പിണറായിയും ഫാന്‍സും  പ്രവാസികളെ ദ്രോഹിക്കരുത്
Details
പിണറായിയും ഫാന്‍സും  പ്രവാസികളെ ദ്രോഹിക്കരുത്
ഫാറൂഖ്
Tuesday, 23rd June 2020, 7:18 am
പിണറായിയും മൂന്നാലു പേരെ കൂട്ടിയാണ് പത്രസമ്മേളനത്തിനു വരുന്നത്. സൂപ്പര്‍ സ്റ്റാര്‍ സിനിമയിലെ പഞ്ചു-ഡയലോഗ് സീനില്‍ വരുന്ന ഡയലോഗ് ഇല്ലാത്ത എക്‌സ്ട്രാ നടന്മാരുടെ റോളെ അവര്‍ക്കുള്ളൂ. ചീഫ് സെക്രട്ടറിയും റവന്യു മന്ത്രിയും ആരോഗ്യമന്ത്രിയുമൊക്കെ പാവം പിടിച്ച ഇരിപ്പാണ്. ഒരക്ഷരം ഇവരാരെങ്കിലും സംസാരിക്കുന്നത് കാണാറില്ല. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനോക്കെ രാവിലെ എണീക്കുന്നത് തന്നെ ഇന്നെങ്കിലും ഒരു ഡയലോഗ് പറയാന്‍ അവസരം ലഭിക്കണേ ഈശ്വരാ എന്ന് പ്രാര്‍ഥിച്ചു കൊണ്ടായിരിക്കും.

രണ്ടു തവണയായി സംഭവബഹുലമായ അഞ്ചു വര്‍ഷത്തിലധികം സഖാവ് ഇ.എം.എസ് നമ്പൂതിരിപ്പാട് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. പതിറ്റാണ്ടുകളോളം പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറിയും. എന്നിട്ടും ഇ.എം.എസിന്റെ ബര്‍ത്ത്-ഡേ ഏതെങ്കിലും ഒരു സഖാവ് ആഘോഷിച്ചതായി അറിയില്ല. എന്നല്ല ഇ.എം.എസിന്റെ ബര്‍ത്ത്-ഡേ എന്നാണെന്ന് അറിയാവുന്ന ഒരു സഖാവും കേരളത്തിലുണ്ടാവില്ല. ഇ.കെ നായനാരാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നയാള്‍, എന്നിട്ടും നായനാര്‍ക്ക് ബര്‍ത്ത്-ഡേ ആശംസിച്ചു കൊണ്ട് ഒരു പോസ്റ്റ് കാര്‍ഡ് പോലും ഒരു സഖാവും അയച്ചിട്ടുണ്ടാവില്ല.

കണ്ണേ കരളേ വിഎസ്സേ എന്ന് വിളിച്ചു കൊണ്ട് പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചിരുന്നു ചില സഖാക്കള്‍, എന്നിട്ടും വി.എസിന്റെ ബര്‍ത്ത്-ഡേക്ക് ആരും കേക്ക് മുറിച്ചിട്ടില്ല. കോളേജില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ യശശ്ശരീനായ സ.ചടയന്‍ ഗോവിന്ദന്‍ വന്നപ്പോള്‍ ചില എസ്.എഫ്.ഐ സഖാക്കള്‍ ‘ചടയന്‍ ഗോവിന്ദന്‍ സിന്ദാബാദ്’ എന്ന് വിളിച്ചപ്പോള്‍ വ്യക്തികളുടെ പേര് ചേര്‍ത്ത് മുദ്രാവാക്യം വിളിക്കുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ല എന്ന് പറഞ്ഞു അദ്ദേഹം അവരെ തിരുത്തുന്നത് കണ്ടിട്ടുണ്ട്.

ഇതൊന്നുമല്ല പിണറായി വിജയന്റെ കാര്യം വരുമ്പോള്‍ സഖാക്കളുടെ രീതി. മെയ്ദിനവും പി.കൃഷ്ണപിള്ളദിനവും കയ്യൂര്‍, കരിവെള്ളൂര്‍ ദിനങ്ങളുമൊക്കെ മറന്നു പോയ ഓണ്‍ലൈന്‍ സഖാക്കള്‍ മുഴുവന്‍ സ.പിണറായിയുടെ ബര്‍ത്ത്-ഡേ ആഘോഷിച്ചു തിമിര്‍ക്കുകയായിരുന്നു. പിണറായി വരുമ്പോള്‍ ‘പിണറായി വിജയന്‍ സിന്ദാബാദ്’ വിളികള്‍ക്കിടയില്‍ ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ വല്ലപ്പോഴും കേട്ടാലായി. പിണറായിയെ ആരെങ്കിലും വിമര്‍ശിക്കുമ്പോള്‍ വെട്ടുകിളികളെ പോലെ പറന്നിറങ്ങുകയാണ് ആരാധകര്‍.

