മലയാള സിനിമയിൽ മാത്രമല്ല, ഇന്ത്യൻ സിനിമ സിനിമയിൽ തന്നെ ശ്രദ്ധേയമായി വളർന്നുകൊണ്ടിരിക്കുന്ന യുവതാരങ്ങളാണ് അനശ്വര രാജനും മമിത ബൈജുവും. ഇരുവരുടെയും ചിത്രങ്ങൾ വലിയ രീതിയിലാണ് ആരാധകർ സ്വീകരിക്കാറുള്ളത്. എന്നാൽ ഇരുവരുടെയും സൗഹൃദം പോലെയല്ല താരങ്ങളുടെ ആരാധക ബന്ധം. തമ്മിൽ ആരാണ് മികച്ചത് എന്ന ചർച്ച എന്നും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതിന്റെ ഭാഗമായി ആരാണ് മികച്ച നടി എന്ന ചർച്ച വീണ്ടും സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുകയാണ്.
അനശ്വരയേക്കാൾ മികച്ച നടി മമിതയാണെന്ന വാദവും മമിതയെക്കാൾ മികച്ചത് അനശ്വരയാണെന്ന വാദവും സോഷ്യൽ മീഡിയയിൽ സജീവമാണ്. അനശ്വരയെ മികച്ച നടിയെന്നു വിലയിരുത്തുന്നത് താരം കൂടുതലും ഇമോഷണൽ കഥാപാത്രങ്ങൾ അവതരിപ്പിച്ചതിനാലാണെന്നും, മമിതയ്ക്ക് ‘നേര്’ പോലെയുള്ള സിനിമകൾ ചെയ്യാൻ കഴിയില്ലെന്ന മുൻവിധി ശരിയല്ലെന്നും ഇരുവരുടെയും ആരാധകർ പറയുന്നു. ഇതുവരെ ‘നേര്’ പോലൊരു ചിത്രം മമിത ചെയ്തിട്ടില്ല എന്നതുകൊണ്ട് തന്നെ അവൾക്കത് സാധിക്കില്ലെന്ന് പറയുന്നത് ന്യായമല്ലെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.
ഡ്യൂഡ്, പ്രേമലു പോലുള്ള ചിത്രങ്ങളിൽ മമിതയുടെ ഇമോഷണൽ രംഗങ്ങളും കോമഡി ടൈമിങ്ങും ശ്രദ്ധേയമായിരുന്നുവെന്നും, മികച്ച സ്ക്രീൻ പ്രസൻസും സൗണ്ട് മോഡുലേഷനും താരത്തിന്റെ ശക്തിയാണെന്നും അനുകൂല പക്ഷം ചൂണ്ടിക്കാട്ടുന്നു. റൊമാന്റിക്–കോമഡി ഴോണറിൽ നിലവിൽ ഏറ്റവും മികച്ച തെരഞ്ഞെടുപ്പുകളിൽ ഒരാളാണ് മമിതയെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. ഡബ്ബിങ് രംഗത്തും മമിത കഴിവ് തെളിയിച്ചിട്ടുണ്ടെന്നും, മൾട്ടി ടാലന്റഡ് ആർട്ടിസ്റ്റായതിനാലാണ് കുറച്ച് സിനിമകൾ മാത്രം ചെയ്തിട്ടും വലിയ ജനപ്രീതി നേടാൻ കഴിഞ്ഞതെന്നും മമിതയുടെ ആരാധകർ പറയുന്നു.
അതേസമയം, അനശ്വരയുടെ കോമഡി കഥാപാത്രങ്ങളും ഡയലോഗ് ഡെലിവറിയും വിമർശനങ്ങൾക്ക് വിധേയമാകാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘വിത്ത് ലവ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ചൂണ്ടിക്കാട്ടി അഭിനയത്തിൽ ആർട്ടിഫിഷ്യലായി തോന്നുന്നുവെന്ന അഭിപ്രായവും ചിലർ പങ്കുവെച്ചിരുന്നു. എന്നാൽ നേര്, ഉദാഹരണം സുജാത, തുടങ്ങിയ ചിത്രങ്ങളിൽ അനശ്വരയുടെ അഭിനയം എടുത്തു പറയേണ്ട ഒന്നാണെന്നും ഏതു തരം കഥാപാത്രങ്ങളും ഭംഗിയായി ചെയ്യാൻ അനശ്വരയ്ക്ക് കഴിയുമെന്നും ആരാധകർ കുറിക്കുന്നു.
എന്തൊക്കെയായാലും മമ്മൂട്ടി മോഹൻലാൽ ആരാധകരുടെ തർക്കം പോലെ, ആരാണ് മികച്ച നടി എന്ന ചോദ്യം അനശ്വരയുടെയും മമിതയുടെയും ആരാധകർ എന്നും ചർച്ചചെയ്യപ്പെടുന്ന ഒന്നാണെന്നും പ്രേക്ഷകർ പറയുന്നു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.