മെസിയാണ് എക്കാലത്തെയും മികച്ച ഫുട്ബോളർ; തെരഞ്ഞെടുപ്പുമായി പി.എസ്.ജി താരം
Sports News
മെസിയാണ് എക്കാലത്തെയും മികച്ച ഫുട്ബോളർ; തെരഞ്ഞെടുപ്പുമായി പി.എസ്.ജി താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 18th June 2025, 4:23 pm

ലോക ഫുട്ബോളിലെ ഇതിഹാസങ്ങളാണ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. പുതിയ താരങ്ങൾ സ്പോട്ട്ലൈറ്റിലെത്തിയിട്ടും ഇരുവരും യൂറോപ്പ് വിട്ടിട്ടും ഫുട്ബോൾ ആരാധകരുടെ ചർച്ചകളിൽ സജീവമാണ് ഈ രണ്ട് പേരുകൾ.

തലമുറ മാറ്റമുണ്ടായിട്ടും മെസിയും റോണോയും തന്നെയാണ് ആരാധകരുടെ പ്രിയപ്പെട്ടവര്‍ എന്നാണ് ഇത് തെളിയിക്കുന്നത്. ഇരുവരെയും കുറിച്ച് ആരാധകര്‍ പരാമര്‍ശിക്കാത്ത ദിവസങ്ങള്‍ കടന്നുപോകുന്നത് വളരെ വിരളമാണ്. ഇവരില്‍ മികച്ച താരമാര് എന്ന ചോദ്യം ഇപ്പോഴും ഫുട്ബോള്‍ ലോകത്തെ ഇരു ചേരിയില്‍ നിര്‍ത്താന്‍ കെല്‍പ്പുള്ളതാണ്.

ക്ലബ് വേൾഡ് കപ്പും യുവേഫ നേഷൻസ് ലീഗും ഇരുവരെയും വീണ്ടും സജീവ ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ഇപ്പോൾ ഇവരിൽ ആരാണ് മികച്ചതെന്ന് പറയുകയാണ് പി.എസ്.ജി താരം ഫാബിയൻ റൂയിസ്. മെസിയാണ് തനിക്ക് എക്കാലത്തെയും മികച്ച ഫുട്ബോളറെന്ന് സ്പാനിഷ് താരം പറഞ്ഞു.

ചെറുപ്പം മുതലേ മെസിയുടെ കളി രീതി ഇഷ്ടമാണെന്നും ഒപ്പം കളിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തെ ഒരു സഹതാരമായി കാണുന്നത് അവിശ്വസനീയമായ ഒരു അനുഭവമാണെന്നും റൂയിസ് വ്യക്തമാക്കി.

 

‘മെസിക്കും റൊണാൾഡോയ്ക്കും ഇടയിൽ ഒരാളെ തെരഞ്ഞെടുക്കേണ്ടി വന്നാൽ ഞാൻ ലിയോ മെസിയെ തെരഞ്ഞെടുക്കും. അദ്ദേഹമാണ് എനിക്ക് എക്കാലത്തെയും മികച്ച ഫുട്ബോളർ. കുട്ടിക്കാലം മുതൽ, എനിക്ക് അദ്ദേഹത്തിന്റെ കളിരീതി വളരെ ഇഷ്ടമാണ്.

അദ്ദേഹം എപ്പോഴും കളിയിൽ വലിയ മാറ്റങ്ങൾ വരുത്തും. പിന്നീട്, അദ്ദേഹത്തോടൊപ്പം കളിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു, അദ്ദേഹത്തെ ഒരു സഹതാരമായി കാണുന്നത് അവിശ്വസനീയമായ ഒരു അനുഭവമാണ്,’ റൂയിസ് പറഞ്ഞു.

സ്പാനിഷ് താരമായ ഫെബിൻ റൂയിസ് ഒരു വർഷം മെസിയോടൊപ്പം പി.എസ്.ജിയിൽ കളിച്ചിട്ടുണ്ട്. അവർ ഒരുമിച്ച് ടീമിൽ ലീഗ് വൺ കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.

Content Highlight: Football: Fabian Ruiz selects Lionel Messi as Greatest footballer ahead of Cristiano Ronaldo