ക്ലാസ്‌മേറ്റ്‌സിലെ മുരളിയും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനും; വൈറലായി ചാക്കോച്ചനൊഴിവാക്കിയ ചിത്രങ്ങള്‍
Malayalam Cinema
ക്ലാസ്‌മേറ്റ്‌സിലെ മുരളിയും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനും; വൈറലായി ചാക്കോച്ചനൊഴിവാക്കിയ ചിത്രങ്ങള്‍
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 17th March 2026, 8:47 pm

മലയാളത്തിലെ സിനിമാ പേജുകള്‍ അടുത്തിടെ വലിയ ചര്‍ച്ചയാക്കിയ വിഷയമായിരുന്നു മലയാളത്തിലെ മുന്‍നിര നടന്മാര്‍ നഷ്ടപ്പെടുത്തിയ സിനിമകളും കഥാപാത്രങ്ങളും. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ ദൃശ്യം ആദ്യം മമ്മൂട്ടിയെ നായകനാക്കി ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും താരത്തിന്റെ അസൗകര്യം കാരണം നടക്കാതെ പോകുകയായിരുന്നുവെന്ന വാര്‍ത്ത വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജോക്കര്‍. Photo: MUBI

ഇപ്പോഴിതാ മലയാളത്തിലെ റൊമാന്റിക് ഹീറോയായ കുഞ്ചാക്കോ ബോബന് അവസരം ലഭിച്ചിട്ടും ചെയ്യാന്‍ പറ്റാതെ പോയ ചിത്രങ്ങളെ കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സ്റ്റാന്‍ലി ദാസ് എന്ന ഐ.ഡിയില്‍ നിന്നുമാണ് ചാക്കോച്ചന്റെ അസൗകര്യം കാരണം ചെയ്യാന്‍ പറ്റാതെ പോയ ചിത്രങ്ങളെ കുറിച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ദിലീപിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായ ജോക്കറിലെ നായക വേഷമാണ് ലിസ്റ്റില്‍ ആദ്യത്തേത്. ലോഹിതദാസ് എന്ന അതുല്യ കലാകാരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന് അതിന്റെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ കൊണ്ട് എന്നും പ്രേക്ഷക മനസില്‍ പ്രത്യേക സ്ഥാനമുണ്ട്. ഒരു നടനെന്ന നിലയില്‍ കുഞ്ചാക്കോക്ക് ഉണ്ടായ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് ചിത്രമെന്ന് പലരും അഭിപ്രായപ്പെടുന്നു.

എന്നാല്‍ പലരെയും അത്ഭുതപ്പെടുത്തിയത് ക്ലാസ്‌മേറ്റ്‌സ് എന്ന പേരാണ്. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പിറന്ന മലയാളത്തിലെ എവര്‍ഗ്രീന്‍ ക്യാമ്പസ് പ്രണയകഥയില്‍ ചാക്കോച്ചനെ കാണാന്‍ കഴിയാത്ത സങ്കടം പലരിലും പ്രകടമാണ്. ചിത്രത്തില്‍ നരെന്‍ അവതരിപ്പിച്ച മുരളിയായിട്ടായിരുന്നു താരം വരേണ്ടിയിരുന്നതെന്നും കരിയറിലെ വലിയ നഷ്ടമാണ് കുഞ്ചാക്കോക്ക് ഉണ്ടായതെന്നും പലരും അഭിപ്രായപ്പെടുന്നു.

ന്നാ താന്‍ കേസ് കൊട്. Photo: Prime video

അയാളും ഞാനും തമ്മില്‍, ബംഗ്ലാവില്‍ ഔത, കമ്മത്ത് ആന്‍ഡ് കമ്മത്ത്, ആകാശഗംഗ, തുടങ്ങിയവയും നടന്‍ നഷ്ടപ്പെടുത്തിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ പെടുന്നു. എന്നാല്‍ ക്ലാസ്‌മേറ്റ്‌സ് പോലെ തന്നെ താരത്തിന് നഷ്ടപ്പെട്ട മറ്റൊരു ചിത്രം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനാണ്. ചിത്രത്തിന്റെ കഥ താരത്തോട് പറഞ്ഞപ്പോള്‍ എന്താണ് സംവിധായകന്‍ ഉദ്ദേശിച്ചതെന്ന് മനസിലാവാത്തതിനാല്‍ പിന്മാറുകയായിരുന്നു. എന്നാല്‍ ചിത്രം ഹിറ്റായ ശേഷം സംവിധായകനെ സമീപിച്ച് അടുത്ത ചിത്രം ചെയ്യാമെന്ന് പറയുകയും അങ്ങനെ ചെയ്ത ചിത്രമാണ് ന്നാ താന്‍ കേസ് കൊട് എന്നും പോസ്റ്റിന് താഴെ കമന്റുകളുണ്ട്. ഒരിടവേളക്ക് ശേഷം ചാക്കോച്ചന്റെ കരിയറിലെ വലിയ ഹിറ്റായി ചിത്രം മാറുകയും ചെയ്തിരുന്നു.

Content Highlight: Face Book post about Kunchako Boban’s missed movies in malayalam goes viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.