍മിക്കുക, റിസര്‍വ് ബാങ്ക് സര്‍ക്കാരിന്റെ ഭാഗമല്ല, ഈ പണവും സര്‍ക്കാരിന്റേതല്ല. സത്യത്തില്‍ റിസര്‍വ് ബാങ്കിലുള്ള ഒരു പണവും സര്‍ക്കാരിന്റേതല്ല. റിസര്‍വ് ബാങ്ക് രാജ്യത്തിന്റെ പണം സൂക്ഷിക്കാനുള്ള ബാങ്കാണ്. ബാങ്കിന്റെ ഒരു കസ്റ്റമര്‍ മാത്രമാണ് സര്‍ക്കാര്‍.

നമ്മള്‍ എന്തെങ്കിലും കയറ്റുമതി ചെയ്യുമ്പോള്‍ ലഭിക്കേണ്ടത് ഡോളറാണ്. നിങ്ങള്‍ അമേരിക്കയിലേക്ക് കശുവണ്ടി കയറ്റുമതി ചെയ്താല്‍ അവര്‍ ഡോളര്‍ അയക്കും. പക്ഷെ നിങ്ങളുടെ കയ്യിലെത്തുന്നത് രൂപയായിരിക്കും. അതിനിടയിലാണ് റിസര്‍വ് ബാങ്ക്. ഡോളര്‍ അവരെടുക്കും. പകരം രൂപ നിങ്ങള്‍ക്ക് തരും.

വേറൊരാള്‍ ചൈനയില്‍ നിന്ന് പടക്കം ഇറക്കുമതി ചെയ്യുന്നുവെന്നിരിക്കട്ടെ, അയാള്‍ ചൈനക്കാര്‍ക്ക് ഡോളറാണ് കൊടുക്കേണ്ടത്. നേരത്തെ പറഞ്ഞ പോലെ ഇതിനിടയിലും റിസര്‍വ് ബാങ്ക് വരും. ചൈനക്കാര്‍ക്ക് റിസര്‍വ് ബാങ്ക് ഡോളര്‍ കൊടുക്കും പകരം റിസര്‍വ് ബാങ്കിന് അയാള്‍ രൂപ കൊടുക്കണം. ഇത്രക്ക് ലളിതമല്ല കാര്യങ്ങള്‍, ലളിതമാക്കി പറഞ്ഞതാണ്.

ഡോളറാണ് നിലവില്‍ പൊതു കറന്‍സി. അതിന്റെ കാരണം നമ്മള്‍ കൊടുക്കുന്ന കറന്‍സി അവര്‍ക്കും ഉപയോഗിക്കാന്‍ കഴിയണം എന്നതുകൊണ്ടാണ്. ഉദാഹരണത്തിന് നമ്മള്‍ സൗദിയില്‍ നിന്ന് എണ്ണ വാങ്ങുമ്പോള്‍ അവര്‍ക്ക് ഡോളര്‍ കൊടുക്കും, അവര്‍ ആ ഡോളര്‍ കൊണ്ട് അമേരിക്കയില്‍ നിന്ന് ബോയിങ് വിമാനം വാങ്ങും, അല്ലെങ്കില്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്ന് ചോക്കലേറ്റ് വാങ്ങും.

നമ്മള്‍ രൂപ കൊടുത്താല്‍ അതുകൊണ്ട് അവര്‍ക്ക് ബോയിങ്ങും ചോക്കലേറ്റും വാങ്ങാന്‍ കഴിയില്ല. എപ്പോഴുമല്ല, ചിലപ്പോള്‍ രൂപ കൊടുക്കാം. ഉദാഹരണത്തിന് സൗദിക്ക് മുഴുവന്‍ പണവും ഡോളറില്‍ കൊടുക്കേണ്ട, കുറച്ച് രൂപയായി കൊടുത്താല്‍ മതി. കാരണം അവര്‍ ഇന്ത്യയില്‍ നിന്ന് അരി വാങ്ങുമ്പോള്‍ അവര്‍ക്ക് രൂപ തിരിച്ചു തരാം. ഇപ്പോള്‍ റഷ്യയില്‍ നിന്നും രൂപ കൊടുത്ത് ഓയില്‍ വാങ്ങുന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. ഇതാണതിന്റെ കാര്യം. ഇങ്ങനെ ചില കച്ചവടങ്ങള്‍ സൈഡിലൂടെ നടക്കും എന്നല്ലാതെ പ്രധാനമായും കച്ചവടം നടക്കുന്നത് ഡോളറിലാണ്.

