റേസിങ് സര്‍ക്യൂട്ടില്‍ പരസ്പരം മത്സരിച്ച് മമ്മൂട്ടിയും നസ്‌ലെനും, F1 റീമേക്ക് ഈ കൈകളില്‍ ഭദ്രം
Malayalam Cinema
റേസിങ് സര്‍ക്യൂട്ടില്‍ പരസ്പരം മത്സരിച്ച് മമ്മൂട്ടിയും നസ്‌ലെനും, F1 റീമേക്ക് ഈ കൈകളില്‍ ഭദ്രം
അമര്‍നാഥ് എം.
Monday, 5th January 2026, 5:59 pm

കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ച സിനിമയേതെന്ന ചോദ്യത്തിന് പലരും നല്‍കിയ ഉത്തരം F1 എന്നായിരുന്നു. ജോസഫ് കൊസിന്‍സ്‌കി സംവിധാനം ചെയ്ത ചിത്രം അക്ഷരാര്‍ത്ഥത്തില്‍ ദൃശ്യവിസ്മയമായിരുന്നു. ബ്രാഡ് പിറ്റും ഡാംസണ്‍ ഇദ്രിസും ഒന്നിച്ച ചിത്രം ഒ.ടി.ടി റിലീസിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറി.

F1ന് മലയാളത്തില്‍ റീമേക്ക് ഒരുക്കിയാല്‍ എങ്ങനെയുണ്ടാകുമെന്ന എ.ഐ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും യുവതാരങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന നസ്‌ലെനുമാണ് എ.ഐ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. റേസിങ് സര്‍ക്യൂട്ടിലെ അതികായനായാണ് മമ്മൂട്ടിയെ ചിത്രീകരിച്ചിരിക്കുന്നത്.

F1 റീമേക്കില്‍ നസ്‌ലെന്‍- എ.ഐ ചിത്രം Photo: Screen grab/ Dw AI payanan

മമ്മൂട്ടിയുടെ മകനായാണ് നസ്‌ലെന്‍ എ.ഐ വീഡിയോയില്‍ എത്തുന്നത്. കുട്ടിക്കാലം മുതല്‍ താന്‍ ആരാധിച്ച റേസിങ് രാജാവുമായി മത്സരിച്ച് ഒടുവില്‍ നസ്‌ലെന്‍ വിജയിക്കുന്നതും മമ്മൂട്ടിയും നസ്‌ലെനും പരസ്പരം ആലിംഗനം ചെയ്യുന്നിടത്തുമാണ് വീഡിയോ അവസാനിക്കുന്നത്. F1ലെ ‘റണ്‍ ഫോര്‍ ദി പോഡിയം’ എന്ന സൗണ്ട് ട്രാക്കാണ് വീഡിയോയുടെ പശ്ചാത്തലത്തില്‍. ദ്വൈപായനന്‍ (dw ai payanan) എന്ന പേജാണ് ഈ വീഡിയോയുടെ സൃഷ്ടാക്കള്‍.

കാറുകളോടുള്ള മമ്മൂട്ടിയുടെ ഭ്രമം ഇന്‍ഡസ്ട്രിയില്‍ പ്രസിദ്ധമാണ്. ഡ്രൈവിങ്ങിനോട് അദ്ദേഹത്തിനുള്ള ക്രേസും പലരെയും അത്ഭുതപ്പെടുത്താറുണ്ട്. റേസിങ്ങിനെക്കുറിച്ച് സിനിമ ചെയ്യുകയാണെങ്കില്‍ മമ്മൂട്ടി അതിന് നല്ലൊരു ഓപ്ഷനാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മമ്മൂട്ടിക്ക് ചെയ്തു ഫലിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രമാണ് ഇതെന്നും പലരും കമന്റ് പങ്കുവെച്ചു.

F1 റീമേക്കില്‍ മമ്മൂട്ടി- എ.ഐ ചിത്രം Photo: Screen grab/ Dw AI payanan

200 കോടിയുടെ പടം ഇങ്ങനെ റീല്‍ ആക്കിയെന്നാണ് പ്രധാന കമന്റ്. നസ്‌ലെന് വേണ്ടി മമ്മൂട്ടിയുടെ കഥാപാത്രം മനപൂര്‍വം തോറ്റുകൊടുത്തെന്ന് പറയുന്ന തരത്തിലായിരുന്നു ക്ലൈമാക്‌സെന്നും പിന്നീട് മാറ്റിയതാണെന്നും ദ്വൈപായനന്‍ കമന്റ് ബോക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ഈയടുത്ത് മലയാളത്തില്‍ വന്നതില്‍ ഏറ്റവും ഗംഭീര എ.ഐ വീഡിയോയാണ് ഇതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

F1 റീമേക്കില്‍ മമ്മൂട്ടിയും നസ്‌ലെനും- എ.ഐ ചിത്രം Photo: Screen grab/ Dw AI payanan

കണ്ടുശീലിച്ച സ്‌പോര്‍ട്‌സ് സിനിമകളുടെ അതേ ടെംപ്ലേറ്റിലാണ് ജോസഫ് കൊസിന്‍സ്‌കി F1 ഒരുക്കിയത്. എന്നാല്‍ അതിഗംഭീര റേസിങ് സീനുകളും ബ്രാഡ് പിറ്റിന്റെ പ്രകടനവും ചിത്രത്തെ മികച്ചതാക്കി. ബോക്‌സ് ഓഫീസിലും വലിയ മുന്നേറ്റമാണ് F1 നടത്തിയത്. ഒ.ടി.ടി റിലീസിന് ശേഷം തമിഴ് താരം അജിത്തിനെ F1 റീമേക്കില്‍ നായകനാക്കിക്കൊണ്ടുള്ള എ.ഐ ഫോട്ടോകള്‍ വൈറലായിരുന്നു.

View this post on Instagram

A post shared by Dwaipayanan (@dw.ai.payanan)

Content Highlight: F1 movie AI Remake starring Mammootty and Naslen viral

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം