എല്ലാം ചെയ്യുമെങ്കിലും റൊണാള്‍ഡോ ജീനിയസല്ല; പ്രസ്താവനയുമായി മുന്‍ ഇറ്റാലിയന്‍ പരിശീലകന്‍
Sports News
എല്ലാം ചെയ്യുമെങ്കിലും റൊണാള്‍ഡോ ജീനിയസല്ല; പ്രസ്താവനയുമായി മുന്‍ ഇറ്റാലിയന്‍ പരിശീലകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 13th March 2025, 10:08 pm

ഫുട്‌ബോള്‍ ലോകത്ത് വമ്പന്‍ പ്രകടനങ്ങള്‍ നടത്തി മുന്നേറുകയാണ് അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഫുട്‌ബോള്‍ ലോകത്തെ മികച്ച താരങ്ങളാണ് ഇകുവരും. കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയാണ് റൊണാള്‍ഡോ തിളങ്ങുന്നത്.

923 ഗോളുകളാണ് റോണോ ഇതുവരെ സ്വന്തമാക്കിയത്. ആയിരം വ്യക്തിഗത ഗോള്‍ എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ് നിലവില്‍ താരം. എന്നാല്‍ മെസി 852 കരിയര്‍ ഗോളുമായി റോണോയുടെ പിന്നിലുണ്ട്. എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് നിലവില്‍ മെസി പന്ത് തട്ടുന്നത്. എന്നാല്‍ റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍ നസറിലാണ് കളിക്കുന്നത്.

ഇപ്പോള്‍ രണ്ട് താരങ്ങളേയും താരതമ്യപ്പെടുത്തി സംസാരിക്കുകയാണ് മുന്‍ ഇറ്റാലിയന്‍ പരിശീലകന്‍ ഫാബിയോ കാപ്പല്ലോ. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളുടെ ലിസ്റ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മുന്‍ നിരയില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് ഫാബിയോ കാപ്പെല്ലോ പറഞ്ഞത്. മെസിയും, ഡിയാഗോ മറഡേണയും, പെലെയും കഴിഞ്ഞേ റൊണാള്‍ഡോയ്ക്ക് സ്ഥാനമുള്ളൂ എന്നാണ് മുന്‍ താരം പറഞ്ഞത്.

‘ലോക ഫുട്‌ബോളിലെ മഹാന്‍മാരായ താരങ്ങങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഞാന്‍ ലയണല്‍ മെസി, ഡിയേഗോ മറഡോണ, പെലെ എന്നിവരുടയെല്ലാം പേരുകളാണ് ആദ്യ പറയുക. ഈ മൂന്നു പേര്‍ക്കും താഴെയാണ് റൊണാള്‍ഡോ.

ക്രിസ്റ്റ്യാനോ വലിയ ഫുട്‌ബോള്‍ താരം തന്നെയാണ്. അവന്‍ ഒരുപാട് ട്രോഫികളും ബാലണ്‍ ഡിയോറുകളുമെല്ലാം നേടിയിട്ടുണ്ട്. എന്നാല്‍ ലയണല്‍ മെസി അവനില്‍ നിന്ന് വളരെ വ്യത്യസ്തനാമ്, മെസിയോളം കഴിവ് റൊണാള്‍ഡോയ്ക്കില്ല.

നിങ്ങള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും മെസിയെയും കുറിച്ച് സംസാരിക്കുകയാണെങ്കില്‍ ഞാന്‍ മെസിയെന്നായിരിക്കും പറയുക. റൊണാള്‍ഡോ ഗോള്‍ സ്‌കോററാണ്, നന്നായി ഷൂട്ട് ചെയ്യും, എല്ലാ കാര്യങ്ങളും കളിക്കളത്തില്‍ ചെയ്യും. മാത്രമല്ല എല്ലാം എങ്ങനെയാണ് ചെയ്യേണ്ടതെന്നും അറിയാം. പക്ഷെ റൊണാള്‍ഡോ ഒരിക്കലും മെസിയേപ്പോലെ ജീനിയസല്ല,’ ഫാബിയോ കാപ്പെല്ലോ പറഞ്ഞു.

Content Highlight: Fabio Cappello Compare Lionel Messi And Cristiano Ronaldo