നിലവില്‍ ഇന്ത്യന്‍ റിസര്‍വ് ബാങ്കിന്റെ കയ്യില്‍ 617 ബില്യണ്‍ ഡോളറുണ്ട്. അതവിടെ നില്‍ക്കട്ടെ.

കയറ്റുമതി കുറയുകയും ഇറക്കുമതി കൂടുകയും ചെയ്താല്‍ റിസര്‍വ് ബാങ്കിന്റെ കയ്യില്‍ ഡോളര്‍ കുറഞ്ഞുകുറഞ്ഞ് വരും. അവസാനം പൂജ്യമാകും. പിന്നെ ഒന്നും ഇറക്കുമതി ചെയ്യാന്‍ കഴിയില്ല. പെട്രോളും ചോക്കലേറ്റും ചൈനീസ് പടക്കവുമൊന്നും കിട്ടില്ല. അപ്പോഴെന്തു ചെയ്യും. ആരെങ്കിലും ഡോളര്‍ കടം തരാനുണ്ടെങ്കില്‍ വാങ്ങിക്കും.

ഐ.എം.എഫ്, എ.ഡി.ബി, അമേരിക്ക, ചൈന ഒക്കെയാണ് ഡോളര്‍ വായ്പ തരിക. അതിന് രാജ്യം ജാമ്യം നില്‍ക്കണം. സോവറിന്‍ ഗ്യാരണ്ടി എന്ന് പറയും. അങ്ങനെ കടം കിട്ടിയ ഡോളര്‍ കൊണ്ട് പെട്രോളും പടക്കവും വാങ്ങാം. അടുത്ത കൊല്ലം മുതല്‍ അതിന്റെ പലിശയും അടക്കണം. ഈ പലിശ അടക്കാന്‍ കാശില്ലെന്ന് കരുതുക, രാജ്യം പാപ്പരായത് പോലെയായി. പിന്നെ കടം തരാന്‍ ആരുമുണ്ടാകില്ല. അതാണ് ഇപ്പോഴത്തെ ശ്രീലങ്കയുടെ അവസ്ഥ. പെട്രോളുമില്ല പടക്കവുമില്ല.

കേരളം കെ റെയിലിന് ജപ്പാനില്‍ നിന്ന് വായ്പയെടുക്കുന്നുവെന്നിരിക്കട്ടെ. അതിന് ഗ്യാരണ്ടി നില്‍ക്കേണ്ടത് കേരളമല്ല, ഇന്ത്യയാണ്. കാരണം കേരളത്തിന് സ്വന്തമായി റിസര്‍വ് ബാങ്ക് ഇല്ല, കേരളത്തിന്റെ കയ്യില്‍ ഡോളറുമില്ല. അതായത്, കേരളം പലിശയടവ് മുടക്കിയാലും കുത്തിന് പിടിക്കുന്നത് ഇന്ത്യയെയായിരിക്കും.

ഇതൊഴിവാക്കാനാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വായ്പാപരിധി വെക്കുന്നത്. സംസ്ഥാനങ്ങള്‍ അടവ് മുടക്കിയാലും രാജ്യത്തിന് അടക്കാന്‍ പറ്റുന്ന തുകയേ സംസ്ഥാനങ്ങളെ വായ്പയെടുക്കാന്‍ സമ്മതിക്കൂ.

കേരളമല്ല കേരള സര്‍ക്കാര്‍ എന്ന് തുടക്കത്തില്‍ പറഞ്ഞല്ലോ. കേരള സര്‍ക്കാരിന്റെ വരുമാനം പ്രധാനമായും ജി.എസ്.ടി, കള്ള്, രജിസ്‌ട്രേഷന്‍ തുടങ്ങിയവയാണ്. ശമ്പളം, പലിശയടവ്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയാണ് ചിലവുകള്‍. കേരള സര്‍ക്കാരിന്റെ ചിലവ് വരവിനേക്കാള്‍ കൂടിയാല്‍ കടമെടുക്കും. പ്രധാനമായും റിസര്‍വ് ബാങ്കില്‍ നിന്നും ബോണ്ടില്‍ നിന്നുമൊക്കെയാണ് കടം.

