| Saturday, 17th May 2025, 10:38 pm

ഷാനു അവന്റെ കരിയറില്‍ സ്വയം ഉണ്ടാക്കിയെടുത്ത ഒരേയൊരു സിനിമയാണത്, അതിന്റെ സംവിധായകന് വേണ്ടി ചെയ്തതാണ് ആ ചിത്രം: ഫര്‍ഹാന്‍ ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ യുവനടന്മാരില്‍ പ്രധാനിയാണ് ഫര്‍ഹാന്‍ ഫാസില്‍. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് ഫര്‍ഹാന്‍ സിനിമാലോകത്തേക്കെത്തുന്നത്. 11 വര്‍ഷത്തെ സിനിമാ കരിയറില്‍ വെറും ആറ് സിനിമകളില്‍ മാത്രമാണ് ഫര്‍ഹാന്‍ ഭാഗമായത്. തിയേറ്ററുകളില്‍ മുന്നേറുന്ന തുടരും എന്ന ചിത്രത്തിലും ഫര്‍ഹാന്‍ ഭാഗമായിട്ടുണ്ട്.

രാജീവ് രവിയെക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചും സംസാരിക്കുകയാണ് ഫര്‍ഹാന്‍ ഫാസില്‍. സെറ്റില്‍ ഒരിക്കല്‍ പോലും രാജീവ് രവിയുടെ ശബ്ദം ഉയരുന്നത് കേള്‍ക്കാന്‍ കഴിയില്ലെന്ന് ഫര്‍ഹാന്‍ ഫാസില്‍ പറഞ്ഞു. ഷോട്ട് നന്നായിട്ടുണ്ടെങ്കില്‍ ഓക്കെ എന്ന് മാത്രമേ പറയുള്ളൂവെന്നും പെര്‍ഫോമന്‍സ് ഇഷ്ടമായാല്‍ ഗുഡ് എന്ന് മാത്രം പറയുമെന്നും ഫര്‍ഹാന്‍ കൂട്ടിച്ചേര്‍ത്തു.

രാജീവ് രവിയുടെ സിനിമകളിലെ കഥാപാത്രങ്ങളാരും ലൗഡ് ആയിട്ടുള്ളവരല്ലെന്നും എല്ലാവരും സട്ടില്‍ ആയിട്ടുള്ളവരാണെന്നും ഫര്‍ഹാന്‍ ഫാസില്‍ പറയുന്നു. അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ അംശം കഥാപാത്രങ്ങള്‍ക്കും കൊടുക്കാറുണ്ടെന്ന് തോന്നുന്നുണ്ടെന്നും അതാണ് അദ്ദേഹത്തിന്റെ സിനിമകളുടെ പ്രത്യേകതയെന്നും ഫര്‍ഹാന്‍ കൂട്ടിച്ചേര്‍ത്തു.

അന്നയും റസൂലും എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത രാജീവ് രവിയുടെ അവതരണമാണെന്നും ഫഹദ് ആ സിനിമയില്‍ തന്റേതായി ഒരു കാര്യം പോലും ചെയ്തിട്ടില്ലെന്നും ഫര്‍ഹാന്‍ പറയുന്നു. ഫഹദിന്റെ കരിയറില്‍ അയാള്‍ സ്വയം ഉണ്ടാക്കിയെടുത്ത ഒരേയൊരു സിനിമ അന്നയും റസൂലുമാണെന്നും രാജീവ് രവി എന്ന സംവിധായക് വേണ്ടി മാത്രമാണ് ആ സിനിമ ചെയ്തതെന്നും ഫര്‍ഹാന്‍ ഫാസില്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ഫര്‍ഹാന്‍ ഫാസില്‍.

‘രാജീവേട്ടന്റെ സിനിമകളുടെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ പുള്ളിയുടെ സെറ്റ് എപ്പോഴും സൈലന്റായിരിക്കും. പുള്ളിയുടെ സൗണ്ട് റെയ്‌സ് ആവുന്നത് കേള്‍ക്കാന്‍ പറ്റില്ല. ഷോട്ട് ഓക്കെയായാല്‍ ‘ഓക്കെ കട്ട്’ എന്ന് മാത്രമേ പറയൂ. പെര്‍ഫോമന്‍സ് നന്നായാല്‍ ‘ഗുഡ്’ അത്രയേ പറയൂ. പുള്ളിയുടെ പടത്തിലെ കഥാപാത്രങ്ങളൊന്നും ലൗഡല്ല. പുള്ളിയെപ്പോലെ സട്ടിലായിരിക്കും. രാജീവേട്ടന്റെ സ്വഭാവത്തിന്റെ ഒരംശം ആ കഥാപാത്രങ്ങള്‍ക്കും ഉണ്ട്.

അന്നയും റസൂലും എന്ന പടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത രാജീവേട്ടന്റെ അവതരണമാണ്. ഷാനുവിനോട് ഓരോന്നും കറക്ടായി പറഞ്ഞുകൊടുത്താണ് ആ ക്യാരക്ടറിനെ പ്രസന്റ് ചെയ്തിരിക്കുന്നത്. ഷാനുവിന്റെ കരിയറില്‍ അവന്‍ സ്വയം ഉണ്ടാക്കിയെടുത്ത ഒരൊറ്റ സിനിമ അന്നയും റസൂലും മാത്രമാണ്. രാജീവ് രവി എന്ന ഡയറക്ടര്‍ക്ക് വേണ്ടി മാത്രമാണ് അവന്‍ ആ സിനിമ ചെയ്തത്,’ ഫര്‍ഹാന്‍ ഫാസില്‍ പറയുന്നു.

Content Highlight: Farhaan Faasil about Fahadh Faasil’s performance in Annayum Rasoolum movie

We use cookies to give you the best possible experience. Learn more