എന്ത് പറ്റും എന്നറിയാമായിരുന്നെങ്കില്‍ ഞാനിത് ചെയ്യുമോ എന്നാണ് മണി സാര്‍ സത്യേട്ടനോട് ചോദിച്ചത്, എല്ലാം അറിയുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ല: ഫഹദ് ഫാസില്‍
Malayalam Cinema
എന്ത് പറ്റും എന്നറിയാമായിരുന്നെങ്കില്‍ ഞാനിത് ചെയ്യുമോ എന്നാണ് മണി സാര്‍ സത്യേട്ടനോട് ചോദിച്ചത്, എല്ലാം അറിയുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ല: ഫഹദ് ഫാസില്‍
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 14th June 2026, 5:06 pm

പുതുമുഖ താരങ്ങളില്‍ മലയാള സിനിമയ്ക്ക് കിട്ടിയ അതുല്യ കലാകാരന്മാരിലൊരാളാണ് ഫഹദ് ഫാസില്‍. 2002ല്‍ പുറത്തിറങ്ങിയ കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ താരം അരങ്ങേറ്റം കുറിച്ചിരുന്നെങ്കിലും ഒരിടവേളയ്ക്ക് ശേഷമുള്ള രണ്ടാം വരവിലാണ് താരം തന്റെ പൊട്ടന്‍ഷ്യല്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തിയത്. കുറഞ്ഞ സമയം കൊണ്ട് തന്നെ സൗത്ത് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന തരത്തില്‍ നായകനടനായും വില്ലനായും താരം അരങ്ങ് തകര്‍ക്കുകയായിരുന്നു.

Photo: IMDB/ X.com

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലൂടെയും ലോകേഷ് കനകരാജ് ചിത്രം വിക്രമിലൂടെയും പാന്‍ ഇന്ത്യന്‍ തലത്തിലും താരം തന്റെതായ സ്ഥാനം കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് തന്നോട് പറഞ്ഞ വാക്കുകളെ കുറിച്ച് ഫഹദ് ഫാസില്‍ പറഞ്ഞ കാര്യങ്ങളാണ് സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ഒരു സിനിമ കാണുക എന്ന് പറഞ്ഞാല്‍ ഒരു കളക്ടീവ് പരിപാടിയാണ്. സിനിമയുടെ പ്യൂര്‍ മാജിക് ഒരു വീക്കെന്‍ഡിന് ശേഷമേ നമുക്ക് അറിയാന്‍ പറ്റുകയുള്ളൂ. അതുകൊണ്ടാണ് അതിനെ മാജിക്കെന്ന് വിളിക്കാന്‍ തന്നെ കാര്യം. അതിലെന്താണ് ഉള്ളതെന്ന് അറിയാമെങ്കില്‍ അതിനെ മാജിക് എന്ന് വിളിക്കേണ്ട ആവശ്യമില്ലല്ലോ. സത്യേട്ടന്‍ ഒരിക്കല്‍ എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. അദ്ദേഹം സമൂഹം എന്ന ചിത്രം ചെയ്യുമ്പോള്‍ സുഹാസിനി മാം അതില്‍ അഭിനയിക്കുന്നുണ്ട്.

ഫഹദ് ഫാസില്‍. Photo: Screen Grab/ Cue studio/ Youtube.com

സുഹാസിനി മാമിനെ കാണാന്‍ മണിസാര്‍ (മണിരത്‌നം) അവിടെ വന്നിരുന്നു. മണിസാറിന്റെ തൊട്ട് മുമ്പുള്ള പടം ഹിറ്റ് ഒന്നും അല്ലായിരുന്നു. എല്ലാവരും വന്ന് കഴിഞ്ഞ പടം എന്തുപറ്റി എന്ന് ചോദിക്കുന്നുണ്ടെന്ന് മണി സാര്‍ സത്യന്‍ സാറിന്റെ അടുത്ത് സംസാരിക്കുന്നതിനടയില്‍ പറഞ്ഞു, എന്ത് പറ്റി എന്നറിയാമായിരുന്നെങ്കില്‍ ഞാനത് ചെയ്യുമോ എന്നാണ് അദ്ദേഹം തന്നെ പറഞ്ഞത്.

അത്തരത്തില്‍ എല്ലാം അറിയുന്ന ഒരാളെ ഞാനിതുവരെ കണ്ടുമുട്ടിയിട്ടില്ല. ഞാന്‍ ഇതുവരെ കണ്ടുമുട്ടിയവരെല്ലാം ഒരു ട്രയല്‍ ആന്‍ഡ് എറര്‍ പ്രൊസസിന്റെ ഭാഗമായി സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവരാണ്,’ ഫഹദ് പറഞ്ഞു.

 

Content Highlight: Fahadh Fazil talks about Directors Sathyan Anthikkad and Maniratnam

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.