ആ നിലക്ക് നോക്കുമ്പോള്‍ ഒരു പരമ്പരാഗത കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയല്ല സ.പിണറായി. പരമ്പരാഗത സഖാക്കളല്ല ന്യൂ ജനറേഷന്‍ അനുയായികള്‍. ‘പണ്ടത്തെ കമ്മ്യൂണിസ്റ്റുകാര്‍’ എന്ന ക്യാറ്റഗറിയിലുള്ളവരെ പറ്റി ന്യൂ ജനറേഷന്‍ സഖാക്കള്‍ക്ക് ഏതായാലും വലിയ മതിപ്പില്ല.

സ:പിണറായി ഒരു സൂപ്പര്‍ സ്റ്റാറും അനുയായികള്‍ ഫാന്‍സുമാണ്. എങ്കിലും നാട്ടുകാര്‍ക്കതില്‍ പരാതിയുണ്ടാവേണ്ട കാര്യമില്ല. കേരള മുഖ്യമന്തി ഒരു പരമ്പരാഗത കമ്മ്യൂണിസ്റ്റ് നേതാവിനെ പോലെ പെരുമാറണം എന്ന് ഭരണഘടനയില്‍ പറയാത്തിടത്തോളം കാലം സ.പിണറായിക്ക് സൂപ്പര്‍ സ്റ്റാറിനെ പോലെ പെരുമാറാം, അനുയായികള്‍ക്ക് ഫാന്‍ ക്ലബ്ബ്കാരെ പോലെയും. സൂപ്പര്‍ സ്റ്റാര്‍ – ഫാന്‍ ക്ലബ് കളി നാട്ടുകാരെ ബാധിക്കരുതെന്ന് മാത്രം .

സാധാരണ സിനിമ പ്രേക്ഷകരും ഫാന്‍ ക്ലബ്ബ്കാരും തമ്മില്‍ അടിസ്ഥാനപരമായി ഒരു വ്യത്യാസമുണ്ട്. സാധാരണ പ്രേക്ഷകര്‍ക്ക് സിനിമ മൊത്തത്തില്‍ നന്നായാല്‍ മതി. നായകന്‍ എത്ര സീനുകളില്‍ വരുന്നു, നായകന് തല്ല് കിട്ടുന്നുണ്ടോ, നായകനെക്കാള്‍ പ്രാധാന്യമുള്ള വേറെ കഥാപാത്രങ്ങളുണ്ടോ തുടങ്ങിയവയൊന്നും അവരുടെ പ്രശ്‌നമല്ല.

ഫാന്‍സുകാര്‍ അങ്ങനെയല്ല. അവര്‍ക്ക് തുടക്കം മുതല്‍ തീരുന്നത് വരെ നായകനെ കണ്ടു കൊണ്ടിരിക്കണം. മറ്റു കഥാപാത്രങ്ങള്‍ സ്‌ക്രീനില്‍ വരുന്നുണ്ടെങ്കില്‍ അത് നായകനെ പ്രശംസിക്കാനായിരിക്കണം. ഒരു സംഘട്ടനത്തില്‍ പോലും നായകനല്ലാതെ മറ്റാരും ജയിക്കാന്‍ പാടില്ല.

രജനീകാന്തിനും വിജയ്ക്കും സുര്യക്കും ഒക്കെ ഒരു നല്ല സിനിമയില്‍ അഭിനയിക്കണമെന്നുണ്ടാകും. പക്ഷെ ഫാന്‍സ് സമ്മതിക്കില്ല. ഫാന്‍സ് എന്നത് ഒരു ഊരാക്കുടുക്കാണ്, അതില്‍ കുടുങ്ങിയാല്‍ തീര്‍ന്നു, സിനിമയിലായാലും രാഷ്ട്രീയത്തിലായാലും. സാധാരണക്കാര്‍ ഒരു മുഖ്യമന്ത്രിയെ അഞ്ചു വര്‍ഷം കഴിയുമ്പോളേ വിലയിരുത്തൂ, എല്ലാ സീനിലും വിജയിച്ചു നില്‍ക്കുന്നുണ്ടോ എന്നതൊന്നും അവരുടെ പ്രശ്‌നമല്ല, എല്ലാ സീനിലും നായകന്‍ തന്നെ ഉണ്ടാവണമെന്നും അവര്‍ക്കില്ല, ഇതൊക്കെ ഫാന്‍സിന്റെ മാത്രം ആവശ്യമാണ്.

