റിലീസിന് രണ്ട് ദിവസം ബാക്കി നില്‍ക്കെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ് വിജയ് ചിത്രം ജന നായകന്‍. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് തിയേറ്ററുകളിലെത്തുന്ന ജന നായകന് നേരിടേണ്ടിവരുന്നത് വലിയ തടസങ്ങളാണ്. ഡിസംബര്‍ 19ന് സെന്‍സര്‍ ബോര്‍ഡിന്റെ മുന്നില്‍ സമര്‍പ്പിക്കപ്പെട്ട ജന നായകന് ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല.
ബോര്‍ഡിന്റെ നടപടിയില്‍ പ്രതിഷേധിച്ച് അണിയറപ്രവര്‍ത്തകര്‍ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസിന്റെ വിധിയില്‍ ഉറ്റുനോക്കുകയാണ് സിനിമാലോകം. ഇരുഭാഗങ്ങളുടെയും വാദം കേട്ട കോടതി വിധി പറയാതെ പിരിച്ചുവിട്ടു. ഇന്ന് വിധി പുറപ്പെടുവിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നാണ് പുറത്തുവരുന്ന വിവരം.
ഇത് ആദ്യമായല്ല, വിജയ്‌യുടെ സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വൈകുന്നത്. 2017ല്‍ പുറത്തിറങ്ങിയ മെര്‍സല്‍ തിയേറ്ററുകളിലെത്തിയത് നിരവധി പ്രതിസന്ധികള്‍ മറികടന്നായിരുന്നു. ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ചത്, ജി.എസ്.ടി പരാമര്‍ശം തുടങ്ങി ബി.ജെ.പിക്കെതിരായ വിമര്‍ശനങ്ങള്‍ സെന്‍സര്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു.
ജി.എസ്.ടിയെക്കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കാനായിരുന്നു ആദ്യത്തെ നിര്‍ദേശം. ഇത് അണിയറപ്രവര്‍ത്തകര്‍ പാലിച്ചു. എന്നിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബോര്‍ഡ് ഒരുക്കമായിരുന്നില്ല. ഒടുവില്‍ ചിത്രത്തില്‍ മൃഗങ്ങളെ കാണിച്ച രംഗങ്ങള്‍ക്ക് അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിന്റെ അനുമതി നേടിയില്ലെന്ന് പറഞ്ഞ് വീണ്ടും വൈകിപ്പിച്ചു. റിലീസിന് രണ്ട് ദിവസം ബാക്കി നില്‍ക്കെ മറ്റ് വഴികളില്ലാത്തതിനാല്‍ ഗ്രാഫിക്‌സ് ഉപയോഗിച്ച് പല മൃഗങ്ങളെയും ഒഴിവാക്കുകയായിരുന്നു.
എല്ലാ പ്രതിസന്ധികളും മറികടന്ന് റിലീസിന്റെ തലേദിവസമാണ് മെര്‍സലിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. 2017 ഒക്ടോബര്‍ 17ന് റിലീസായ ചിത്രം ചരിത്രവിജയമായി മാറി. അതുവരെ ഇളയ ദളപതിയായിരുന്നു വിജയ് മെര്‍സലിന് ശേഷം ദളപതിയായി മാറി. താരത്തിന്റെ കരിയറില്‍ വലിയൊരു ബൂസ്റ്റായിരുന്നു മെര്‍സല്‍ നല്‍കിയത്.
കരിയറിന്റെ ഏറ്റവും ഉയരത്തില്‍ എത്തിനില്‍ക്കുന്ന വിജയ്‌യുടെ അവസാന ചിത്രമാണ് ജന നായകന്‍. മെര്‍സല്‍ നേരിട്ടതിനേക്കാള്‍ വലിയ അക്രമണമാണ് റിലീസിന് മുമ്പ് ജന നായകന്‍ നേരിടുന്നത്. രാഷ്ട്രീയ പ്രവേശനത്തോടെ വിജയ്‌യെ ബി.ജെ.പിയും ഡി.എം.കെയും മനപൂര്‍വം ലക്ഷ്യം വെക്കുന്നതിന്റെ ഉദാഹരണമാണ് ഇത്തരം നീക്കങ്ങളെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
500 കോടിയാണ് ജന നായകന് വേണ്ടി ഇന്‍വെസ്റ്റ് ചെയ്തതെന്ന് ജന നായകന്റെ നിര്‍മാതാവ് കോടതിയില്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഫെസ്റ്റിവല്‍ സീസണായ പൊങ്കലിന് റിലീസ് ചെയ്യാനിരിക്കുന്ന ജന നായകന്‍ മാറ്റിവെക്കപ്പെട്ടാല്‍ വലിയ നഷ്ടമാണ് ഇന്‍ഡസ്ട്രിക്ക് നേരിടേണ്ടി വരിക. പ്രതിസന്ധികള്‍ മറികടന്ന് ദളപതി പറഞ്ഞ സമയത്ത് ബിഗ് സ്‌ക്രീനില്‍ അവതരിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.
Content Highlight: Fans saying that Mersal movie also faced may obstacles before release like Jana Nayagan