അതല്ല, സാംസ്‌കാരിക പത്രപ്രവര്‍ത്തന ചരിത്രം
Notification
അതല്ല, സാംസ്‌കാരിക പത്രപ്രവര്‍ത്തന ചരിത്രം
ബിജുരാജ് ആര്‍.കെ
Thursday, 25th July 2019, 11:05 am

‘ഭാഷാപോഷിണി’യില്‍ നിന്ന് വിരമിച്ച പത്രാധിപര്‍ കെ.സി. നാരായണന്‍ ബ്രാഹ്മണിക് മൂല്യങ്ങള്‍ പുലര്‍ത്തിയ പത്രാധിപരാണ് എന്നും അദ്ദേഹത്തിന്റെ ‘അരങ്ങൊഴിയല്‍ ബ്രാഹ്മണിക് ഹെജിമണി സെന്‍സിബിലിറ്റിയുടെ അവശിഷ്ടത്തിന്റെ കാലം ചെയ്യല്‍’ മാത്രമാണെന്നും മറ്റും എഴുതിയ മുഹമ്മദ് റാഫി എന്‍.വിയുടെ ഫേസ് ബുക്ക് പോസ്റ്റ് കണ്ടു.

ആ പോസ്റ്റില്‍ സാംസ്‌കാരിക പത്രപ്രവര്‍ത്തന ചരിത്രത്തെ നിഷേധിക്കുന്ന പലതലത്തിലുള്ള വാദങ്ങളുണ്ട്. മുഹമ്മദ് റാഫി എന്‍.വി എന്ന വ്യക്തി വഹിക്കുന്ന അധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ ആധികാരികതകളിലൂടെ നാളത്തെ ചരിത്രമായി ആ കുറിപ്പിലെ പല പരാമര്‍ശവും മാറാന്‍ ഇടയുണ്ട്.

കേരളത്തിലെ മുഖ്യധാരാ സാംസ്‌കാരിക മാസികളുടെയും വാരികകളുടെയും സോഷ്യോ-പൊളിറ്റിക്കല്‍ നിലപാടുകളിലെ വളര്‍ച്ചയ്ക്ക് കൃത്യമായ ചരിത്രമുണ്ട്. ജനയുഗത്തില്‍ കാമ്പിശ്ശേരി കരുണാകരനില്‍ നിന്ന് തുടങ്ങുന്നതാണ് അത്. എം.ടി. വാസുദേവന്‍ നായരുടെ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ (എന്‍.വി. കൃഷ്ണവാരിയരുടെയും മറ്റുംകാലം) അതിന്റെ രണ്ടാംഘട്ടം നടക്കുന്നു.

അതിന്റെ വികാസം എസ്.ജയചന്ദ്രന്‍നായര്‍, എന്‍.ആര്‍.എസ്.ബാബു എന്നിവരിലൂടെ കലാകൗമുദിയില്‍ കൂടുതല്‍ നടക്കുന്നു. അതിന്റെ ഒപ്പം, അതിന്റെ തുടര്‍ച്ചയായി വരുന്നതാണ് കെ.സി. നാരായണന്‍ പത്രാധിപരായിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ നാളുകള്‍. അതിനുശേഷം 1994 ല്‍ വി.കെ.ബി.നായരും പിന്നീട് സി. രാധാകൃഷ്ണനും പത്രാധിപ ചുമതലവഹിച്ച ഭാഷാപോഷിണി മാസികയുടെ സംവാദ കാലമാണ്.(ഇക്കാലത്ത് മതേതരത്വം, ഇടതുപക്ഷം, ജാതി, പുരാണവലംബിത കഥകള്‍ തുടങ്ങിയവയെപ്പറ്റി നിരവധി കവര്‍ സ്റ്റോറികള്‍ ഭാഷാപോഷിണിയില്‍ വന്നിരുന്നു).

