ധാക്ക: ബംഗ്ലാദേശിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ കുടുംബാംഗങ്ങള്‍ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ നിര്‍ദേശം. സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായി ദി സ്റ്റേറ്റ്‌മെന്‍ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബംഗ്ലാദേശിലെ നയതന്ത്ര കാര്യാലയങ്ങള്‍ സാധാരണമായി പ്രവര്‍ത്തിക്കുമെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കില്ലെന്നും കേന്ദ്രം അറിയിച്ചു.
#BreakingNews | In light of the security situation, India has advised dependents of Mission & Post officials in Bangladesh to return home as a precautionary step. The Indian Mission and all Posts continue to remain open and fully operational: Sources#NewsUpdate… pic.twitter.com/iOOnZgheQh
ധാക്കയിലെ ഇന്ത്യ ഹൈക്കമ്മീഷന്‍ അടക്കമുള്ള ബംഗ്ലാദേശിലെ മുഴുവന്‍ പോസ്റ്റുകളും പ്രവര്‍ത്തനക്ഷമം ആയിരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. അതേസമയം വിദേശകാര്യ മന്ത്രാലയം ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ബംഗ്ലാദേശ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം.
ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിന് കാരണമായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത വിദ്യാര്‍ത്ഥി നേതാവ് ഷെയ്ഖ് ഉസ്മാന്‍ ബിന്‍ ഹാദി വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ വന്‍ പ്രക്ഷോഭം അരങ്ങേറിയിരുന്നു.
ഇതേതുടര്‍ന്ന് ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമസംഭവങ്ങളും ഉണ്ടായി. ജനക്കൂട്ടം യുവാവിനെ കൊന്ന് കത്തിച്ചതടക്കമുള്ള സംഭവങ്ങള്‍ക്ക് ബംഗ്ലാദേശ് സാക്ഷ്യം വഹിച്ചു. ഇത്തരമൊരു സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പ് വ്യവസ്ഥ അനുസരിച്ച്, ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലത്തില്‍ നിന്നും തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കുന്ന ഒരു ശതമാനം വോട്ടര്‍മാരുടെ ഒപ്പുകള്‍ സമര്‍പ്പിക്കണം.
ഇത്തരത്തില്‍ വോട്ടുകള്‍ സമര്‍പ്പിച്ച ഹിന്ദു സ്ഥാനാര്‍ത്ഥി കൂടിയായ ഗോബിന്ദദേബ് പ്രമാണിക്കിന്റെ നാമനിര്‍ദേശ പത്രിക തള്ളിയിരുന്നു. ബംഗ്ലാദേശ് ഹിന്ദു മഹാജോട്ടിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു പ്രമാണിക്.
രാജ്യത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളുടെ സംരക്ഷണം ബംഗ്ലാദേശിലെ യൂനുസ് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്രം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഇന്ത്യൻ നയതന്ത്രജ്ഞർക്കുള്ള കേന്ദ്രത്തിന്റെ പുതിയ നിർദേശം.
Content Highlight: Family members should return; Indian diplomats in Bangladesh instructed, report says