ഒരു സിനിമ, ഒരൊറ്റ സിനിമ ഒരു ആറാം ക്ലാസുകാരനോട് ചെയ്തത് ഇതാണ്
Notification
ഒരു സിനിമ, ഒരൊറ്റ സിനിമ ഒരു ആറാം ക്ലാസുകാരനോട് ചെയ്തത് ഇതാണ്
മുഹമ്മദ് സുഹറാബി
Wednesday, 4th March 2020, 11:02 am

ചെറുപ്പത്തില്‍ ഞാന്‍ കളിക്കാത്ത കളികളില്ലായിരുന്നു. ഒരേസമയം കല്ലുവെട്ടു ക്വാറികളിലും പറമ്പുകളിലും റോട്ടിലും ആണ്‍കുട്ടികള്‍ മാത്രം കളിക്കുന്ന ഫുട്‌ബോളും ക്രിക്കറ്റും തുടങ്ങി വീടുകളുടെ മുറ്റത്ത് പെണ്‍കുട്ടികള്‍ മാത്രം കളിച്ചുകൊണ്ടിരുന്ന കക്ക് കളിയും കൊത്തംകല്ല് കളിയും വരെ കളിച്ചാണ് വളര്‍ന്നത്.

കറിവെച്ചു കളിക്കാനും കൂടപ്പുര ഉണ്ടാക്കാനുമെല്ലാം മുന്നിലുണ്ടായിരുന്നു. അതേ സമയം ആണ്‍കുട്ടികള്‍ കൂടുന്ന ഇടങ്ങളിലും സജീവമായിരുന്നു. ഒരു പ്രായം വരെ. കൃത്യമായി പറഞ്ഞാല്‍ ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുന്ന കാലം വരെ. ആ കാലത്താണ് തിയേറ്ററുകളെ ഇളക്കി മറിച്ച ഒരു ‘തമാശ’സിനിമ പുറത്തിറങ്ങുന്നത്.

അതിന്റെ പേരു ചാന്തുപൊട്ടെന്നായിരുന്നു. ചെറുപ്പം തൊട്ടേ സ്‌ത്രൈണസ്വഭാവമുള്ള ആണ്‍കുട്ടിയായിരുന്നു ഞാന്‍. ആണുങ്ങളെപ്പോലെ നടക്ക് എന്ന് എന്നോട് പറയാത്ത ഒരാള്‍ പോലും ആ നാട്ടില്‍ ഉണ്ടായിരുന്നില്ല. ഞാന്‍ നടന്നുപോകുന്നതിന്റെ പിറകിലിരുന്ന് ‘മൂട് കുലുക്കാതെ നടക്കെടാ’ എന്ന് പറഞ്ഞ് ചിരിക്കുന്ന ഒരു കൂട്ടം എന്നുമുണ്ടായിരുന്നു.

അവര്‍ക്കിടയിലേക്കാണ് ചന്തുപൊട്ട് പൊട്ടി വീണത്. അത്രയും കാലം എന്നെ വിളിക്കാന്‍ പേരില്ലാത്തവര്‍ക്ക് വിളിക്കാനൊരു പേരും കൂടിയാണ് ആ സിനിമ തന്നത്. ‘രാധ!’. കളിക്കളങ്ങളിലെ ആണ്‍കുട്ടികള്‍ക്കിടയില്‍ ആ പേരങ്ങനെ സജീവമായി. ഞാന്‍ വരുമ്പോഴേക്കും ‘രാധ വരുന്നുണ്ടെന്ന്’ പറഞ്ഞ് അവര്‍ അടക്കിച്ചിരിക്കാന്‍ തുടങ്ങി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ‘നീ ആണും പെണ്ണും കെട്ട രാധയല്ലെ’ എന്ന് ആക്രോശിക്കാന്‍ തുടങ്ങി. അതിന്റെ പേരില്‍ കണ്ണുകലങ്ങി തിരിച്ചു ചോദിക്കാന്‍ ചെന്ന എന്നെ അവര്‍ വീണ്ടും അതു തന്നെ പറഞ്ഞ് തളര്‍ത്തി. എനിക്കാ പേരൊരു തെറി വാക്കുപോലെ ആയിരുന്നു. അവര്‍ക്കും. ഒടുവില്‍ സഹികെട്ട് കളിക്കളങ്ങളില്‍ നിന്ന് തിരിച്ചു നടന്ന ദിവസം ഞാന്‍ അവസാനമായി കേട്ടത് ഇതായിരുന്നു, ‘ആണായിട്ട് തിരിച്ചു വാടാ രാധേ’ എന്ന്.

എനിക്കൊരിക്കലും പിന്നീട് അങ്ങോട്ട് തിരിച്ച് പോവാനായിട്ടില്ല. അവിടേക്കെന്നല്ല, നാട്ടില്‍ നാലാളു കൂടുന്ന ഒരിടത്തേക്കും അത്മാഭിമാനത്തോടെ നടന്നു കേറാനായിട്ടില്ല. ഒരു കല്ല്യാണമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും നടക്കുന്ന നേരം ഞാന്‍ വീട്ടില്‍ ഒളിച്ചിരിക്കും. പരമാവധി ആളുകള്‍ കൂടുന്നിടത്ത് നിന്ന് ഒളിഞ്ഞ് നടക്കും.

ആത്മവിശ്വാസം എന്നത് എന്റെ ജീവിതത്തില്‍ നിന്ന് അകലെയായത് അങ്ങനെയാണ്. ഒരു സിനിമ സമൂഹത്തില്‍ എന്തുണ്ടാക്കുന്നു എന്നു ചോദിച്ചാല്‍, എനിക്ക് തിരിച്ചു പറയാനുള്ളത്, ഒരു സിനിമ, ഒരൊറ്റ സിനിമ ഒരു ആറാം ക്ലാസുകാരനോട് ചെയ്തത് ഇതാണ്.

അവനിഷ്ടമുള്ളതെല്ലാം അന്യമാക്കിയിട്ടാണ് അത് പോയത്. അത്രയും ചെറിയ പ്രായത്തില്‍ താങ്ങാവുന്നതിലധികം ട്രോമ നല്‍കിയിട്ടാണ് അത് പോയത്. നിങ്ങള്‍ തിയേറ്ററുകളില്‍ ഇരുന്ന് ഓരോ തമാശക്കും കൈയ്യടിച്ചപ്പോള്‍ അതു മുഴുവന്‍ കൊണ്ടത് ഞങ്ങളുടെ മുതുകത്താണ്.

തമാശകള്‍ വെറും തമാശകളല്ലെന്നും, സിനിമകള്‍ കേവലം സിനിമകള്‍ മാത്രമല്ലെന്നും ഇതിലും നന്നായി ഞാന്‍ എങ്ങനെ നിങ്ങളോട് പറയും?