തിരിച്ചടക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ കടം കിട്ടില്ല. പക്ഷെ ശ്രീലങ്ക പോലെ പെട്രോളും പടക്കവും പേപ്പറും കിട്ടാതെയാകില്ല. റിസര്‍വ് ബാങ്കിന്റെ കയ്യില്‍ ഡോളറുള്ളിടത്തോളം അതൊക്കെ കിട്ടും. അതുകൊണ്ട് കേരളം ഒരിക്കലും ശ്രീലങ്കയാകില്ല. കേരളസര്‍ക്കാര്‍ പാപ്പരായാലും കേരളം പാപ്പരാകില്ല. ഇന്ത്യ പാപ്പരായാലെ കേരളം പാപ്പരാവൂ.

കേരളസര്‍ക്കാര്‍ പാപ്പരായാല്‍ പ്രധാനമായും സംഭവിക്കുക ശമ്പളവും പെന്‍ഷനും മുടങ്ങും എന്നത് മാത്രമാണ്. കാരണം അതാണ് സര്‍ക്കാരിന്റെ പ്രധാന ചിലവ്. അതൊരു പ്രശ്‌നം അല്ലെന്നല്ല. എങ്കിലും വേറെ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ല.

ഇനി ഇന്ത്യയിലേക്ക് തിരിച്ചുവരാം. റിസര്‍വ് ബാങ്കിന്റെ കയ്യിലിപ്പോള്‍ 617 ബില്യണ്‍ ഡോളറുണ്ട്. അത് കുറഞ്ഞുകുറഞ്ഞ് പൂജ്യം ആവരുത്, അതാണ് നമ്മുടെ ലക്ഷ്യം.

ഡോളര്‍ വരുന്ന വഴികളാണ് കയറ്റുമതി, ടൂറിസം, ഗള്‍ഫുകാര്‍ എന്നിവയൊക്കെ. ഡോളര്‍ പോകുന്ന വഴിയാണ് ഇറക്കുമതി, വിദേശ വിദ്യാഭ്യാസം തുടങ്ങിയവ. ഇറക്കുമതി നന്നായി കൂടുന്നുണ്ട്. ഇന്ത്യയില്‍ വില്‍ക്കുന്ന മിക്ക സാധനങ്ങളും ഇപ്പോള്‍ ചൈനയില്‍ നിന്നാണ് വരുന്നത്. മൊബൈല്‍ ഫോണ്‍, പ്ലാസ്റ്റിക്ക് ബക്കറ്റ്, ഷര്‍ട്ട്, പടക്കങ്ങള്‍ മുതല്‍ ഗണപതി വിഗ്രഹവും പട്ടേല്‍ പ്രതിമയും ദേശീയ പതാകയും വരെ.

ചൈനയില്‍ നിന്നുള്ള ഇറക്കുമതി ഓരോ മാസവും കൂടിക്കൂടി മുകളിലോട്ട് പോകുകയാണ്. അതാണ് പ്രധാന പ്രതിസന്ധി. ഇന്ത്യക്ക് മേല്‍ക്കൈ ഉണ്ടായിരുന്ന ടെക്സ്റ്റൈല്‍സ് ബംഗ്ലാദേശ് കൊണ്ടുപോയി. ടൂറിസവും താഴേക്കാണ്. ആശ്വാസമായി ഭക്ഷ്യ വസ്തുക്കളുടെ കയറ്റുമതി കൂടിയിട്ടുമുണ്ട്, പഞ്ചാബികള്‍ക്ക് നന്ദി.

ഇനി ഇന്ത്യന്‍ സര്‍ക്കാരിലേക്ക് വരാം. ഇന്ത്യയും ഇന്ത്യന്‍ സര്‍ക്കാരും രണ്ടാണെന്ന് ആദ്യമേ സൂചിപ്പിച്ചിരുന്നു. സര്‍ക്കാരിന്റെ വരവും ചിലവും തമ്മിലുള്ള വ്യത്യാസമാണ് ധനക്കമ്മി എന്ന് പറഞ്ഞല്ലോ. അങ്ങനെ വരുന്ന കമ്മി കേന്ദ്രസര്‍ക്കാര്‍ എങ്ങനെയാണ് നികത്തുക, കടം വാങ്ങി തന്നെ, അല്ലാതെങ്ങനെ.

