അനുഷ്‌ക ശര്‍മക്കൊക്കെ ക്രിക്കറ്റിനെ കുറിച്ച് എന്തെങ്കിലും അറിയുമോ? വിവാദ പരാമര്‍ശവുമായി ഹര്‍ഭജന്‍, വിമര്‍ശനം
icc world cup
അനുഷ്‌ക ശര്‍മക്കൊക്കെ ക്രിക്കറ്റിനെ കുറിച്ച് എന്തെങ്കിലും അറിയുമോ? വിവാദ പരാമര്‍ശവുമായി ഹര്‍ഭജന്‍, വിമര്‍ശനം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 19th November 2023, 8:13 pm

 

ക്രിക്കറ്റ് ലോകമൊന്നാകെ അഹമ്മദാബാദിലേക്ക് ചുരുങ്ങിയ ലോകകപ്പിന്റെ ഫൈനല്‍ മത്സരം ആവേശപൂര്‍വം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍  240 റണ്‍സാണ് നേടിയത്.

കെ.എല്‍. രാഹുലും വിരാട് കോഹ്‌ലിയും അര്‍ധ സെഞ്ച്വറി നേടിയ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയോളം പോന്ന ഇന്നിങ്‌സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്നും പിറവിയെടുത്തിരുന്നു.

മത്സരത്തിന്റെ ആവേശത്തിനിടെ വിവാദങ്ങളും ഉടലെടുത്തിരിക്കുകയാണ്. അനുഷ്‌ക ശര്‍മക്കും ആതിയ ഷെട്ടിക്കും ക്രിക്കറ്റിനെ കുറിച്ച് എത്രത്തോളം അറിയാം എന്ന മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ഹര്‍ഭജന്‍ സിങ്ങിന്റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.

 

ഫൈനല്‍ മത്സരം കാണുന്നതിനായി വിരാട് കോഹ്‌ലിയുടെ പങ്കാളി അനുഷ്‌ക ശര്‍മ, കെ.എല്‍. രാഹുലിന്റെ പങ്കാളിയായ ആതിയ ഷെട്ടി, രോഹിത് ശര്‍മയുടെ പങ്കാളിയായ റിതിക എന്നിവരും സ്റ്റേഡിയത്തിലെത്തിയിരുന്നു. മത്സരത്തിനിടെ ഇവര്‍ക്ക് നേരെ ക്യാമറ പാന്‍ ചെയ്തതിന് പിന്നാലെയാണ് ഹര്‍ഭജന്‍ വിവാദ പരാമര്‍ശം നടത്തിയത്.

‘അവര്‍ ക്രിക്കറ്റിനെ കുറിച്ചാണോ സിനിമകളോ കുറിച്ചാണോ സംസാരിക്കുന്നതെന്ന് എനിക്കറിയില്ല. അവര്‍ക്ക് ക്രിക്കറ്റിനെ കുറിച്ച് കാര്യമായി ഒന്നും അറിയാന്‍ വഴിയില്ലെന്നാണ് എനിക്ക് തോന്നുന്നത്,’ എന്നായിരുന്നു ഹര്‍ഭജന്‍ പറഞ്ഞത്.

ഇതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ഹര്‍ഭജനെതിരെ ഉയരുന്നത്. ഹര്‍ഭജന്‍ ഈ പ്രസ്താവന പിന്‍വലിച്ച് ഇവരോട് മാപ്പുപറയണെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

എ.എ.പി എം.പിയായ ഹര്‍ഭജന് രാഷ്ട്രീയത്തെക്കുറിച്ച് അറിവുള്ളതിനേക്കാള്‍ ഇവര്‍ക്ക് ക്രിക്കറ്റിനെ കുറിച്ച് ബോധ്യമുണ്ടെന്നും ഹര്‍ഭജന്റെ പരാമര്‍ശം തീര്‍ത്തും സ്ത്രീവിരുദ്ധമാണെന്നും ചര്‍ച്ചകളുയരുന്നുണ്ട്.

അതേസമയം, ഇന്ത്യയുയര്‍ത്തിയ 241 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ 23 ഓവര്‍ പിന്നിടുമ്പോള്‍ 122 റണ്‍സിന് മൂന്ന് എന്ന നിലയിലാണ്. 63 പന്തില്‍ 54 റണ്‍സ് നേടിയ ട്രാവിസ് ഹെഡും 48 പന്തില്‍ 25 റണ്‍സ് നേടിയ മാര്‍നസ് ലബുഷാനുമാണ് ക്രീസില്‍.

ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത് എന്നിവരുടെ വിക്കറ്റാണ് കങ്കാരുക്കള്‍ക്ക് നഷ്ടമായത്. ബുംറ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ഷമിയാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

 

Content Highlight: Fans slams Harbhajan Singh