| Saturday, 28th June 2025, 3:16 pm

വെറും സിനിമയല്ല, ഇതൊരു ലൈഫ്‌ടൈം എക്‌സ്പീരിയന്‍സ്

അമര്‍നാഥ് എം.

തുടര്‍ച്ചയായി മത്സരങ്ങള്‍ പരാജയപ്പെട്ട ഒരു എഫ് വണ്‍ റേസിങ് ടീം, ഇനിയൊരു പരാജയം കൂടി അവര്‍ക്ക് താങ്ങാന്‍ സാധിക്കില്ല, ടീമിന്റെ മുതലാളിക്ക് ബോര്‍ഡില്‍ നിന്ന് സ്ഥാനം നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ ടീമിനെ രക്ഷിക്കാന്‍ തന്റെ പഴയ സുഹൃത്തിനെ കൊണ്ടുവരുന്നു. വര്‍ഷങ്ങളായി റേസിങ്ങില്‍ നിന്ന് വിട്ടുനിന്ന നായകന്‍ ടീമിന്റെ ഭാഗമാകുന്നു. കേള്‍ക്കുമ്പോള്‍ സ്‌പോര്‍ട്‌സ് സിനിമകളുടെ സ്ഥിരം ടെംപ്ലേറ്റ് കഥ പോലെ തോന്നുന്നുണ്ടല്ലേ.

എന്നാല്‍ ഇക്കാരണം കൊണ്ട് എഫ് വണ്‍ എന്ന ചിത്രം ഒഴിവാക്കിയാല്‍ സിനിമാപ്രേമിയെന്ന നിലയില്‍ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിരിക്കും. കണ്ടുശീലിച്ച കഥയെ ഇതുവരെ കാണാത്ത തരത്തില്‍ ഏറ്റവും മികച്ചതായി അവതരിപ്പിക്കുക എന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ എഫ് വണ്‍.

ടോപ് ഗണ്‍ മാവറിക്കിന് ശേഷം ജോസഫ് കൊസിന്‍സ്‌കി സംവിധാനം ചെയ്ത ചിത്രം അപെക്‌സ് ജി.പി എന്ന എഫ് വണ്‍ റേസിങ് ടീമിന്റെയും സോണി ഹെയ്‌സ് എന്ന റേസിങ് ചാമ്പ്യന്റെയും കഥയാണ് പറയുന്നത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സെന്ന് നിസ്സംശയം എഫ് വണ്ണിനെ വിശേഷിപ്പിക്കാം. അത്രമാത്രം ഗംഭീരമായാണ് ചിത്രം ഒരുങ്ങിയത്. ഐമാക്‌സ് സ്‌ക്രീനില്‍ നിന്ന് ഈ സിനിമ കാണാന്‍ കഴിഞ്ഞവര്‍ ഏറ്റവും വലിയ ഭാഗ്യമുള്ളവരെന്നേ പറയാനാകൂ.

എഫ് വണ്‍ റേസിങ് ഫോളോ ചെയ്യുന്നവര്‍ക്ക് ചിത്രം വേഗത്തില്‍ കണക്ടാകും. അല്ലാത്തവര്‍ക്ക് സിനിമയുമായുള്ള കണക്ഷന്‍ ലഭിക്കാന്‍ കുറച്ച് സമയമെടുക്കുമെന്നത് മാത്രമാണ് ചെറിയൊരു ന്യൂനത. കേന്ദ്ര കഥാപാത്രമായ സോണി ഹെയ്‌സിനോട് ആദ്യ അരമണിക്കൂറില്‍ തന്നെ നമുക്ക് പ്രത്യേക ഇഷ്ടം തോന്നും. അത്രമാത്രം മനോഹരമായാണ് ബ്രാഡ് പിറ്റ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം സോണി ഹെയ്‌സ് റേസിങ് സര്‍ക്യൂട്ടിലേക്ക് തിരികെയെത്തുന്ന രംഗത്തില്‍ ഗംഭീര പ്രകടനമാണ് ബ്രാഡ് പിറ്റ് കാഴ്ചവെച്ചത്.

