നെതര്‍ലാന്‍ഡ്‌സിലും കര്‍ഷകസമരം; കാരണങ്ങളെന്തെല്ലാം?
details
നെതര്‍ലാന്‍ഡ്‌സിലും കര്‍ഷകസമരം; കാരണങ്ങളെന്തെല്ലാം?
നീതു രമമോഹന്‍
Friday, 15th July 2022, 7:36 pm

ഇന്ത്യയില്‍ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ നടത്തിയ സമരം രാജ്യത്തിന്റെ സമരചരിത്രത്തില്‍ തന്നെ ഇടംപിടിച്ച ഒന്നായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു ആയിരക്കണക്കിന് വരുന്ന കര്‍ഷകര്‍ മാസങ്ങളോളം ദേശീയപാതകളില്‍ സമരം നയിച്ചത്.

സമാനമായ ഒരു കര്‍ഷകസമരത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ യൂറോപ്യന്‍ രാജ്യമായ നെതര്‍ലാന്‍ഡ്‌സില്‍ നിന്നും കേള്‍ക്കുന്നത്. ഭരണകൂടം കൊണ്ടുവരുന്ന പുതിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് ആയിരക്കണക്കിന് കര്‍ഷകര്‍ തെരുവുകളില്‍ പ്രതിഷേധിക്കുന്നത്. ഇന്ത്യന്‍ തലസ്ഥാനം കണ്ടതുപോലുള്ള ട്രാക്ടര്‍ സമരങ്ങള്‍ക്കും രാജ്യം വേദിയാവുകയാണ്.

നെതര്‍ലാന്‍ഡ്‌സിലെ കര്‍ഷകസമരത്തെക്കുറിച്ച് അറിയുന്നതിന് മുമ്പ് രാജ്യത്തെ കാര്‍ഷികരംഗത്തെക്കുറിച്ച് അറിയേണ്ടതുണ്ട്.

27 അംഗ യൂറോപ്യന്‍ യൂണിയനിലെ താരതമ്യേന ചെറിയ രാജ്യമാണ് നെതര്‍ലാന്‍ഡ്‌സ്. 17.5 മില്യണാണ് ഇവിടത്തെ ജനസംഖ്യ. ചൈനയിലെ ഹൈനാന്‍ പ്രവിശ്യയേക്കാളും യു.എസ് സ്റ്റേറ്റായ മേരിലാന്‍ഡിനേക്കാളും അല്‍പം മാത്രം വലിപ്പക്കൂടുതലുള്ള രാജ്യം.

എങ്കിലും ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ നിര്‍മാണ- കയറ്റുമതി രാജ്യങ്ങളിലൊന്നാണ് നെതര്‍ലാന്‍ഡ്‌സ്. കൊവിഡിന് മുമ്പ്, 2019ല്‍ 94.5 ബില്യണ്‍ യൂറോയിലധികം വിലമതിക്കുന്ന ഭക്ഷ്യ ഉല്‍പന്നങ്ങളാണ് ഡച്ച് കര്‍ഷകര്‍ രാജ്യത്ത് നിന്നും കയറ്റിയയച്ചത്. ഭൂമി ലഭ്യതയിലുള്ള കുറവ് പോലും നൂതന സാങ്കേതിക വിദ്യകളും ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും ഉപയോഗിച്ച് കാര്‍ഷികരംഗവും കന്നുകാലി വളര്‍ച്ചയും വിജയവും ലാഭകരവുമാക്കാന്‍ ഇവിടത്തെ കര്‍ഷകര്‍ക്ക് സാധിച്ചിട്ടുണ്ട്.

എന്നാല്‍ നെതര്‍ലാന്‍ഡ്‌സ് പ്രധാനമന്ത്രിയായ മാര്‍ക്ക് റുറ്റെയുടെ ഭരണകക്ഷി സര്‍ക്കാര്‍ സ്വീകരിച്ചത് തീര്‍ത്തും കര്‍ഷകവിരുദ്ധമായ നിലപാടാണ്. കഴിഞ്ഞമാസം നെതര്‍ലാന്‍ഡ്‌സ് പാര്‍ലമെന്റില്‍ ഒരു നിയമം പാസാക്കിയതോടെയാണ് കര്‍ഷകരുടെ പ്രതിസന്ധി ആരംഭിച്ചത്.