ഇന്ത്യയുടെ ധനക്കമ്മി ഒന്‍പത് ശതമാനത്തിന് മുകളിലായിരുന്നു കഴിഞ്ഞ കൊല്ലം. ഇത് നികത്തുന്നത് ബോണ്ട് ഇറക്കിയും കടം വാങ്ങിയുമാണ്. പ്രധാനമായും റിസര്‍വ് ബാങ്ക് ആണ് കടം കൊടുക്കുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് കൊടുക്കാനുള്ളത് ഒന്നര ട്രില്യന്‍ രൂപക്ക് മുകളിലാണ്. എന്ന് പറഞ്ഞാല്‍ അത്രയുമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്ന് വാങ്ങിയ കടം. ഈ കടം വീട്ടണമെങ്കില്‍ സര്‍ക്കാര്‍ ടാക്‌സ് കൂട്ടണം. പെട്രോള്‍ വില, ജി.എസ്.ടി ഒക്കെ കൂട്ടണം. അത് നടന്നിട്ടില്ലെങ്കില്‍ റിസര്‍വ് ബാങ്കിന് പണം തിരിച്ചു കിട്ടില്ല.

റിസര്‍വ് ബാങ്ക് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും കൊടുത്ത കടമൊന്നും തിരിച്ചു കിട്ടിയില്ലെങ്കില്‍ അവര്‍ക്ക് കയ്യിലുള്ള ഡോളര്‍ ചിലവാക്കേണ്ടി വരും. നമ്മള്‍ ശ്രീലങ്കയാകും. അതുകൊണ്ടാണ് ചിലവ് നിയന്ത്രിച്ചില്ലെങ്കില്‍ ഇന്ത്യ ശ്രീലങ്കയാകുമെന്ന് ഇന്നലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് കൊടുത്തത്.

സംസ്ഥാനങ്ങളൊക്കെ കടം വാങ്ങി ലാവിഷ് ചിലവാക്കലാണ്. കേരളത്തിന്റെ കടമൊന്നും ഒരു കടമല്ല, ആന്ധ്ര, തെലങ്കാന, ഗുജറാത്ത്, പഞ്ചാബ് ഒക്കെ ചിലവോട് ചിലവാണ്. ഇവരുടെയൊക്കെ കടം പേറേണ്ടത് റിസര്‍വ് ബാങ്കാണ്, അഥവാ ഇന്ത്യ.

ഇന്നലെ ശ്രീലങ്കയിലെ മന്ത്രിമാര്‍ രാജിവെച്ച കൂട്ടത്തില്‍ വേറൊരാള്‍ കൂടെ രാജിവെച്ച വിവരം മിക്കവരും വായിച്ചിരിക്കും. ശ്രീലങ്കന്‍ സെന്‍ട്രല്‍ (റിസര്‍വ്) ബാങ്ക് ഗവര്‍ണര്‍ അജിത് നിവാര്‍ഡ്. ശ്രീലങ്കന്‍ രൂപയും ഡോളര്‍ നിക്ഷേപവും സംരക്ഷിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടതിന്റെ പേരിലാണ് രാജി.

അജിത് നിവാര്‍ഡ്

രജപക്‌സെമാരുടെ അടുത്തയാളായി അറിയപ്പെട്ടയാളാണ് ഇദ്ദേഹം. രജപക്‌സെമാര്‍ ധനക്കമ്മി കൂട്ടികൊണ്ടിരുന്നപ്പോള്‍ മറുത്തൊരക്ഷരം പറയാതെ റിസര്‍വ് ബാങ്കില്‍ നിന്ന് പണം സര്‍ക്കാരിന് വാരിക്കോരി കൊടുക്കുകയായിരുന്നു ഇദ്ദേഹം.