റേസിങ് സീനുകള്‍ ചിത്രീകരിച്ചിരിക്കുന്ന രീതി വാക്കുകളാല്‍ വിവരിക്കാനാകില്ല. ക്യാമറ, സൗണ്ട് ഡിസൈന്‍, എഡിറ്റിങ് എന്നീ മേഖലകള്‍ കൃത്യമായി പ്രവര്‍ത്തിച്ചപ്പോള്‍ ആ സര്‍ക്യൂട്ടില്‍ നമ്മളും ഉണ്ടെന്ന് തോന്നിപ്പോകും. 200 മില്യണ്‍ ബജറ്റിന്റെ എല്ലാ പ്രൗഢിയും സിനിമയുടെ ഓരോ ഫ്രെയിമിലും കാണാന്‍ സാധിക്കും.

ജോഷ്വ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഡാംസണ്‍ ഇദ്രിസ്, റൂബനായി വേഷമിട്ട ഹാവിയര്‍ ബാര്‍ഡം, കെയ്റ്റ് എന്ന കഥാപാത്രമായെത്തിയ കെറി കൊണ്ടന്‍ എന്നിവരുടെ പ്രകടനവും അതിഗംഭീരമാണ്. ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ റൂബന്‍ എന്ന കഥാപാത്രത്തിന്റെ ഡയലോഗ് സിനിമയിലുണ്ടാക്കുന്ന ഇംപാക്ട് അനുഭവിച്ച് തന്നെ അറിയേണ്ടതാണ്.

എഫ് വണ്ണിനെ മറക്കാനാകാത്ത സിനിമാനുഭവമായി മാറ്റിയവരില്‍ പ്രധാനിയായ വ്യക്തിയാണ് ഹാന്‍സ് സിമ്മര്‍. ഓരോ സീനിനും സിമ്മര്‍ നല്‍കിയ സംഗീതം മറ്റൊരു ലോകത്തെത്തിച്ചു. ഫൈനല്‍ റേസ് തുടങ്ങുമ്പോള്‍ ആരംഭിക്കുന്ന സംഗീതം ഈയടുത്ത് വന്നതില്‍ വെച്ച് ഏറ്റവും മികച്ച സൗണ്ട്ട്രാക്കാണ്. അടുത്ത വര്‍ഷത്തെ ഓസ്‌കര്‍ അവാര്‍ഡില്‍ സിമ്മറുടെ പേരും കേള്‍ക്കുമെന്ന് ഉറപ്പാണ്.

ഏഴ് തവണ എഫ് വണ്‍ ചാമ്പ്യനായ ലൂയി ഹാമില്‍ട്ടണാണ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍. റേസിങ് സീനുകളില്‍ ഹാമില്‍ട്ടണ്‍ മെന്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ റേസര്‍മാരായ ലൂയി ഹാമില്‍ട്ടണ്‍, മാക്‌സ് വെഴ്‌സ്തപ്പന്‍, സെര്‍ജിയോ പെരെസ്, ഒലിവര്‍ ബെയര്‍മെന്‍ എന്നിവരും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഒ.ടി.ടി റിലീസിന് ശേഷം ഫോണിലോ ലാപ്‌ടോപ്പിലോ കാണാമെന്ന് മാറ്റിവെച്ചാല്‍ നഷ്ടം നിങ്ങള്‍ക്ക് തന്നെയാണ്. വലിയ സ്‌ക്രീനില്‍, നിറഞ്ഞ ആള്‍ക്കൂട്ടത്തിനൊപ്പമിരുന്ന് അനുഭവിച്ചറിയേണ്ട സിനിമയാണ് എഫ് വണ്‍.

Content Highlight: F1 movie review

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more