| Friday, 12th June 2026, 11:38 am

ഓം ഹ്രീം തലമാറട്ടെ... സിങ്കമല്ലണ്ണാ... ഇത് അസിങ്കമാ, കറുപ്പിലെ തലവെട്ടി ഒട്ടിക്കലിനെ വലിച്ചുകീറി മലയാളികള്‍

അമര്‍നാഥ് എം.

തിയേറ്ററിലെ വന്‍ വിജയത്തിന് ശേഷം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ് സൂര്യ നായകനായ കറുപ്പ്. തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് കറുപ്പ് സ്ട്രീം ചെയ്യുന്നത്. തിയേറ്റര്‍ എക്‌സ്പീരിയന്‍സിന് വേണ്ടി മാത്രം ഒരുക്കിയ ചിത്രം ഒ.ടി.ടിയിലെത്തിയ ഉടനെ വലിച്ചുകീറപ്പെടുകയാണ്.

തിയേറ്ററില്‍ കൈയടി കിട്ടിയ ചിത്രത്തിലെ പല രംഗങ്ങളും ഒ.ടി.ടിയിലെത്തുമ്പോള്‍ ട്രോള്‍ മെറ്റീരിയലാകുമെന്ന് ആദ്യമേ പലരും അഭിപ്രായപ്പെട്ടിരുന്നു. അതിനെ ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ വരുന്ന റെസ്‌പോണ്‍സ്. ചിത്രത്തിലെ ക്ലൈമാക്‌സ് ഫൈറ്റില്‍ സംവിധായകന്‍ കാണിച്ച വലിയ അബദ്ധമാണ് മലയാളം പേജുകളിലെ വലിയ ചര്‍ച്ച.

സൂര്യയുടെ ഐക്കോണിക് കഥാപാത്രമായ ദുരൈസിങ്കം ഗെറ്റപ്പില്‍ താരം പ്രത്യക്ഷപ്പെടുന്ന സീന്‍ ക്ലൈമാക്‌സില്‍ സംവിധായകന്‍ ഒരുക്കിയിരുന്നു. ആരാധകര്‍ക്ക് സര്‍പ്രൈസായിരുന്നു ഈയൊരു എന്‍ട്രി. 10 വര്‍ഷത്തിന് ശേഷവും സിങ്കം ലുക്കില്‍ സൂര്യ തിളങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ എന്‍ട്രിക്ക് ശേഷമുള്ള ഫൈറ്റില്‍ തല വെട്ടിയൊട്ടിച്ചത് കൃത്യമായി അറിയുന്നുണ്ടെന്ന് പലരും കണ്ടെത്തി.

സിങ്കം ഗെറ്റപ്പില്‍ സൂര്യ ഗംഭീരമായി വന്നിട്ടും എന്തിനാണ് ഇങ്ങനെയൊരു അബദ്ധം ആര്‍.ജെ ബാലാജി കാണിച്ചതെന്ന് പലരും ചോദിക്കുന്നുണ്ട്. ആരാധകര്‍ക്ക് രോമാഞ്ചമുണ്ടാക്കിയ സീന്‍ ഒ.ടി.ടിയില്‍ ട്രോള്‍ മെറ്റീരിയലായി മാറിയതിന്റെ നിരാശയിലാണ് ആരാധകര്‍. ബാലാജിയുടെ ഫേസ് സ്വാപ്പിനെ പരിഹസിച്ചുകൊണ്ട് നിരവധി കമന്റുകളുണ്ട്.

‘കറുപ്പ് സ്വാമിയായതുകൊണ്ട് തലമാറട്ടെ എന്ന മന്ത്രം ചൊല്ലിയിട്ടായിരിക്കും സൂര്യ ഈ സീന്‍ ചെയ്തത്’, ‘സിങ്കമാണെന്ന് പറഞ്ഞിട്ട് ഇത് വെറും അസിങ്കമായിപ്പോയല്ലോ’, ‘തിയേറ്ററില്‍ ഈ സീന്‍ എങ്ങനെ ചിരിക്കാതെ കണ്ട് ഇരുന്നു’, ‘നല്ല രീതിയില്‍ ഗ്രാഫിക്‌സ് ചെയ്തുകൂടായിരുന്നോ’ എന്നൊക്കെയാണ് പല കമന്റുകളും. എന്നാല്‍ ഈ സീനിന്റെ സത്യാവസ്ഥയെക്കുറിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

ക്ലൈമാക്‌സ് ഫൈറ്റിലെ ക്രൗഡ് പോര്‍ഷനുകള്‍ വേറൊരു ആര്‍ട്ടിസ്റ്റിനെ വെച്ച് എടുത്തതാണെന്നും പിന്നീട് ഫേസ് സ്വാപ്പ് ചെയ്തതാണെന്നും ചില വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിങ്കം ഗെറ്റപ്പിലെ സ്റ്റില്ലുകള്‍ പുറത്തുവരാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ക്ലോസപ്പ് ഷോട്ടുകള്‍ എടുത്ത സമയത്ത് സൂര്യയും ടെക്‌നീഷ്യന്മാരും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രത്തിലെ ബാക്കി സീനുകളും ഇനി ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്.

Content Highlight: Face swap of Suriya in Karuppu  Climax fight getting trolls

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more