കാത്തിരിപ്പിനൊടുവില്‍ ജന നായകന്‍ റിലീസിനൊരുങ്ങുകയാണ്. ഏഴ് മാസത്തോളം റിലീസ് തടഞ്ഞുവെച്ച ചിത്രത്തിന് കഴിഞ്ഞദിവസമാണ് പ്രദര്‍ശനാനുമതി ലഭിച്ചത്. സെന്‍സര്‍ ബോര്‍ഡിന്റെ നൂലാമാലകളില്‍ പെട്ടാണ് ജന നായകന്‍ വെളിച്ചം കാണാതിരുന്നത്. വിജയ്‌യുടെ അവസാന ചിത്രമായ ജന നായകന്‍ സമാനതകളില്ലാത്ത പ്രതിസന്ധികളാണ് നേരിട്ടത്.
സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായതിനാല്‍ ഈ മാസം തന്നെ ജന നായകന്‍ തിയേറ്ററുകളിലെത്തുമെന്ന് കരുതുന്നു. ദളപതിയുടെ അവസാന ചിത്രം ആഘോഷമാക്കാന്‍ ആരാധകര്‍ തയാറെടുക്കുന്നുണ്ട്. ചിത്രത്തിന് സ്‌പെഷ്യല്‍ ഷോ നടത്താനാകുമോ എന്നറിയാനാണ് ഇപ്പോള്‍ പലരും കാത്തിരിക്കുന്നത്. പുലര്‍ച്ചെ ഒരു മണിക്കും നാല് മണിക്കും ആദ്യ ഷോ നടത്തുന്ന പതിവ് കഴിഞ്ഞ കുറച്ചുകാലമായി മുടങ്ങിക്കിടക്കുകയാണ്.
ജന നായകന്‍ Photo: Actor Vijay/ Instagram
സര്‍ക്കാരിന്റെയും കോടതിയുടെയും അനുമതി ലഭിച്ചാല്‍ മാത്രമേ ഏര്‍ലി മോണിങ് ഷോ നടത്താനാകുള്ളൂ. ജന നായകന് ഏര്‍ലി മോര്‍ണിങ് ഷോ നടത്താനുള്ള അനുമതി തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. സ്വന്തം സിനിമയുടെ സ്‌പെഷ്യല്‍ ഷോ നടത്താന്‍ വിജയ് അനുമതി നല്‍കുമോ എന്നതാണ് സിനിമാപേജുകളിലെ ചര്‍ച്ചാവിഷയം.
അതിരാവിലെ ഷോ നടത്തിയാല്‍ നെഗറ്റീവ് റെസ്‌പോണ്‍സ് പടരുകയും വ്യാജ പതിപ്പ് ലീക്കാകാന്‍ സാധ്യതയുണ്ടെന്നുമെല്ലാം ആരോപിച്ചാണ് ഇത്തരം ഷോ നിര്‍ത്തിവെച്ചത്. ജന നായകന്‍ ആദ്യമേ ലീക്കായതിനാല്‍ ഈ പേടി വേണ്ടെന്നും ഏര്‍ലി മോണിങ് ഷോ വെക്കാന്‍ തടസമില്ലെന്നും പറയുന്ന ചില പോസ്റ്റുകള്‍ ഇതിനോടകം വൈറലായി.
ചര്‍ച്ചകളില്‍ സജീവമാണെങ്കിലും സാധാരണക്കാരിലേക്ക് ചിത്രത്തിന്റെ പ്രൊമോഷന്‍ എത്തിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് അണിയറപ്രവര്‍ത്തകരുടെ മുന്നില്‍ ഇപ്പോഴുള്ളത്. വിജയ് പാടിയ പാട്ടും, കഥയെക്കുറിച്ച് വ്യക്തത വരുത്തുന്ന ട്രെയ്‌ലറുമെല്ലാം പുറത്തുവിട്ട സ്ഥിതിക്ക് പുതിയ പ്രൊമോഷന്‍ മെറ്റീരിയലുകള്‍ പുറത്തുവിടേണ്ടത് അത്യാവശ്യമാണ്.
റിലീസിന് മുമ്പ് ഒരു ട്രെയ്‌ലര്‍ പുറത്തുവിടാനുള്ള ശ്രമത്തിലാണ് ജന നായകന്റെ അണിയറപ്രവര്‍ത്തകര്‍. ട്രിച്ചി ഈസ്റ്റിലെ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ജന നായകനെ ബിഗ് സ്‌ക്രീനിലെത്തിക്കാനാണ് പദ്ധതി. 400 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമാക്കി മാറ്റാനാണ് ആരാധകരുടെ ശ്രമങ്ങള്‍. ദളപതിയുടെ വണ്‍ ലാസ്റ്റ് ഡാന്‍സ് ചരിത്രമെഴുതുമോ എന്നറിയാനാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.
Content Highlight: Fans waiting to get 4 am show permission for Jana Nayagan movie