ഡികോക്കിനെ കുറ്റപ്പെടുത്തരുത്, അത് എന്റെ മാത്രം തെറ്റ്; വിവാദ റണ്ണൗട്ടില്‍ ഫഖര്‍ സമാന്‍
Cricket
ഡികോക്കിനെ കുറ്റപ്പെടുത്തരുത്, അത് എന്റെ മാത്രം തെറ്റ്; വിവാദ റണ്ണൗട്ടില്‍ ഫഖര്‍ സമാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 5th April 2021, 4:10 pm

വാണ്ടറേഴ്‌സ്: രണ്ടാം ഇരട്ട സെഞ്ച്വറിക്കകലെ റണ്ണൗട്ടായത് തന്റെ മാത്രം പിഴവുകൊണ്ടാണെന്ന് പാക് ഓപ്പണര്‍ ഫഖര്‍ സമാന്‍. ഇതില്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിനെ കുറ്റപ്പെടുത്തരുതെന്നും ഫഖര്‍ പറഞ്ഞു.

‘അതെന്റെ മാത്രം തെറ്റായിരുന്നു. മറുവശത്ത് ഹാരിസ് റൗഫ് ക്രീസിലെത്തിയോ എന്നായിരുന്നു ഞാന്‍ നോക്കിയത്. കാരണം അവന്‍ വൈകിയാണ് ക്രീസില്‍ നിന്നോടിയത്. അതില്‍ ഡികോക്കിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല’, ഫഖര്‍ പറഞ്ഞു.

വീരോചിതമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഫഖര്‍ സമാന്റെ ഇന്നിംഗ്‌സ്. രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 342 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് 17 റണ്‍സകലെ പാകിസ്താന്‍ വീണെങ്കിലും ഫഖറിന്റെ ഇന്നിംഗ്‌സ് എന്നെന്നും ഓര്‍ക്കപ്പെടുന്ന ഒന്നാണ്.

193 റണ്‍സ് നേടിയ ഫഖര്‍ അവസാന ഓവറിലാണ് വീണത്. അതും ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ ഒരു കൗശല നീക്കത്തിലൂടെ ആയിരുന്നു.

49-ാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 192 റണ്‍സുമായി ഫഖര്‍ ക്രീസിലുണ്ടായിരുന്നു. ലുംഗി എംഗിഡി എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ പന്ത് നേരിട്ടതും ഫഖര്‍ തന്നെ. ആദ്യ പന്തില്‍ രണ്ട് റണ്‍സിന് ശ്രമിക്കുമ്പോഴാണ് താരം റണ്ണൗട്ടായത്.

ആദ്യ റണ്‍ പൂര്‍ത്തിയാക്കിയ പാക് താരത്തിന് ക്രീസില്‍ തിരിച്ചെത്താനുള്ള സമയമുണ്ടായിരുന്നു. പക്ഷേ ഡി കോക്കിന്റെ കൗശല പ്രയോഗത്തില്‍ താരം വീണു പോയതാണ് റണ്ണൗട്ടില്‍ കലാശിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Fakhar Zaman on his controversial run-out