ഫാന്‍സിന്റെ ഊരാക്കുടുക്കില്‍ കുടുങ്ങിയ ഒരു മുഖ്യമന്ത്രിയാണ് സ.പിണറായി വിജയന്‍. അതിന്റെ പ്രതീകാത്മക ആവിഷ്‌കാരമാണ് അദ്ദേഹത്തിന്റെ കൊവിഡ് പത്രസമ്മേനങ്ങള്‍.

ലോകത്തുള്ള മിക്കവാറും ഭരണാധികാരികളും കൊവിഡ് കാലത്ത് സ്ഥിരമായി പത്രസമ്മേളങ്ങള്‍ നടത്തുന്നുണ്ട്. ട്രംപ് അടക്കം മിക്കവാറും എല്ലാവരും പത്രസമ്മേളനത്തിന് മിക്കവാറും ഒറ്റക്കാണ് വരിക, ചിലപ്പോള്‍ ആരോഗ്യ സെക്രട്ടറി, ഉപദേശകന്‍ ഡോക്ടര്‍ ഫൗച്ചി തുടങ്ങിയവരെ കൂട്ടി വരും. പത്രസമ്മേളനത്തില്‍ അവര്‍ക്കും സംസാരിക്കാന്‍ അവസരമുണ്ടാകും, പത്രക്കാര്‍ അവരോടും ചോദ്യങ്ങള്‍ ചോദിക്കും. പ്രസിഡന്റാണോ സെക്രട്ടറിയാണോ എന്ന വ്യത്യാസം പത്രക്കാര്‍ കാണിക്കില്ല.

പിണറായിയും മൂന്നാലു പേരെ കൂട്ടിയാണ് പത്രസമ്മേളനത്തിനു വരുന്നത്. സൂപ്പര്‍ സ്റ്റാര്‍ സിനിമയിലെ പഞ്ചു-ഡയലോഗ് സീനില്‍ വരുന്ന ഡയലോഗ് ഇല്ലാത്ത എക്‌സ്ട്രാ നടന്മാരുടെ റോളെ അവര്‍ക്കുള്ളൂ. ചീഫ് സെക്രട്ടറിയും റവന്യു മന്ത്രിയും ആരോഗ്യമന്ത്രിയുമൊക്കെ പാവം പിടിച്ച ഇരിപ്പാണ്. ഒരക്ഷരം ഇവരാരെങ്കിലും സംസാരിക്കുന്നത് കാണാറില്ല.

റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനോക്കെ രാവിലെ എണീക്കുന്നത് തന്നെ ഇന്നെങ്കിലും ഒരു ഡയലോഗ് പറയാന്‍ അവസരം ലഭിക്കണേ ഈശ്വരാ എന്ന് പ്രാര്‍ഥിച്ചു കൊണ്ടായിരിക്കും. പത്രക്കാര്‍ പോലും ഇവരോടൊരു ചോദ്യം ചോദിക്കില്ല, ഫാന്‍സുകാര്‍ ടിവി ഓഫാക്കി പോകും എന്ന് പേടിച്ചാകും.

ഈ സൂപ്പര്‍-സ്റ്റാര്‍ ബാധ പത്രസമ്മേളനങ്ങളില്‍ ഒതുങ്ങുമെങ്കില്‍ കുഴപ്പമില്ലായിരുന്നു, ഇതിപ്പോള്‍ പ്രവാസികള്‍ക്കാണ് വലിയൊരു പ്രശ്‌നമായി വന്നിട്ടുള്ളത്.