1999-ല്‍ കെ.സി. നാരായണന്‍ ഭാഷാപോഷിണിയില്‍ എത്തുന്നു. പൊളിറ്റിക്കലും റാഡിക്കലുമായ മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്ന് മുഹമ്മദ് റാഫി പറയുന്ന കമല്‍റാം സജീവ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എത്തുന്നത് 2003 ലാണ് (കെ.സി. നാരായണനെപ്പറ്റി കമല്‍റാം സജീവിന് ഏതായാലും മുഹമ്മദ് റാഫിയുടെ അഭിപ്രായമുണ്ടാവാനിടയില്ല).

ഇതിനിടയിലും ഒപ്പവുമായി മാധ്യമം ആഴ്ചപ്പതിപ്പിന്‍േറയും സമകാലികമലയാളം വാരികയുടെയും ഇന്ത്യ ടുഡേയുടെയും കാലമുണ്ട്. പറഞ്ഞുവരുന്നത് ‘മുഖ്യധാര’ എന്ന വിശേഷിപ്പിക്കപ്പെടുന്ന പ്രസിദ്ധീകരണങ്ങളിലെ സോഷ്യോ-പൊളിറ്റിക്കല്‍ ഇടപെടലുകളെക്കുറിച്ചാണ്. (മുഖ്യധാരക്ക് പുറത്ത്, ഈ മുഖ്യധാരയെ പോലും വലിയ രീതിയില്‍ സ്വാധീനിച്ച നിരവധി സമാന്തര ഇടടെപലുകള്‍ ഉണ്ടായിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല.ജയകേരളം, ജ്വാല,സമീക്ഷ, പ്രേരണ, തിരിച്ചറിവ്, സാംസ്‌കാരിക മാസിക, വായന, സംവാദം തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളുടെ അതുല്യമായ സംഭാവനകളുണ്ട്).

കെ.സി.നാരായണന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതലകള്‍ വഹിച്ച 80 കളുടെ മധ്യത്തിലെ ലക്കങ്ങള്‍ ആര്‍ക്കും പരിശോധിക്കാം. ആ മാസിക ബ്രാഹ്മണിക്കല്‍ മൂല്യങ്ങളില്‍ നിന്ന് കുതറിമാറിയതിന്റെ നിരവധി തെളിവുകള്‍ അതിലുണ്ട്. വേണമെങ്കില്‍ ഈ ലേഖകന്‍ ഇവിടെ നിരത്താം.
കുറഞ്ഞപക്ഷം ആവിഷ്‌കാര സ്വാതന്ത്ര്യസമരത്തിന്റെ നാളുകളില്‍ ഇറങ്ങിയ മാതൃഭൂമിയുടെ ലക്കങ്ങള്‍ മാത്രം മറിച്ചുനോക്കുക.

ആ കാലത്ത് റാഡിക്കല്‍ പക്ഷത്തിന്റെ മാസികയായിരുന്നു മാതൃഭൂമി. ഇതേ കെ.സി.നാരായണന്‍ ഭാഷാപോഷിണിയില്‍ പത്രാധിപരായിരിക്കുന്ന കാലത്താണ് കുത്ത്ബ്ദീന്‍ അന്‍സാരിയുടെയും ബില്‍ക്കിസ് ബാനുവിന്റെയും മറ്റും അഭിമുഖങ്ങള്‍ ആദ്യമായി ഒരു മലയാള മാസികയില്‍ വരുന്നത്.

സവര്‍ണ ഫാഷിസത്തിന്റെ കാലത്ത് അത് റാഡിക്കലും പൊളിറ്റിക്കലുമായ ഇടപെടലല്ലേ? മറ്റെല്ലാം മറക്കാം, ജയമോഹന്റെ ‘നൂറു സിംഹാസനങ്ങള്‍’ എന്ന നോവല്‍ പ്രസിദ്ധീകരിച്ച പത്രാധിപരാണ് കെ.സി. നാരായണന്‍ എന്ന് ഓര്‍ക്കണം. മലയാള മനോരമയുടെ പരിമിതികള്‍ക്കുള്ളിലും സ്വാതന്ത്ര്യത്തിനുള്ളില്‍ നിന്നും അദ്ദേഹം നിശബ്ദമായി, സ്തുതി പാഠക വൃന്ദമില്ലാതെ പ്രവര്‍ത്തിച്ചു.

