| Thursday, 8th May 2025, 9:08 am

തുടരും ഡബ്ബ് കഴിഞ്ഞ് വന്ന ലാലേട്ടന്റെ കോള്‍; ആ വാക്കുകള്‍ കേട്ടതോടെ പിന്നെ എനിക്കൊന്നും അറിയേണ്ട എന്നായി: ഫര്‍ഹാന്‍ ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഞാന്‍ സ്റ്റീവ് ലോപ്‌സ് എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് ഫര്‍ഹാന്‍ ഫാസില്‍ സിനിമയിലേക്ക് എത്തുന്നത്. സംവിധായകൻ ഫാസിലിന്റെ മകനും ഫഹദ് ഫാസിലിന്റെ സഹോദരനുമാണ് ഫര്‍ഹാന്‍ ഫാസില്‍.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും എന്ന മോഹന്‍ലാല്‍ ചിത്രത്തിലും ഫര്‍ഹാന്‍ ഫാസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ സിനിമ കണ്ടതിന് ശേഷം ഫഹദും മോഹന്‍ലാലും തന്നെ പ്രശംസിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് ഫര്‍ഹാന്‍ ഫാസില്‍.

ഫഹദ് തന്റെ പടം കാണുന്നത് ആദ്യമായിട്ടാണെന്നാണ് തനിക്ക് തോന്നുന്നതെന്നും ഭീഷ്മപര്‍വ്വം കണ്ടിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും ഫര്‍ഹാന്‍ പറയുന്നു.

മാതാപിതാക്കൾക്ക് വേണ്ടി പ്രിവ്യൂ ഷോ ഇട്ടിട്ടുണ്ടായിരുന്നുവെന്നും അങ്ങനെയാണ് അവര്‍ സിനിമ കണ്ടതെന്നും സിനിമ കഴിഞ്ഞപ്പോള്‍ ഫഹദ് നന്നായിട്ട് ചെയ്തുവെന്ന് തന്നോട് പറഞ്ഞുവെന്നും ഫര്‍ഹാന്‍ പറഞ്ഞു.

തന്നെ ആദ്യം പ്രശംസിച്ചത് മോഹന്‍ലാല്‍ ആണെന്നും മോഹന്‍ലാല്‍ ഡബ്ബ് കഴിഞ്ഞപ്പോള്‍ തന്നെ വിളിച്ചിരുന്നുവെന്നും ഫര്‍ഹാന്‍ പറയുന്നു.

മോനേ നന്നായിട്ട് ചെയ്തിട്ടുണ്ടെന്ന് മോഹന്‍ലാല്‍ തന്നോട് പറഞ്ഞെന്നും അത് കേട്ടപ്പോള്‍ പിന്നെ തനിക്കിനി വേറെയൊന്നും കേള്‍ക്കണ്ട, ഒന്നും അറിയണ്ട എന്നായിരുന്നെന്നും ഫര്‍ഹാന്‍ കൂട്ടിച്ചേര്‍ത്തു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു ഫര്‍ഹാന്‍ ഫാസില്‍.

‘എനിക്ക് തോന്നുന്നു ഷാനു എന്റെ ആദ്യത്തെ പടമാണ് കാണുന്നതെന്ന്. ഭീഷ്മ കണ്ടിട്ടുണ്ടോ എന്നെനിക്കറിയില്ല. വാപ്പക്കും ഉമ്മക്കും വേണ്ടി പ്രിവ്യൂ ഇട്ടിട്ടുണ്ടായിരുന്നു അങ്ങനെയാണ് അവര്‍ കാണുന്നത്. അത് കഴിഞ്ഞ് ഷാനു വന്നിട്ട് പറഞ്ഞു ‘നീ നന്നായിട്ട് ചെയ്തിട്ടുണ്ട്’ എന്ന്. ഫസ്റ്റ് ടൈമാണ് എന്റെ പെര്‍ഫോമന്‍സിനെക്കുറിച്ച് ഫീഡ്ബാക്ക് തരുന്നത്.

എനിക്ക് ഫസ്റ്റ് അപ്രിസിയേഷന്‍ കിട്ടിയത് ലാലേട്ടനിൽ നിന്നായിരുന്നു. ലാലേട്ടന്‍, ലാലേട്ടന്റെ ഡബ്ബ് കഴിഞ്ഞിട്ട് വിളിച്ചിരുന്നു. എന്നിട്ട് പറഞ്ഞു ‘മോനേ… നന്നായിട്ട് ചെയ്തിട്ടുണ്ട്’ എന്ന്. അത് കേട്ടപ്പോള്‍ തന്നെ എനിക്കിനി വേറെയൊന്നും കേള്‍ക്കണ്ട, ഒന്നും അറിയണ്ട എന്നായിരുന്നു,’ ഫര്‍ഹാന്‍ ഫാസില്‍ പറയുന്നു.

Content Highlight: Farhaan Fasil Talking About Mohanlal In Thudarum Movie

We use cookies to give you the best possible experience. Learn more