കൊവിഡ് ഒന്നും രണ്ടും ഘട്ടങ്ങള്‍, അങ്ങനെ വിളിക്കാമെങ്കില്‍, മുഖ്യമന്ത്രി വളരെ തൃപ്തികരമായിട്ടാണ് കൈകാര്യം ചെയ്തത്. നാട്ടുകാരും പത്രക്കാരുമൊക്കെ അദ്ദേഹത്തെ വളരെയധികം അഭിനന്ദിച്ചിട്ടുമുണ്ട്. സത്യത്തില്‍ സര്‍ക്കാരുകള്‍ നല്ലതു ചെയ്യുമ്പോള്‍ അഭിനന്ദിക്കുക എന്നത് പത്രക്കാരുടെ ജോലിയല്ല. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുക, ഭരിക്കുന്നവരുടെ കുറ്റങ്ങള്‍ ചൂണ്ടികാട്ടുക എന്നീ രണ്ടു ജോലികളാണ് ജനാധിപത്യത്തിന്റ കാവല്‍ നായ്ക്കള്‍ എന്ന നിലയില്‍ പത്രങ്ങള്‍ക്കുള്ളത് എന്നാണ് പത്രരംഗത്തെ കുലപതികള്‍ പറഞ്ഞിട്ടുള്ളത്. പ്രശംസിക്കലും അഭിനന്ദിക്കളുമൊക്കെ ഈയടുത്ത് തുടങ്ങിയതാണ്, എന്നാലും തരക്കേടില്ല. മാര്‍ക്കിടല്‍കാരൊക്കെ പിണറായിക്ക് ഒന്നാം സ്ഥാനവും നല്‍കി.

ഈ ഒന്നാം സ്ഥാനം നിലനിര്‍ത്തണമെന്ന മുഖ്യമന്ത്രിയുടെയോ അദ്ദേഹത്തിന്റെ ഫാന്‍സ് ക്ലബ്ബ്കാരുടെയോ വാശിയിലാണ് ലക്ഷക്കണക്കിന് പ്രവാസികള്‍ കുടുങ്ങിയത്. മറ്റു രാജ്യങ്ങളിലെയോ സംസ്ഥാനങ്ങളിലോ ഉള്ള മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തിയാല്‍ ഒന്നാം സ്ഥാനം പോകുമെന്ന പേടിയിലാണ് സംസ്ഥാന സര്‍ക്കാര്‍ പല രീതിയില്‍ പ്രവാസികളുടെ വരവ് തടയുന്നത്. എങ്ങനെയൊക്കെയാണ് തടയുന്നത് എന്നത് പലരും വിശദീകരിക്കുകയും മിക്കവര്‍ക്കും ബോധ്യമാവുകയും ചെയ്ത സ്ഥിതിക്ക് ആവര്‍ത്തിക്കുന്നില്ല.

മുഖ്യമന്ത്രിയും ഫാന്‍സും മനസ്സിലാക്കേണ്ടത്, കൊവിഡ് ഒരു നീണ്ട പോരാട്ടമാണ്. എത്ര ഘട്ടങ്ങളുണ്ടെന്നോ ആരൊക്കെ ബാക്കിയാവുമെന്നോ അറിയാത്ത പോരാട്ടം. രോഗം മറഞ്ഞാലും സാമ്പത്തിക സാമൂഹ്യ പ്രത്യാഘാതങ്ങള്‍ എത്ര കാലം നീണ്ടു നില്‍ക്കുമെന്നറിയാത്ത പോരാട്ടം. അത്തരം നീണ്ട ഒരു പോരാട്ടത്തിന്റെ എല്ലാ ഘട്ടത്തിലും ഒന്നാം സ്ഥാനം തങ്ങള്‍ക്കു തന്നെ വേണം എന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റില്ല, പക്ഷെ അതിനു വേണ്ടി മറ്റുള്ളവരെ കുരുതി കൊടുക്കരുത്.

ഗള്‍ഫിലെ പ്രവാസികള്‍ വന്‍തോതില്‍ തിരിച്ചു വരുമ്പോള്‍ കൊറോണ ബാധിതരുടെ എണ്ണത്തില്‍ ഒരു കുതിച്ചു ചാട്ടം ഉണ്ടാവുമെന്നും ഇപ്പോള്‍ പ്രശംസിക്കുന്നവരൊക്കെ പ്ലേറ്റ് മാറ്റി വിമര്‍ശനം തുടങ്ങുമെന്നുമുള്ളത് നേരാണ്. പക്ഷെ അത് താത്കാലിക തിരിച്ചടി മാത്രമായിരിക്കും, താഴെപറയുന്ന കാര്യങ്ങള്‍ പരിഗണിച്ചാല്‍.

