| Monday, 9th December 2024, 9:15 pm

വണ്ടിപ്രാന്തിന്റെ കാര്യത്തില്‍ എന്നെ ആദ്യം അത്ഭുതപ്പെടുത്തിയത് മമ്മൂക്കയായിരുന്നു, എന്നാല്‍ ഇപ്പോള്‍ ആ സ്ഥാനത്ത് മറ്റൊരു നടന്‍: ഫഹദ് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന നടനാണ് ഫഹദ് ഫാസില്‍. ആദ്യസിനിമ പരാജയമായതിന് പിന്നാലെ അഭിനയത്തിന്റെ പേരില്‍ വിമര്‍ശനം നേരിട്ട ഫഹദ് രണ്ടാം വരവില്‍ ഭാഷാതിര്‍ത്തികള്‍ കടന്ന് മുന്നേറുകയാണ്. തിരിച്ചുവരവില്‍ മൂന്ന് സംസ്ഥാന അവാര്‍ഡുകളും ഒരു ദേശീയ അവാര്‍ഡും നേടിയ ഫഹദ് ബോക്സ് ഓഫീസ് പ്രകടനത്തിലും മുന്നിട്ട് നില്‍ക്കുന്നുണ്ട്.

സ്‌ക്രീനിന് പുറത്ത് വാഹനങ്ങളോടുള്ള കമ്പത്തിന്റെ കാര്യത്തിലും ഫഹദ് പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. പുതിയ വണ്ടികള്‍ വാങ്ങിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരത്തിന് വാഹന കമ്പത്തിലെ ഇഷ്ടതാരം ആരെന്ന് തുറന്നുപറയുകയാണ്. താന്‍ പുതിയ ഏത് വണ്ടി എടുക്കുന്നുണ്ടെങ്കിലും ദുല്‍ഖറിനോടാകും ചോദിക്കുകയെന്ന് ഫഹദ് പറഞ്ഞു.

വണ്ടികളുടെ കാര്യത്തില്‍ തന്നെക്കാള്‍ അറിവ് ദുല്‍ഖറിനുണ്ടെന്നും അക്കാര്യം കൊണ്ട് താന്‍ അവനോട് മാത്രമേ സംശയം ചോദിക്കാറുള്ളൂവെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. ദുല്‍ഖര്‍ കഴിഞ്ഞാല്‍ പൃഥ്വിരാജിനോടും ഇടക്ക് വണ്ടികളെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും രണ്ടുപേരുടെയും വണ്ടികളുടെ കളക്ഷന്‍ അപാരമാണെന്നും ഫഹദ് പറഞ്ഞു.

എന്നാല്‍ ഇവര്‍ക്കെല്ലാം മുമ്പ് പുത്തന്‍ വാഹനങ്ങള്‍ കൂടുതലായി കണ്ടത് മമ്മൂട്ടിയുടെ അടുത്താണെന്ന് ഫഹദ് കൂട്ടിച്ചേര്‍ത്തു. ഒഡി ക്യൂ7, ബി.എം.ഡബ്ല്യൂ എക്‌സ് 5 എന്നീ വണ്ടികള്‍ ആദ്യം താന്‍ കണ്ടത് മമ്മൂട്ടിയുടെ അടുത്തായിരുന്നെന്ന് ഫഹദ് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടിയുടെയും തന്റെയും ടേസ്റ്റുകള്‍ തമ്മില്‍ വ്യത്യാസം വന്നെന്നും അതിനാല്‍ ദുല്‍ഖറിനോടാണ് ചോദിക്കുന്നതെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. അമ്മ സംഘടനയുടെ പ്രത്യേക ചാറ്റ് ഷോയിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്.

‘ഏത് വണ്ടി എടുക്കാന്‍ പ്ലാന്‍ ഉണ്ടെങ്കിലും ഞാന്‍ ചാലു(ദുല്‍ഖര്‍)വിനോടാണ് ചോദിക്കാറുള്ളത്. ‘ആ വണ്ടി എടുത്താല്‍ ശരിയാകുമോ’, ‘ഈ വണ്ടി എങ്ങനെയുണ്ട്?’ എന്നൊക്കെ ചാലുവിനോട് ചോദിക്കും. ചില സമയത്ത് ഞാന്‍ രാജുവിനോടും വണ്ടികളെപ്പറ്റി സംസാരിക്കാറുണ്ട്. രണ്ടുപേരുടെയും കൈയില്‍ വണ്ടികളുടെ അപാര കളക്ഷനുണ്ട്. പക്ഷേ ഇതെല്ലാം ആദ്യം കണ്ടത് മമ്മൂക്കയുടെ അടുത്ത് നിന്നാണ്.

പുള്ളിയുടെ അടുത്ത് നിന്നാണ് വലിയ വണ്ടികളൊക്കെ ആദ്യം കണ്ടത്. ബി.എം.ഡബ്ല്യൂ എക്‌സ്5, ഔഡി ക്യൂ7 എന്നീ വണ്ടികള്‍ ആദ്യം കൊണ്ടുവന്നത് മമ്മൂക്കയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരുടെയും ടേസ്റ്റ് മാറി. എനിക്ക് ഇഷ്ടമുള്ള വണ്ടികളല്ല മൂപ്പരുടേത്. അതുപോലെ തന്നെ തിരിച്ചും. അതുകൊണ്ട് ഇപ്പോള്‍ എല്ലാം ചാലുവിനോടാണ് ചോദിക്കുന്നത്,’ ഫഹദ് ഫാസില്‍ പറയുന്നു.

Content Highlight: Fahadh Faasil says that Dulquer is new icon for his car craze

We use cookies to give you the best possible experience. Learn more