| Friday, 4th July 2025, 10:47 am

ആപ്പിള്‍ ടി.വിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാകാന്‍ എഫ് വണ്‍, ആദ്യ ആഴ്ചയില്‍ തന്നെ ഗംഭീര കളക്ഷന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ ഏറ്റവും മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സെന്ന് പലരും അഭിപ്രായപ്പെട്ട ചിത്രമാണ് എഫ് വണ്‍. ജോസഫ് കൊസിന്‍സ്‌കി സംവിധാനം ചെയ്ത ചിത്രത്തില്‍ ബ്രാഡ് പിറ്റാണ് നായകന്‍. പേര് സൂചിപ്പിക്കുന്നതുപോലെ ഫോര്‍മുല വണ്‍ റേസിന്റെ കഥയാണ് ചിത്രം പറയുന്നത്. മുന്‍നിര ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൊന്നായ ആപ്പിള്‍ ടി.വിയാണ് ചിത്രം അവതരിപ്പിച്ചത്.

ആപ്പിള്‍ ടി.വിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് എഫ് വണ്‍ ഒരുങ്ങിയത്. 200 മില്യണ്‍ ബജറ്റിലെത്തിയ ചിത്രം ആദ്യ ആഴ്ച പിന്നിടുമ്പോള്‍ ഗംഭീര കളക്ഷനാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ഇന്ത്യയില്‍ നിന്ന് മാത്രം 35 കോടിക്കുമുകളില്‍ സ്വന്തമാക്കിയ ചിത്രത്തിന്റെ വേള്‍ഡ്‌വൈഡ് കളക്ഷന്‍ 160 മില്യണ്‍ പിന്നിട്ടു.

ജുറാസിക് വേള്‍ഡ്, ഡി.സിയുടെ സൂപ്പര്‍മാന്‍ എന്നീ ചിത്രങ്ങള്‍ റിലീസിന് തയാറെടുക്കെ എഫ് വണ്ണിന് ബോക്‌സ് ഓഫീസില്‍ എത്രമാത്രം തിളങ്ങാനാകുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം. ഐമാക്‌സ് കാഴ്ച ഡിമാന്‍ഡ് ചെയ്യുന്ന ചിത്രം ആദ്യവാരം 20 കോടിക്കുമുകളിലാണ് ഇന്ത്യയിലെ ഐമാക്‌സ് സ്‌ക്രീനില്‍ നിന്ന് സ്വന്തമാക്കിയത്.

ടോപ് ഗണ്‍ മാവറിക്കിന് ശേഷം ജോസഫ് കൊസിന്‍സ്‌കി സംവിധാനം ചെയ്ത ചിത്രം സ്‌പോര്‍ട്‌സ് സിനിമകളുടെ സ്ഥിരം ടെംപ്ലേറ്റ് പിന്തുടരുന്ന ഒന്നാണ്. എന്നാല്‍ മേക്കിങ് കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ചിത്രം അതിഗംഭീര അനുഭവമാണ് സമ്മാനിച്ചത്. ബ്രാഡ് പിറ്റിനൊപ്പം ഡാംസണ്‍ ഇദ്രിസ്, ഹാവിയര്‍ ബാര്‍ഡം എന്നിവരും ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

യഥാര്‍ത്ഥ എഫ് വണ്‍ റേസിനിടയില്‍ ചിത്രീകരിച്ച രംഗങ്ങളും ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നു. 2023-24 സീസണിലെ ഗ്രാന്‍ പ്രീയുടെ ഇടയിലാണ് ചിത്രം ഷൂട്ട് ചെയ്തത്. ലോകപ്രശസ്ത എഫ് വണ്‍ റേസര്‍ ലൂയി ഹാമില്‍ട്ടണ്‍ ചിത്രത്തിന്റെ നിര്‍മാണപങ്കാളിയായും മെന്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രത്തില്‍ ലൂയി അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.

ചിത്രത്തിനായി ബ്രാഡ് പിറ്റും ഡാംസണ്‍ ഇദ്രിസും എഫ് 2 റേസ് പരിശീലിച്ചത് വലിയ വാര്‍ത്തയായിരുന്നു. സിനിമക്ക് വേണ്ടി പ്രത്യകം ഡിസൈന്‍ ചെയ്ത ക്യാമറകള്‍ കോക്പിറ്റില്‍ ഫിറ്റ് ചെയ്തിട്ടാണ് റേസിങ് സീനുകളിലെ ക്ലോസപ്പുകള്‍ ചിത്രീകരിച്ചത്. വരുംദിവസങ്ങളില്‍ എഫ് വണ്‍ ബോക്‌സ് ഓഫീസില്‍ വലിയ റെക്കോഡുകള്‍ സൃഷ്ടിക്കുമെന്ന് കരുതുന്നു.

Content Highlight: F1 movie collected 160 million from box office

We use cookies to give you the best possible experience. Learn more