‘നെറ്റ് സീറോ’ കാര്‍ബണ്‍ പുറത്തുവിടല്‍ പോളിസി കൈവരിക്കുന്നതിന് വേണ്ടി 2030ഓടെ രാജ്യത്തെ നൈട്രജന്‍ ഓക്‌സൈഡിന്റെയും അമോണിയയുടെയും പുറന്തള്ളല്‍ 50 ശതമാനം കുറക്കാനുള്ള നിയമനിര്‍മാണമാണ് മാര്‍ക്ക് റുറ്റെ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയത്. ഇതുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നൈട്രജന്‍ ഓക്‌സൈഡ്- അമോണിയ നിയന്ത്രണ ടാര്‍ഗറ്റും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

എന്നാല്‍ കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഇത് വിപരീതഫലമാണ് ഉണ്ടാക്കുക. ആധുനിക മെഷീനറികളും മറ്റ് സാങ്കേതികവിദ്യകളും ഉപയോഗിച്ചുള്ള കൃഷിരീതികളെ കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രണ പോളിസി നെഗറ്റീവായി ബാധിക്കും. കൃഷിക്ക് വേണ്ടി യന്ത്രങ്ങളും മറ്റ് മെഷീനറികളും ഉപയോഗിക്കുന്നതിന് കര്‍ഷകര്‍ക്ക് നിയന്ത്രണം വരും.

നെതര്‍ലാന്‍ഡ്‌സ് പ്രധാനമന്ത്രി മാര്‍ക്ക് റുറ്റെ

ഇത് നിലവില്‍ വന്നാല്‍ ഈ പതിറ്റാണ്ടിന്റെ അവസാനത്തോട് കൂടി രാജ്യത്തെ മുപ്പത് ശതമാനത്തിലധികം വരുന്ന ഫാമുകളും സാമ്പത്തികമായി പാപ്പരാവുമെന്നും അതുവഴി ഡച്ച് കാര്‍ഷിക ഉല്‍പാദകര്‍ തകരുമെന്നുമാണ് സര്‍ക്കാര്‍ പ്രവചിക്കുന്നത്. കാരണം കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രണ പോളിസിയിലൂടെ ഉണ്ടാകുന്ന മാറ്റങ്ങളുടെ ചിലവ് കര്‍ഷകര്‍ക്ക് താങ്ങാനാവില്ല.

ഇതിന്റെ തുടര്‍ച്ചയായി, നിയന്ത്രണ പോളിസികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിരവധി കൃഷിസ്ഥലങ്ങള്‍ തരിശായി കിടക്കേണ്ടതായി വരും. പാരിസ്ഥിതിക ആവാസവ്യവസ്ഥകള്‍, വംശനാശഭീഷണി നേരിടുന്ന സസ്യങ്ങള്‍, മൃഗങ്ങള്‍ എന്നിവയെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ നിരവധി കൃഷിസ്ഥലങ്ങളെ വനഭൂമിയാക്കി മാറ്റുന്നതിന്റെ ഭാഗമായിരിക്കും ഇത്.

അനിവാര്യമായ മാറ്റം എന്നാണ് സര്‍ക്കാര്‍ ഇതിനെ വിശേഷിപ്പിച്ചത്.

ഇത്തരത്തില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രണത്തിലും മറ്റ് പാരിസ്ഥിതിക പ്രത്യാഘാതങ്ങളിലും മാറ്റം ശ്രദ്ധ ചെലുത്തിക്കൊണ്ടാണ് ‘ക്ലീന്‍ ഗ്രീന്‍ സൊസൈറ്റി’ എന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ പുതിയ നയം രൂപീകരിച്ചത്. എന്നാല്‍ സമകാലിക ജിയോ- പൊളിറ്റിക്കല്‍ സാഹചര്യങ്ങളെയോ അന്താരാഷ്ട്ര ബിസിനസ് ട്രെന്‍ഡുകളെയോ സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല.

ഇതോടെ രാജ്യത്ത് വലിയ പ്രക്ഷോഭങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. നൈട്രജന്‍ ഓക്‌സൈഡ്- അമോണിയ നിയന്ത്രണ പോളിസിക്കെതിരായി സെന്‍ട്രല്‍ നെതര്‍ലാന്‍ഡ്‌സിലെ വിവിധ നഗരങ്ങളില്‍, പ്രധാനപ്പെട്ട ഹൈവേകളില്‍ തങ്ങളുടെ ട്രാക്ടറുകള്‍ നിരത്തിക്കൊണ്ടുള്ള സമരരീതിയും കര്‍ഷകര്‍ പരീക്ഷിച്ചു.

ഉക്രൈന്‍- റഷ്യ യുദ്ധവും റഷ്യക്ക് മേല്‍ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുമടക്കം ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ ഉപരോധങ്ങളും കാരണം യൂറോപ്പിലെ ഭക്ഷ്യസുരക്ഷ വെല്ലുവിളി നേരിട്ടുകൊണ്ടിരുന്ന സമയമാണിത്. റഷ്യക്ക് മേല്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇന്ധനവും ഭക്ഷ്യ വസ്തുക്കളുമടക്കമുള്ള അവശ്യ വസ്തുക്കളുടെ വില യൂറോപ്പില്‍ കുത്തനെ കൂടിയിരുന്നു.

