വ്യാജ മുന്‍കാല വിധികള്‍; നിയമ നടപടികളിലെ എ.ഐ ഉപയോഗം വ്യവസ്ഥയെ തകര്‍ക്കും: സുപ്രീം കോടതി
India
വ്യാജ മുന്‍കാല വിധികള്‍; നിയമ നടപടികളിലെ എ.ഐ ഉപയോഗം വ്യവസ്ഥയെ തകര്‍ക്കും: സുപ്രീം കോടതി
നിഷാന. വി.വി
Friday, 3rd July 2026, 1:30 pm

ന്യൂദല്‍ഹി: കോടതി വിധികളില്‍ എ. ഐ ഉപയോഗിച്ച് നിര്‍മിച്ച തെറ്റായ വിവരങ്ങളും വ്യാജമായ മുന്‍ കാല വിധികളും ഉള്‍പ്പെടുത്തുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി സുപ്രീം കോടതി. ഇത്തരം വിഷയങ്ങളില്‍ സീറോ ടോളറന്‍സ് നയം സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.

എസ്സെല്‍ ഇന്‍ഫ്രാ പ്രോജക്ട്‌സുമായി ബന്ധപ്പെട്ട കേസില്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ നിലവിലില്ലാത്ത നിയമ പരാമര്‍ശങ്ങള്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് ആ വിധി റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് പി. എസ് നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി റദ്ദാക്കിക്കൊണ്ട് ഈ നിരീക്ഷണം നടത്തിയത്.

കൃത്യത പരിശോധിക്കാതെ എ.ഐ നിര്‍മിത വിവരങ്ങള്‍ കോടതികളില്‍ ഉപയോഗിക്കുന്നത് നീതിന്യായ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും കോടതി പറഞ്ഞു.

നിയമപരമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മനുഷ്യന്റെ നേരിട്ടുള്ള മേല്‍നോട്ടം അത്യാവശ്യമാണെന്നും യന്ത്രങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ അന്ധമായി വിശ്വസിക്കരുതെന്നും കോടതി വ്യക്തമാക്കി.

ആധുനിക സാങ്കേതികവിദ്യ സഹായത്തിനായി ഉപയോഗിക്കാമെങ്കിലും, അത് നീതിന്യായ വ്യവസ്ഥയുടെ സുതാര്യതയെയും വിശ്വാസ്യതയെയും ബാധിക്കരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ കൃത്യമായ പഠനം നടത്താന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യാജമായ ഇത്തരം വിവരങ്ങള്‍ ഉള്‍പ്പെട്ട് വിധി പുറപ്പെടുവിക്കുന്ന വിധികള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കുമെന്നും കോടതി വ്യക്തമാക്കി. ഈ കേസ് വീണ്ടും പുതിയതായി കേള്‍ക്കാനും യഥാര്‍ത്ഥ രേഖകള്‍ മാത്രം പരിശോധിച്ച് രണ്ടാഴ്ചകം തീരുമാനമെടുക്കാനും കോടതി ട്രിബ്യൂണലിനോട് നിര്‍ദേശിച്ചു.

നിലവിലില്ലാത്തതും വ്യാജവുമായ ഉദ്ധരണികള്‍ നിര്‍മിക്കാന്‍ എ.ഐ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ പരാമര്‍ശം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മിച്ച മുന്‍ വിധികള്‍ ഉദ്ധരിക്കുന്നത് ഒരു അഭിഭാഷകന്റെ ഭാഗത്തുനിന്നുള്ള തെറ്റായ നടപടിയാണെന്നും സുപ്രീം കോടതി പറഞ്ഞു.

Content Highlight: Fake past judgments; AI use in legal proceedings will undermine the system: Supreme Court

 

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.