130 ദിവസം ഷൂട്ടില്‍ 60 ദിവസം ആക്ഷന്‍ സീനിന് മാത്രം... ഖലീഫക്ക് മുമ്പ് രാജുവേട്ടന്‍ ഞെട്ടിക്കാന്‍ ചാന്‍സുണ്ടെന്ന് ആരാധകര്‍
Malayalam Cinema
130 ദിവസം ഷൂട്ടില്‍ 60 ദിവസം ആക്ഷന്‍ സീനിന് മാത്രം... ഖലീഫക്ക് മുമ്പ് രാജുവേട്ടന്‍ ഞെട്ടിക്കാന്‍ ചാന്‍സുണ്ടെന്ന് ആരാധകര്‍
അമര്‍നാഥ് എം.
Monday, 8th June 2026, 11:20 am

മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ റീച്ച് സ്വന്തമാക്കിയ താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ച പൃഥ്വി ഇപ്പോള്‍ പാന്‍ വേള്‍ഡ് ലെവലിലേക്ക് ഉയരുകയാണ്. രാജമൗലി അണിയിച്ചൊരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം വാരണാസിയില്‍ വില്ലന്‍ വേഷത്തില്‍ പൃഥ്വി പ്രത്യക്ഷപ്പെടുന്നുണ്ട്.

മലയാളത്തിലും മികച്ച പ്രൊജക്ടുകളുമായി കളം നിറയാനൊരുങ്ങുകയാണ് പൃഥ്വിരാജ്. ഏറെക്കാലത്തിന് ശേഷം മാസ് ആക്ഷന്‍ എന്റര്‍ടൈനറായെത്തുന്ന ഖലീഫ അവസാനഘട്ട ഷൂട്ടിലാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഗ്ലിംപ്‌സ് സിനിമാപ്രേമികളുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഓണം റിലീസായെത്തുന്ന ഖലീഫ ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

എന്നാല്‍ ഖലീഫക്ക് മുമ്പ് പൃഥ്വിയുടെ വക സര്‍പ്രൈസ് ഹിറ്റാകാന്‍ സാധ്യതയുള്ള ചിത്രമാണ് ഐ നോബഡി. റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ പലരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഹീസ്റ്റ് ത്രില്ലറായൊരുങ്ങുന്ന ചിത്രത്തില്‍ പല സര്‍പ്രൈസുകളും ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. പൃഥ്വിരാജിന്റെ ഫാന്‍സ് അസോസിയേഷന്‍ പേജായ പൊഫാസിറ്റോ കഴിഞ്ഞദിവസം പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ച.

130 ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടായിരുന്നു ഐ നോബഡിയുടേതെന്നും അതില്‍ 60 ദിവസവും ആക്ഷന്‍ സീനുകളുടെ ചിത്രീകരണമായിരുന്നെന്നും പോസ്റ്റില്‍ പറയുന്നു. യാനിക് ബെന്‍, കലൈ കിങ്‌സണ്‍, അമിത് ജോളി എന്നിവരാണ് ചിത്രത്തിന്റെ ആക്ഷന്‍ സീനുകള്‍ അണിയിച്ചൊരുക്കിയതെന്നും പോസ്റ്റിലുണ്ട്.

 

ഇതോടെ സിനിമാ പേജുകളില്‍ നോബഡിയാണ് പ്രധാന ചര്‍ച്ച. മലയാളത്തിലെ  സീനിയര്‍ താരങ്ങളില്‍ ഏറ്റവും നന്നായി ആക്ഷന്‍ സീനുകള്‍ കൈകാര്യം ചെയ്യുന്ന പൃഥ്വി നോബഡിയിലും ഞെട്ടിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കഥയെക്കുറിച്ച് യാതൊരു സൂചനയും നല്‍കാത്ത ടീസറും ചിത്രത്തിന്റെ ക്രൂവും പ്രതീക്ഷ ഇരട്ടിയാക്കുന്നുണ്ട്.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. രാജീവന്‍ എന്ന ബാങ്ക് ഉദ്യോഗസ്ഥനായാണ് പൃഥ്വി ഈ ചിത്രത്തില്‍ വേഷമിടുന്നത്. പാര്‍വതി തിരുവോത്താണ് ചിത്രത്തിലെ നായിക. ശങ്കര്‍ രാമകൃഷ്ണന്‍, അശോകന്‍, ഹക്കിം ഷാ, നിഷാന്ത് സാഗര്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രം ജൂലൈയില്‍ തിയേറ്ററുകളിലെത്തും.

Content Highlight: Fans page saying that 32 days spent for Action scene in I Nobody

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം