| Thursday, 15th May 2025, 11:13 am

ഉറങ്ങിക്കിടന്ന ലാലേട്ടനെ വിളിച്ചുണര്‍ത്തി; അഞ്ച് സെക്കന്റിനുള്ളില്‍ ആക്ഷന്‍ പറഞ്ഞതും അദ്ദേഹം ആ സീന്‍ ഫെര്‍ഫോം ചെയ്തു: ഫര്‍ഹാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടരും എന്ന ചിത്രത്തെ കുറിച്ചും മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയുടെ പെര്‍ഫോമന്‍സ് കണ്ട് ഞെട്ടിപ്പോയ ചില സീനുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ഫര്‍ഹാന്‍ ഫാസില്‍.

ഉറക്കത്തില്‍ നിന്ന് എണീറ്റ് അഭിനയിക്കുക എന്ന് കേട്ടിട്ടേയുള്ളൂവെന്നും അക്ഷരാര്‍ത്ഥത്തില്‍ മോഹന്‍ലാല്‍ അത്തരത്തില്‍ പെര്‍ഫോം ചെയ്യുന്നത് താന്‍ കണ്ടെന്നുമായിരുന്നു ഫര്‍ഹാന്‍ പറഞ്ഞത്. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഫര്‍ഹാന്‍.

തുടരും എന്ന ചിത്രത്തില്‍ കാട്ടിലേക്ക് കാര്‍ ഓടിച്ചുപോകുന്നതും തുടര്‍ന്നുള്ളതുമായ സീനിനെ കുറിച്ചായിരുന്നു ഫര്‍ഹാന്‍ സംസാരിച്ചത്.

‘ നമ്മള്‍ എല്ലാവരും ആ വണ്ടിയില്‍ പോയിട്ട് കാട്ടില്‍ ആ വണ്ടി പാര്‍ക്ക് ചെയ്തിട്ട് ഞാനും പ്രകാശേട്ടനും ബിനു ചേട്ടനും വണ്ടിയില്‍ നിന്ന് ഇറങ്ങും.

ലാല്‍ സാര്‍ വണ്ടിയില്‍ ഒറ്റയ്ക്കാണ്. നമ്മുടേത് എടുത്തു. ഇനി ലാല്‍ സാറിന്റെ ക്ലോസാണ് എടുക്കാനുള്ളത്. അപ്പുറത്ത് നിന്ന് വണ്ടി വരുന്നു. ആരാണ് വണ്ടിയില്‍, എന്താണ് കാര്യം എന്ന് ചോദിക്കുമ്പോഴുള്ള ലാല്‍ സാറിന്റെ റിയാക്ഷനാണ് എടുക്കേണ്ടത്.

ലാലേട്ടന്‍ വണ്ടിയിലാണ്. കാടാണ്. ഫുള്‍ ഇരുട്ടാണ്. അത് ലൈറ്റപ്പ് ചെയ്യാന്‍ 40 മിനുട്ട് എടുത്തു. പുള്ളി ഉറങ്ങിപ്പോയി. നമ്മള്‍ അടുത്ത് ഒരു ടെന്റില്‍ ഇരിക്കുന്നുണ്ട്. എല്ലാം സെറ്റപ്പ് ചെയ്യുമ്പോഴും ലാലേട്ടന്‍ ഉറങ്ങിക്കൊണ്ടിരിക്കുകയാണ്.

ഷോട്ട് റെഡിയായപ്പോള്‍ തരുണ്‍ വിളിച്ചോളാന്‍ പറഞ്ഞു. ലാല്‍ സാര്‍, ഷോട്ട് റെഡിയാണ് എന്ന് പറഞ്ഞപ്പോള്‍ റെഡി എന്ന് പറഞ്ഞ് അഞ്ച് സെക്കന്റിനുള്ളില്‍ തരുണ്‍ സ്റ്റാര്‍ട് ക്യാമറ പറഞ്ഞ് ആക്ഷന്‍ പറഞ്ഞതും പുള്ളി ആ സീന്‍ പെര്‍ഫോം ചെയ്തു. ഒറ്റ ടേക്കില്‍ തന്നെ അത് ഓക്കെയായി.

ഉറക്കത്തില്‍ നിന്ന് അഭിനയിക്കുക എന്ന് പറയാറില്ലേ. ഇന്‍സ്റ്റന്റായി ചെയ്യുകയാണ്. ഇതെന്ത് മനുഷ്യനാണെന്ന് തോന്നി. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് നേരെയങ്ങ് പെര്‍ഫോം ചെയ്യുകയാണ്. അങ്ങനത്തെ ചില കാര്യങ്ങളൊക്കെ കാണുമ്പോള്‍ നമ്മള്‍ വണ്ടറടിക്കും,’ ഫര്‍ഹാന്‍ പറയുന്നു.

പിന്നെ ആ പൊലീസ് സ്റ്റേഷന്‍ ഫൈറ്റ്. അതെടുക്കുമ്പോള്‍ ഞാനും അവിടെ ഉണ്ടായിരുന്നു. നമുക്ക് തിയേറ്ററില്‍ എന്ത് ഫീലാണോ കിട്ടുന്നത്. അത് തന്നെയാണ് നമുക്ക് നേരിട്ടും കിട്ടിയത്.

അന്ന് ലാലേട്ടന് പനി പിടിച്ച് അനങ്ങാന്‍ വയ്യാത്ത അവസ്ഥയാണ്. മരുന്നൊക്കെ കഴിച്ചിട്ടാണ് നില്‍ക്കുന്നത്. പക്ഷേ അത് സ്‌ക്രീനില്‍ മനസിലാവില്ല. പുള്ളി വയ്യാതിരിക്കുകയാണ് എന്ന് അറിയില്ല,’ ഫര്‍ഹാന്‍ പറയുന്നു.

Content Highlight: farhaan about a Stunning performance in Mohanlal on Thudarum

We use cookies to give you the best possible experience. Learn more