ഒന്ന്, ഗള്‍ഫില്‍ കൊറോണ ഭീതി അകന്നു തുടങ്ങിയിരിക്കുന്നു. ഒട്ടേറെ പേര്‍ക്ക് കൊറോണ വന്നു സുഖപ്പെട്ടു. പലരും കൊറോണ ബാധിതരുടെ മുറികളില്‍ തന്നെയാണ് താമസിക്കുന്നത്. ജോലിയും ആരോഗ്യവുമുള്ള ഒരാളും കോറോണയെ പേടിച്ചു നാട്ടില്‍ വരാന്‍ പോകുന്നില്ല. വരാന്‍ ശ്രമിക്കുന്നത് മുഴുവന്‍ താല്‍ക്കാലിക വിസയില്‍ വന്നു കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍, കോണ്‍ട്രാക്ട് തീര്‍ന്നവര്‍, രോഗികള്‍, ഗര്‍ഭിണികള്‍, മുതിര്‍ന്നവര്‍ ഒക്കെയാണ്. അത് കൊണ്ട് കൂട്ട പലായനം എന്ന ഭീതിക്ക് ഒരടിസ്ഥാനവുമില്ല.

രണ്ട്, കൊറോണ മൂലമുള്ള മരണ നിരക്ക് ഏറ്റവും കുറവാണ് ഗള്‍ഫില്‍. ഏകദേശം ആയിരം കൊറോണ ബാധിതരില്‍ ഒരാളാണ് മരിക്കുന്നത്, കോ-മോര്‍ബിഡിറ്റി ഉള്ളവര്‍ ഉള്‍പ്പടെ. അത് തന്നെ റിപ്പോര്‍ട്ട് ചെയ്തവരുടെ കണക്കാണ്. മിക്കവാറും ആളുകള്‍ക്ക് യാതൊരു രോഗലക്ഷണവും ഇല്ലാത്തതു കൊണ്ട് അവര്‍ റിപ്പോര്‍ട്ട് ചെയ്യുകയോ ടെസ്റ്റ് ചെയ്യുകയോ ചെയ്യുന്നില്ല. അത് കൂടി പരിഗണിച്ചാല്‍ രണ്ടായിരത്തില്‍ ഒന്നോ മറ്റോ ആയിരിക്കും മരണം. അത് കൊണ്ട് ലക്ഷങ്ങള്‍ തിരിച്ചെത്തിയാലും കേരളത്തിലെ ആരോഗ്യ സംവിധാനങ്ങള്‍ തകരുമെന്ന ആശങ്ക അസ്ഥാനത്താണ്.

മൂന്ന്, ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയവരെ 14 ദിവസമല്ല, നാല്‍പത് ദിവസം കഴിഞ്ഞാലും പുറത്തിറങ്ങാന്‍ നാട്ടുകാര്‍ സമ്മതിക്കാത്ത സ്ഥിതിയാണിപ്പോള്‍. വസൂരിയുടെയോ പ്ലേഗിന്റെയോ കാലഘട്ടത്തില്‍ പോലും ഇങ്ങനെ ഒരു സ്ഥിതി ഉണ്ടായിട്ടില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. അത് കൊണ്ട് സമ്പര്‍ക്കം മൂലം വ്യാപകമായ രോഗ പകര്‍ച്ച ഉണ്ടാവും എന്ന ഭീതിയും അസ്ഥാനത്താണ്. പരിമിതമായ തോതില്‍ ഉണ്ടായേക്കാം.

ഇതൊക്കെ പരിഗണിച്ചാല്‍ ഒന്നോ രണ്ടോ ലക്ഷം ഗള്‍ഫുകാര്‍ തിരിച്ചു വന്നാല്‍ കേരളത്തിന്റെ ഒന്നാം സ്ഥാനം പോകുമെന്ന മുഖ്യമന്ത്രിയുടെയും ഫാന്‍സിന്റെയും ഭീതി ആസ്ഥാനത്താണെന്നാണ് കരുതാന്‍ കഴിയുക. ഇനി അഥവാ കുറച്ചു ദിവസത്തേക്ക് ഒന്നാം സ്ഥാനത്തു നിന്ന് രണ്ടോ മൂന്നോ സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വന്നാലും കൊറോണ പോരാട്ടത്തില്‍ ഗള്‍ഫിലെ രോഗികളെയും പ്രായമുള്ളവരെയും തൊഴില്ലാത്തവരെയും വിധിക്ക് വിട്ടു കൊടുത്തില്ല എന്നത് കൊറോണക്കാലം കഴിയുമ്പോള്‍ പിണറായിയെ ഒരു യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍ തലത്തിലേക്ക് ഉയര്‍ത്തും, ഫാന്‍സിന്റെ മുമ്പിലല്ല, ചരിത്രത്തില്‍.

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