| Saturday, 28th June 2025, 7:17 am

മൂന്നാം വരവിനൊരുങ്ങി ശ്രീകാന്ത് തിവാരി, ഇത്തവണത്തെ വില്ലന്‍ നിസാരക്കാരനല്ല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിദേശ വെബ് സീരീസുകള്‍ കണ്ട് കോരിത്തരിച്ചവര്‍ക്ക് അതേ രീതിയില്‍ ഒരുക്കിയ ഇന്ത്യന്‍ സീരീസായരുന്നു ഫാമിലി മാന്‍. മനോജ് ബാജ്‌പേയ് പ്രധാനവേഷത്തിലെത്തിയ സീരീസിന്റെ ആദ്യ സീസണ്‍ പുറത്തിറങ്ങിയത് 2019ലായിരുന്നു. റോയിലെ ഉദ്യോഗസ്ഥനായ ശ്രീകാന്ത് തിവാരിക്ക് ലഭിക്കുന്ന മിഷനുകളും സ്വന്തം കുടുംബത്തെ അറിയിക്കാതെ അയാള്‍ അതെല്ലാം പൂര്‍ത്തിയാക്കുന്നതുമാണ് സീരീസിന്റെ ഇതിവൃത്തം.

ക്ലിഫ് ഹാങ്ങിങ്ങായിട്ടുള്ള എപ്പിസോഡുകളും കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ സീക്വന്‍സുകളും കൊണ്ട് ആദ്യ സീസണിലൂടെ വലിയ ഫാന്‍ബേസ് സൃഷ്ടിക്കാന്‍ ഫാമിലി മാന് സാധിച്ചു. രാജ്യസുരക്ഷക്ക് ഭീഷണിയായിട്ടുള്ള തീവ്രവാദികളെ ഇല്ലാതാക്കുന്നതിനൊപ്പം താളം തെറ്റിയ കുടുംബജീവിതം ശരിയാക്കിയെടുക്കാനും ശ്രീകാന്ത് നടത്തുന്ന ശ്രമങ്ങള്‍ പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു.

ഇപ്പോഴിതാ സീരീസിന്റെ മൂന്നാമത്തെ സീസണ്‍ ആമസോണ്‍ പ്രൈം അനൗണ്‍സ് ചെയ്തിരിക്കുകയാണ്. ഈ വര്‍ഷം തന്നെ മൂന്നാം സീസണ്‍ പ്രേക്ഷകരിലേക്കെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ മിഷനില്‍ ശ്രീകാന്തിന് നേരിടാനുള്ള വില്ലന്‍ നിസാരക്കാരനല്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പാതാള്‍ ലോക് എന്ന ഒരൊറ്റ സീരീസിലൂടെ സിനിമാലോകത്തെ ഞെട്ടിച്ച ജയ്ദീപ് അഹ്‌ലാവത്താണ് പുതിയ സീസണിലെ വില്ലന്‍.

മുമ്പ് വന്ന രണ്ട് സീസണിലും വില്ലന്‍ കഥാപാത്രങ്ങളും സ്‌കോര്‍ ചെയ്തിരുന്നു. ആദ്യ സീസണില്‍ മലയാളി താരം നീരജ് മാധവായിരുന്നു വില്ലനായി വേഷമിട്ടത്. അതുവരെ കാണാത്ത തരത്തിലുള്ള വേഷപ്പകര്‍ച്ചയിലെത്തിയ നീരജ് മലയാളികളെയും ഞെട്ടിച്ചിരുന്നു. മൂസ റഹ്‌മാന്‍ എന്ന കഥാപാത്രം താരത്തിന് ഒരുപാട് അവസരങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്തു.

തെന്നിന്ത്യന്‍ താരം സമന്തയാണ് രണ്ടാം സീസണിലെ ആന്റഗണിസ്റ്റായി വേഷമിട്ടത്. ശ്രീലങ്കന്‍ തമിഴ് പുലിയായ രാജി എന്ന കഥാപാത്രമായി അതിഗംഭീര പ്രകടനമാണ് സമന്ത കാഴ്ചവെച്ചത്. ആക്ഷന്‍ സീനുകളിലെ താരത്തിന്റെ പ്രകടനം ഒരുപാട് ചര്‍ച്ചയായി. ഡയലോഗുകള്‍ അധികമില്ലാതെ കഥാപാത്രത്തിന്റെ ഇമോഷന്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ സമന്തക്ക് സാധിച്ചു.

ഈ രണ്ട് കഥാപാത്രങ്ങള്‍ക്കും മുകളില്‍ നില്‍ക്കുന്ന പ്രതിയോഗിയെയാകും മൂന്നാം സീസണില്‍ നേരിടാനുണ്ടാവുകയെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്. ഫര്‍സി എന്ന സീരീസിലൂടെ പുതിയ യൂണിവേഴ്‌സിന് അണിയറപ്രവര്‍ത്തകര്‍ തുടക്കം കുറിച്ചതിനാല്‍ മൂന്നാം സീസണില്‍ വിജയ് സേതുപതിയുടെ അതിഥിവേഷവും പ്രതീക്ഷിക്കുന്നുണ്ട്. രാജും ഡി.കെയും ഒരുക്കിവെച്ചത് എന്താകുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Content Highlight: Family Man season 3 announced by Amazon Prime

We use cookies to give you the best possible experience. Learn more