ഐ.പി.എല്‍ 2025ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ കന്നി കിരീടം നേടിയതോടെ ടൂര്‍ണമെന്റിന്റെ 18ാം സീസണിന് വിരാമമിട്ടിരിക്കുകയാണ്. എന്നാല്‍ ആരാധകരെ ഏറെ നിരാശപ്പെടുത്തിയ ഫാന്‍ ഫേവറേറ്റ് ടീമുകളിലൊന്നായിരുന്നു സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്.
ഇത്തവണ 14 മത്സരങ്ങളില്‍ നിന്ന് നാല് വിജയം മാത്രമാണ് രാജസ്ഥാന് നേടാന്‍ സാധിച്ചത്. എന്നാല്‍ ക്യാപ്റ്റനായ സഞ്ജുവിന് പരിക്ക് മൂലം മിക്ക മത്സരങ്ങളിലും ടീമിനൊപ്പം മുഴുവന്‍ സമയ താരമാകാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ താരം തന്റെ സോഷ്യല്‍ മീഡിയയില്‍ ഇട്ട ഒരു പോസ്റ്റിന്റെ അടിക്കുറിപ്പാണ് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. തന്റെ പങ്കാളിയുടെ കൂടെ നില്‍ക്കുന്ന സഞ്ജു ടൈം ടു മൂവ് എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്.
എന്നാല്‍ തന്റെ നിലവിലെ ടീം രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറുകയാണോ സഞ്ജു എന്നാണ് ആരാധകരില്‍ പലരും വ്യാഖ്യാനിക്കുന്നത്. ഐ.പി.എല്ലിന്റെ 18ാം സീസണില്‍ സഞ്ജു സാംസണും രാജസ്ഥാന്‍ മാനേജ്‌മെന്റും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
മാത്രമല്ല അടുത്ത കാലത്തായി ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ടീമിന് ഒരു നായകനെ തിരിക്കുന്നതായും സഞ്ജുവുമായി ചില ചര്‍ച്ചകള്‍ നടത്തിയെന്നും റൂമറുകള്‍ ഉണ്ടായിരുന്നു. ഈ പശ്ചാതലത്തിലാണ് സഞ്ജുവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനെ ആരാധകര്‍ വിലയിരുത്തുന്നത്.
പരിക്കിന്റെ പിടിയിലായ സഞ്ജുവിന് ഇത്തവണത്തെ സീസണ്‍ മികച്ചതല്ലായിരുന്നു. 2025ല്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 285 റണ്‍സാണ് താരം നേടിയത്. 66 എന്ന ഉയര്‍ന്ന സ്‌കോറും സഞ്ജുവിനുണ്ട്. ഇതുവരെ ഐ.പി.എല്ലിലെ 117 മത്സരങ്ങളില്‍ നിന്ന് 4704 റണ്‍സാണ് സഞ്ജു നേടിയത്. 119 എന്ന ഉയര്‍ന്ന സ്‌കോറും 30.95 എന്ന ആവറേജും 139.5 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്.
Content Highlight: Fans believe Sanju Samson is going to Chennai Super Kings