‘ഇയാളൊന്നും രാഷ്ട്രീയത്തില്‍ വന്നിട്ട് ഒന്നും ചെയ്യാനില്ല, പത്ത് സീറ്റ് കിട്ടിയാല്‍ ഭാഗ്യം’ എന്നുള്ള പരിഹാസങ്ങളെ കാറ്റില്‍ പറത്തി തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി വിജയ് എഴുതിയത് പുതിയ ചരിത്രമാണ്. ആദ്യ തെരഞ്ഞെടുപ്പില്‍ റെക്കോഡ് വോട്ട് ഷെയറുമായി വിജയിച്ച് തമിഴകത്തിന്റെ റിയല്‍ ദളപതിയായി മാറിയ വിജയചരിത്രം ഇന്ത്യയൊട്ടാകെ ചരിത്രമായി.

ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് തീരുമാനിച്ചതല്ല വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം. വര്‍ഷങ്ങളായുള്ള പ്ലാനിങ്ങ് നടത്തി കൃത്യമായ സമയത്താണ് അദ്ദേഹം തന്റെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. സൂപ്പര്‍സ്റ്റാര്‍ഡം നേടിയാല്‍ തൊട്ടുപിന്നാലെ പൊളിറ്റിക്കല്‍ എന്‍ട്രി നടത്തുന്ന തമിഴ് സിനിമയില്‍ വിജയ്‌യുടേത് തനിവഴിയായിരുന്നു.

മാറി മാറി ഭരിച്ച പാര്‍ട്ടികള്‍ പലപ്പോഴായി വിജയ്‌യുടെ സിനിമകള്‍ക്കെതിരെ നിന്നെങ്കിലും അതിനെല്ലാം ആയുസ് കുറവായിരുന്നു. വിജയ് എന്ന നടന്‍ രാഷ്ട്രീയലോകത്ത് വലിയ ചര്‍ച്ചയാകാന്‍ കാരണമായത് മെര്‍സലായിരുന്നു. ഫാന്‍ബോയ് അറ്റ്‌ലീ തന്റെ ഇഷ്ടനടനെ ഏറ്റവും പീക്കില്‍ അവതരിപ്പിച്ച മെര്‍സല്‍ റിലീസായിട്ട് ഇന്നേക്ക് ഒമ്പത് വര്‍ഷം തികഞ്ഞിരിക്കുകയാണ്.

2017ലെ ദീപാവലി റിലീസായ മെര്‍സല്‍ തിയേറ്ററുകളിലെത്തിയത് പോലും പല പ്രതിസന്ധികള്‍ മറികടന്നാണ്. സെന്‍സര്‍ ബോര്‍ഡ് പല തരത്തില്‍ റിലീസ് തടയാന്‍ ശ്രമിച്ചെങ്കിലും അവസാനനിമിഷം എല്ലാ തടസങ്ങളും ചിത്രം മറികടന്നു. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ സംഘപരിവാര്‍ അനുകൂലികള്‍ വിജയ്‌ക്കെതിരെ രംഗത്തെത്തി.

ജി.എസ്.ടിക്കെതിരായ പരാമര്‍ശം, അമ്പലത്തിന് പകരം ആശുപത്രിയാണ് ആവശ്യമെന്ന ഡയലോഗ്, ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവത്തെക്കുറിച്ചുള്ള ഡയലോഗ് എന്നിവ സംഘപരിവാറിനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ചിത്രത്തിനെതിരെ കോടതിയെ സമീപിച്ച് നിരവധി ഭാഗങ്ങള്‍ നീക്കം ചെയ്തതെല്ലാം വലിയ വാര്‍ത്തയായി.

വിജയ്‌യുടെ മുഴുവന്‍ പേര് ജോസഫ് വിജയ് ആണെന്നെല്ലാം ബി.ജെ.പി നേതാവ് പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ജെല്ലിക്കെട്ട് നിരോധന സമയത്തെ വിജയ്‌യുടെ പിന്തുണയും കേന്ദ്രത്തെ ചൊടിപ്പിച്ചു. ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയെ പച്ചക്ക് വിമര്‍ശിക്കുന്നതിന് തുടക്കമിട്ടത് മെര്‍സലിലൂടെയായിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മരുന്നിട്ടത് മെര്‍സലിലൂടെയാണെന്ന് പറയാം.

തമിഴ് ഭാഷാവികാരത്തിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാനും മെര്‍സലിലൂടെ വിജയ്ക്ക് സാധിച്ചു. വിവേകിന്റെ വരികള്‍ക്ക് എ.ആര്‍. റഹ്‌മാന്‍ ഈണമിട്ട ‘ആളപ്പോരാന്‍ തമിഴന്‍’ എന്ന ഗാനം വിജയ്‌യുടെ കരിയറിലുണ്ടാക്കിയ ബൂസ്റ്റിങ് ചെറുതല്ല. തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെക്കുറിച്ച് അവിടവിടായി വിജയ് സൂചന നല്‍കിയതും ഈ ഗാനത്തിലാണ്. പാട്ടിനിടയില്‍ ഹോളി ആഘോഷം കാണിക്കുന്ന ഭാഗത്ത് പ്രധാനമായും ഉപയോഗിച്ചത് മഞ്ഞയും ചുവപ്പുമാണ്. തമിഴക വെട്രി കഴകത്തിന്റെ കൊടിയുടെ നിറവും ഇതുതന്നെയാണ്.

എം.ജി.ആറിന് ശേഷം വിജയ് തന്നെയെന്ന സൂചനയും അറ്റ്‌ലീ മെര്‍സലില്‍ നല്‍കിയിട്ടുണ്ട്. തിയേറ്റര്‍ ഫൈറ്റില്‍ വിജയ്‌യുടെ ബാക്ക്ഗ്രൗണ്ടില്‍ എം.ജി.ആറിന്റെ സിനിമ കാണിക്കുന്നത് ഇതിന്റെ സൂചനയായിരുന്നെന്ന് പിന്നീട് വ്യക്തമായി. വിജയ് എന്ന സൂപ്പര്‍താരത്തിന്റെയും രാഷ്ട്രീയ നേതാവിന്റെയും ഉദയത്തിന് കാരണമായ മെര്‍സല്‍ ആരാധകര്‍ ഇന്നും ആഘോഷിക്കുകയാണ്.

Content Highlight: Fans celebrating nine years of Mersal movie