വി.ടി. ഭട്ടത്തിരിപ്പാടിന്റെ സമാഹൃത കൃതികള്‍ക്ക് ‘വേരുണങ്ങാത്ത വാക്ക്’ എന്ന പഠനം എഴുതി. 1999 ല്‍ തുടക്കക്കാരി എന്നു വിശേഷിപ്പിക്കാവുന്ന എസ്. സിതാരയുടെ അഗ്‌നി എന്ന കഥ പ്രാമുഖ്യത്തോടെ അച്ചടിച്ചു പുതുതലമുറക്കഥാകൃത്തുകളെ പ്രോത്സാഹിപ്പിച്ചു. മുഹമ്മദ് റാഫി ആക്ഷേപിക്കുന്നതുപോലെ ‘ഓട്ടുകിണ്ടി തുളസിത്തറ’ കവിതകളുടെ പത്രാധിപരായിരുന്നില്ല അദ്ദേഹം.

പുതുകവികള്‍ക്ക് ഏറ്റവും കൂടുതല്‍ ഇടം കൊടുത്ത പത്രാധിപന്മാരില്‍ ഒരാളാണ്. മാത്രമല്ല, പുതുകവിതകളെക്കുറിച്ച് പഠനാര്‍ഹമായ പഠനങ്ങള്‍ എഴുതി. അടുത്ത കാലത്ത് ആദിവാസി കവിതകള്‍ ഭാഷാപോഷിണിയില്‍ വന്നു. ‘തുളസിത്തറ’ കവിതകള്‍ ആണ് അച്ചടിച്ചത് എന്ന ആക്ഷേപം ഭാഷാപോഷിണിയില്‍ കവിതകള്‍ എഴുതിയ അസഖ്യം കവികളെ ആക്ഷേപിക്കലാണ്. എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാലും മലയാളത്തിലെ സെക്കുലര്‍ പത്രാധിപര്‍ തന്നെയായിരുന്നു കെ.സി. നാരായണന്‍.

എസ്.ജയചന്ദ്രന്‍നായരും, കെ.സി.നാരായണനും ഒക്കെ സവര്‍ണ സമുദായങ്ങളില്‍ നിന്ന് വന്നവരാകാം (സമാന്തര പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരുടെ കാര്യവും വ്യത്യസ്തമല്ല). അവര്‍ ശ്രമിച്ചത് അന്നുവരെ നിലനിന്ന ബ്രാഹ്മണിക്കല്‍, പരമ്പരാഗത മുല്യങ്ങളില്‍ നിന്ന് കുതറിമാറാനാണ്. അത് പൂര്‍ണമായി എന്നോ സമഗ്രമായിരുന്നുവെന്നോ അര്‍ത്ഥമില്ല.

ഇപ്പോഴുള്ള മാസികകള്‍ ബ്രാഹ്മണ്യമൂല്യങ്ങളെ പൂര്‍ണമായി കുടഞ്ഞെറിഞ്ഞു എന്നോ ഇനി മുന്നോട്ടുപോകാനില്ല എന്നോ ഉള്ള വാദങ്ങള്‍ ഇതെഴുതുന്നയാള്‍ക്കില്ല. അക്കാര്യത്തില്‍ മലയാളത്തിന് ഇനിയും മുന്നോട്ടുപോകാനുണ്ട്.പക്ഷേ, അവര്‍ വലിയ രീതിയില്‍ ശ്രമിച്ചു. അവരുടെ ചുമലുകളില്‍ നിന്നാണ് പിന്നീടുള്ള മുഖ്യധാര മാസികകള്‍ പല ശ്രമങ്ങളും നടക്കുന്നത്. കെ.സി. നാരായണനെപോലുള്ളവര്‍ ബ്രാഹ്മണ മൂല്യങ്ങള്‍ പുലര്‍ത്തി എന്നു പറയുമ്പോള്‍ നിഷേധിക്കപ്പെടുന്ന ചരിത്രവസ്തുതയുണ്ട്.

