ആരാധകര്‍ ചോദിക്കുന്നു, സഞ്ജൂ നിന്റെ തലക്ക് വല്ല ഓളവുമുണ്ടോ?
IPL
ആരാധകര്‍ ചോദിക്കുന്നു, സഞ്ജൂ നിന്റെ തലക്ക് വല്ല ഓളവുമുണ്ടോ?
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 16th November 2022, 11:45 am

കഴിഞ്ഞ ദിവസമായിരുന്നു രാജസ്ഥാന്‍ റോയല്‍സ് തങ്ങള്‍ നിലനിര്‍ത്തിയ താരങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചത്. 2023 ഐ.പി.എല്ലിന്റെ മിനി ലേലത്തിന് മുന്നോടിയായാണ് തങ്ങള്‍ നിലനിര്‍ത്തിയ താരങ്ങളുടെയും റിലീസ് ചെയ്ത താരങ്ങളുടെയും ലിസ്റ്റ് റോയല്‍സ് പുറത്തുവിട്ടത്.

ജോസ് ബട്‌ലര്‍, ട്രെന്റ് ബോള്‍ട്ട്, യൂസ്വേന്ദ്ര ചഹല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ആര്‍. അശ്വിന്‍ തുടങ്ങി കഴിഞ്ഞ സീസണിലെ തങ്ങളുടെ പ്രധാന താരങ്ങളെയെല്ലാം തന്നെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയിരുന്നു. രാജസ്ഥാന്റെ റിറ്റെന്‍ഷന്‍ ലിസ്റ്റ് കണ്ട ആരാധകരെല്ലാം തന്നെ ഹാപ്പിയുമാണ്.

എന്നാല്‍ ചില താരങ്ങളെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയതില്‍ ആരാധകര്‍ കട്ടക്കലിപ്പിലുമാണ്. അതില്‍ പ്രധാനിയാണ് റിയാന്‍ പരാഗ്. കഴിഞ്ഞ വര്‍ഷം രാജസ്ഥാന്‍ റോയല്‍സില്‍ ആവേറേജില്‍ താഴെ മാത്രം പ്രകടനം പുറത്തെടുത്ത താരമാണ് പരാഗ്.

കഴിഞ്ഞ സീസണില്‍ വീണ്ടും ടീമിലെത്തിച്ച പരാഗിനെ എപ്പോഴും രാജസ്ഥാന്‍ മാനേജ്‌മെന്റ് പിന്തുണക്കുന്ന കാഴ്ചയാണ് കണ്ടിട്ടുള്ളത്. 2022 ഐ.പി.എല്ലില്‍ താരത്തിന്റെ സ്റ്റാറ്റ്‌സുകള്‍ റോയല്‍സ് ആരാധകരെ തൃപ്തിപ്പെടുത്തുന്നതല്ല.

കഴിഞ്ഞ സീസണിലെ 17 മത്സരത്തില്‍ നിന്നും 16.64 ശരാശരിയില്‍ 183 റണ്‍സ് മാത്രമാണ് താരം സ്വന്തമാക്കിയത്. ഓള്‍ റൗണ്ടര്‍ എന്ന നിലയിലാണ് രാജസ്ഥാന്‍ താരത്തെ വീണ്ടും ടീമിലെത്തിച്ചതെങ്കില്‍ കൂടിയും റിയാന്‍ പരാഗിന്റെ ഓള്‍ റൗണ്ട് പ്രകടനത്തിന് ഐ.പി.എല്‍ 2022 സാക്ഷ്യം വഹിച്ചിരുന്നില്ല.

മോശം പ്രകടനം തുടര്‍ന്നിട്ടും താരത്തെ വീണ്ടും നിലനിര്‍ത്തിയതിലുള്ള അതൃപ്തി ആരാധകര്‍ പരസ്യമാക്കുന്നുമുണ്ട്. എന്ത് കണ്ടിട്ടാണ് റിയാന്‍ പരാഗിനെ ടീമിലെത്തിച്ചതെന്നും രാജസ്ഥാന്‍ മാനേജ്‌മെന്റിനും ക്യാപ്റ്റന്‍ സഞ്ജുവിനും ബുദ്ധി നഷ്ടപ്പെട്ടുപോയോ എന്നും ഇവര്‍ ചോദിക്കുന്നു.

എന്നാല്‍ കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ പരാഗ് മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും അതിനാല്‍ തന്നെ ഈ സീസണില്‍ താരം കത്തിക്കയറുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്ന ആരാധകരമുണ്ട്.

അതേസമയം രാജസ്ഥാന്‍ റോയല്‍സ് വിട്ടുകളയുമെന്ന് പ്രതീക്ഷിച്ച ദേവ്ദത്ത് പടിക്കലിനെയും ടീം നിലനിര്‍ത്തിയിട്ടുണ്ട്.

താരത്തെ ടീം റിലീസ് ചെയ്‌തേക്കും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ടുകളെയെല്ലാം തള്ളിക്കൊണ്ടാണ് രാജസ്ഥാന്‍ റോയല്‍സ് താരത്തെ നിലനിര്‍ത്തിയത്.

രാജസ്ഥാന്‍ റോയല്‍സ് റിലീസ് ചെയ്ത താരങ്ങള്‍:

അനുനയ് സിങ്, കോര്‍ബിന്‍ ബോഷ്, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷം, കരുണ്‍ നായര്‍, നഥാന്‍ കൂള്‍ട്ടര്‍നൈല്‍, റാസി വാന്‍ ഡെര്‍ ഡുസെന്‍, ശുഭം ഗര്‍വാള്‍, തേജസ് ബറോക്ക

 

Content highlight: Fans are unhappy as Rajasthan Royals retained Ryan Parag before IPL 2023.