രാഷ്ട്രീയക്കാര്‍ ഇപ്പോഴും പണം വാരിക്കോരി ചിലവാക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. എത്രയൊക്കെ സൗജന്യമായി കൊടുക്കുന്നോ അത്രയും കൂടുതലായിരിക്കും ഭരണത്തില്‍ തിരിച്ചുവരാനുള്ള സാധ്യത. സൗജന്യ ഗ്യാസ്, അക്കൗണ്ടിലേക്ക് പണം, സൗജന്യ റേഷന്‍, കിറ്റ്, ടെലിവിഷന്‍, ഇസ്തിരിപ്പെട്ടി, സൗജന്യ വൈദ്യുതി, ലാപ്‌ടോപ്പ് തുടങ്ങിയവയൊക്കെ കേന്ദ്രവും സംസ്ഥാനങ്ങളും സൗജന്യമായി വാരിക്കോരി കൊടുക്കുന്നതാണ്.

ഇതിനൊക്കെയുള്ള വരുമാനമാണെങ്കില്‍ കേന്ദ്രത്തിനുമില്ല സംസ്ഥാനങ്ങള്‍ക്കുമില്ല. മൊത്തം കടം വാങ്ങുന്നതാണ്, കൊടുക്കുന്നതോ റിസര്‍വ് ബാങ്ക്, ഒന്നുകില്‍ പണമായി അല്ലെങ്കില്‍ ഗ്യാരണ്ടിയായി.

 

ഇന്ത്യ ശ്രീലങ്കയുടെ വഴിയെയാണോ

2014ന് മുമ്പ് വിദഗ്ധരെ മാത്രമായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആക്കിയിരുന്നത്. രംഗരാജനും സുബറാവുവും മന്‍മോഹന്‍ സിംഗും രഘുറാം രാജനും ഒക്കെയായിരുന്നു ആര്‍.ബി.ഐ ഗവര്‍ണര്‍മാര്‍. അവരൊക്കെ പ്രാഗല്‍ഭ്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വന്നവരായിരുന്നു. ഇപ്പോഴുള്ള ആര്‍.ബി.ഐ ഗവര്‍ണര്‍ രാഷ്ട്രീയ നോമിനിയാണ്.

ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്

പ്ലാനിംഗ് കമ്മീഷന്‍ ഇപ്പോഴില്ല. ചിലവ് നിയന്ത്രിക്കാനും വരവ് കണക്കാനും രാഷ്ടീയക്കാരല്ലാതെ ആരുമിപ്പോഴില്ല. സര്‍ക്കാരുകള്‍ കടമെടുത്ത് കൊണ്ടേയിരിക്കുന്നു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ശക്തരായ സര്‍ക്കാരുകളാണ് ഭരിക്കുന്നത്, ആര്‍ക്കും നിയന്ത്രിക്കാനാവാത്തവരും ആരുടേയും ഉപദേശം കേള്‍ക്കാത്തവരുമാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും.

ശ്രീലങ്ക തരുന്ന ചില പാഠങ്ങളുണ്ട്. ശക്തമായും സ്വതന്ത്രമായും പ്രവര്‍ത്തിക്കുന്ന റിസര്‍വ് ബാങ്ക് വേണം, പ്ലാനിംഗ് കമ്മിഷന്‍ വേണം. ഭരണാധികാരികള്‍ ദുര്‍ബലരായിരിക്കണം. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് ശബ്ദം വേണം. ജുഡീഷ്യറിയും മാധ്യമങ്ങളും സ്വാതന്ത്രമായിരിക്കണം.

സര്‍ക്കാര്‍ ചെറുതായിരിക്കണം. സര്‍ക്കാരിന്റെ ചിലവ് കുറവായിരിക്കണം. തീരുമാനങ്ങള്‍ ശാസ്ത്രീയമായിരിക്കണം. വിദഗ്ധരുടെ അഭിപ്രായങ്ങളെ ഉള്‍ക്കൊള്ളണം. സമൂഹത്തില്‍ വിദ്വേഷവും പരസ്പരശത്രുതയും പാടില്ല. ആള്‍ക്കൂട്ടങ്ങളുടെ കയ്യടി നേടാന്‍ അശാസ്ത്രീയ തീരുമാനങ്ങള്‍ എടുക്കരുത്.

ഈ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ ഇന്ത്യ ഒരിക്കലും ശ്രീലങ്കയാകില്ല.

Content Highlight: Farooq on Sri Lanka crisis and whether India or Kerala will have the same fate

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