'അഡിഡാസ് ജേഴ്‌സിയുടെ വില കൂട്ടേണ്ടി വരും കാരണം റിങ്കു അത് അണിഞ്ഞു'
trending
'അഡിഡാസ് ജേഴ്‌സിയുടെ വില കൂട്ടേണ്ടി വരും കാരണം റിങ്കു അത് അണിഞ്ഞു'
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 18th August 2023, 8:54 pm

ഇന്ത്യ അയര്‍ലന്‍ഡ് പരമ്പര നടന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ യുവനിരയെയാണ് അയച്ചിരിക്കുന്നത്. ഏറെ കാലമായി ക്രിക്കറ്റ് ഫീല്‍ഡിലില്ലാതിരുന്ന ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.

ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ അയര്‍ലന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ നായകന്‍ ബുംറ ഇന്ത്യക്കായി തീ തുപ്പിയിരുന്നു. ആദ്യ ഓവറില്‍ നാല് റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് ബുംറ കൊയ്തത്. പരിക്ക് കാരണം ഒരു വര്‍ഷത്തോളം പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കാതിരുന്ന ബുംറയുടെ മികച്ച തിരിച്ചുവരവായിരുന്നു ഇത്.

ഇന്ത്യക്കായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സൂപ്പര്‍ ഫിനിഷര്‍ റിങ്കു സിങ് അരങ്ങേറിയിട്ടുണ്ട്. കഴിഞ്ഞ ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിനെ തേടി ഇന്ത്യന്‍ ജേഴ്‌സി എത്തുകയായിരുന്നു. ഈ സീസണില്‍ ഒരു ഓവറില്‍ അഞ്ച് സിക്‌സര്‍ പ്രകടനമടക്കം മികച്ച ബാറ്റിങ്ങും ഫിനിഷിങ്ങും താരത്തിന് കാഴ്ചവെക്കാന്‍ സാധിച്ചിരുന്നു. റിങ്കുവിന് ഒരു കള്‍ട്ട് ആരാധകര്‍ സീസണ്‍ അവസാനിച്ചപ്പോഴേക്കും ഉണ്ടായിരുന്നു.

താരത്തിന്റെ വരവില്‍ ഒരുപാട് സന്തോഷത്തിലാണ് ഇന്ത്യന്‍ ആരാധകര്‍. ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും റിങ്കുവിന്റെ വരവ് ആഘോഷമാക്കുകയാണ് ആരാധകര്‍. റിങ്കുവിനൊപ്പം തന്നെ പ്രസിദ്ധ് കൃഷ്ണയും മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

റിങ്കുവിനും പ്രസിദ്ധിനും അഭിനന്ദനങ്ങള്‍ അറിയിച്ച് ഒരുപാട് ട്വീറ്റുകളുണ്ട്. ഓഗസ്റ്റ് 18ന് ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് രാജാക്കന്‍മാര്‍ അരങ്ങേറിയ ദിവസമായിട്ടായിരിക്കും ചരിത്രത്തില്‍ ഇടം പിടിക്കുക എന്ന് ഒരു ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും ട്വീറ്റുണ്ട്.

റിങ്കു സിങ് ജേഴ്‌സി അണിഞ്ഞത് കാരണം അഡിഡാസ് അതിന്റെ വില വര്‍ധിപ്പിക്കുമെന്ന് ഒരാള്‍ തമാശരൂപേണ ട്വീറ്റ് ചെയ്തിട്ടുണ്ട്.

കൊല്‍ക്കത്തക്കായി ഈ ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരം റിങ്കുവാണ്. 470 റണ്‍സാണ് ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്ത് അദ്ദേഹം അടിച്ചുകൂട്ടിയിട്ടുള്ളത്. മൂന്ന് മത്സരങ്ങളടങ്ങിയ ഈ പരമ്പരയില്‍ അദ്ദേഹത്തിന് ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Fans Celebrating Rinku Singhs Debut in twitter