'പലരും ചേര്‍ന്ന് ഇവന്റെ കരിയര്‍ അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തു'; 15 വിക്കറ്റ് വീഴ്ത്തിയിട്ടും പുറത്ത് തന്നെ
Sports News
'പലരും ചേര്‍ന്ന് ഇവന്റെ കരിയര്‍ അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തു'; 15 വിക്കറ്റ് വീഴ്ത്തിയിട്ടും പുറത്ത് തന്നെ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th November 2025, 10:03 pm

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടത്തിനുള്ള ടെസ്റ്റ് സ്‌ക്വാഡില്‍ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്താതില്‍ വിമര്‍ശനവുമായി ആരാധകര്‍. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും താരത്തെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്ത സെലക്ടര്‍ അജിത് അഗാര്‍കറിന്റെയും പരിശീലകന്‍ ഗൗതം ഗംഭീറിന്റെയും തീരുമാനത്തെയാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്.

മുഹമ്മദ് ഷമി പൂര്‍ണ ആരോഗ്യവാനാണെങ്കില്‍ താരത്തെ തീര്‍ച്ചയായും ടീമിലുള്‍പ്പെടുത്തുമെന്നായിരുന്നു സെലക്ടര്‍ അജിത് അഗാര്‍കര്‍ നേരത്തെ പറഞ്ഞിരുന്നത്.

 

‘അവന്‍ ആരോഗ്യവാനാണെങ്കില്‍, അവന്‍ ഇവിടെയുണ്ടാകുമായിരുന്നു. എന്നാല്‍ അവന്‍ നിലവില്‍ പൂര്‍ണ ആരോഗ്യവാനല്ല. നമ്മുടെ ആഭ്യന്തര മത്സരങ്ങള്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്. അവന്‍ ആരോഗ്യവാനാണോ, എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്നെല്ലാം നമുക്ക് നോക്കാം,’ എന്നാണ് നേരത്തെ അഗാര്‍കര്‍ പറഞ്ഞിരുന്നത്.

രഞ്ജിയില്‍ ബംഗാളിന് വേണ്ടി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. എന്നാല്‍ അപ്പോഴും അഗാര്‍കറും മറ്റുള്ളവരും ഷമിയെ കാണാതെ പോയി. നേരത്തെ നടന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും ഷമി ടീമിനൊപ്പമുണ്ടായിരുന്നില്ല.

‘എന്റെ ഫിറ്റ്നസിനെ കുറിച്ച് ഇന്ത്യന്‍ ടീം ഒരിക്കലും എന്നോട് ചോദിച്ചില്ല. അവരെ അപ്ഡേറ്റ് ചെയ്യേണ്ടത് എന്റെ ജോലിയല്ല, അവരാണ് ചോദിക്കേണ്ടത്. എനിക്ക് നാല് ദിവസത്തെ ക്രിക്കറ്റ് കളിക്കാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ട് എനിക്ക് 50 ഓവര്‍ മത്സരം കളിക്കാന്‍ കഴിയില്ല? ഫിറ്റ്നസ് ഇല്ലായിരുന്നുവെങ്കില്‍, ഞാന്‍ രഞ്ജി ട്രോഫി കളിക്കില്ല, ഞാന്‍ എന്‍.സി.എയില്‍ ആയിരിക്കും,’ എന്നായിരുന്നു ഷമിയുടെ മറുപടി.

നേരത്തെ ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തില്‍ തഴഞ്ഞ ഷമിയെ ഇപ്പോള്‍ പ്രോട്ടിയാസിനെതിരായ ടെസ്റ്റിലും തഴഞ്ഞിരിക്കുകയാണ്.

രഞ്ജിയില്‍ ബംഗാളിനായി കളത്തിലിറങ്ങിയ മൂന്ന് മത്സരത്തില്‍ നിന്നും ഒരു ഫോര്‍ഫറും ഫൈഫറും അടക്കം 15 വിക്കറ്റുകളാണ് ഷമി പിഴുതെറിഞ്ഞത്. വിക്കറ്റ് വേട്ടക്കാരില്‍ നിലവില്‍ എട്ടാമനാണ് സൂപ്പര്‍ പേസര്‍. മൂന്ന് മത്സരത്തില്‍ നിന്നും 93.0 ഓവറുകള്‍ (558 പന്തുകള്‍) താരം എറിഞ്ഞുതീര്‍ത്തു. 15.53 ശരാശരിയിലും 2.50 എക്കോണമിയിലുമാണ് ഷമി പന്തെറിയുന്നത്.

ഷമിയെ ഉള്‍പ്പെടുത്താതില്‍ ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. ‘എല്ലാവരും ചേര്‍ന്ന് ഷമിയുടെ കരിയര്‍ അവസാനിപ്പിക്കുകയാണോ?’, ‘ഗംഭീറും അഗാര്‍ക്കറും ഇന്ത്യന്‍ ക്രിക്കറ്റിനെ നശിപ്പിക്കുന്നു’, ‘ഇനിയും ഫേവറിറ്റിസം കളിക്കരുത്’ എന്നെല്ലാമാണ് ആരാധകര്‍ പറയുന്നത്.

ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ രണ്ട് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ സ്വന്തം തട്ടകത്തില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ കളിക്കുക.

ഇന്ത്യ vs സൗത്ത് ആഫ്രിക്ക, ടെസ്റ്റ് പരമ്പര

ആദ്യ ടെസ്റ്റ് – നവംബര്‍ 14-18 – ഈഡന്‍ ഗാര്‍ഡന്‍സ്, കൊല്‍ക്കത്ത

രണ്ടാം ടെസ്റ്റ് – നവംബര്‍ 22-26 – ബര്‍സാപര സ്റ്റേഡിയം, ഗുവാഹത്തി.

ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, അക്സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ആകാശ് ദീപ്.

സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്

ഡെവാള്‍ഡ് ബ്രെവിസ്, തെംബ ബാവുമ (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്സ്, സുബൈര്‍ ഹംസ, ഏയ്ഡന്‍ മര്‍ക്രം, കോര്‍ബിന്‍ ബോഷ്, മാര്‍കോ യാന്‍സെന്‍, എസ്. മുത്തുസ്വാമി, വിയാന്‍ മുള്‍ഡര്‍, കൈല്‍ വെരായ്നെ (വിക്കറ്റ് കീപ്പര്‍), റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), കഗീസോ റബാദ, കേശവ് മഹാരാജ്, സൈമണ്‍ ഹാര്‍മര്‍.

 

Content Highlight: Fans strongly criticize Mohammed Shami for not being included in the Test series against South Africa