ഈ സമയത്താണ് നെതര്‍ലാന്‍ഡ്‌സിലെ കാര്‍ഷികരംഗത്ത് നിന്നുള്ള ഈ പ്രശ്‌നവും ഉടലെടുക്കുന്നത്. യൂറോപ്പിലെ ഭക്ഷ്യസുരക്ഷയില്‍ ഒരു പ്രധാനപങ്ക് വഹിച്ചിരുന്ന, പ്രദേശത്തെ ഭക്ഷ്യവില പിടിച്ചുനിര്‍ത്തിയിരുന്ന രാജ്യങ്ങളിലൊന്നായിരുന്നു നെതര്‍ലാന്‍ഡ്‌സ്.

എന്നാല്‍ ഭരണാധികാരികളുടെ വീണ്ടുവിചാരമില്ലാത്ത പോളിസി മേക്കിങ് കാരണം ഇന്ന് അവര്‍ ട്രാക്ടര്‍ റാലികളുമായി റോഡുകളില്‍ സമരം നയിക്കുകയാണ്. റോഡുകളും, ഹൈവേകളും ബോര്‍ഡര്‍ ചെക്ക്‌പോയിന്റുകളും ഷിപ്പിങ് തുറമുഖങ്ങളും സൂപ്പര്‍മാര്‍ക്കറ്റ് ഡിസ്ട്രിബ്യൂഷന്‍ സെന്ററുകളും സര്‍ക്കാര്‍ ഓഫീസുകളും വളഞ്ഞ്, ബ്ലോക്ക് ചെയ്തുകൊണ്ട് അവര്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയാണ്.

തങ്ങള്‍ നടത്തുന്ന സമരങ്ങളുടെ സന്ദേശം കൃത്യമായി അവര്‍ നല്‍കുന്നുണ്ട്; പുതിയ പരിസ്ഥിതി നിയമങ്ങള്‍ ഉടന്‍ പിന്‍വലിക്കുന്നതാണ് നല്ലത്, അല്ലായെങ്കില്‍ കൂടുതലാളുകള്‍ പട്ടിണിയിലേക്ക് നീങ്ങും- എന്നാണ് സമരം ചെയ്യുന്ന കര്‍ഷകര്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ യാതൊരുവിധ ഒത്തുതീര്‍പ്പിനും തയാറാകുന്നില്ല.

ഇതിനിടെ സമരക്കാര്‍ക്ക് നേരെ നെതര്‍ലാന്‍ഡ്‌സ് പൊലീസ് വെടിയുതിര്‍ക്കുകയും ചെയ്തു. 16 വയസുകാരനായ കുട്ടിക്ക് നേരെ പൊലീസ് വെടിയുതിര്‍ക്കുകയും മൂന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്ത്യയില്‍ കര്‍ഷകസമരങ്ങള്‍ക്ക് നേരെ സര്‍ക്കാരുകളുടെയും പൊലീസ് അടക്കമുള്ള ഏജന്‍സികളുടെയും ഭാഗത്ത് നിന്നുണ്ടായ അടിച്ചമര്‍ത്തലുകളെ ഓര്‍മപ്പെടുത്തുന്ന വിധമായിരുന്നു ഈ അക്രമസംഭവങ്ങളും.

ഇന്ത്യയില്‍ കര്‍ഷകസമരങ്ങള്‍ക്ക് മുന്നില്‍ മുട്ടുകുത്തിക്കൊണ്ട്, വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇന്ത്യയിലും നെതര്‍ലാന്‍ഡ്‌സിലും പ്രതിഷേധത്തിന് കാരണമായ നിയമങ്ങള്‍ തമ്മില്‍ താരതമ്യപ്പെടുത്താന്‍ സാധിക്കില്ലെങ്കിലും ലോകത്തെവിടെയും കര്‍ഷകര്‍ ഉയര്‍ത്തുന്ന ആശങ്കകളെ നമ്മള്‍ ഒരേ തീവ്രതയില്‍ തന്നെ കാണേണ്ടതുണ്ട്, അവരുടെ പ്രശ്‌നങ്ങളെ സര്‍ക്കാരുകള്‍ അഭിമുഖീകരിക്കേണ്ടതുണ്ട്.

അതിനാല്‍ കര്‍ഷക സൗഹൃദമായ രീതിയില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രണ നയത്തിലും നൈട്രജന്‍ ഓക്‌സൈഡ്- അമോണിയ നിയന്ത്രണ നയത്തിലും നെതര്‍ലാന്‍ഡ്‌സ് സര്‍ക്കാര്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരും എന്നാണ് ഇനി നോക്കിക്കാണേണ്ടത്.

Content Highlight: Farmers protest in Netherlands against the policies of government

നീതു രമമോഹന്‍
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.