അവര്‍ ബ്രാഹ്മണ്യമൂല്യരാണെങ്കില്‍ അപ്പോള്‍ അവര്‍ക്ക് മുമ്പുണ്ടായിരുന്ന മൂല്യങ്ങളെ എന്തുവിളിക്കും? അതിന് മുമ്പുണ്ടായിരുന്ന പത്രപ്രവര്‍ത്തനത്തില്‍ നിന്ന് ഇവര്‍ക്കുള്ള ഗുണപരമായ വിച്ഛേദനത്തെ എന്തുവിളിക്കും?

മാതൃഭൂമിയില്‍ നിന്ന് പുറത്തുപോകുമ്പോഴോ, പിന്നീടോ, ഇപ്പോഴോ കെ.സി. നാരായണന് സ്തുതിപാഠകരുടെ ആര്‍പ്പുവിളികള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് മറ്റാരെയെങ്കിലും പുകഴ്ത്താനായി കെ.സി. നാരായണനെ ഇകഴ്ത്തി കാട്ടേണ്ടതില്ല. പത്രപ്രവര്‍ത്തന ചരിത്രത്തെയും നിഷേധിക്കേണ്ടതില്ല.

എന്‍.ബി: ഇത്തരം ഒരു കുറിപ്പ് എഴുതണമോ എന്ന് പലവട്ടം ആലോചിച്ചു. കെ.സി.നാരായണനോടുള്ള വ്യക്തിപരമായ താല്‍പര്യമോ അടുപ്പമോ മറ്റോ ആയി ഈ കുറിപ്പ് വ്യാഖ്യാനിക്കപ്പെടുമെന്ന് തോന്നല്‍ ഉള്ളില്‍ ശക്തമായിരുന്നു. എന്നാല്‍, സാംസ്‌കാരിക പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രം പഠിക്കാന്‍ ശ്രമിക്കുന്നയാള്‍ എന്ന നിലയില്‍ എഴുതുന്നതാണ് നല്ലത് എന്ന തീരുമാനിക്കുകയായിരുന്നു.

കാരണം അടുത്ത കാലത്തായി ഈ ചരിത്രം നിഷേധിക്കുന്ന പലതരംഅവകാശവാദങ്ങള്‍ മുഴങ്ങിക്കേട്ടതുകൊണ്ടുതന്നെ. കെ.സി.നാരായണനുമായി ഇതെഴുന്നയാള്‍ക്ക് വ്യക്തിപരമായി ഒരു അടുപ്പവുമില്ല.ആകെ രണ്ട് തവണ മാത്രമാണ് കണ്ടിട്ടുള്ളത്.

ഒന്ന് 1999 ല്‍ കേരള പ്രസ് അക്കാദമിയില്‍ രണ്ടുമണിക്കൂര്‍ ക്‌ളാസില്‍ അദ്ദേഹം ഞാനടക്കമുള്ള പല വിദ്യാര്‍ഥികളുടെയും മാഗസിന്‍ പത്രപ്രവര്‍ത്തന ധാരണയെ തിരുത്തിയെഴുതുമ്പോള്‍.രണ്ടാമത് മാതൃഭൂമി ആഴ്ചപ്പതിപ്പ് വിട്ടശേഷം സ്വതന്ത്ര പത്രപ്രവര്‍ത്തകനാകാന്‍ തീരുമാനിച്ച സമയത്ത്. അതിനെ തുടര്‍ന്ന് ഭാഷാപോഷിണിയിലേക്ക് ഞാനയച്ച ഏക ലേഖനം അദ്ദേഹം നിഷ്‌കരുണം തള്ളുകയും ചെയ്തു.

 

 

ബിജുരാജ് ആര്‍.കെ
ചീഫ് സബ് എഡിറ്റര്‍ മാധ്യമം